ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകൾ: പുതിയ വാർത്തകൾ പ്രതീക്ഷ നൽകുന്നത്
ഒരിടവേളക്കുശേഷം ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ അധിവസിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ കുറിച്ചുള്ള വാർത്തകൾ സജീവമാവുകയാണ്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് ചൈനയുടെ കിരാത ഭരണത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമാകുന്ന ഈ മുസ്‌ലിം വിഭാഗം ചൈനയ്ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉയ്ഗൂറുകളോടുള്ള സമീപനത്തെ ചൊല്ലി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾ ലോക തലത്തിൽ ചർച്ചയാക്കിയ അമേരിക്കയുടെ ശക്തമായ ഇടപെടലുകളം വലിയ വാർത്തയായിരിക്കുകയാണ്.

ആരാണ് ഉയ്ഗൂറുകൾ

ചൈനയിലെ സിൻജിയാങ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് തുർക്കി വംശജരായ ഉയ്ഗൂറുകൾ. ഈസ്റ്റ് തുർക്കിസ്ഥാൻ എന്ന പേരിൽ നിരവധി മുസ്‌ലിം ഭരണാധികാരികൾ ഭരണം നടത്തിയ പ്രദേശം 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലാക്കി മാറ്റിയത്. രണ്ടുകോടി 2.18 കോടിയാണ് സിൻജിയാങിലെ ജനസംഖ്യ. ഇതിൽ 12 ദശലക്ഷം പേരും ഉയ്ഗൂർ വിഭാഗമാണ്.

ചൈനയുടെ കീഴിൽ

കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ മുസ്‌ലിം വിശ്വാസങ്ങളെ തകർക്കാനുള്ള ശ്രമമാണ് പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ചിഹ്നങ്ങളൊന്നും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ അവർക്ക് അവകാശമില്ല. പള്ളികൾ അടച്ചുപൂട്ടുകയും ഖുർആൻ ഉൾപ്പെടെ എല്ലാ മതഗ്രന്ഥങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താടി വെക്കാനോ ഇസ്‍ലാമിക സംസ്കാരത്തെ അടയാളപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കാനോ പോലും അവർക്ക് അവകാശമില്ല.

ജയിലുകളിലേക്കോ റീ എഡ്യൂക്കേഷൻ ക്യാമ്പുകൾ എന്ന് വിളിക്കപ്പെടുന്ന തടങ്കൽ പാളയങ്ങളിലേക്കോ അയക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. അവിടെ അവർക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. തങ്ങളുടെ വിശ്വാസം അനുവദിക്കാത്ത രീതിയിൽ മദ്യം കുടിക്കാനും പന്നിയിറച്ചി കഴിക്കാനും അവർ നിര്‍ബന്ധിക്കപ്പെടുന്നു.

ഉയ്ഗൂര്‍ മുസ്‍ലിംകളെ നിരന്തരം പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ ഉയ്ഗൂറുകളും തങ്ങളുടെ വാഹനങ്ങളിൽ ജി.പി.എസ് ഉപകരണം ഘടിപ്പിക്കണമെന്നും ചൈനീസ് ഗവണ്മെന്റ് നിയമം പുറപ്പെടുവിച്ചിരിക്കുകയാണ്. പൊതു ഇടങ്ങളിൽ അവരെ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ ധരിച്ചാണ് സിൻജിയാങിലെ പോലീസുകാർ നടക്കുന്നത് തന്നെ.

ചൈനയിലെ ഭൂരിഭാഗം ജനങ്ങളും പിന്തുടരുന്ന നിരീശ്വരവാദം അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം റീ എഡ്യൂക്കേഷൻ ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര കോടതിയിൽ ഉയ്ഗൂർ മുസ്‌ലിംകൾ

വർഷങ്ങൾ നീണ്ട ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പുകൾ നിരന്തരമായി ഉയരാറുണ്ട്. എന്നാൽ ആദ്യമായി വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിച്ച് ചൈനയെ ഞെട്ടിച്ചിരിക്കുകയാണ് ഉയ്ഗൂറുകൾ.

കിഴക്കന്‍ തുര്‍ക്കിസ്താന്‍ നാഷണല്‍ അവേക്കണിംഗ് മൂവ്‌മെന്റിന് വേണ്ടി ലണ്ടനിൽ പ്രവർത്തിക്കുന്ന രണ്ട് അഭിഭാഷകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തെ വംശഹത്യക്ക് ഇരയാക്കുന്നുവെന്നതാണ് പ്രധാനമായും കോടതിയിൽ ഉയർത്തിയിരിക്കുന്ന പരാതി. അറുപത് പേജുകൾ ഉള്ള പരാതിയിൽ ഇതിന് കാരണക്കാരായ 30 പ്രധാന ചൈനീസ് ഉദ്യോഗസ്ഥരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി തലവനായ നിലവിലെ പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പേരും പട്ടികയിലുണ്ട്. ഇതാദ്യമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒരു അന്താരാഷ്ട്ര വേദിയിൽ കേസ് ഫയൽ ചെയ്യപ്പെടുന്നത്.

അമേരിക്കയുടെ ഇടപെടൽ

ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുന്നത് ട്രംപ് ഭരണകൂടം അധികാരമേറ്റത് മുതലാണ്. ചൈനീസ് കമ്പനിയായ വാവേയുടെ നിരോധനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിൽ അകലം വർധിച്ചിരുന്നു.

ഇതിനു പിന്നാലെ കൊറോണ വ്യാപനം ഉണ്ടാവുകയും വൈറസ് അമേരിക്കയെ ഒട്ടാകെ പിടികൂടുകയും ചെയ്തപ്പോൾ അതിന്റെ ഉത്തരവാദിത്വം ചൈനയുടെ തലയിൽ കെട്ടിവെക്കുന്ന സമീപനമായിരുന്നു ട്രംപ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഉയ്ഗൂർ മുസ്‌ലിംകളോടുള്ള ചൈനയുടെ സമീപനത്തിൽ ശക്തമായ വിമർശനങ്ങളുമായി അമേരിക്ക രംഗത്തെത്തുന്നത്.

മുസ്‌ലിംകളെ നിർബന്ധിത ക്യാമ്പുകളിൽ താമസിപ്പിക്കുന്നതിനെതിരെ ട്രംപ് ഭരണകൂടം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രതിനിധി സഭ ബില്ല് പാസാക്കിയിരുന്നു. ഉയ്ഗൂറുകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഉയ്ഗൂര്‍ ആക്‌ട് 2019 എന്ന ബില്ലാണ് അവതരിപ്പിച്ചിരുന്നത്. ഏറെ വൈകാതെ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോ അംഗമായ ചെന്‍ ക്വാന്‍ഗോക് ഉള്‍പ്പടെ ​നാല്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി നേതാക്കൾക്കെതിരെ യു.എസ്​ വിലക്കേർപ്പെടുത്തുകയും ചെയ്തു. യു.എസ്​ അധികൃതര്‍ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോ അംഗമായ ഇവരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും.

സിന്‍ജിയാങ്ങിലെ ഡെപ്യൂട്ടി പാര്‍ട്ടി സെക്രട്ടറി സാഹു ഹാലുന്‍, കമ്യൂണിസ്​റ്റ്​ പാര്‍ട്ടി സെക്രട്ടി വാങ്​ മിങ്​ഷാന്‍, മുന്‍ പാര്‍ട്ടി സെക്രട്ടറി ഹുവോ ലിയുജുന്‍ എന്നിവരേയും വിലക്കിയിട്ടുണ്ട്​​. ഉയ്ഗൂര്‍ മുസ്​ലിംകളെ ഏകാന്ത തടവിലാക്കൽ, നിര്‍ബന്ധിത ജോലി, മതപരിവര്‍ത്തനം, ഭ്രൂണഹത്യ എന്നിവ അമേരിക്ക നേരത്തെ ചൈനയ്ക്കെതിരെ ആരോപിച്ചിരുന്നു.

അമേരിക്കയുടെ നിലപാട് ആത്മാർത്ഥമായിട്ടോ?

അന്താരാഷ്ട്ര നയങ്ങളിൽ സ്വതവേ മുസ്‌ലിം വിരുദ്ധ നിലപാടുകൾ വെച്ച് പുലർത്തുന്ന രാജ്യമാണ് അമേരിക്ക. ഇസ്രായേൽ വിഷയത്തിലും ഇറാഖ്, അഫ്ഗാൻ അധിനിവേശം തുടങ്ങിയവയിലുമെല്ലാം ഈ നിലപാട് ലോകം കണ്ടതാണ്. ഒബാമയുടെ ഭരണകാലത്ത് ഈ മുസ്‌ലിം വിരുദ്ധ നിലപാടിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ട്രംപിൻറെ ഭരണകാലത്ത് ഇസ്രായേലിനോടുള്ള അമിതമായ ആഭിമുഖ്യവും ഇൽഹാൻ ഒമർ, റാശിദ ത്വാലിബ് തുടങ്ങിയ മുസ്‌ലിം സെനറ്റർമാരോടുള്ള സമീപനവും ട്രംപ് അമേരിക്കയുടെ പഴയ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയാണ്.

ഈ നിലപാടുകൾ പ്രകടിപ്പിക്കുമ്പോൾ തന്നെയാണ് ചൈനയുടെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. എന്നാൽ അമേരിക്കയുടെ നിലപാട് ആത്മാർത്ഥതയോടെയുള്ളതല്ലെന്ന നിരീക്ഷണം ശക്തമായിരുന്നു.

ഉയ്ഗൂര്‍ വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നതിന് ട്രംപും കൂട്ടുനിന്നെന്ന് ട്രംപി​​ന്‍റെ മുന്‍ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടൻ രചിച്ച തന്റെ പുസ്തകത്തിലൂടെ ആരോപിച്ചതാണ് ഈ ആത്മാർത്ഥയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നത്. എങ്കിൽപോലും ചൈനയിലെ ഉയിഗൂറുകൾക്ക് വേണ്ടിയുള്ള അമേരിക്കയുടെ ശബ്ദം പ്രതീക്ഷ നൽകുന്നത് തന്നെയാണ്. റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് വേണ്ടി മുസ്‌ലിം ലോകത്ത് വലിയ പിന്തുണയുണ്ടെങ്കിലും ഉയ്ഗൂറുകളുടെ ദീന രോദനം മുസ്‌ലിം ലോകം ചെവിക്കൊള്ളുന്നേയില്ല. ചൈനയുമായി അതിശക്തമായ വ്യാപാരബന്ധം നിലനിൽക്കുന്നതിനാൽ മുസ്‌ലിം രാജ്യങ്ങൾക്കൊന്നും മരുന്നിനുപോലും ചൈനയെ വിമർശിക്കാൻ ധൈര്യമില്ല. തുർക്കി ആയിരുന്നു അല്പമെങ്കിലും ഭേദപ്പെട്ട സമീപനം സ്വീകരിച്ചിരുന്നത്. എന്നാൽ ചൈനയുടെ കടുത്ത ഭീഷണിക്ക് വഴങ്ങി തുർക്കി പ്രസിഡണ്ട് ഉർദുഗാൻ ഇപ്പോൾ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താറില്ല. അതിനാൽ ചൈനയുടെ ക്രൂരത ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മാത്രമാണ്. പശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദവും അന്താരാഷ്ട്ര കോടതിയുടെ ഇടപെടലുകളും ചൈന പൂർണമായും തള്ളാൻ സാധ്യതയില്ല. എന്നാൽ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ജനാധിപത്യ കൂട്ടക്കശാപ്പിന്റെയും വിളനിലമായ ചൈനയിൽ നിന്ന് വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. സംഭവിക്കുന്നതിന്റെ പത്തിലൊന്നുപോലും പുറത്തറിയാത്ത, അറിയിക്കാൻ സമ്മതിക്കാത്ത മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങണിയിക്കപ്പെടുന്ന പാരമ്പര്യം ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter