ഹജ്ജിന്റെ അര്‍ത്ഥം
ഹജ്ജിന്റെ ചിത്രം ത്യാഗ സന്നദ്ധതയുടേതാണ്. സ്വാര്‍ത്ഥതക്കും അഹമ്മതിക്കുമൊന്നും ഇടമില്ലാത്ത മാനവൈക്യത്തിന്റെ വിളംബര ചരിത്രം. മനുഷ്യ ചരിത്രത്തിന്റെ ആദിമ ഘട്ടം മുതല്‍തന്നെ മക്കയില്‍ തീര്‍ത്ഥാടക സ്പര്‍ശം ആരംഭിച്ചിട്ടുണ്ടെന്നതാണ് ആധികാരിക രേഖ. എന്നാല്‍ ഒരു സമഷ്ടിയോളം ഖുര്‍ആന്‍ വാഴ്ത്തിപ്പറഞ്ഞ പ്രവാചകന്‍ ഇബ്രാഹീം (അ) ദൈവാഹ്വാനാനുസാരം മക്കാമരുഭൂവില്‍ ദൈവഗേഹം അഥവാ കഅ്ബ പണിത്, ശേഷം ഭൂമിയിലേക്ക് വരാനിരിക്കുന്ന ജനതതിയെ ഒന്നാകെ പ്രതീകാത്മകമായി ക്ഷണിക്കുന്നതോടെയാണ് വിശ്വാസീ സമൂഹത്തിന്റെ മെയ്യും മനവും കാലങ്ങളായി വിശുദ്ധ മക്കയില്‍ മേളിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ഭൂഗോളത്തിന്റെ ഒത്ത നടുവിലെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയ കഅ്ബയുടെ ഭൂമിശാസ്ത്ര നിലനില്‍പ് തന്നെ സവിശേഷമായ സന്ദേശങ്ങള്‍ പകരുന്നുണ്ട്.
ദേശവും ഭാഷയും ലിംഗവും നിറവും വ്യവച്ഛേദിച്ചു നിര്‍ത്തുമ്പോഴും മുസ്‌ലിം ഉമ്മ എന്ന ഏകകത്തില്‍ ഐക്യപ്പെട്ടു നില്‍ക്കുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമാണ് ഹജ്ജില്‍ ദൃശ്യവത്കരിക്കപ്പെടുന്നത്. അവിടെ ദേശപ്പെരുമയോ നേതൃമഹിമയോ കുലപ്പൊലിമകളോ ഒന്നും തന്നെ പരിഗണനക്കു വരുന്നില്ല. യുക്തിയുടെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണാന്‍ അതിസാഹസമായിരുന്നിട്ടും ലക്ഷോപലക്ഷം വിശ്വാസികള്‍ ഭൗതിക ചിന്തകളെ പടിപ്പുറത്ത് നിര്‍ത്തി ഹജ്ജിന്റെ ആരാധനാ കര്‍മങ്ങളില്‍ മുഴുകിച്ചേരുമ്പോള്‍ ദിവ്യാടിമത്തത്തിന്റെ സമത്വ പൂര്‍ണമായ പരമാനുഭൂതിയാണ് ഓരോ ഹാജിക്കും കൈവരുന്നത്.
ഹൃദയാകര്‍ഷകമായ ഹജ്ജ്കര്‍മം പൂര്‍ത്തിയാക്കി ഏകമാനസരായി പിരിഞ്ഞു പോകുന്ന ഓരോ ഹാജിയും, ചോരക്കുഞ്ഞിന്റെ കളങ്കമറ്റ മനസ്സ് പോലെ ആത്മശുദ്ധനായാണ് മടങ്ങുന്നതെന്ന് പ്രവാചകര്‍ മുഹമ്മദ് (സ്വ). അതായത് അധാര്‍മികത മുറ്റിയ ജീവിത പരിസരത്തേക്ക് തിരിച്ചു വരുന്ന കളങ്കമുക്തരായ ഹാജിമാര്‍ വഴി സമൂഹത്തില്‍ ധര്‍മനിഷ്ഠരായ ഒരു വിഭാഗം പുനഃസൃഷ്ടിക്കപ്പെടുന്നു. അങ്ങനെ പൊതുജീവിതം കൂടുതല്‍ സുരക്ഷിതവും സദാചാര സമ്പുഷ്ടവുമാകുന്നു.
മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം എല്ലാ വിധത്തിലുമുള്ള അനുകൂല സാഹചര്യമൊരുങ്ങിയാല്‍ നിര്‍ബന്ധിത ബാധ്യതയായി ഭവിക്കുന്ന, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് നിര്‍വഹിക്കുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം പെരുകുകയായിട്ടും സമൂഹം എന്തു കൊണ്ടിങ്ങനെ എന്ന ചിന്ത പ്രസക്തമാണിപ്പോള്‍. കേവല അധരവ്യായാമത്തിനപ്പുറം തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ ആത്മാവിലേക്കിറങ്ങുന്നുണ്ടോ എന്നിടത്താണ് വിഷയം. ആത്മപ്രശംസക്കും ദുരഭിമാനത്തിനുമായി വണ്ടി കയറുന്നവര്‍, ധനാഗമനത്തിനും ഉദരപൂരണത്തിനുമുള്ള 'വിശുദ്ധ' മാര്‍ഗമായി അതിനെ പ്രതിഷ്ഠിക്കുന്നവര്‍, എന്നിങ്ങനെ അനാശാസ്യ രീതിയില്‍ ഹജ്ജിനെ സമീപിക്കുന്നവരുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റേതു ആരാധനകളെയും പോലെ ധനനഷ്ടത്തിനപ്പുറം 'ലാഭ'മൊന്നും അത്തരക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല. എവിടെയും ലാഭക്കണ്ണുകള്‍ക്ക് പകരം മൂല്യം ഉള്‍ക്കൊണ്ടുള്ള മനസ്സാണ് നമ്മെ നയിക്കേണ്ടത്. അപ്പോഴാണ് അവിടെയെത്തിയിട്ടില്ലാത്ത അനേക കോടി മുസ്‌ലിംകളുടെ പ്രാതിനിധ്യ രൂപം അവനില്‍ ഉള്‍ചേരുന്നത്; അതുവഴി അവരുടെ പ്രാര്‍ത്ഥനയും.
Leave A Comment