സംസം: മരുഭൂമിയുടെ പുണ്യം

 

വിശുദ്ധിയുടെ അണമുറിയാത്ത നീരുറവയാണ് സംസം. അഞ്ചുസഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഉമ്മുല്‍ഖുറായുടെ മരുപ്പറമ്പുകളെ ജനനിബിഢമായ ഉര്‍വരഭൂമിയാക്കി മാറ്റുകയും അതുവഴി മഹത്തായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകുകയും ചെയ്തത് സംസമിന്റെ നിയോഗത്തിലൂടെയായിരുന്നു. പ്രഭവം തൊട്ട് ചരിത്രത്തിലുടനീളം സംസം തുറന്നുകാട്ടുന്നത് അതിന്റെ ഇലാഹീ തലമാണ്. വിശ്വാസിക്ക് അന്നവും പാനീയവും ഔഷധവും മറുമരുന്നും വേദന സംഹാരിയുമെല്ലാമാണ് സംസം. സംസമില്‍ നിങ്ങള്‍ക്ക് രോഗശമനവും രുചിയൂറുന്ന ഭക്ഷണവുമുണ്ടെന്ന് തിരുമേനി അരുള്‍ ചെയ്തിട്ടുണ്ട്.
തൗഹീദിന്റെ സംരക്ഷണത്തിനു വേണ്ടി പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കയറിയിറങ്ങിയ ഇബ്‌റാഹീം നബിയുടെയും അല്ലാഹുവിന്റെ നിര്‍ദേശത്തിന് വഴിപ്പെട്ട് മൂര്‍ച്ചയേറിയ കഠാരയ്ക്കുമുന്നില്‍ തല കുനിച്ചുകൊടുത്ത ഇസ്മാഈല്‍ നബിയുടെയും ആരോരുമില്ലാത്ത മരുഭൂവില്‍ ഉരുകിയൊലിക്കാവുന്ന ചൂടും അസഹ്യമായ ദാഹവും വകവയ്ക്കാതെ തന്റെ പിഞ്ചുപൈതലിനെയും താലോലിച്ച് ഇലാഹീ ആജ്ഞയ്ക്ക് കാതോര്‍ത്തുനിന്ന ഹാജറുടെയും ത്യാഗനിര്‍ഭരവും അര്‍പ്പണസന്നദ്ധവുമായ വിശ്വാസദാര്‍ഢ്യത്തിന്റെ ഒരുപാടൊരുപാട് കഥകള്‍ സംസമിനു പറയാനുണ്ട്.

ഉത്ഭവം
അഞ്ചു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മക്ക ഒരു വരണ്ടുണങ്ങിയ മരുപ്രദേശമായിരുന്നു. ജനവാസമോ ജലസ്രോതസ്സുകളോ സസ്യലതാദികളോ ഇല്ലാത്ത സൈകതക്കാടുകള്‍. ഈ ഊഷരഭൂവിലേക്കാണു മഹാനായ ഇബ്‌റാഹീം നബി(അ) തന്റെ പ്രിയപുത്രന്‍ ഇസ്മാഈലിനെയും ഭാര്യ ഹാജറയെയും കൂട്ടി ബാബിലോണിയയില്‍നിന്നു  പലായനം ചെയ്തത്. പ്രിയതമയെയും പുത്രനെയും ജസീറത്തുല്‍ അറബിലെ മക്കയില്‍ ബാക്കിയാക്കി പോവാനായിരുന്നു അല്ലാഹുവിന്റെ ആജ്ഞ. 
ഫലഭൂയിഷ്ടമായ പച്ചപ്പറമ്പുകളും കുളിരുപെയ്യുന്ന മരുപ്പച്ചകളും കടന്ന് വിജനമായ താഴ്‌വാരങ്ങളിലൂടെയും മണല്‍ കാറ്റടിക്കുന്ന മരുഭൂമിയിലൂടെയും സഞ്ചരിച്ച് അവര്‍ മക്കയിലെത്തിച്ചേര്‍ന്നു. ഭാര്യയെയും പുത്രനെയും മക്കയില്‍ തനിച്ചാക്കി വിങ്ങുന്ന മനസ്സുമായി ഇബ്‌റാഹീം നബി തിരിച്ചുനടന്നു. ആരോരുമില്ലാത്ത പ്രദേശത്ത് തന്നെയും കുഞ്ഞിനെയും തനിച്ചാക്കി ഒരു വാക്കുപോലും ഉരിയാടാതെ നടന്നകലുന്ന പ്രിയതമനെ കണ്ടപ്പോള്‍ ഹാജറ ബീവി വ്യാകുലപ്പെട്ടു. എന്തിനാണിതൊക്കെ എന്ന് ചോദിച്ചപ്പോള്‍, അല്ലാഹുവിന്റെ ആജ്ഞയാണെന്നു പറഞ്ഞ് ഇബ്‌റാഹീം നബി നടത്തം തുടര്‍ന്നു. അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാണെങ്കില്‍ നിങ്ങള്‍ ധൈര്യമായി തിരിച്ചുപൊയ്‌ക്കൊള്ളുക. നിങ്ങളോടിത് ആജ്ഞാപിച്ച അതേ രക്ഷിതാവ് എന്നെ സംരക്ഷിക്കുമെന്ന് ഹാജറ ബീവി പ്രതികരിച്ചു. അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ വിശ്വാസം. 
ഒരുപാടു സ്‌നേഹം നല്‍കിയ പ്രിയതമയെയും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ലഭിച്ച പ്രിയപുത്രന്‍ ഇസ്മാഈലിനെയും വിജനതയില്‍ തനിച്ചാക്കി പോകുമ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ നയനങ്ങള്‍ ഈറനണിഞ്ഞു. അവരുടെ ദൃഷ്ടിയില്‍നിന്നു മറഞ്ഞപ്പോള്‍ മക്കയുടെ മരുക്കാടുകളെ നോക്കി ഇബ്‌റാഹീം നബി(അ) പ്രാര്‍ത്ഥിച്ചു: '' ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്താനങ്ങളെ കൃഷിയില്ലാത്ത താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. രക്ഷിതാവേ, അവര്‍ നിസ്‌കാരം മുറപ്രകാരം അനുഷഠിക്കാനാണു  ഞാനിത് ചെയ്തത്. അതിനാല്‍ അതുകൊണ്ട് മനുഷ്യഹൃദയങ്ങളെ അവരുടെ നേരെ സ്‌നേഹം കാണിക്കുന്നതായും നന്ദിയുള്ളവരാവാന്‍ അവര്‍ക്കു നീ പഴങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ.'' വിങ്ങുന്ന മനസ്സോടെ ബാബിലോണിയയിലേക്കു തിരികെ നടന്നു. 
അങ്ങനെ മക്കയുടെ സൈകതഭൂവില്‍ ഹാജറയും ഇസ്മാഈലും ഒറ്റപ്പെട്ടു. തോല്‍പ്പാത്രത്തില്‍ കൊണ്ടുവന്ന വെള്ളം വളരെപ്പെട്ടെന്നു തീര്‍ന്നു. ഏറെ കഴിയുന്നതിനു മുമ്പെ പിഞ്ചുമോന് നല്‍കാന്‍ തന്റെ നെഞ്ചകത്തിനി മുലപ്പാലില്ലെന്ന് മഹതി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു ജലകണികയ്ക്ക് വേണ്ടി ആ മാതൃഹൃദയം കേണു. മനുഷ്യജീവികളില്ല; ഇലയനക്കങ്ങളോ പറവകളുടെ ചിറകടികളോ ഇല്ല; മൃഗങ്ങളോ ഇര തേടാന്‍ ഇഴജന്തുക്കളോ വന്നില്ല. ഇസ്മാഈല്‍ വാടിത്തളര്‍ന്നു. ഒരിറ്റു വെള്ളം കിട്ടാതെ, തന്റെ മോന്‍ മരണപ്പെടുമോ എന്നുപോലും ഭയപ്പെട്ടു ഹാജറ ബീവി. 
 ഏതെങ്കിലും യാത്രാസംഘങ്ങളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍  അടുത്തുള്ള സ്വഫാപര്‍വതമുകളിലേക്ക് ഹാജറബീവി ഓടിക്കയറി. ചുറ്റുപാടും നിരീക്ഷിച്ചു. വിജനത മാത്രം. ഉടന്‍ സ്വഫയില്‍നിന്നിറങ്ങി തൊട്ടടുത്ത മര്‍വയിലേക്കോടി. നിരാശയായിരുന്നു ഫലം. ഇങ്ങനെ ഏഴു തവണ സ്വഫയിലും മര്‍വയിലുമായി ഹാജറാ ബീവി കയറിയിറങ്ങി. ഒടുവില്‍ പിഞ്ചുകുഞ്ഞിനരികെ തളര്‍ന്നിരുന്നു. 
ചരിത്രത്തിന്റെ അനിവാര്യത നിര്‍വഹിക്കപ്പെടുകയായിരുന്നു.  മരുഭൂമിയുടെ വിരിമാറില്‍ തെളിനീരിന്റെ ഉറവ പൊട്ടി. നിലയ്ക്കാത്ത പ്രവാഹത്തില്‍ നിന്നു മഹതി ആവോളം കുടിച്ചു. ചെറിയൊരു തടം കെട്ടി വെള്ളം സംരക്ഷിക്കാനൊരു ശ്രമം നടത്തി. പക്ഷേ, വെള്ളം അനിയന്ത്രിതമായി പ്രവഹിക്കുകയാണ്. വെള്ളച്ചാട്ടം പോലെ നിര്‍ഗളിക്കുന്ന ജലപ്രവാഹത്തെ നോക്കി ബീവി അരുളി: സംസം, കോപ്റ്റിക് ഭാഷയില്‍ 'അടങ്ങൂ' എന്നര്‍ത്ഥമുള്ള ഈ പദം ഉരുവിട്ടതോടെ അനിയന്ത്രിതമായ പ്രവാഹം നിലച്ചു. ഇതുകൊണ്ടാണ് ഈ പുണ്യതീര്‍ത്ഥം ഇന്നും 'സംസം' എന്നറിയപ്പെടുന്നത്. ഈ സംഭവത്തെക്കുറിച്ച് തിരുമേനി(സ്വ) പറയുന്നു: ''ഇസ്മാഈലിന്റെ മാതാവിന് അല്ലാഹു കരുണ ചെയ്യട്ടെ. അവരന്ന് സംസം തടഞ്ഞുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അതു ലോകം മുഴുവന്‍ ഒഴുകുന്ന നദിയായി രൂപപ്പെടുമായിരുന്നു.''
സംസം അനുഗ്രഹമായി. വരണ്ടുണങ്ങിയ മക്കാ സൈകതത്തട്ടുകള്‍ സജലങ്ങളായി. കിളിര്‍ത്ത മണ്ണില്‍ സസ്യലതാദികള്‍ മുളപൊട്ടി. ദാഹജലം തേടി പറവക്കൂട്ടം പറന്നെത്തി. ഇലാഹീ സ്മരണയിലും പുത്രപരിചരണത്തിലുമായി ഹാജറ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഇതിനിടെയാണ് ജുര്‍ഹുമുകാരായ ഒരു ഖാഫില അതുവഴി കടന്നുവന്നത്. അല്‍പ്പം വെള്ളം ശേഖരിക്കാന്‍ അവര്‍ ആ മരുപ്പറമ്പാകെ പരതി. അപ്പോഴാണ് ഏറെ അകലെയല്ലാതെ വാനില്‍ വട്ടമിട്ടു പറക്കുന്ന പറവക്കൂട്ടം അവരുടെ ശ്രദ്ധയില്‍ പെട്ടത്. ആഹ്ലാദത്തോടെ അതിലേറെ പ്രതീക്ഷയോടെ അവരങ്ങോട്ട് കുതിച്ചു. കവിഞ്ഞുനില്‍ക്കുന്ന സംസം കണ്ട് അവര്‍ അവിടെ തമ്പടിക്കാന്‍ തുനിഞ്ഞു. 
ഹാജറ ബീവി അവരെ തടഞ്ഞു. ഞങ്ങളൊരു നാടോടി സംഘമാണെന്നും ദാഹിച്ച് അവശരാണെന്നും ഈ കിണറിന്റെ ചാരത്തു ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും അവര്‍ അപേക്ഷിച്ചു. ബീവിയുടെ സമ്മതപ്രകാരം അവരവിടെ താമസിക്കാന്‍ തീരുമാനിച്ചു. സംസമിന്റെ ശ്രേഷ്ടതയും മഹിമയും കണ്ടറിഞ്ഞ ജുര്‍ഹുമുകാര്‍ അതിന്റെ പരിപാലനദൗത്യം ഏറ്റെടുത്തു. സ്വഫാമര്‍വയ്ക്കിടയില്‍ പുതിയൊരു സംസ്‌കൃതി രൂപപ്പെടുകയായിരുന്നു. 
ചരിത്രം വഴിമാറി. ജുര്‍ഹും ഗോത്രം തങ്ങളുടെ മുന്‍കാല ചരിത്രം വിസ്മരിച്ചു; അഭയാര്‍ത്ഥികളായി മക്കയിലെത്തിയതും സംസം കുടിച്ച് ദാഹം തീര്‍ത്തതുമെല്ലാം.  ഒടുവില്‍ അവര്‍ അധമന്മാരും അതിക്രമികളുമായിത്തീര്‍ന്നു. കഅ്ബയുടെയും ഹറമിന്റെയും പവിത്രത കളഞ്ഞുകുളിച്ചു. സംസം കിണര്‍ മണ്ണിട്ടുമൂടി. അങ്ങനെ സംസം ചരിത്രത്തില്‍നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്തപ്പെട്ടു. 
വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസം പുനര്‍നിര്‍മിക്കപ്പെട്ടത്. ഇസാഫിന്റെയും നാഇലയുടെയും ഇടയിലുള്ള സ്ഥലത്തു നീ സംസം കുഴിക്കണമെന്ന് ഒരു അജ്ഞാതന്‍ തന്നോട് ആജ്ഞാപിക്കുന്നത് അബ്ദുല്‍മുത്വലിബ് സ്വപ്നം കണ്ടു. മൂന്നുദിവസത്തെ കഠിനാദ്ധ്വാനത്തിലൂടെ അബ്ദുല്‍മുത്വലിബും മകന്‍ ഹാരിസും സംസം ജലധാര കണ്ടെത്തി. പിന്നീട് അബ്ദുല്‍മുത്വലിബിലൂടെയും അബ്ബാസിയ്യ ഖലീഫമാരിലൂടെയും ഉസ്മാനി അമീറുമാരിലൂടെയും ആധുനിക സഊദി രാജാക്കന്മാരിലൂടെയും കണ്‍കുളിരുന്ന പ്രൗഢിയോടെ സംസം കിണര്‍ ചാരുതയാര്‍ന്നുനില്‍ക്കുന്നു. 

പറഞ്ഞുതീരാത്ത മഹിമകള്‍
ഒടുങ്ങാത്ത വിസ്മയങ്ങളുടെ കലവറയാണു സംസം; വറ്റിത്തീരാത്ത അക്ഷയഖനിയും. 1979ല്‍ യഹ് കോശക് എന്ന എഞ്ചിനീയര്‍ക്കു കീഴില്‍ സംസം കിണര്‍ ശുദ്ധീകരിക്കാന്‍ സഊദി തീരുമാനിച്ചു. ഇതിനുവേണ്ടി സംസം കിണറിലെ വെള്ളം മുഴുവന്‍ പമ്പ് ചെയ്ത് വറ്റിച്ചു തീര്‍ക്കാനായിരുന്നു തീരുമാനം. മിനിട്ടില്‍ 8,000 ലിറ്റര്‍ വരെ തള്ളാന്‍ ശേഷിയുള്ള നാല് അത്യാധുനിക പമ്പ് സെറ്റുകളും സംഘടിപ്പിച്ചു. പക്ഷേ, 24 മണിക്കൂര്‍ പമ്പ് ചെയ്തിട്ടും കിണര്‍ വറ്റിക്കാനായില്ലെന്നു മാത്രമല്ല, മുങ്ങല്‍വിദഗ്ധരെ സംഘടിപ്പിച്ചാണ് ആ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്നത് സംസമിന്റെ അമാനുഷികത തുറന്നുകാട്ടുന്നു. ഇലാഹീകൈയൊപ്പിന്റെ പ്രൗഢി എന്നും അതില്‍ കണ്ടു. 
വര്‍ഷംതോറും ഹജ്ജിനു വേണ്ടി വരുന്ന ലക്ഷക്കണക്കിനു ഹാജിമാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കുകയും തിരികെപ്പോകുമ്പോള്‍ സാധിക്കുന്നത്ര സംസം  കൊണ്ടുപോവുകയും ചെയ്യുന്നു. മില്യണിലധികം കാനുകളാണ് ഇങ്ങനെ നിറച്ചുകൊണ്ടുപോകുന്നത്. മാത്രമല്ല, മദീനയിലേക്കും ജിദ്ദ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്കും മറ്റു പല പ്രധാനസ്ഥലങ്ങളിലേക്കും പമ്പ് ചെയ്യപ്പെടുന്ന സംസം വറ്റാതെ നിലനില്‍ക്കുന്ന കാഴ്ച ചിന്തോദ്ദീപകമാണ്. 
സംസമിന്റെ മഹിമകള്‍ വര്‍ണനാതീതമാകുന്നത് അത് നബിയിലൂടെ നോക്കിക്കാണുമ്പോഴാണ്. തിരുനബിയുടെ ഹൃദയം ശുദ്ധീകരിക്കാന്‍ ജിബ്‌രീലും സംഘവും വന്ന സംഭവം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ഹൃദയം പുറത്തെടുത്ത് സംസം കൊണ്ട് കഴുകി വൃത്തിയാക്കി മാലാഖമാര്‍ തിരികെ പോവുന്നതോടെ തിരുദേഹം പ്രവാചകദൗത്യങ്ങള്‍ക്ക് സന്നദ്ധമായിത്തീരുന്നു. 
''എന്റെ കത്ത് ലഭിച്ചാലുടന്‍ എനിക്കല്‍പ്പം സംസം വെളളം കൊടുത്തയക്കണം. രാത്രിയാണെന്റെ ഈ സന്ദേശം ലഭിച്ചതെങ്കില്‍ പ്രഭാതം വരെയോ പ്രഭാതത്തിലാണു ലഭിച്ചതെങ്കില്‍ പ്രദോശം വരെയോ നീ അമാന്തിച്ചുനില്‍ക്കരുത്. ''- സദ്‌വൃത്തനായ സുഹൈലുബ്‌നു അംറിന് മദീനയിലിരുന്ന് നബി(സ്വ) എഴുതിയ ഈ കത്ത് അവിടുന്ന് സംസമിനോടുള്ള ആദരത്തിന്റെ ആഴവും പരപ്പും തുറന്നുകാട്ടുന്നു. ഒന്നുകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ തിരുമേനിയും സംസവും തമ്മിലുള്ള ചില സമാനതകള്‍ നമുക്ക് കണ്ടെത്താനാവും. തപിച്ചുകിടന്ന മരുഭൂവിന്റെ വിജനതയിലാണു സംസം ഉറവയെടുത്തത്. അജ്ഞത അന്ധകാരംതീര്‍ത്ത ജാഹിലിയ്യത്തിലാണ് തിരുനബി(സ്വ)ഉദയംചെയ്തത്. നിര്‍ജലത സജലതയാക്കി വിജനമായ മക്കയെ ജനനിബിഢമാക്കിയത് സംസമാണ്. ജഹാലത്തിന്റെ മറകള്‍ നീക്കി അറബികള്‍ക്കു തൗഹീദിന്റെ ദീപം തെളിയിച്ചത് തിരുനബി(സ്വ)യും. അതുകൊണ്ടുതന്നെയാണ് ഇസ്മാഈല്‍ നബിക്ക് പോലുമില്ലാത്ത സംസമിയ്യ് എന്ന പേര് ഏറ്റവും അര്‍ഹിക്കുന്നത്. 
കുടിക്കുന്നവരുടെ ഉദ്ദേശമത്രയും പൂര്‍ത്തീകരിക്കാന്‍ സംസമിനു സാധിക്കുമെന്നതിനു പ്രവാചക വചനമുണ്ട്. ഇത് ഉള്‍ക്കൊണ്ട അനുചരവൃന്ദം സംസം കുടിക്കാന്‍ അഹമഹമികയാ മുന്നോട്ടുവന്നു. മഹാനായ കഅ്ബ് (റ) വയര്‍ നിറയെ സംസം കുടിക്കുകയും അല്‍പ്പമെടുത്ത് വസ്ത്രത്തില്‍ കുടയുകയും ചെയ്യുന്നത് ശ്രദ്ധിച്ച ചിലര്‍ ചോദിച്ചു: ''എന്തിനാണു താങ്കള്‍ വസ്ത്രം നനയ്ക്കുന്നത്?'' മഹാന്‍ പ്രതികരിച്ചു: ''നിങ്ങള്‍ക്കു ഈ പാനീയത്തിന്റെ മഹത്വം വേണ്ടവിധം അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.''
ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ അറിവ് കരസ്ഥമാവാനും അമ്പെയ്ത്തില്‍ പ്രത്യേക പാടവമുണ്ടാവാനും സംസം കുടിച്ച ഇമാം ശാഫിഈ(റ) ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര രംഗത്തെ വെള്ളിനക്ഷത്രമായി മാറി. രചനാവൈഭവമുണ്ടാവാന്‍ വേണ്ടി സംസം നുകര്‍ന്ന ഹാക്കിം ലോകപ്രശസ്തമായ 'മുസ്തദ്‌റക്'എന്ന ഗ്രന്ഥം രചിക്കുകയും അറിയപ്പെടുന്ന പണ്ഡിതനായിത്തീരുകയും ചെയ്തു. ഹജ്ജ് ചെയ്തപ്പോള്‍ കര്‍മശാസ്ത്രത്തിലും ഹദീസിലും വിജ്ഞാനിയാവാന്‍ സംസം കുടിച്ച ഇമാം സുയൂത്വി മഹോന്നതനായ ഗ്രന്ഥകാരനും സര്‍വാംഗീകൃത പണ്ഡിതനുമായിത്തീര്‍ന്നു. 'അവസാനം ഞാനൊരു മുജ്തഹിദായി' എന്നു സ്വന്തത്തെക്കുറിച്ച് എഴുതാന്‍ അദ്ദേഹത്തിനു ധൈര്യം നല്‍കിയത് സംസം പകര്‍ന്നുനല്‍കിയ ഊര്‍ജമാണ്.
സംസം കിണറിനടുത്തു വന്ന് 'അല്ലാഹുവേ, അന്ത്യനാളില്‍ ദാഹമനുഭവപ്പെടാതിരിക്കാന്‍ ഞാനിത് കുടിക്കുന്നു'വെന്നു പറഞ്ഞ്  വേണ്ടുവോളം കോരിക്കുടിച്ച ഇബ്‌നുല്‍മുബാറക്കിനെയും മക്കയിലെത്തുന്ന  തീര്‍ത്ഥാടകര്‍ക്ക് സംസം നല്‍കാനായി മുഴുവന്‍ സമയം ചെലവഴിച്ച ഇബ്‌നുനജ്ജാറിനെയും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് ഈ പുണ്യതീര്‍ത്ഥത്തിന്റെ പവിത്രതയാണ്. 

ശാസ്ത്രീയ ജാലകത്തിലൂടെ
കെട്ടിനില്‍ക്കുന്ന വെള്ളം ദൈവപരിണാമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന വെള്ളം വളരെപ്പെട്ടെന്ന് ഉപയോഗശൂന്യമാവാറുണ്ട്. ഇത് വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും ബാധിക്കുന്ന 'ആള്‍ഗെ' പോലുള്ള സൂക്ഷ്മസസ്യങ്ങള്‍ മുളച്ചുപൊന്തുന്നതിനാലാണ്. എന്നാല്‍, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസം കിണറില്‍ ഇത്തരം ജൈവപരിണാമങ്ങള്‍ സംഭവിക്കുന്നില്ലെന്നതു പഠനങ്ങള്‍ തെളിയിക്കുന്നു.
സംസമിന്റെ പ്രത്യേകതകള്‍ പരിശോധിച്ച താരീഖ് ഹുസൈന്‍ പറയുന്നു: സംസമില്‍ കാല്‍സ്യത്തിന്റെയും മാഗ്നീഷ്യത്തിന്റെയും അളവ് കൂടുതലുണ്ട്. അതു കൊണ്ടായിരിക്കാം ക്ഷീണിതരായ ഹജ്ജാജിമാര്‍ സംസം കുടിക്കുന്നതോടെ ഉന്മേഷവാന്മാരാവുന്നത്. സംസമില്‍ ഫ്‌ളൂറൈഡിന്റെ ഫലപ്രദമായ സാന്നിധ്യംകാരണം സംസം പൂര്‍ണമായും അണുവിമുക്തമാണ്.  കുടിക്കാന്‍ അനുയോജ്യമായ വെള്ളമാണ് സംസമെന്ന് റോപ്യന്‍ ലബോറട്ടറികള്‍ കണ്ടെത്തിയിരിക്കുന്നു. മഹാനായ അബൂദര്‍റ്(റ) 30 ദിവസം സംസം വെള്ളം മാത്രം നുകര്‍ന്ന് മക്കയില്‍ താമസിച്ചതു നാം ഇതിനോടൊപ്പം കൂട്ടിവായിക്കണം. 
സാധാരണ ജലത്തിലുപരി സംസമിനു പല പ്രത്യേകതകളുമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞനാണ് മസാറു ഇമോട്ടോ. നാനോ ടെക്‌നോളജി ഉപയോഗിച്ചാണ് മസാറു തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയത്. വെള്ളം തണുപ്പിക്കുമ്പോള്‍ അത് ഖരവസ്തുവായി മാറുന്നു. ഈ ഖരവസ്തുവിനെയാണ് 'പരലെ' എന്നു നാം പറയുന്നത്. വ്യത്യസ്ത പ്രദേശങ്ങളിലെ വെള്ളം സംഭരിച്ചു പരീക്ഷണം നിര്‍വഹിച്ച ഇമോട്ടോ സംസമിന്റെ പരലുകള്‍ മാത്രം വ്യത്യസ്തമായി ദര്‍ശിച്ചത് ജിദ്ദയിലെ ഒരു ശാസ്ത്രസെമിനാറില്‍ വെളിപ്പെടുത്തുകയുണ്ടായി. 
ചുരുക്കത്തില്‍, തലമുറകളായി പരകോടി ജനങ്ങള്‍ക്കു ദാഹശമനവും രോഗമുക്തിയും മനോവേദനകള്‍ക്ക് പരിഹാരവും കനിഞ്ഞേകി ഉമ്മുല്‍ഖുറായുടെ മണ്ണില്‍നിന്ന് ഇടമുറിയാതെ ഉറവയെടുക്കുന്ന സംസമിന്റെ സവിശേഷതകള്‍ അനാവരണം ചെയ്യാന്‍ ഈ പേജുകളൊന്നും പര്യാപ്തമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter