ജലം അനുഗ്രഹമാണ്; ഉപയോഗത്തില്‍ ശ്രദ്ധ വേണം

സ്രഷ്ടാവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ജലം. ജീവന്റെ അടിസ്ഥാനവും, അതിനെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതും, ജീവികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്ത ഘടകവും ജലമാണ്. ഇതുകൊണ്ട് തന്നെയാവാം ഖുര്‍ആനില്‍ ഇടക്കിടെ വെള്ളമെന്ന അനുഗ്രഹത്തെ കുറിച്ച് അല്ലാഹു മനുഷ്യരെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനില്‍ ഏറെ സ്ഥലങ്ങളില്‍ അല്ലാഹു സ്വന്തത്തെ പരിചയപ്പെടുത്തുന്നതും ജലസംവിധായകനെന്നാണ്.
വെള്ളത്തില്‍നിന്ന് ജീവന്റെ തുടിപ്പ് കിട്ടിയ മനുഷ്യന്‍ ആ തുടിപ്പ് നഷ്ടപ്പെട്ട് ജീവിതം അവസാനിക്കുമ്പോഴും ഒരു തുള്ളി വെള്ളത്തിന് വേണ്ടി കേഴുന്നുവെങ്കില്‍ മനുഷ്യനും വെള്ളവും തമ്മിലുള്ള ബന്ധം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് വെള്ളത്തില്‍നിന്നാണെന്ന ഖുര്‍ആനികാധ്യാപനം നിരവധിയുണ്ട്. സൂറതുല്‍ ഫുര്‍ഖാനില്‍ അല്ലാഹു പറയുന്നു: ”വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് അവനാണ്. അങ്ങനെ അവന്‍ മനുഷ്യനെ വംശബന്ധവും വൈവാഹിക ബന്ധവുമുള്ളവനാക്കി. താങ്കളുടെ രക്ഷിതാവ് സര്‍വശക്തനാണ്.”(അല്‍ഫുര്‍ഖാന്‍: 54). ”മനുഷ്യന്‍ ശപിക്കപ്പെടട്ടെ! എന്താണവനെ ഇത്ര നന്ദികെട്ടവനാക്കിയത്? എന്ത് വസ്തുവില്‍നിന്നാണവനെ അല്ലാഹു സൃഷ്ടിച്ചത്? ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു. എന്നിട്ട് അവനെ വേണ്ട വിധം വ്യവസ്ഥപ്പെടുത്തി.”(സൂറത്തു അബസ: 17-19).
മനുഷ്യന്‍ മാത്രമല്ല, ജീവനുള്ള സര്‍വ  വസ്തുക്കളും വെള്ളത്തില്‍നിന്നാണ് ജന്മമെടുത്തതെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. സൂറത്തുല്‍ അമ്പിയാഇലെ 30ാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു: ”സത്യനിഷേധികള്‍ അറിഞ്ഞിട്ടില്ലേ: നിശ്ചയമായും ആകാശങ്ങളും ഭൂമിയും അടഞ്ഞുനില്‍ക്കുന്നതായിരുന്നു. എന്നിട്ട് അവ രണ്ടിനെയും നാം പിളര്‍ത്തി. എല്ലാ ജീവനുള്ള വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?!” ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: ”സര്‍വ വസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളത്തില്‍ നിന്നാണെന്നും, എല്ലാ വസ്തുക്കളുടെയും ജീവന്റെ നിലനില്‍പ്പ് വെള്ളം കൊണ്ടാണെന്നും, ജനനേന്ദ്രിയത്തില്‍നിന്നാണ് എല്ലാ വസ്തുക്കളെയും സംവിധാനിച്ചതെന്നുമുള്ള മൂന്നു വ്യാഖ്യാനങ്ങള്‍ പണ്ഡിതര്‍ ഈ ആയത്തിനു നല്‍കുന്നുണ്ട്.” (തഫ്‌സ്വീറുല്‍ഖുര്‍ത്വുബി).
മനുഷ്യനും മൃഗങ്ങളും ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ഭക്ഷിക്കുന്ന സസ്യങ്ങളും പഴവര്‍ഗങ്ങളും  വെള്ളം കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ്. അല്ലാഹു തന്നെ പറയുന്നു: ”തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പില്‍ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റിനെ അയച്ചവനാണവന്‍. അങ്ങനെ അതു ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായിക്കിടക്കുന്ന ഭൂമിയിലേക്ക് നാമതിനെ നീക്കിക്കൊണ്ടുപോവുന്നു. എന്നിട്ട് നാം അവിടെ മഴ വര്‍ഷിപ്പിക്കുകയും അതു മുഖേന നാനാവിധ പഴങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.” (അഅ്‌റാഫ്: 57) സൂറത്തുല്‍ അന്‍ആമിലെ 99ാം സൂക്തം ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ”ആകാശത്ത്‌നിന്ന് വെള്ളം വര്‍ഷിപ്പിച്ചതും അവന്‍ തന്നെയാണ്. എന്നിട്ട് ആ വെള്ളം കൊണ്ട് മുളക്കുന്ന എല്ലാ വസ്തുക്കളുടെയും മുളകളെ നാം പുറത്തേക്ക് കൊണ്ടുവന്നു. അങ്ങനെ നാം അതില്‍നിന്ന് പച്ച ഇലകളും ശാഖകളും ഉല്‍പാദിപ്പിച്ചു. പിന്നീട് അവയില്‍ നിന്ന് തിങ്ങിക്കൂടി നില്‍ക്കുന്ന ധാന്യമണികളെ പുറത്തേക്ക് കൊണ്ടുവരുന്നു. ഈത്തപ്പന മരത്തില്‍ നിന്ന്-അഥവാ അതിന്റെ കൊതുമ്പില്‍ നിന്ന്- തൂങ്ങി നില്‍ക്കുന്ന കതിരുകള്‍ ഉണ്ടാകുന്നു. മുന്തിരിത്തോട്ടങ്ങളെയും ഒലീവ് വൃക്ഷത്തെയും റുമ്മാന്‍ വൃക്ഷത്തെയും നാം ഉല്‍പാദിപ്പിച്ചു- അവ പരസ്പരം സാദൃശ്യമുള്ളവയും അല്ലാത്തവയുമുണ്ട്-. കായ്ക്കുന്ന ഘട്ടത്തില്‍ അതിന്റെ പഴത്തിലേക്കൊന്ന് നോക്കുക. അത് പഴുത്ത് പാകമാകുമ്പോഴും ഒന്ന് നോക്കുക! സത്യത്തില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് ഇതില്‍ നിശ്ചയമായും ധാരാളം ദൃശ്ടാന്തങ്ങളുണ്ട്”.


ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ജലമെന്ന പദാര്‍ത്ഥം നിലവിലുണ്ടായിരുന്നുവെന്നും, വിശാലമായ ആ ജലപിണ്ഡത്തിലായിരുന്നു അല്ലാഹുവിന്റെ സിംഹാസനമായ ‘അര്‍ശ്’ സ്ഥിതിചെയ്തിരുന്നതെന്നും ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാം. ‘ആറു ദിനങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം വെള്ളത്തിന്‍മേലായിരുന്നു'(വി.ഖു: 11: 7)വെന്ന ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മുഫസ്സിരീങ്ങള്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. (തഫ്‌സീറുല്‍ഖുര്‍ത്വുബി, റാസി).


വെള്ളത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അത്ഭുതകരമായ ഒരു പരാമര്‍ശം തഫ്‌സീറുകളില്‍ കാണാം.
മേല്‍സൂക്തത്തിന്റെ വ്യാഖ്യനത്തില്‍ തന്നെ ഇമാം ഖുര്‍ത്വുബി(റ)യും ഇമാം റാസി(റ)യും കഅ്ബ്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു: ”പച്ച നിറത്തിലുള്ള ഒരു മാണിക്യം അല്ലാഹു സൃഷ്ടിച്ചു. ശേഷം ഭീതിതമായ രീതിയില്‍ അതിനെ നോക്കി. അക്കാരണത്താല്‍ അല്ലാഹുവിനോടുള്ള ഭയത്താല്‍ വിറകൊള്ളുന്ന വെള്ളമായി അത് രൂപാന്തരപ്പെട്ടു. അടങ്ങിനില്‍ക്കുന്ന വെള്ളങ്ങള്‍ക്കും ആ വിറയല്‍ ഇപ്പോഴും കാണാം. പിന്നീട് അവന്‍ കാറ്റിനെ സൃഷ്ടിച്ചു. അതിനു മുകളില്‍ വെള്ളത്തെ വക്കുകയും ചെയ്തു.”
വെള്ളത്തെ കുറിച്ചുള്ള വിസ്മയങ്ങള്‍ ഇതു കൊണ്ടൊന്നും തീരുന്നതല്ല. ആകാശഭൂമികളുടെ മുമ്പ് സൃഷ്ടിക്കപ്പെട്ട ആ പദാര്‍ത്ഥം ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷവും അതിന്റെയും അതിലെ സര്‍വ വസ്തുക്കളുടെയും നിലനില്‍പ്പിനു തന്നെ അവിഭാജ്യ ഘടകമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജലാംശമില്ലാത്ത ഒരു ഘനസെന്റീമീറ്റര്‍ വായുവോ ഒരു ഗ്രാം മണ്ണോ ഭൂമുഖത്തില്ല. സകല ജീവകോശങ്ങളുടെയും അവിഭാജ്യ ഘടകമാണ് ജലം. കര സസ്യങ്ങളുടെ 60 ശതമാനവും മത്സ്യങ്ങളുടെ 80 ശതമാനവും മനുഷ്യന്‍ ഉള്‍പ്പടെ കരജന്തുക്കളുടെ 60 ശതമാനവും മൊത്തം ഭൗമോപരിതലത്തിന്റെ ഏതാണ്ട് 75 ശതമാനവും ജലമാണെന്ന് കണക്കാക്കപ്പെടുന്നു. (ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം: 11). ഖരം, ദ്രവം, വായു എന്നീ മൂന്ന് അവസ്ഥകളിലും ജലം നിലനില്‍ക്കുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലാവോസിയന്‍ (1743-1794) ആണ് ജലത്തിലെ ഹൈഡ്രജന്‍- ഓക്‌സിജന്‍ അനുപാതം കണ്ടെത്തിയത്. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ കാനിസാറോ(1826-1910) ആണ് ജലത്തിന് ഒ2ഛ എന്ന ഫോര്‍മുല ആവിഷ്‌കരിച്ചത്. കത്തുന്ന വാതകമായ ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന വാതകമായ ഓക്‌സിജനും സംയോജിച്ചുണ്ടാകുന്ന ജലം സാധാരണഗതിയില്‍ കത്തുകയോ കത്താന്‍ സഹായിക്കുകയോ ചെയ്യാത്തതും തീ കെടുത്താന്‍ ഉപയോഗിക്കുന്ന ഒരു ദ്രാവകവുമാണ്. (അതേ പുസ്തകം) രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും ചേര്‍ന്നാണ് വെള്ളത്തിന്റെ ഒരു തന്‍മാത്ര രൂപപ്പെടുന്നതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെങ്കിലും രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും ശേഖരിച്ച് സംയോജിപ്പിച്ചു കൊണ്ട് ജലത്തിന്റെ ഒരു തന്‍മാത്രയെങ്കിലും സൃഷ്ടിക്കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. സൃഷ്ടിപ്പിനു മേല്‍ അല്ലാഹുവിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ടെന്നതിന്റെ മകുടോദാഹരണമാണ് ജലം എന്ന പദാര്‍ത്ഥം.

വെള്ളം ഇലാഹീ അനുഗ്രഹം
വിശുദ്ധ ഖുര്‍ആനില്‍ ജലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍നിന്ന് ജീവജാലങ്ങള്‍ക്ക് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് വെള്ളമെന്ന് മനസ്സിലാക്കാം. മനുഷ്യജീവിതത്തില്‍ വെള്ളത്തിന്റെ ആവശ്യമില്ലാത്ത കാര്യം തന്നെയില്ലെന്ന് പറയാം. അനുഗ്രഹങ്ങളെ ആവശ്യമായ തോതില്‍ നന്‍മയില്‍ മാത്രം പ്രയോജനപ്പെടുത്തലാണ് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഒരു വശം. ശുദ്ധജലം കൊണ്ട് ദാഹമകറ്റിയാല്‍ അല്ലാഹുവിനെ സ്തുതിക്കണമെന്ന് മുത്ത് നബി(സ) കാണിച്ചുതന്നിട്ടുണ്ട്. വെള്ളം കുടിച്ചുകഴിഞ്ഞാല്‍ നബി(സ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ”തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും,  ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസതോത്രങ്ങളും.”(ത്വബ്‌റാനി). അനാവശ്യമായി വെള്ളം ചെലവഴിക്കരുതെന്നും ആ മഹത്ജീവിതം സമൂഹത്തെ ബോധ്യപ്പെടുത്തി. ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യാമെന്നും ഒരു സ്വാഅ് വെള്ളം കൊണ്ട് കുളിക്കാമെന്നും അവിടന്ന് കാണിച്ചുതന്നു.” (സുനനന്നസാഇ) മനുഷ്യന്‍ അശുദ്ധിക്കാരനായാല്‍ ശുദ്ധിയാക്കണമെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പ്രവാചകന്‍ തന്നെയാണ് വെള്ളം എത്രമാത്രം മിതമായി ഉപയോഗിക്കണമെന്നും കാണിച്ചുതരുന്നത്. ആ ജീവിതത്തില്‍ നിന്ന് വിജ്ഞാനം നുകര്‍ന്ന പിന്‍ഗാമികളും ഇതേ നിലപാടുകാരായിരുന്നു. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”നദിക്കരയില്‍ വച്ച് നീ വുളൂഅ് എടുക്കുകയാണെങ്കിലും നീ മിതത്വം പാലിക്കുക.”(മുസ്‌നദ് അഹ്മദ്). നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മേഘങ്ങളില്‍ നിന്ന് നാമാണോ അതോ നിങ്ങളാണോ അതിനെ ഇറക്കിയത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുരുചിയുള്ള വെള്ളമാക്കുമായിരുന്നു. അതുകാണ്ട് നിങ്ങള്‍ നന്ദിയുള്ളവരാകുന്നില്ലെയോ?” (സൂറത്തുല്‍ വാഖിഅ)
പരലോകത്തുവച്ച് സത്യവിശ്വാസികള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്ന സ്വര്‍ഗം മധുരമൂറുന്ന സംശുദ്ധ പാനീയങ്ങളുള്ള നദികളും ആറുകളും നിറഞ്ഞതാണ്. സ്വര്‍ഗാവകാശികള്‍ക്ക് ആദ്യമായി ലഭിക്കുന്ന രസം സംശുദ്ധമായ തെളിനീരായിരിക്കും (തഫ്‌സീറുര്‍റാസി- സൂറത്തുല്‍മാഊന്‍). നബി(സ) പറയുന്നു: ”നാളെ മഹ്ശറയില്‍ വച്ച് മനുഷ്യനു ലഭിച്ച അനുഗ്രഹങ്ങളില്‍ ആദ്യമായി അവനോട് ചോദിക്കുക നാം നിന്റെ ശരീരം ആരോഗ്യമുള്ളതാക്കുകയും തണുത്ത വെള്ളം കൊണ്ട് നിന്റെ ദാഹം ശമിപ്പിക്കുകയും ചെയ്തില്ലേ എന്നായിരിക്കും.”     ശരീരം, വസ്ത്രം, പരിസരം, അഴുക്കായ വസ്തുക്കള്‍ തുടങ്ങിയവ ശുദ്ധിയാക്കാനും ഭക്ഷണം പാകം ചെയ്യാനും ദാഹമകറ്റാനും കൃഷിയാവശ്യങ്ങള്‍ക്കും മറ്റും ജലം ഉപയോഗിക്കപ്പെടുന്നു. ഈ അവസരങ്ങളിലൊന്നും ജലം ദുരുപയോഗം ചെയ്യപ്പെടരുതെന്നാണ് മതശാസന. തിന്നുകയും കുടിക്കുകയും ചെയ്യുമ്പോള്‍ പോലും നിങ്ങള്‍ അമിതവ്യയം നടത്തരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്: (അഅ്‌റാഫ്: 31) എന്നാല്‍, ഇന്ന് നമ്മുടെ ചുറ്റുപാടുമുള്ള അമ്യൂസ്‌മെന്റ് വാട്ടര്‍ തീം പാര്‍ക്കുകളില്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ടണ്‍ കണക്കിന് ലിറ്റര്‍ വെള്ളമാണ്. ‘എനിക്ക് നന്ദികാണിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങളെ വര്‍ധിപ്പിച്ചു തരുമെന്നും നന്ദികേടു കാണിച്ചാല്‍ എന്റെ ശിക്ഷ ഭയാനകമായിരിക്കു'(സൂറത്തു ഇബ്‌റാഹീം 7)മെന്നുമുള്ള ഖുര്‍ആനിക വചനത്തിന്റെ പൊരുള്‍ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്നു ജനങ്ങള്‍.
വെള്ളമെന്ന അനുഗ്രഹം ലഭിച്ചവര്‍ തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞ് മിച്ചമുള്ള ജലം അയല്‍വാസികള്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും നല്‍കി സഹായിക്കലാണ് നന്ദിപ്രകടനത്തിന്റെ മറ്റൊരു രൂപം. ഹദീസുകളും ഖുര്‍ആന്‍ വ്യാഖ്യാന കൃതികളും ആ കാര്യം സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്നുണ്ട്. ഏതു ദാനമാണ് (സ്വദഖ) ഏറ്റവും ഉത്തമമെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് വെള്ളം സ്വദഖ ചെയ്യലെന്നാണ്. തുടര്‍ന്നദ്ദേഹം പറയുന്നു: നരകാവകാശികള്‍ സ്വര്‍ഗാവകാശികളോട് സഹായം ചോദിക്കുന്ന വേളയില്‍ ‘നിങ്ങള്‍ ഞങ്ങള്‍ക്ക് അല്‍പം വെള്ളം ഒഴിച്ചുതരികയോ, നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് എന്തെങ്കിലും ചില വസ്തുക്കള്‍ നല്‍കുകയോ ചെയ്യുക’ എന്ന് പറയുന്ന സന്ദര്‍ഭം വരാനുണ്ടെന്ന് നിനയ്ക്കറിയില്ലേ.” സൂറത്തുല്‍ അഅ്‌റാഫിലെ 50ാം സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: ”വെള്ളം കുടിപ്പിക്കല്‍ വളരെ പുണ്യമുള്ള കര്‍മമാണെന്ന് ഈ ആയത്തില്‍നിന്ന് സുവ്യക്തമാണ്.”
വളരെയധികം ധര്‍മങ്ങള്‍ നല്‍കിയിരുന്ന തന്റെ മാതാവ് വഫാത്തായപ്പോള്‍ സഅദ്(റ) റസൂല്‍(സ്വ)യോട് വന്നു ചോദിച്ചു: ”പ്രിയപ്പെട്ട നബിയേ, എന്റെ ഉമ്മ ധര്‍മം ഇഷ്ടപ്പെടുന്നവരായിരുന്നു. അവരുടെ മരണശേഷം അവര്‍ക്കു വേണ്ടി ഞാന്‍ ധര്‍മം ചെയ്താല്‍ ഉപകരിക്കുമോ?.” നബി(സ) പ്രതികരിച്ചു: ”അതെ, അവര്‍ക്ക് വേണ്ടി നീ ഒരു കിണര്‍ കുഴിക്കൂ…” പാപക്കറ കൊണ്ട് ഹൃദയം കറുത്ത് പോയവര്‍ വെള്ളം സ്വദഖ ചെയ്താല്‍ പാപമോചനം ലഭിക്കുമെന്ന് ത്വാബിഉകള്‍ പറഞ്ഞിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നല്‍കിയ മനുഷ്യന്‍ സ്വര്‍ഗപ്രാപ്തനായെങ്കില്‍ മുഅമിനിനു വെള്ളം നല്‍കിയാല്‍ പാപമോചനം ലഭിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. (തഫ്‌സീറുല്‍ഖുര്‍ത്വുബി). ”തങ്ങളുടെ നിസ്‌കാരത്തെപ്പറ്റി അശ്രദ്ധരായ നിസ്‌കാരക്കാര്‍ക്ക് വലിയ നാശം! മറ്റുള്ളവരെ കാണിക്കുവാനായി അവര്‍ സല്‍കര്‍മങ്ങള്‍ ചെയ്യുകയും പരോപകാര വസ്തുക്കളെ (ഉപ്പ്, വെള്ളം, തീ) മുടക്കുകയും ചെയ്യും”(സൂറത്തുല്‍മാഊന്‍).  സ്വന്തം കിണറുകളിലെ വെള്ളം അയല്‍വാസികളുടെ കൂടി അവകാശമാണെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

വരള്‍ച്ച ഇലാഹീ ശിക്ഷയോ!?
അതിബൃഹത്തായ ജലസമ്പത്താണ് ഭൂമുഖത്തുള്ളത്. ഭൂമിയുടെ നാലില്‍ മൂന്നു ഭാഗവും ജലമാണല്ലോ. ഭൂമുഖത്തുള്ള 97 ശതമാനം ജലനിക്ഷേപം കടലുകളിലെയും  മഹാസമുദ്രങ്ങളിലെയും ഉപ്പുവെള്ളമാണ്. എന്നാല്‍, മൂന്ന് ശതമാനത്തോളം മാത്രമാണ് ശുദ്ധജലം ഉള്ളത്. അതിന്റെ 70 ശതമാനവും ഐസ്‌ക്യാപുകളായും അന്റാര്‍ട്ടിക മുതലായ പ്രദേശങ്ങളിലെ മഞ്ഞുപടലങ്ങളായുമാണ് സ്ഥിതിചെയ്യുന്നത്. ശുദ്ധ ജലത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉറവിടം ഭൂഗര്‍ഭ ജലസംഭരണികളാണ്. ഇത് ഏകദേശം പത്തര ദശലക്ഷം ക്യൂബിക് കിലോമീറ്റര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. 2100 ക്യൂബിക് കിലോമീറ്റര്‍ മാത്രമാണ് തടാകങ്ങളിലെയും അരുവികളിലെയും വെള്ളമുള്ളത്. (ഇസ്‌ലാമിക വിജ്ഞാനകോശം, ഭാഗം: 11)
എന്നാല്‍, ഇന്ന് ജനങ്ങള്‍ ശക്തമായ വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ദാരുണമായ സാഹചര്യമാണുള്ളത്. പ്രകൃതിശാസ്ത്രജ്ഞന്‍മാര്‍ എന്തെല്ലാം നിരീക്ഷണങ്ങളിലെത്തിയാലും മുത്ത് നബി(സ)യുടെ ഹദീസുകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ സമൂഹത്തില്‍ അരങ്ങ് വാഴുന്ന അധര്‍മങ്ങളും കൂത്തരങ്ങുകളുമാണ് ഇന്നത്തെ വരള്‍ച്ചയുടെ ഹേതുകമെന്ന് നമുക്ക് കാണാം. നബി(സ) പറയുന്നു: ”അളവ്തൂക്കങ്ങളില്‍ കൃത്രിമം കാണിച്ചാല്‍ മഴ തടഞ്ഞുവയ്ക്കപ്പെടും, വ്യഭിചാരം അധികരിച്ചാല്‍ കൊലപാതകം വര്‍ധിക്കും; കളവ് അധികരിച്ചാല്‍ കോലാഹലങ്ങള്‍ അധികരിക്കും.” മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ”പലിശ തിന്നുന്ന കാലമായാല്‍ കോലം മറിയലും ഭൂമികുലുക്കവും അധികരിക്കും. അധികാരികള്‍ അനീതി കാണിച്ചാല്‍ മഴക്ഷാമമുണ്ടാകും. വ്യഭിചാരം അധികരിച്ചാല്‍ മരണം അധികരിക്കും, സകാത്ത് നല്‍കാതിരുന്നാല്‍ കന്നുകാലികള്‍ ചത്തൊടുങ്ങും.” സകാത്ത് കൊടുക്കാതിരുന്നാല്‍ മഴ തടഞ്ഞുവക്കപ്പെടുമെന്ന് മൂന്നാമതൊരു ഹദീസില്‍ കാണാം.(റൂഹുല്‍ബയാന്‍- സൂറത്തുതൗബ). മൂന്നു ഹദീസുകളിലും വ്യത്യസ്തമായ മൂന്നു കാര്യങ്ങളാണ് ജലക്ഷാമത്തിനു കാരണമായി പറഞ്ഞത്. അഥവാ, അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുക, ഭരണാധികാരികള്‍ അനീതി കാണിക്കുക, സകാത്ത് നല്‍കാതിരിക്കുക. ഇന്നത്തെ കാലിക സാഹചര്യത്തില്‍ ഈ മൂന്നു കാര്യങ്ങളും സാര്‍വത്രികമാണെന്നതില്‍ തര്‍ക്കമേതുമില്ല.
മഴ വര്‍ഷിക്കാന്‍ വേണ്ടി ഖുര്‍ആന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൈവെടിഞ്ഞതാണ് ക്ഷാമത്തിനുള്ള മറ്റൊരു കാരണം. നൂഹ് നബി(അ) തന്റെ സമുദായത്തെ സത്യദീനിലേക്ക് ക്ഷണിച്ച് നടത്തിയ ഉപദേശം വിവരിച്ച് അല്ലാഹു പറയുന്നു: ”എന്നിട്ടവരോട് ഞാന്‍ പറഞ്ഞു: നിങ്ങളുടെ റബ്ബിനോട് നിങ്ങള്‍ പാപമോചനം തേടുക. നിശ്ചയമായും അവന്‍ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചുതരികയും സ്വത്തുക്കള്‍ കൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.’ (സൂറത്തു നൂഹ്: 10-12)”. ഹസനുല്‍ബസ്വരി(റ)യോട് വന്ന് നാട്ടില്‍ വറുതിയാണെന്ന പറഞ്ഞ സുഹൃത്തിനോടും, സന്താനസൗഭാഗ്യമുണ്ടായിട്ടില്ലെന്ന് വിഷമം അറിയിച്ച സഹോദരനോടും, കടം കൊണ്ട് പ്രയാസപ്പെടുന്നവനാണെന്ന് സങ്കടം ബോധിപ്പിച്ച മനുഷ്യനോടും ഇസ്തിഗ്ഫാര്‍ വധിപ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. (തഫ്‌സീറുര്‍റാസി- സൂറത്തുനൂഹ്). തെറ്റുകള്‍ അധികരിക്കുകയും പാപമോചനം തേടുന്നത് കുറയുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ജലക്ഷാമം കൊണ്ട് അല്ലാഹു പരീക്ഷിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. ”മനുഷ്യകരങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമായി കരയിലും കടലിലും നാശം പ്രകടമായിട്ടുണ്ടെ’ന്ന (സൂറത്തുര്‍റൂം 41) ഖുര്‍ആനിക പ്രഖ്യാപനം ആധുനികന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ഉത്തമ ജലങ്ങള്‍…
ലോകത്ത് വ്യത്യസ്ത ജലസ്രോതസ്സുകളും വിവിധയിനം ജലശ്രേണികളുമുണ്ട്. അവയില്‍ ഏറ്റവും ശ്രേഷ്ഠവും പുണ്യവുമായ ജലം ലോകാനുഗ്രഹിയായ അന്ത്യപ്രവാചകരുടെ വിരലിലൂടെ ഒഴുകിയ ജലമാണ്. അവിടുത്തെ ചെറുവിരലിലൂടെയും വിരല്‍തുമ്പുകളിലൂടെയും നടുവിരലിലൂടെയുമെല്ലാം ജലം ഒഴുകിയിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളിലും അല്ലാതെയും അവിടുത്തെ വിരലുകളില്‍കൂടി നീരുറവയെടുത്ത ധാരാളം സംഭവങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ആ കരസ്പര്‍ശം മൂലം വരണ്ടുണങ്ങിക്കിടന്നിരുന്ന യമനിലെ നദികള്‍ ജലസമൃദ്ധമായി. തബൂക്കിലെ പുഴയോരങ്ങള്‍ പച്ചപിടിച്ചതും ഹുദൈബിയ്യയിലെ കിണറില്‍ ജലനിരപ്പ് ഉയര്‍ന്നതും അവിടുത്തെ കരസ്പര്‍ശം മൂലമായിരുന്നു. പന്ത്രണ്ടോളം പ്രാവശ്യം നബി(സ)യുടെ വിരലുകളിലൂടെ നീരുറവയുണ്ടായിട്ടുണ്ട്. ഓരോ തവണയും നൂറു കണക്കിനാളുകള്‍ക്ക് ആശ്വാസമായി ആ പുണ്യതീര്‍ത്ഥം മാറിയിട്ടുണ്ട്. (സുബുലുല്‍ഹുദാ വര്‍റശാദ്)
പുണ്യറസൂലിന്റെ വിരലുകള്‍ക്കിടയില്‍നിന്ന് നിര്‍ഗളിച്ച വെള്ളം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം സംസം എന്ന പുണ്യതീര്‍ത്ഥമാണ്. അതിന്റെ ഉത്ഭവവും അമാനുഷികതയില്‍ നിന്നായിരുന്നുവെന്ന് ചരിത്രസത്യം. അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറമുള്ള മക്കയുടെ മലനിരകളിലൂടെ ആലംബമേതുമില്ലാതെ വെള്ളമന്വേഷിച്ച് ഓടി നടന്ന ഹാജറ ബീബി(റ)ക്കും പിഞ്ചുമകന്‍ ഇസ്മാഈലി(റ)നും ആശ്രയമായിട്ടാണ് സംസം എന്ന പുണ്യജലം ഉറവ പൊട്ടിയത്. ഇസ്മാഈല്‍(അ) എന്ന പൈതല്‍ കാലിട്ടടിച്ച ഭാഗത്ത് ജിബ്‌രീല്‍(അ) തന്റെ ചിറക് കൊണ്ട് രൂപപ്പെടുത്തിയ ചെറിയ ഒരു ഗര്‍ത്തത്തില്‍ നിന്നായിരുന്നു അത് പുറത്തേക്കൊഴുകിയത്.


കരുണയുടെയും സമാശ്വാസത്തിന്റെയും പ്രതീകമായ സംസം പാനീയത്തിന്റെ സവിശേഷതകള്‍ വിവരണാതീതമാണ്. ”സംസം എന്തൊരു കാര്യത്തിനാണോ കുടിച്ചത് അതിനുള്ളതാണ്”(സുനനു ഇബ്‌നുമാജ, മുസ്വന്നഫ് ഇബ്‌നു അബീശൈബ) എന്ന ജാബിര്‍(റ) നിവേദനം ചെയ്ത ഹദീസ് മാത്രം മതി സംസമിന്റെ മഹത്വമറിയാന്‍. ഈ അത്ഭുത നീരുറവ സ്വര്‍ഗീയമാണെന്ന് സംശയലേശമന്യേ തെളിയിക്കപ്പെട്ടതാണ്. സ്വര്‍ഗലോകത്ത് നിന്ന് സംസം കിണറിലേക്ക് ജലം പ്രവഹിക്കുന്നുണ്ടെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട്.


ശാസ്ത്രീയമായി ഏറെ ഗുണമേന്‍മയുള്ള ഘടകങ്ങളാണ് സംസം പാനീയത്തിലുള്ളത്. മനുഷ്യ ശരീരത്തെ പൂര്‍ണ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും അനിതരസാധാരണമായ രോഗപ്രതിരോധ ശേഷി പകര്‍ന്നുനല്‍കുകയും ചെയ്യുന്ന മൂലകങ്ങളാണ് സംസം ജലത്തിലുള്ളത്. വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ സ്രോതസ്സുകളിലും ജൈവപരിണാമങ്ങള്‍ ധാരാളം സംഭവിക്കുകയും സസ്യലതാദികള്‍ വളരുകയും വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും പ്രതികൂലമായി ബാധിക്കുന്ന ആള്‍ഗെ പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരുകയും ചെയ്യുന്നതിനാല്‍ എറെ പഴക്കം ചെന്ന കിണറുകളില്‍ രുചിക്കും ഗന്ധത്തിനും സാരമായ മാറ്റം വരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സംസം കിണറില്‍ ഇത്തരം യാതൊരു ജൈവപരമായ ഇടപെടലുകളും ഇല്ല. ഓരോ ലിറ്റര്‍ സംസമിലും രണ്ടായിരം മില്ലി ഗ്രാമിലധികം ഉപകാരപ്രദവും ആരോഗ്യദായകവുമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. കുടിക്കുന്നവരുടെ ദാഹമകറ്റുന്നതിനു പുറമെ വിശപ്പിനും ശമനം നല്‍കുമെന്നതാണ് സംസമിന്റെ ശാസ്ത്രീയമായ മറ്റൊരു സവിശേഷത. ”ഭൂമിയില്‍ വച്ച് ഏറ്റവും പുണ്യമേറിയ വെള്ളമാണ് സംസം. ഇതില്‍നിന്നു മനുഷ്യന്‍ വിശപ്പിന് ആഹാരം കണ്ടെത്തുകയും രോഗങ്ങള്‍ക്ക് മറുമരുന്ന് കണ്ടെത്തുകയും ചെയ്യുന്നു”(ത്വബ്‌റാനി)വെന്ന മഹത് വചനം ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
സംസം എന്ന അത്ഭുത നീരുറവയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ശാസ്ത്ര കൗതുകങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഒരു ശാസ്ത്രജ്ഞനാണ് ടോക്യോയിലെ ഹാഡോ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ മസാറോ ഇമോട്ടോ.നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയാണ് അദ്ദേഹം ജലപരീക്ഷണ രംഗത്തെ ശ്രദ്ധേയനായി മാറിയത്. ഒന്നര പതിറ്റാണ്ട് നീണ്ട തന്റെ ജലപരീക്ഷണ കാലത്തിനിടയില്‍ കണ്ടെത്തിയ ഒട്ടനവധി അവിശ്വസനീയമായ ശാസ്ത്രസത്യങ്ങള്‍ അഞ്ചു വാള്യങ്ങളുള്ള  മെസേജ് ഫ്രം ദി വാട്ടര്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. (സംസം: പറഞ്ഞു തീരത്ത പുണ്യങ്ങള്‍)
മഹത്വത്തില്‍ മൂന്നാം സ്ഥാനമാണ് ‘കൗസര്‍’ വെള്ളത്തിനുള്ളത്. പാലിനെക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമേറിയതും കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതുമാണ് ഈ പാനീയം. സഹ്‌ലുബ്‌നുസഅദ്(റ)വില്‍ നിന്ന് നിവേദനം നബി(സ്വ) തങ്ങള്‍ പറയുന്നു: ഞാന്‍ കൗസര്‍ ഒഴുകുന്ന നദിക്കടുത്തേക്ക് വരും. ആരെങ്കിലും അതിനരികിലൂടെ കടന്നുപോയാല്‍ അവനത് കുടിച്ചിരിക്കും. അതു കുടിച്ചവര്‍ക്കൊന്നും തന്നെ പിന്നീട് ദാഹം അനുഭവപ്പെടുകയില്ല. ഞാനറിയുകയും എന്നെ അറിയുകയും ചെയ്യുന്ന ഒരു സമുദായം കൗസര്‍ കുടിക്കാന്‍ എന്നെ സമീപിക്കും. അല്‍പസമയത്തിനകം അവര്‍ എന്നില്‍ നിന്നകറ്റപ്പെടും. അപ്പോള്‍ ഞാന്‍ പറയും: ”അവര്‍ എന്റെ സരണിയില്‍ പെട്ടവരാണല്ലോ….!” ആ സമയം എനിക്കു ലഭിക്കുന്ന മറുപടി ഇങ്ങനെയായിരിക്കും ”അവര്‍ താങ്കളുടെ മാര്‍ഗത്തില്‍ പെട്ടവരാണെങ്കിലും താങ്കള്‍ക്കു ശേഷം മതത്തില്‍ പലതും കടത്തിക്കൂട്ടിയവരാണെന്ന് താങ്കള്‍ക്കറിയാന്‍ കഴിഞ്ഞിട്ടില്ല”. അപ്പോള്‍ ഞാന്‍ പറയും:”എന്റെ ശേഷം മാറ്റത്തിരുത്തലുകള്‍ നടത്തിയവര്‍ക്ക് നാശം.” (ബുഖാരി, മുസ്‌ലിം)
ഈ പുണ്യപാനീയത്തിന്റെ ശ്രേഷ്ഠതയും അതിന്റെ മാധുര്യം നുണയാനുള്ള അര്‍ഹതയും കുറിക്കുന്നതാണ് മുന്‍ചൊന്ന വചനം. ഹൗളുല്‍കൗസറിന്റെ നാലു വശങ്ങളിലും നാലു ഖലീഫമാരുണ്ടാകുമെന്നും അവരില്‍ ആരെയെങ്കിലും അധിക്ഷേപിച്ചവര്‍ക്ക് അതില്‍നിന്ന് കുടിക്കാന്‍ സാധിക്കില്ലെന്നും കിതാബുകളില്‍ കാണാം. അതില്‍ നിന്ന് കുടിക്കാനുള്ള പാത്രങ്ങള്‍ നക്ഷത്രങ്ങള്‍ പോലെയാണ്. എല്ലാം നിയന്ത്രിക്കാന്‍ മുത്തുനബി(സ്വ) തന്റെ മിമ്പറില്‍ സ്ഥാനമുറപ്പിച്ച് അവിടെ നില്‍ക്കുന്നുണ്ടാവും. (നൂറുല്‍ അബ്‌സാര്‍)
ഹൗളുല്‍ കൗസറിനു ശേഷം ഏറ്റവും ഉത്തമം നയില്‍നദിയിലെ വെള്ളമാണ്. 6671 കിലോമീറ്ററോളം നീളത്തില്‍ ഈജിപ്തിന്റെ മാറിലൂടെ ഒഴുകുന്ന നയില്‍ നദിയിലെ വെള്ളം ഉത്ഭവിക്കുന്നത് സ്വര്‍ഗത്തില്‍ നിന്നാണ്. മാലിക്ബ്‌നു സ്അ്‌സഅ്(റ)വില്‍ നിന്നു നിവേദനം. സ്വര്‍ഗത്തിലെ വൃക്ഷമായ സിദ്‌റതുല്‍മുന്‍തഹായെക്കുറിച്ച് സംസാരിച്ചപ്പോള്‍ നബി(സ) ഇങ്ങനെ പറയുകയുണ്ടായി: ”ആ വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്ന് രണ്ടു നദികള്‍ ഉള്‍ഭാഗത്തേക്കും മറ്റു രണ്ട് നദികള്‍ പുറം ഭാഗത്തേക്കും ഒഴുകുന്നുണ്ട്. പുറത്തേക്ക് ഒഴുകുന്നത് നയിലും യൂഫ്രട്ടീസുമാണ്.” അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. ”സ്വര്‍ഗത്തില്‍ നിന്നും നാലു നദികള്‍ ഒഴുകി വരുന്നു. നയിലും യൂഫ്രട്ടീസും സൈഹാനും ജൈഹാനുമാണവ.” ലോകത്ത് നദികള്‍ നിലനില്‍ക്കുന്നിടത്തൊക്കെ ഓരോ സംസ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സിന്ധൂനദീതട സംസ്‌കാരവും മെസപ്പൊട്ടോമിയന്‍ സംസ്‌കാരവും ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ നയിലിന്റെ തീരത്ത് ഉയിര്‍ത്തെഴുന്നേറ്റ സംസ്‌കാരം (ഈജിപ്ഷ്യന്‍ സംസ്‌കാരം) സ്വര്‍ഗീയ ഗന്ധമുള്ള സംസ്‌കാരമായിരുന്നു.
ഈജിപ്തിനെ കുറിച്ച് ചരിത്രമെഴുതിയവരെല്ലാം നയില്‍ നദിയെ വര്‍ണിച്ചിട്ടുണ്ട്. വിശ്രുത പണ്ഡിതന്‍ ഇമാം സുയൂഥി(റ) അവരില്‍ സ്മരണീയനാണ്. ‘ഹുസ്‌നുല്‍ മുഹാളറ ഫീ അഖ്ബാരി മിസ്വ്‌റ് വല്‍ഖാഹിറ’ എന്ന തന്റെ കൃതിയില്‍ മുപ്പതോളം പേജുകള്‍ നയില്‍ നദിയെ കുറിച്ച് മാത്രം എഴുതുവാന്‍ നീക്കിവച്ചിട്ടുണ്ട്. നൈലിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രത്യേകതകളും അതു കൊണ്ട് ഈജിപ്ത് കൈവരിച്ച നേട്ടങ്ങളുമെല്ലാം അതില്‍ പ്രതിപാദ്യവിഷയമായിട്ടുണ്ട്. ലോകത്തുള്ള മറ്റു നദികളിലെ വെള്ളങ്ങള്‍ക്കെല്ലാം ശ്രേഷ്ഠതയില്‍ അഞ്ചാം സ്ഥാനമാണുള്ളത്.

അവലംബങ്ങള്‍:
1) ഇമാം ഖുര്‍ത്വുബി(റ)- അല്‍ജാമിഉലിഅഹ്കാമില്‍ ഖുര്‍ആന്‍.
2) ഇമാം ഫഖ്‌റുദ്ദീനുര്‍റാസി(റ)- അത്തഫ്‌സീറുല്‍കബീര്‍.
3) സ്വഹീഹുല്‍ബുഖാരി, സ്വഹീഹ് മുസ്‌ലിം.
4) മുഹമ്മദ്ബ്‌നു യൂസുഫ് അശ്ശാമീ- സുബുലുല്‍ഹുദാ വര്‍റശാദ് ഫീ സീറതി ഖൈറില്‍ ഇബാദ്.
5) ഐ. പി. എച്ച്- ഇസ്‌ലാമിക വിജ്ഞാന കോശം. ഭാഗം 11.
6) കെ. വി. മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്)- ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീറില്‍ഖുര്‍ആന്‍.
7) അഹ്‌സന്‍ പബ്ലിക്കേഷന്‍ (സബീലുല്‍ഹിദായ- പറപ്പൂര്‍)- സംസം: പറഞ്ഞുതീരാത്ത പുണ്യങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter