സല്‍വാവിയുടെ കാന്‍വാസില്‍ പതിയുന്നതെല്ലാം ഹജ്ജ് ആഗ്രഹങ്ങളാണ്

കൈറോയിലെ സയീദ സൈനബിലെ ആ വീട്ടില്‍ ചുമരുകള്‍ മുഴുവന്‍ ചിത്രങ്ങളാണ്. എല്ലാം ഹജ്ജ് കര്‍മ്മങ്ങളും അതിനായുള്ള യാത്രകളും അടങ്ങുന്ന പെയിന്റിംഗുകള്‍. വീട്ടുകാരനായ ഈദുൽ സൽവാവി വരച്ചതാണ് അവയെല്ലാം. 

ഈജിപ്തുകാരനായ ഈദുൽ സൽവാവിക്ക് അറുപത്തി ഒമ്പതാം വയസ്സിലും, ഹജ്ജ് ചെയ്യുക എന്നത് സഫലമാകാത്ത സ്വപ്നമാണ്. ഉറക്കില്‍ മാത്രമല്ല, ഉണര്‍ച്ചയിലും സല്‍വാവി സ്വപ്നം കാണുന്നത് മക്കയിലേക്കുള്ള യാത്രയും അവിടെയെത്തിയുള്ള കര്‍മ്മങ്ങളും തന്നെയാണ്. വരക്കുന്നത് സല്‍വാവിക്ക് ജീവിതോപാധിയാണെങ്കിലും, ഹജ്ജുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കുന്നത് മനസ്സിനുള്ളില്‍ ശമിക്കാതെ ദഹിച്ചുകൊണ്ടിരിക്കുന്ന ആഗ്രഹത്തിന്റെ ബഹിര്‍പ്രകടനം കൂടിയാണ്. അത് കൊണ്ട് തന്നെ, ആ ചിത്രങ്ങള്‍ക്കൊന്നും അദ്ദേഹം വില പറയാറില്ല. കൊടുക്കുന്നത് സന്തോഷത്തോടെ വാങ്ങും എന്ന് മാത്രം. 

ഒഴിഞ്ഞിരിക്കുമ്പോഴെല്ലാം സല്‍വാവി വരച്ചുകൊണ്ടേയിരിക്കാം. കാല്‍നടയായും ഒട്ടകപ്പുറത്ത് കയറിയുമുള്ള ഹജ്ജ് യാത്ര മുതല്‍ ത്വവാഫും സഅ്‍യും ജംറകളിലെ ഏറുമെല്ലാം ആ ബ്രഷിലൂടെ ആവിഷ്കരിച്ചുകൊണ്ടേയിരിക്കുന്നു. ഒട്ടക യാത്രികരും അവര്‍ക്ക് കാവലൊരുക്കുന്ന പട്ടാളക്കാരും പരമ്പരാഗത ഫെസ് തൊപ്പി ധരിച്ച‌് മരുഭൂമിയിലൂടെ നീങ്ങുന്നവരുമെല്ലാം ആ ചിത്രങ്ങളില്‍ കടന്നുവരുന്നു. ഹജ്ജ് യാത്രാസംഘത്തിലെ സ്ത്രീകളും കുട്ടികളുമെല്ലാം ആ ചിത്രങ്ങളിലുണ്ട്. 

കൈകൊണ്ട് നിർമ്മിച്ച ഈന്തപ്പനയുടെ ബ്രഷും പെയിന്റ്, വിനാഗിരി, റോസ് വാട്ടർ, പശ എന്നിവയുടെ മിശ്രിതമായ പ്രത്യേക മഷിയുമാണ് അദ്ദേഹം വരക്കാനായി ഉപയോഗിക്കുന്നത്. കുട്ടിക്കാലത്ത്, തന്റെ ഗ്രാമമായ ഉസ്‍വാനിലെ വീടുകളുടെ ചുവരുകളിൽ സാധാരണമായി കാണാറുണ്ടായിരുന്ന ഹജ്ജ് ദൃശ്യങ്ങളാണ് തന്റെ ഭാവനയെ കീഴടക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. അതോടെ, എങ്ങനെയെങ്കിലും ഒന്ന് മക്കയിലെത്തണമെന്നത് അടങ്ങാത്ത ആഗ്രഹമായി മാറി. ഉറക്കിലും ഉണര്‍ച്ചയിലുമെല്ലാം ആ ചിന്ത കൂടെനടന്നു. പക്ഷെ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ അതിനുള്ള സാഹചര്യങ്ങളൊന്നും സല്‍വാവിക്ക് ഇത് വരെ ഒത്ത് വന്നില്ല. മനസ്സിന്റെ അടങ്ങാത്ത ആ ആഗ്രഹത്തെ കാന്‍വാസുകളിലേക്ക് പകര്‍ത്തി താല്‍കാലിക ആശ്വാസമെങ്കിലും കണ്ടെത്തുകയാണ് ഇതിലൂടെ അദ്ദേഹം. 

സല്‍വാവി വരക്കുന്നത് തന്റെ സ്വപ്നങ്ങളെ തന്നെയാണ്. അത് കൊണ്ട് തന്നെ ആ വരകളില്‍ വല്ലാത്തൊരു ചാരുതയും യാഥാര്‍ത്ഥ്യത്തിന്റെ തുടിപ്പുകളും ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്.

Read More: ഹസന്‍ അബ്ദുല്ലക്ക് ഹജ്ജിന് വഴിയൊരുങ്ങിയത് ഇങ്ങനെയായിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter