വിശ്വാസിയുടെ ഖല്‍ബും ഖിബ്‌ലയും

കഅ്ബ കാണാനുള്ള കൊതി ഖല്‍ബ് നിറയെ കൊണ്ടുനടക്കുന്ന കൂലിവേലക്കാരനായി വേഷമിടുക. എന്നിട്ടത് ആ നടന്റെ സ്വകാര്യ ജീവിതത്തെ സ്വാധീനിക്കുക. അവിടെയെത്താന്‍ കിണഞ്ഞു ശ്രമിക്കുക. തന്റെ വിശ്വാസമവിടെ തടസ്സമായി നില്‍ക്കുന്നു എന്നു തിരിച്ചറിയുമ്പോള്‍ സ്വന്തം ചെലവില്‍ മറ്റൊരാളെ കഅ്ബാലയത്തിന്റെ തിരുമുറ്റത്തേക്കു  പറഞ്ഞുവിടുക... സാധാരണഗതിയില്‍ സിനിമയില്‍ ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ക്യാമറ ഓഫ് ചെയ്യുന്നതുവരെ മാത്രം നീണ്ടുനില്‍ക്കുന്ന തീര്‍ത്തും നൈമിഷികമായ ഒന്നാണ് അവിടുത്തെ ജീവിതം. തസ്‌കരവീരനും ബോഡിഗാഡും മഹാദേവനുമൊക്കെയായി വേഷംകെട്ടുന്നവര്‍, ലൊക്കേഷന്‍ വിട്ടാല്‍ ആ ജീവിതമങ്ങു മറക്കും. ആദാമിന്റെ മകന്‍ അബുവായി വേഷമിട്ടപ്പോള്‍ സലീം കുമാറിനു സംഭവിച്ചത് നേര്‍വിരുദ്ധമാണ്. അഥവാ, കഅ്ബ കാണാനുള്ള കൊതി നടിക്കുന്നതുപോലും കറകളഞ്ഞകൊതിയുമായി തിരിച്ചുവരുന്നു. അത്രയ്ക്കും ആഴത്തില്‍ ജനഹൃദയത്തില്‍ ആണ്ടുപൂണ്ടു നീണ്ടുനില്‍ക്കാന്‍ കഅ്ബാലയത്തിനു സാധിക്കുന്നുണ്ടെന്നര്‍ത്ഥം.  

കഅ്ബാലയം പണ്ടേ അങ്ങനെയാണ്. ആദ്യമനുഷ്യനായ ആദം(അ) കാല്‍നടയായി ഇന്ത്യയില്‍നിന്നു കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് വന്നിരുന്നെന്നത് വിശ്വാസിയുടെ ഖല്‍ബും അല്ലാഹുവിന്റെ കഅ്ബയും തമ്മിലുള്ള ആത്മബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. ഭൂമിയിലേക്കു മനുഷ്യരെ പറഞ്ഞയക്കുന്നതിനു മുമ്പേ കഅ്ബാശരീഫിനെ അല്ലാഹു ഇവിടെ സംവിധാനിച്ചുവച്ചിട്ടുണ്ടെന്നാണു വിശ്വാസം. ഉപരിലോകത്ത് മാലാഖമാര്‍ വലയംവയ്ക്കുന്ന ബൈത്തുല്‍ മഅ്മൂറിനു സമാന്തരമായി അവര്‍ നിര്‍മിച്ച കഅ്ബാ മന്ദിരം പുനര്‍നിര്‍മാണത്തിന്റെ പതിനൊന്നു ഘട്ടങ്ങളും കഴിഞ്ഞാണ് ഇക്കാണുന്ന രൂപത്തില്‍ ഭൂമിയുടെ ഹൃദയഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്നത്.
മലക്കുകള്‍ നിര്‍മിച്ച കഅ്ബ ആദ്യമായി പുനര്‍നിര്‍മിച്ചത് ആദം(അ) ആണ്. പിന്നീട് പുത്രന്‍ ശീസ്(അ). നൂഹ് നബി(അ)യുടെ കാലത്തുണ്ടായ മഹാപ്രളയം കഅ്ബയുടെ കെട്ടുറപ്പിനെയും ബാധിച്ചുവെന്നാണ് ചരിത്രം. ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും ഇബ്‌റാഹീം(അ) മക്കയിലേക്കു കൊണ്ടുവരുന്ന വേളയില്‍ അവിടെ ആ കെട്ടിടമുണ്ടായിരുന്നില്ല. പക്ഷേ, അതു മുന്‍ഗാമികളായ മുഴുവന്‍ പ്രവാചകന്മാരും തീര്‍ത്ഥാടനത്തിനെത്തിയിരുന്ന ഇടമാണെന്നും അല്ലാഹുവിന്റെ വിശുദ്ധ ഭവനം അവിടെ സ്ഥിതിചെയ്തിരുന്നെന്നും ഇബ്‌റാഹീം(അ) മിന് അറിയാമായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി തിരിച്ചുപോകുമ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ത്ഥന ആ തിരിച്ചറിവിന്റെ രേഖയാണ്. ''നാഥാ, എന്റെ സന്തതികളില്‍ ഒരു കൂട്ടരെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ വിശുദ്ധ ഗേഹത്തിനടുക്കല്‍ ഞാനിതാ പാര്‍പ്പിച്ചിരിക്കുന്നു.''(ഖുര്‍ആന്‍ 14:37) ഈ പ്രാര്‍ത്ഥന, മഹാപ്രളയത്തിനും മായ്ച്ചുകളയാനാവാത്ത എന്തോ ഒന്ന് മക്കയുടെ മണ്ണിലുണ്ടായിരുന്നെന്നതിന്റെ അടയാളമാണ്. 
കഅ്ബ നിര്‍മിച്ചത് ഇബ്‌റാഹീം(അ) ആണെന്നു പൊതുവില്‍ പറയപ്പെടാറുണ്ട്. പ്രവാചകന്‍മാരുടെ പിതാവ് (അബുല്‍ അമ്പിയ) ആണ് അദ്ദേഹമെന്നു പറയുന്നതുപോലെയാണത്. ഇബ്‌റാഹീം(അ)നു മുമ്പും പ്രവാചകന്‍മാരുണ്ട്. എന്നിട്ടും അദ്ദേഹം 'പിതാവെ'ന്നു വിളിക്കപ്പെടുന്നത് പ്രവാചക ശ്രംഖലയിലെ സ്വര്‍ണത്തിളിക്കമുള്ള കണ്ണി എന്ന നിലയ്ക്കാണ്. ഇപ്രകാരം കഅ്ബാലയത്തിനു സൗവര്‍ണിക ശോഭ വിതറിയ ഏറ്റവും ഉജ്വലനായ വ്യക്തിത്വം എന്ന നിലയിലാണ് കഅ്ബയുടെ നിര്‍മാതാവെന്നു വിളിക്കപ്പെടുന്നത്; അല്ലാതെ, അദ്ദേഹത്തിനു മുമ്പ് കഅ്ബാലയമേ ഇല്ല എന്നര്‍ത്ഥത്തിലല്ല.
പുത്രന്‍ ഇസ്മാഈല്‍(അ) വളര്‍ന്നു വലുതായതിനു ശേഷം മക്കയിലെത്തിയ ഇബ്‌റാഹീം(അ), ഇലാഹീ നിര്‍ദേശ പ്രകാരം പ്രളയാനന്തരം തകര്‍ന്നു പോയ കഅ്ബാലയം പുനര്‍നിര്‍മിക്കുകയായിരുന്നു. നിര്‍മാണാനന്തരം അദ്ദേഹമാണ് ലോക മുസ്‌ലിംകളെ അതിന്റെ തിരുമുറ്റത്തേക്കു തീര്‍ത്ഥാടനത്തിനു വിളിച്ചത്. ''തീര്‍ത്ഥാടനത്തിനായി ജനങ്ങളില്‍ വിളംബരം ചെയ്യുവിന്‍. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സവാരി ചെയ്തും അവര്‍ നിന്റെയടുക്കല്‍ എത്തിച്ചേരുന്നതാകുന്നു.'' (ഹജ്ജ് 27) എന്ന് ഇബ്‌റാഹീം (അ)നോട് പടച്ചതമ്പുരന്‍ കല്‍പ്പിക്കുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഈ വിജന പ്രദേശത്തുവച്ച് ഞാന്‍ വിളിച്ചാല്‍ ലോകര്‍ കേള്‍ക്കുമോ എന്ന സംശയം ഇബ്‌റാഹീം(അ) സ്രഷ്ടാവിനു മുന്നില്‍ നിവര്‍ത്തുന്നുമുണ്ട്. 'വിളിക്കൂ ഇബ്‌റാഹീം; ഞാന്‍ കേള്‍പ്പിക്കാം' എന്നതായിരുന്നു അല്ലാഹുവിന്റെ നിവാരണം. ഇബ്‌റാഹീമിനു കൊടുത്ത വാക്ക് സ്രഷ്ടാവ് പാലിച്ചു. മനുഷ്യാത്മാക്കളെ അവനതു കേള്‍പ്പിച്ചു. കേട്ടവര്‍ വര്‍ഷാവര്‍ഷം അല്ലാഹുവിന്റെ അതിഥികളായി കഅ്ബാലയത്തിന്റെ മുന്നിലെത്തുന്നു.
ഇബ്‌റാഹീം(അ)മിനു ശേഷം അമാലിക്ക, ജുര്‍ഹും, ഖുസ്വയ്യിബിന്‍ കിലാബ് എന്നീ ഗോത്രനേതാക്കളുടെ നേതൃത്വത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണം നടന്നിട്ടുണ്ട്. മുഹമ്മദ് നബി(സ്വ) യുവാവായിരിക്കെ ഖുറൈശികള്‍ നടത്തിയ പുനര്‍നിര്‍മാണമാണ് ചരിത്രത്തില്‍ പലതുകൊണ്ടും ഇടം പിടിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ദ്രവിച്ചു തുടങ്ങിയ കഅ്ബ പുനര്‍നിര്‍മാണത്തിനു വേണ്ടി പൊളിക്കുന്നതു തന്നെ വലിയ ഭീതിയോടും ആശങ്കയോടും കൂടിയായിരുന്നു അവര്‍ കണ്ടിരുന്നത്. അല്ലാഹുവിന്റെ ആ വിശുദ്ധ ഭവനത്തിന്‍മേല്‍ കൈവച്ചാല്‍ അവന്റെ ശാപവും ശിക്ഷയും ഇറങ്ങുമെന്നവര്‍ ഭയന്നിരുന്നു. മുമ്പ് കഅ്ബ തകര്‍ക്കാന്‍ അബ്‌സീനിയയില്‍നിന്നെത്തിയ അബ്‌റഹത്തിന്റെ അറുപതിനായിരത്തോളം വരുന്ന ആനപ്പടയെ അബാബീല്‍ പക്ഷികളെ അയച്ച് അല്ലാഹു നശിപ്പിച്ചതിനു അവരെല്ലാം ദൃക്‌സാക്ഷികളായിരുന്നു. മദമിളകിവന്ന അബ്‌റഹത്തിന്റെ ആനകളെയും കണ്ട് അറബികള്‍ നിസ്സഹായരായി നിലവിളിച്ചപ്പോള്‍ കഅ്ബാലയത്തിനു കാവല്‍ നില്‍ക്കാന്‍ അല്ലാഹു അവന്റെ സൈന്യത്തെ അയച്ചു. മുമ്പൊരിക്കലും കാണപ്പെടാത്ത ഒരൂകൂട്ടം പക്ഷികള്‍ ചെങ്കടലിന്റെ ഭാഗത്തുനിന്നു പറന്നുവരികയും അവയുടെ കൊക്കിലും കാലുകളിലുമുണ്ടായിരുന്ന ചുട്ടെടുത്ത മണ്‍ക്കട്ടകള്‍ക്കു സമാനമായ കല്‍ച്ചീളുകളുപയോഗിച്ച് ആനപ്പടയെ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അസ്വഹാബുല്‍ ഫീലിനെ നശിപ്പിച്ച ആ കല്‍ച്ചീളുകള്‍ നിരവധി കാലം മക്കയിലുണ്ടായിരുന്നതായി ഹദീസുകളില്‍ കാണാം. എ.ഡി 571ല്‍ നടന്ന ഈ സംഭവത്തെ അവലംബിച്ചുകൊണ്ടാണ് പിന്നീട് അറബികള്‍ വര്‍ഷം കണക്കാക്കിയിരുന്നത്. ഗജ വര്‍ഷം (ആമുല്‍ ഫീല്‍) എന്നറിയപ്പെട്ടിരുന്ന ആ കലണ്ടര്‍ ഉമര്‍(റ)ന്റെ കാലത്ത് ഹിജ്‌റ വര്‍ഷ കലണ്ടര്‍ നിലവില്‍വന്നതോടെയാണ് ഇല്ലാതായത്.
നിരവധി യോഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കഅ്ബ പൊളിച്ചുപണിയാന്‍ ഖുറൈശികള്‍ മുന്നിട്ടിറങ്ങിയത്. അതി കണിശവും സൂക്ഷ്മവുമായ നിലപാടുകളാണ് അവര്‍ ആ വിഷയത്തില്‍ സ്വീകരിച്ചിരുന്നത്. ഹലാല്‍ ആണെന്ന് ഉറപ്പില്ലാത്ത യാതൊന്നും കഅ്ബയുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുകയില്ലെന്നതായിരുന്നു അതില്‍ ഏറ്റവും ഗൗരവപ്പെട്ടത്. പലിശ ഇടപാടിലും ചൂതാട്ട വിനോദത്തിലും മദ്യവില്‍പ്പനയിലും ഏര്‍പ്പെടുന്ന ആ സമൂഹത്തില്‍ ഇത്തരമൊരു തീരുമാനം സൃഷ്ടിക്കുന്ന പ്രയാസം ചില്ലറയല്ല. എന്നിട്ടും അല്ലാഹുവിന്റെ ഭവനത്തെ കളങ്കപ്പെടുത്താന്‍ അവര്‍ക്കു മനസ്സുവന്നില്ല. ഹലാലായ സമ്പത്ത് ശേഖരിക്കാനുള്ള തീവ്രശ്രമം 18 വര്‍ഷത്തേക്കാണ് കഅ്ബയുടെ നിര്‍മാണത്തെ കൊണ്ടുപോയത്. എന്നിട്ടും പഴയരീതിയില്‍ പുനര്‍ നിര്‍മിക്കാനുള്ള വിഭവമൊത്തില്ല. അവസാനം പഴയ തറയില്‍ നിന്ന് മൂന്നുമീറ്റര്‍ ചുരുക്കിയാണ് പണിതത്.
18 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച കഅ്ബയുടെ പ്രസ്തുത നിര്‍മാണം പലതു കൊണ്ടും വേറിട്ടതായിരുന്നു. ആര്‍ക്കും പ്രവേശിക്കാവുന്ന രീതിയില്‍ മത്വാഫിന്റെ നിരപ്പിനോട് സമമായി നിന്ന കഅ്ബയുടെ വാതില്‍ മുകളിലേക്ക് ഉയര്‍ത്തിവയ്ക്കുകയും അതിനു പിന്നിലുണ്ടായിരുന്ന രണ്ടാം വാതില്‍ പാടേ അടച്ചുകളയുകയും ചെയ്തു.  കഅ്ബാലയത്തിനു മേല്‍ക്കൂരയും പാത്തിയും ഉണ്ടാക്കിവച്ചത് അക്കാലത്താണ്. 4.32 മീറ്റര്‍ ഉയരമുണ്ടായ  കഅ്ബയെ 8.64 ആക്കി ഉയര്‍ത്തിയത് ഖുറൈശി നിര്‍മാണത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഖുറൈശി പ്രമുഖരെല്ലാം സ്വന്തം തോളില്‍ കല്ലേറ്റി കൊണ്ടാണ് വിശുദ്ധ ഭവനത്തിന്റെ ഈ നിര്‍മാണപ്രക്രിയയില്‍ പങ്കാളികളായത്. മുഹമ്മദ് നബി(സ്വ)യും പിതൃവ്യന്‍ അബ്ബാസും(റ)  ആ പ്രമുഖരില്‍ പെട്ടവരായിരുന്നു. റോമന്‍ ആശാരിയായിരുന്ന ബാഖൂമാണ് അന്നത്തെ നിര്‍മാണത്തിന്റെ ശില്‍പ്പി.
നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിസന്ധി മക്കയില്‍ ഉടലെടുത്തു. ആ വിശുദ്ധ ശില യഥാസ്ഥാനത്തേക്ക് ആരു മാറ്റിവയ്ക്കുമെന്നതായിരുന്നു പ്രശ്‌നകാരണം. ഗോത്ര ഗര്‍വിന്റെ ഹുങ്കില്‍ അഭിമാനിച്ചിരുന്ന അറബികളാരും മറ്റൊരാള്‍ക്ക് അതിന്റെ കാര്‍മികത്വം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരു മഹാ സംഘട്ടനത്തിന്റെ വക്കോളമെത്തിയ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാനായി അവര്‍ നാലു രാത്രികളാണ് തുലച്ചത്. അവസാനം അക്കൂട്ടത്തിലെ വന്ദ്യവയോധികനും പൗരപ്രമുഖനുമായിരുന്ന അബൂഉമയ്യത്ത് ബിന്‍ മുഗീറ ഒരു നിര്‍ദേശം വച്ചു-നമ്മുടെ മുന്നിലേക്ക് ആദ്യമായി കടന്നുവരുന്ന വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം അന്തിമമായി കണക്കാക്കാമെന്ന്. അതെല്ലാവരും അംഗീകരിച്ചു കാത്തിരിക്കെ അവിടെ പ്രത്യക്ഷപ്പെട്ടത് മുഹമ്മദ് നബി(സ്വ) ആയിരുന്നു. അവിടുത്തെ അഭിപ്രായത്തിനുവേണ്ടി അവര്‍ കാതോര്‍ത്തു. ഒരു വലിയ വിരിപ്പു കൊണ്ടുവരാന്‍ ആവശ്യപ്പെട്ട തിരുനബി(സ്വ)  ഹജറുല്‍ അസ്‌വദ് എടുത്ത് അതില്‍ വയ്ക്കുകയും ഓരോ ഗോത്രപ്രമുഖന്‍മാരും വിരിപ്പിന്റെ ഓരോ ഭാഗങ്ങള്‍ പിടിച്ച് യഥാസ്ഥാനത്ത് കൊണ്ടുവയ്ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. സര്‍വാത്മനാ അംഗീകരിക്കപ്പെട്ട ഈ നിര്‍ദേശം മുഹമ്മദ് നബി(സ്വ)യുടെ ബുദ്ധിശക്തിയും സാമര്‍ത്ഥ്യവും ശക്തമായി അടയാളപ്പെടുത്തിയ സംഭവമാണ്. 
ഏകനായ അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഇബ്‌റാഹീം(അ)ഉം ഇസ്മാഈല്‍(അ)ഉം നിര്‍മിച്ച വിശുദ്ധഭവനം അന്നു മുതല്‍ തീര്‍ത്ഥാടനത്തിന്റെയും ആരാധനയുടെയും കേന്ദ്രമായി ജ്വലിച്ചുനിന്നിരുന്നെങ്കിലും അറബ് ലോകത്തേക്കു പടര്‍ന്നുവന്ന ശിര്‍ക്കിന്റെ അര്‍ബുദം, പിന്നീട്  കഅ്ബയിലെ ചടങ്ങുകളെയും ഗ്രസിച്ചിരുന്നു. നഗ്നരായി അതു വലയും വയ്ക്കുകയും വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുകയുമായിരുന്നു പ്രവാചക ആഗമന കാലത്ത്. എ.ഡി. 250ല്‍ അംറുബിന്‍ ലുഅയ്യ് എന്ന ഗോത്രത്തലവന്‍ വിദേശത്തു നിന്നു കൊണ്ടു വന്ന ഹുബുല്‍ വിഗ്രഹത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് മക്കയില്‍ വിഗ്രാഹാരാധനക്കു തുടക്കം കുറിച്ചത്. പിന്നീടത് സാര്‍വത്രികമായി. ഒരു വര്‍ഷത്തിലൊന്ന് എന്ന തോതില്‍  കഅ്ബാലയത്തിനു ചുറ്റും 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. പ്രശ്‌നക്കോലും പിടിച്ചു നില്‍ക്കുന്ന ഇബ്‌റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും വിഗ്രഹങ്ങള്‍ പോലും അതിലുണ്ടായിരുന്നു. എ.ഡി 630 ജനുവരി 10നു വിജയശ്രീലാളിതനായി മുഹമ്മദ് നബി(സ്വ) മക്കയിലേക്കു തിരിച്ചുവരുന്നതു വരെ ഇതായിരുന്നു അവസ്ഥ. ശിര്‍ക്കു കൊണ്ട് മലിനമായ ദേവാലയത്തെ ശുദ്ധീകരിച്ച് ഇബ്‌റാഹീമീ പാരമ്പര്യം തിരിച്ചുകൊണ്ടുവരാന്‍ ഫത്ഹു മക്കയുടെ ആ വേളയില്‍ പ്രവാചകന്‍ തീരുമാനിച്ചുറച്ചു. തന്റെ കൈയിലുണ്ടായിരുന്ന വടികൊണ്ട് വിഗ്രഹങ്ങളിലൊന്നിനെ തള്ളിമറിച്ചിട്ടു. പിന്നീട്,  പ്രതിഷ്ഠിച്ച കൈകള്‍ തന്നെ ശിര്‍ക്കിന്റെ മുഴുവന്‍ സിംബലുകളെയും തച്ചു തകര്‍ത്തു വെടിപ്പാക്കി. 
മക്കയില്‍ ഇസ്‌ലാം തിരിച്ചുവന്നപ്പോള്‍, ഇബ്‌റാഹീം(അ) നിര്‍മിച്ച അതേ അടിത്തറക്കു മുകളില്‍ കഅ്ബാലയമൊന്ന് പുനര്‍നിര്‍മിക്കണമെന്ന് മുഹമ്മദ് നബി(സ്വ) ആഗ്രഹിച്ചിരുന്നു. (ഖുറൈശികള്‍ മുമ്പ് മൂന്നു മീറ്റര്‍ ചുരുക്കിയാണല്ലോ നിര്‍മിച്ചത്.) പക്ഷേ, സമൂഹത്തിലൊരു അഭിപ്രായവ്യത്യാസത്തിന് ഇടവരുത്തുമെന്ന് കരുതി അവിടുന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ പ്രവാചകന്റെ ഈ ആഗ്രഹം തുറന്നുപറയുന്നുണ്ട്.
പുതുതായി ഇസ്‌ലാമിലേക്കു വന്ന ഖുറൈശികളുടെ വികാരം മാനിച്ച് മുഹമ്മദ് നബി(സ്വ) മാറ്റിവച്ച് ഇബ്‌റാഹീമീ അടിത്തറയിലെ  കഅ്ബയുടെ പുനര്‍നിര്‍മാണമെന്ന ആശയം പിന്നീട് അബ്ദുല്ലാഹിബിന്‍ സുബൈര്‍(റ) ആണ് നടപ്പിലാക്കിയത്. അമവികളുടെ ഉപരോധത്തെ തുടര്‍ന്ന്  കഅ്ബാലയത്തിനു ചില കേടുപാടുകള്‍ സംഭവിച്ചതും ഇതിനു കാരണമായിരുന്നു. ഖുറൈശികളുടെ പരിഷ്‌കരണ രീതിയില്‍നിന്നു മാറ്റി കെട്ടിടത്തിന്റെ വലിപ്പം കൂട്ടുകയും മത്വാഫിനോട് ചേര്‍ന്നു നിരപ്പു സ്ഥാനത്തു തന്നെ വാതില്‍ ഇറക്കി വയ്ക്കുകയും പിന്‍വാതില്‍ പുനപ്രതിഷ്ഠിക്കുകയും ചെയ്ത് കഅ്ബയുടെ പഴമ അദ്ദേഹം തിരിച്ചുകൊണ്ടുവന്നു.
എന്നാല്‍, പഴമയുടെ ഈ തനിമ കൂടുതല്‍ നീണ്ടുനിന്നില്ല. മക്കയുടെ അമരക്കാരനായിരുന്ന അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)നെ അമവികള്‍ നിരന്തരം വേട്ടയാടിയിരുന്നു-പ്രത്യേകിച്ചും ഹജ്ജാജ് ബിന്‍ യൂസുഫ്. അവര്‍ തുടര്‍ച്ചയായി മക്കയെ ഉപരോധിക്കുകയും ആക്രമിക്കുകയും ചെയ്തു. അവരുടെ പീരങ്കിമുനകള്‍ പലപ്പോഴും വിശുദ്ധ  കഅ്ബാലയത്തിന്റെ ചുമരുകളില്‍ വന്നു തറച്ചു. ഇബ്‌നു സുബൈര്‍(റ)വിനെ കൊന്ന് ഹറമിന്റെ മണ്ണിലവര്‍ രക്തക്കളം സൃഷ്ടിച്ചു അധികാരമേറ്റു. കേടുവന്ന കഅ്ബയുടെ ചുമരുകള്‍ നന്നാക്കാനെന്ന പേരില്‍ എ.ഡി 693ല്‍ കഅ്ബ പൊളിച്ചു ഹജ്ജാജ് പിന്നീട് അവിടെ മാറ്റിപ്പണിതത് പഴയ ഖുറൈശീ മോഡല്‍ കെട്ടിടമാണ്. പുണ്യനബിയുടെ ആഗ്രഹാഭിലാഷങ്ങളെക്കാളും ഇബ്‌റാഹീമീ തനിമയെക്കാളും ഗോത്രഗര്‍വിന്റെ പ്രൗഢിയെ ആണ് ഹജ്ജാജും കൂട്ടരും ഇഷ്ടപ്പെട്ടത്. ആ രീതിയിലാണ് ഇന്നും കഅ്ബയുള്ളത്. പഴയ അടിത്തറയുടെ പ്രസ്തു അടയാളമാണ് ഹിജ്‌റ് ഇസ്മാഈല്‍ എന്ന് അറിയപ്പെടുന്നത്. 
ഇങ്ങനെ വിശുദ്ധമായതിനെ മുഴുവന്‍ കളങ്കപ്പെടുത്തിയാണു ചരിത്രത്തില്‍ ചിലര്‍ ഇടം നേടിയത്. ഹറമിന്റെ മണ്ണ് പവിത്രമാണെന്നും അവിടെ രക്തമൊഴുക്കാന്‍ പാടില്ലെന്നും കാട്ടറബികള്‍ പോലും തിരിച്ചറിയുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക വേഷംകെട്ടിയ ചിലരാവട്ടെ അതുപോലും പാലിച്ചില്ല. ഹജ്ജാജാണ് അതിന്റെ തുടക്കക്കാരന്‍. പിന്നീട് എ.ഡി 930ല്‍ തീവ്രവാദികളായ ഖറാമിത്വുകള്‍ ഹജ്ജ് വേളയില്‍ ഹറം ആക്രമിക്കുകയും ഹാജിമാരുടെ മയ്യിത്തുകള്‍ കൊണ്ട് സംസം കിണര്‍ നിറയ്ക്കുകയും ചെയ്തു. ഹജറുല്‍ അസ്‌വദിനെ ഇവര്‍ തങ്ങളുടെ നാട്ടിലേക്കു കടത്തിക്കൊണ്ടുപോയി. എന്നിട്ടവര്‍ ആക്രോശിച്ചു: എവിടെ അബാബീല്‍ പക്ഷികള്‍? ഞങ്ങളെ തടയാന്‍ ധൈര്യമുണ്ടെങ്കില്‍ വരട്ടെ. (എ.ഡി 952ലാണ് ഹജറുല്‍ അസ്‌വദ് മക്കയിലേക്ക് തിരിച്ചു ലഭിച്ചത്.)
ഉസ്മാനീ ഖലീഫയായിരുന്ന മുറാദ് നാലാമന്റെ കാലത്താണ് അവസാനമായി  കഅ്ബയുടെ പുനര്‍നിര്‍മാണം നടന്നത്. എ.ഡി 1630 ഏപ്രിലില്‍ (1039 ശഅ്ബാന്‍ 19)നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ മരണപ്പെടുകയും ഹറമിലുണ്ടായിരുന്ന കുത്തുബുഖാനകളുള്‍പ്പെടെ അമൂല്യമായ പലതും നഷ്ടപ്പെടുകയും ചെയ്തു. പ്രസ്തുത പ്രളയം  കഅ്ബയുടെ കെട്ടിടത്തെയും സാരമായി ബാധിച്ചു. ഹിജ്‌റ 1040 ജമാദുല്‍ ഊല 23നു തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായത് പ്രസ്തുത വര്‍ഷം ശഅ്ബാനിലാണ്. ഏതാണ്ട് നാലു നൂറ്റാണ്ടുകള്‍ക്കപ്പുറം നിര്‍മിച്ച കെട്ടിടമാണ് ഇന്നും കാണുന്ന  കഅ്ബാ മന്ദിരം. അടുത്തകാലത്ത് ചില മോഡിഫിക്കേഷനുകളും റിപ്പയറുകളും മാത്രമേ അതില്‍ നടന്നിട്ടുള്ളൂ. 
15 മീറ്റര്‍ ഉയരമുള്ള 10,12 മീറ്റര്‍ വീതിയുള്ള ഇന്നത്തെ  കഅ്ബാലയത്തിന് ഒറ്റ വാതിലേ ഉള്ളൂ. മത്വാഫില്‍നിന്ന് 2.5 മീറ്റര്‍ ഉയരത്തിലുള്ള പ്രസ്തുത വാതില്‍ 3.06 മീറ്റര്‍ നീളവും 1.68 മീറ്റര്‍ വീതിയുമുള്ള സ്വര്‍ണ നിര്‍മിതമാണ്. ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സമ്മാനിച്ചതാണത്.  കഅ്ബയുടെ വാതില്‍ സ്വര്‍ണാലങ്കാരമാക്കുന്നത് പണ്ടേയുള്ള പതിവാണ്. അബ്ദുല്‍ മുത്വലിബ് നിര്‍മിച്ചുനല്‍കിയ അക്കാലത്തെ ഇരുമ്പു വാതിലും സ്വര്‍ണാലങ്കാരമുണ്ടായിരുന്നത്രെ. വര്‍ഷത്തില്‍ മൂന്നു തവണയാണ്  കഅ്ബ അകം കഴുകാന്‍ വേണ്ടി തുറക്കാറുള്ളത്. സംസം വെള്ളം കൊണ്ട്  പ്രമുഖരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. 
ചതുരാകൃതിയിലുള്ള  കഅ്ബാലയത്തിന്റെ അകം ശൂന്യമാണ്. മൂന്നു തൂണുകളാണ് അതിന്റെ മേല്‍ക്കൂരയ്ക്കുള്ളത്. കിസ്‌വ പുതപ്പിക്കാന്‍ മേല്‍ക്കുരയിലേക്ക് കയറാനുള്ള ഇടുങ്ങിയ ഒരു കോണിയുമുണ്ടവിടെ.  കഅ്ബയുടെ നാല് ഭാഗങ്ങളും വാതിലും പുതപ്പിക്കുന്ന അഞ്ചു കര്‍ട്ടനുകളാണ് കിസ്‌വ. കറുത്ത പട്ടില്‍ വിശുദ്ധ വചനങ്ങള്‍ ഉല്ലേഖനം ചെയ്ത് ഓരോ വര്‍ഷവും കിസ്‌വ അണിയിക്കാറുണ്ട്. അഞ്ച് മില്ല്യന്‍ ഡോളറിലധികം ചെലവ് വരും അതിന്. 200ലധികം ജീവനക്കാര്‍ പണിയെടുക്കുന്ന ഒരു ഫാക്ടറി കിസ്‌വ നിര്‍മാണത്തിനു മാത്രമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇസ്മാഈല്‍ നബി(അ)യുടെ കാലം മുതലേ കഅ്ബയെ കിസ്‌വ കൊണ്ടലങ്കരിക്കുന്ന പതിവുണ്ട്. ഹജ്ജത്തുല്‍ വിദാഇന്റെ വേളയില്‍ മുഹമ്മദ് നബി(സ്വ) യമനീ വസ്ത്രങ്ങള്‍ കൊണ്ട് കിസ്‌വ പുതപ്പിച്ചതിനു പ്രമാണങ്ങളുണ്ട്. പിന്നീട് മുസ്‌ലിം ഭരണാധികാരികള്‍ ആ ചടങ്ങ് വളരെ ആദരപൂര്‍വം നിര്‍വഹിച്ചുപോന്നു. ഓരോ വര്‍ഷവും പുതിയ കിസ്‌വ അണിയിക്കുമ്പോള്‍ പഴയത് കഷ്ണങ്ങളാക്കി പ്രമുഖ മുസ്‌ലിം വ്യക്തികള്‍ക്കും വിദേശ പ്രതിനിധികള്‍ക്കും വിതരണം ചെയ്യുകയാണു പതിവ്.
കഅ്ബയുടെ തെക്കുകിഴക്ക് മൂലയില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദ് വിശ്വാസിയുടെ ഹൃദയം കവരുന്ന അവിടുത്തെ വിശുദ്ധ അടയാളങ്ങളിലൊന്നാണ്. സില്‍വര്‍ ഫ്രെയ്മിനുള്ളില്‍ ചുകപ്പു കലര്‍ന്ന കറുപ്പു നിറത്തിലുള്ള ഈ വിശുദ്ധ ശില മത്വഫിന്റെ നിരപ്പില്‍നിന്ന് 1.10 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്വര്‍ഗത്തില്‍നിന്നും ഇറക്കപ്പെട്ട അമൂല്യ രത്‌നമാണ് ഹജറുല്‍ അസ്‌വദ് എന്നും മനുഷ്യരുടെ പാപമാണ് അതിനെ കറുപ്പിച്ചതെന്നും മുഹമ്മദ് നബി(സ്വ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. തീര്‍ത്ഥാടനത്തിനെത്തുന്ന ഓരോ വിശ്വാസിയും  കഅ്ബ പ്രദക്ഷിണം ചെയ്യാനാരംഭിക്കുന്നത് ആ കറുത്ത ശിലയുടെ ഭാഗത്തുനിന്നാണ്. സഹസ്രാബ്ദങ്ങളായി അനന്തകോടി വിശ്വാസികളുടെ പരിരംഭണം പതിഞ്ഞ ആ വിശുദ്ധ ശിലയിലൊന്ന് മുഖമമര്‍ത്തി ചുംബിക്കാന്‍ വിശ്വാസികള്‍ തിക്കും തിരക്കും കൂട്ടുന്നു. മുഹമ്മദ് നബി(സ്വ) അതില്‍ നെറ്റിവച്ചു ചുംബിക്കുക മാത്രമല്ല, മുത്തിമണത്തവര്‍ക്കു ശുപാര്‍ശകനായി വിധി നിര്‍ണയ നാളില്‍ വരുമെന്നുകൂടി പഠിപ്പിച്ചു. അതുകൊണ്ടു തന്നെ ഹജറിലൊന്ന് മുഖം വച്ചു മുത്താനും സാധിച്ചില്ലെങ്കില്‍ തൊട്ടുമുത്താനും അതിനും കഴിഞ്ഞില്ലെങ്കില്‍ അതിനു നേര്‍ക്ക് വിരലൊന്ന് ചൂണ്ടി പ്രതീകാത്മക പരിരംഭണം നടത്താനും തീര്‍ത്ഥാടകര്‍ ആവേശം കാണിക്കുന്നത്.
വലിയുല്ലാഹിയുടെ പാദം പതിഞ്ഞ വിശുദ്ധ ശിലയായ കഅ്ബയുടെ ചാരത്തുള്ള മറ്റൊരു ദൃഷ്ടാന്തം. മഖാമു ഇബ്‌റാഹീം എന്നറിയപ്പെടുന്ന ഈ ശിലയില്‍ കയറി നിന്നാണ് അദ്ദേഹം കഅ്ബയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഖലീലുല്ലാഹിയുടെ പാദമുദ്രകള്‍ അതില്‍ പറഞ്ഞത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്ന് അനസ് ബിന്‍ മാലിക്(റ) സാക്ഷ്യപ്പെടുത്തിയതായി ഹദീസുകളില്‍ കാണാം. ആദ്യകാലത്ത് കഅ്ബയുടെ ചുമരിനോടു ചേര്‍ന്നു കിടക്കുകയായിരുന്നു അത്. ഉമര്‍(റ)ന്റെ ഭരണകാലത്താണത് നിസ്‌കരിക്കുന്നവരുടെയും ത്വവാഫ് ചെയ്യുന്നവരുടെയും സൗകര്യാര്‍ത്ഥം അല്‍പ്പം പിറകിലേക്കു മാറ്റിയത്. ഒരു ചില്ലുകൂട്ടില്‍ ഇപ്പോഴത് പ്രത്യേകം സൂക്ഷിക്കപ്പെട്ടതായി കാണാം. അതിനു പിന്നില്‍ വച്ചു നിസ്‌കരിക്കുന്നത് വലിയ പുണ്യ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter