യോഗിയുടെ യു.പി ഇന്ത്യക്ക് ശാപമോ?

മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍ പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. വര്‍ഗീയതയുടെ വിഷപ്പാമ്പായ യോഗിയുടെ നിയോഗം വിതച്ചുകൊണ്ടിരിക്കുന്നത് ചെറിയ നാശമൊന്നുമല്ല. ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ നീണ്ട നിര തന്നെ തലപൊക്കുന്നു. വര്‍ഗീയത ബാധിച്ച ആ തലയില്‍ നിന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാന്‍. 

ബി.ജെ.പി അധികാരത്തിലേറിയ മുതല്‍ വര്‍ഗീയതയുടെ ഒളിയമ്പുകള്‍ എയ്തു വിടുന്നതില്‍ മിടുക്കനായിരുന്ന യോഗി ഫാഷിസ്റ്റ് ശക്തികളുടെ നിഗൂഢമായ അജണ്ടകളോടെ യുപിയില്‍ അധികാരത്തിലേറി. മുഖ്യനായതു തൊട്ട് വികസനങ്ങള്‍ക്കുമുപരി പീഡന താണ്ഡവങ്ങളാണ് അരങ്ങേറിയത്.ന്യൂന പക്ഷങ്ങള്‍ എന്നും ഇരകളായി മാറി.കാലിയിറച്ചി നിരോധനവും, മറ്റു പല വര്‍ഗീയ അജണ്ടകള്‍ക്കുമുപരി ആര് എന്ത് ചെയ്യണം എന്നു വരെ തീരുമാനിക്കുമെന്ന രീതിയില്‍ ഭരണം മാറ്റിയെടുക്കാന്‍ യോഗിക്കായി. 

സ്ത്രീ പീഡനത്തില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊടുക്കാന്‍ ഈ പ്രശസ്ത നേതാവിന് സാധിച്ചു. നാഷണല്‍ ക്രൈം ലിസ്റ്റില്‍ യു.പിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.മൂന്ന് മാസത്തിനുള്ളില്‍ 1033 ഓളം റേപ്പുകള്‍ യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതില്‍ ഭൂരിഭാഗ ഇരകളും ന്യൂനപക്ഷമായിരുന്നു. പര്‍ദ്ദ ധാരിയായ മുസ്ലിം യുവതിയെ ട്രെയിനിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച പോലീസുകാരന്‍ തൊട്ട് ഗ്രാമത്തലവന്മാര്‍ വരെ പീഡനത്തിനിറങ്ങിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് യു.പിയില്‍ ഒരു ഗ്രാമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍, ഗ്രാമത്തലവന്‍ മറ്റു സഹപ്രവര്‍ത്തകരായ ആറു പേരും കൂടി ദാരിദ്ര്യ കുടുംബത്തില്‍ പെട്ട വെറും പതിനഞ്ച് വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമാക്കി കൂട്ട ബലാല്‍സംഘം ചെയ്തു. ഇതറിഞ്ഞ പിതാവ് നെഞ്ചു പൊട്ടി മരിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. എന്നിട്ട് ആ കേസ് പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നതിലേക്കു മാത്രം ചുരുക്കിയതും യു.പിയുടെ ഇന്നത്തെ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു.

ഗോവധത്തിന്റെ പേരില്‍ ധാരാളം ജീവന്‍ പൊലിഞ്ഞു. മതവും ജാതിയും നോക്കിയുള്ള യോഗിയുടെ ഭരണത്തില്‍ പാവപ്പെട്ട ന്യൂനപക്ഷം ഇരകളായി. മദ്രസകളില്‍ ദിവസവും വന്ദേമാതരം ആലപിക്കണമെന്ന ശാസനത്തിലേക്ക് വരെ ഫാഷിസം കടന്നു കയറി.ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷം ഇപ്പോഴും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരന്തരമായ പീഢന പര്‍വ്വങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കാനേ അവര്‍ക്ക് സാധിക്കൂ.

ഗോരഖ്പൂരില്‍ ഇപ്പോഴും നിലവിളി അവസാനിച്ചിട്ടില്ല. ഒരുപാട് പിഞ്ചു കുഞ്ഞങ്ങള്‍ പിടഞ്ഞ് മരിച്ചതിന്റെ രോദനങ്ങള്‍ ഇപ്പോഴും ആ ്അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് കാണാം. ഒരു തെറ്റും ചെയ്യാത്ത പാവം പിഞ്ചു പൈതങ്ങളാണ് ഹോസ്പിറ്റല്‍ അധികൃതരുടെ മനപൂര്‍വ്വമായ അനാസ്ഥ മൂലം മരണപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു കൂട്ടക്കൊലയായിരുന്നു. ആശുപത്രി അധികൃതര്‍ നടത്തിയ കൂട്ടക്കൊല.

ഗോരഖ്പൂരില്‍ സംഭവിച്ചത് കൂട്ടക്കൊല

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉടമസ്ഥതയിലുള്ള ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ സംഭവിച്ച പിഞ്ചുകുട്ടികളുടെ കൂട്ടമരണം യഥാര്‍ത്ഥത്തില്‍ കൂട്ടക്കൊലയായിരുന്നു.ആവശ്യ സാമഗ്രികള്‍ കൃത്യ സമയത്തു ലഭ്യമാക്കാതെ മൗനം പാലിച്ച അധികൃതര്‍ ഇപ്പോഴും മൗനത്തിനു പിന്നില്‍ ഒളിച്ചോട്ടം നടത്തുകയാണ്.70 നു മുകളില്‍ കുട്ടികളുടെ ജീവന്‍ പൊലിഞ്ഞിട്ടും ശക്തമായ നടപടികള്‍ക്കു മുതിരാത്ത യോഗി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതും അതാണ്.ഹോസ്പിറ്റല്‍ അധികൃതര്‍ തിരിഞ്ഞു നോക്കാത്ത സമയത്ത് സ്വന്തം കീശയില്‍ നിന്നും പണം ചിലവഴിച്ചു സുഹൃത്തിന്റെ ഹോസ്പിറ്റലില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് അനേകം കുഞ്ഞുങ്ങള്‍ക്ക് ജീവവായു നല്‍കിയ ഡോ.കഫീല്‍ ഖാന്‍ പുറത്താക്കപ്പെട്ടതും ഗോരഖ്പൂര്‍ സംഭവത്തിന്റെ ചുരുളഴിക്കുന്നു.

യഥാര്‍ത്ഥത്തില്‍ കഫീല്‍ ഖാന് ആദരവ് നല്‍കേണ്ടതിനു പകരം ഹോസ്പിറ്റലിനെ രക്ഷിക്കാന്‍ പലതും പറഞ്ഞു പരത്തി അദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്നും നീക്കുകയും ആക്ഷേപഹാസ്യം നടത്തുകയും ചെയ്തത് ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. മനുഷ്യത്വത്തിന്റെ പാഠമായിരുന്നു യഥാര്‍ത്ഥത്തില്‍ ഡോ.കഫീല്‍ ഖാന്‍ അന്ന് നല്‍കിയത്.പക്ഷേ ഇന്ന് കഫീല്‍ ഖാന്റെ വീടിനു ചുറ്റും അംഗ രക്ഷകരുടെ വലയം കാണാം കാരണം വര്‍ഗീയ വാദികളില്‍ നിന്നും നിരവധി വധഭീഷണിയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഫോണ്‍കോളു പോലും അറ്റന്റ് ചെയ്യാന്‍ ഭയമാണെന്ന് അദ്ദേഹം തന്റെ ഗുരവായ ഡോക്ടറോട് പറയുകയുണ്ടായി.

ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ നിരന്തരം കടന്നുകയറുന്ന യോഗി സര്‍ക്കാരിന് ഇതൊന്നും വലിയ പ്രശ്‌നമായിത്തോന്നിയിട്ടുണ്ടാകില്ല. സംഭവം നടന്ന് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാന്‍ മുഖ്യന്‍ വൈകിയതും ശ്രദ്ധേയമാണ്. രാഷ്ട്രത്തെ പ്രധാന സംസ്ഥാനത്ത് ഇത്തരമൊരു കൂട്ട മരണം നടന്ന സമയത്ത് ദുഖം രേഖപ്പെടുത്താനേ വ്യോമയാത്രികനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും തോന്നിയുള്ളൂ.

ഹോസ്പിറ്റലില്‍ സംഭവിച്ചത് ഇങ്ങനെ

ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചു തുടങ്ങിയ സമയത്ത് യോഗി ആദിത്യനാഥ് ഹോസ്പിറ്റലിലേക്ക് കടന്നു വന്നു.ഹോസ്പിറ്റല്‍ അധികൃതരുമായി ചര്‍ച്ചക്ക് ഹാളിലേക്ക് കയറി. അപ്പോഴും നിരവധി കുഞ്ഞുങ്ങള്‍ മരണത്തോട് മല്ലിടുന്നുണ്ടായിരുന്നു. മരണ വിവരം പരമാവധി മറച്ചുവെക്കാനായിരുന്നും അപ്പൊഴൊക്കെ ആശുപത്രി അധികൃതര്‍ ശ്രമിച്ചത്.ഹോസ്പിറ്റലില്‍ 100 ബെഡു മാത്രമുള്ള വാര്‍ഡുകളില്‍ 200 രോഗികള്‍ക്ക് കഴിയേണ്ടി വന്നു.

ഹോസ്പിറ്റലില്‍ വെച്ച് മകനെ നഷ്ടപ്പെട്ട ജൈന്‍പൂര്‍ വില്ലേജില്‍പ്പെട്ട ശേലേന്ദ്ര ഗുപ്ത എന്നയാള്‍ പറയുന്നു: 

ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ കാരണത്താല്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ശ്വാസത്തിനു വേണ്ടി മരണത്തോട് മല്ലിടുന്നത് സഹിക്കാതെ ഡോക്ടര്‍മാരെ വിവരം അറിയിച്ചപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ബ്രീത്തിംഗ് യൂണിറ്റ് ബാഗുകള്‍ നല്‍കുകയും അത് അമര്‍ത്തിക്കൊണ്ട് കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുമാണ് നിര്‍ദ്ദേശിച്ചത്. എന്റെ കുട്ടിയുടെ കൂടെ ബെഡില്‍ അഞ്ചു കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ അല്‍പസമയത്തിനകം തന്നെ മരിച്ചു.മുഖ്യമന്ത്രി യോഗത്തിലിരിക്കുന്ന സമയത്ത് തന്നെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ വിളിക്കുകയും ആ മൃതശരീരങ്ങള്‍ ഹോസ്പിറ്റലില്‍ നിന്നും കോലാഹലങ്ങളില്ലാതെ നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ മൃതദേഹങ്ങള്‍ പൊതിഞ്ഞു നല്‍കി ശബ്ദമുണ്ടാക്കാതെ പോകാന്‍ പറയുകയും ചെയ്തു.മെഡിക്കല്‍ ഓഫീസര്‍മാര്‍ എല്ലാം മറച്ചു വെച്ചു.ഞാന്‍ അപ്പോഴും എന്റെ കുട്ടിക്കു വേണ്ടി ബാഗ് അമര്‍ത്തിക്കൊണ്ടിരുന്നു. അവസാനം എല്ലാം അവസാനിച്ച് ഓഗസ്ത് 10ന് എന്റെ കുട്ടിയും മരണത്തിനു കീഴടങ്ങി.

സമീപ വാസി രാദേശ്യാം പറയുന്നു:

  എന്റെ മകള്‍ അവിടെ അഡ്മിറ്റായിരുന്നു. ആഗസ്ത് 10ന് രാത്രിയാകുമ്പോഴേക്ക് ഓക്‌സിജന്‍ ലഭ്യത പൂര്‍ണമായും നിലച്ചു. എന്റെ മകളടക്കം പന്ത്രണ്ടോളം കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിനു കീഴടങ്ങി.

മുഖ്യന്‍ യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങുമ്പോള്‍ ഹോസ്പിറ്റല്‍ പ്രിന്‍സിപ്പള്‍ 11 കോടി ആവശ്യപ്പെട്ടുള്ള ഒരു പത്രിക സമര്‍പ്പിച്ചു. അപ്പോഴും മരണത്തെക്കുറിച്ചോ ഓക്‌സിജന്‍ നിലച്ചതോ മുഖ്യനറിഞ്ഞില്ല. അറിഞ്ഞതായി നടിച്ചതാകുമോ അതുമറിയില്ല. പിന്നീട് മാധ്യമങ്ങള്‍ 33 കുട്ടികളുടെ മരണവാര്‍ത്ത ചാനലുകളില്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് സര്‍ക്കാര്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നത്.

ഇതിനു പിന്നിലൊക്കെ പല നിഗൂഢതകളും ഒളിഞ്ഞ് കിടക്കുന്നുണ്ട്. ഹോസ്പിറ്റലിന് ഓക്‌സിജന്‍ നല്‍കിയിരുന്ന പുഷ്പ സെയില്‍സ് നല്‍കാനുള്ള 69 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങുമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ അതിനെ ഗൗരവത്തോടെ കണ്ടില്ല.സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും ആഗസ്ത് 5ന് നാലു കോടി രൂപ ഹോസ്പിറ്റലിന് പാസ്സായപ്പോഴും ആ കടം വീട്ടാന്‍ തയ്യാറായില്ല. ആ പണം പലരുടെയും കൈകളിലൊതുങ്ങി.അത്രത്തോളം വീഴ്ച കാണിച്ച ഹോസ്പിറ്റലിനെതിരെ നടപടിയെടുക്കാതെ വീഴ്ച വരുത്തിയെന്നാരോപിച്ച് കേവലം ചിലരെ പുറത്താക്കി യോഗി സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം കഴിഞ്ഞാണ് പോലീസുകാരന്റെ ഒത്താശയോടെ ഗ്രാമത്തലവനും സഹായികളും കൂടി 15 വയസ്സുകാരിയെ കൂട്ടബലാല്‍സംഘം ചെയ്യതത്. ഒരു പക്ഷേ യോഗീ യുഗത്തിന് രാജ്യം നല്‍കുന്നത് പീഡനക്കാലം എന്ന നാമമായിരിക്കും. കാരണം ദിനം പ്രതി യു.പിയില്‍ പീഡന സംഖ്യ ഉയരുകയാണ്. യോഗിയുടെ ആഗമനത്തോടെ തുടങ്ങിയ ഇത്തരം പ്രവണതകളില്‍ മനം നൊന്ത് കരയുകയാണ് യു.പിയിലെ ജനങ്ങള്‍. ഇനിയെന്ന് സമാധാനം വീണ്ടെടുക്കാന്‍ സാധിക്കും എന്ന ചോദ്യം മാത്രമേ അവര്‍ക്കു മുന്നില്‍ ഇന്ന് ബാക്കിയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter