ശ്രീലങ്കന്‍ മുസ്‍ലിം മന്ത്രിമാരുടെ രാജിപ്രഖ്യാപനം; വര്‍ഗ്ഗീയത ഇറക്കുന്നതെന്തിന്

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നടന്ന ഭീകരാക്രമണവും തുടര്‍ന്ന് നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങള്‍ക്കും ശേഷം സമാധാനത്തിലേക്ക് നീങ്ങുകയായിരുന്ന ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങള്‍ ഏറെ ആശങ്കാജനകമാണ്. മുതിര്‍ന്ന മുസ്‍ലിം മന്ത്രിയെയും രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാരെയും പ്രസിഡണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ ബുദ്ധ സന്യാസിയായ അതുരാലിയെ രഥാന നിരാഹാര സമരം തുടങ്ങിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തീവ്രവാദാക്രമണത്തിന് പിന്നില്‍ ഈ മന്ത്രിക്കും പ്രവിശ്യാ ഭരണാധികാരികള്‍ക്കും പങ്കുണ്ടെന്നാണ് ഇതിന് പറയുന്ന ന്യായം.

മുസ്‍ലിം വിരുദ്ധ കലാപം ആളിപ്പടര്‍ന്ന, പോലീസിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ട് മാത്രം ശമിച്ച ശ്രീലങ്കയില്‍ ഈ നിരാഹാര സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ മുസ്‍ലിം മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഒടുവില്‍ രാജ്യം കടുത്ത വര്‍ഗീയതയിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കിയ മുസ്‍ലിം മന്ത്രിമാര്‍ യോഗം ചേരുകയും മന്ത്രിസഭയിലുള്ള മുഴുവന്‍ മന്ത്രിമാരും രാജിപ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു അതുരാലിയ സമരം നടത്തിയതെങ്കിലും അദ്ദേഹം ഉന്നമിട്ട മന്ത്രിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രിസഭയിലെ 9 പേരും രാജിവെച്ച് പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിക്കുകയായിരുന്നു.

രാജിപ്രഖ്യാപനം നടത്തിയ അതേ വാര്‍ത്താസമ്മേളനത്തില്‍തന്നെ, സര്‍ക്കാര്‍ സ്ഫോടനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തങ്ങളിലാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

തമിഴ്സിംഹള വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ആഭ്യന്തരയുദ്ധങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ മുസ്‍ലിംകളെ അപരവത്ക്കരിക്കുന്ന സ്ഥിതിയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. സ്ഫോടനത്തില്‍ ഉത്തരവാദികളെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞ തൗഹീദ് ജമാഅത്തിനെ നിരോധിക്കുകയും സംഘടനയുമായി ബന്ധമുള്ള നൂറ് കണക്കിന് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ആക്രമണത്തെ മുസ്ലിം സമൂഹം ഒന്നടങ്കം തള്ളപ്പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നിരപരാധികളായ മുസ്‍ലിം ജനവിഭാഗത്തിനെതിരെയുള്ള പ്രചാരണങ്ങളും നീക്കങ്ങളും നടക്കുന്നത് ഏറെ ആശങ്കാജനകമാണ്.

ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതസ്ഥര്‍ ഇത് വര്‍ഗ്ഗീയത വിതക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയുണ്ടാവേണ്ടിയിരുന്ന എതിര്‍പ്പുകള്‍ വഴിമാറ്റി നിരപരാധികള്‍ക്കെതിരെ തിരിച്ച് വിടുന്ന തന്ത്രമാണ് ചില വര്‍ഗീയ വാദികള്‍ നടത്തുന്നത്. രാജി വെക്കണമെന്ന് ആവശ്യമുയര്‍ന്ന മന്ത്രിയോ ഗവര്‍ണര്‍മാരോ സ്ഫോടനത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തിയതായി തെളിയിക്കുന്ന യാതൊന്നും ഹാജരാക്കാന്‍ അതുരാലിയക്കോ അനുയായികള്‍ക്കോ സാധിച്ചിട്ടില്ല. രാജ്യത്തെ രണ്ട് പ്രധാന ദേശീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന പ്രസിഡണ്ടും പ്രധാനമന്ത്രിയും ഈ ബുദ്ധ സന്യാസികള്‍ രാഷ്ട്രീയത്തില്‍ നടത്തുന്ന അന്യായമായ ഇടപെടലുകള്‍ക്കെതിരെ ഒരക്ഷരം ഉരിയാടുന്നുമില്ല.

ധനമന്ത്രി മംഗല സമരവീര മാത്രമാണ് ഇത്തരം വര്‍ഗീയവാദികള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായത്. മുസ്‍ലിം മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ അദ്ദേഹം വര്‍ഗീയത ആളിക്കത്തിക്കുന്ന രാഷ്ട്രീയക്കാരെയും മതനേതാക്കളെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുകയും ചെയ്തു. 

മുസ്‍ലിം സമുദായത്തെ ഭീകരരെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നിരന്തരമായി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഒടുവിലെ ഉദാഹരണമാണ് മുസ്‍ലിം ഡോക്ടര്‍മാര്‍ സിംഹള സ്ത്രീകളെ വന്ധീകരിക്കാന്‍ ശ്രമം നടത്തുന്നുവെന്നുള്ള അസത്യപ്രചാരണങ്ങള്‍. ഒരു വലിയ ആഭ്യന്തര സംഘട്ടനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ശ്രീലങ്ക സമുദായങ്ങള്‍ക്കിടയില്‍ രജ്ഞിപ്പിന്‍റെ പാത പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമം നടത്തുകയാണ് വേണ്ടത്. സമുദായങ്ങള്‍ക്കിടയിലെ സംഘട്ടനങ്ങളും വെറുപ്പുമെല്ലാം ഏതൊരു രാജ്യത്തെയും പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുക.

മതവും വിശ്വാസവും മനുഷ്യനന്മക്ക് വേണ്ടിയാവണം നിലകൊള്ളുന്നത്. ഇതരരുടെ ജീവന്‍ അപഹരിക്കുന്നവക്ക് മതം എന്ന് പറയാനാവില്ല, മറിച്ച് അതിനെ നമുക്ക് മദം (ഭ്രാന്ത്) എന്ന് വിളിക്കാം. വര്‍ഗ്ഗീയതയുടെയും തീവ്രതയുടെയും മൂടുപടം ആരണിഞ്ഞാലും അതിനെ അങ്ങനെയേ വിളിക്കാനൊക്കൂ. അവരുടെ പേര് മുസ്‍ലിമിന്റേതോ ക്രിസ്തീയമോ ബുദ്ധന്റേതോ ഏതുമാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter