പോലീസ് സ്‌റ്റേഷനുകളിലെ യോഗ: ഇടതിന്റെ സംഘ്പരിവാര്‍ വിധേയത്വം സൂചിപ്പിക്കുന്നത്
കേരളത്തില്‍ കാവി പടര്‍ത്താനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ വിജയിക്കുകയാണോ? കമ്മ്യൂണിസ്റ്റ് ചിന്തകള്‍ക്ക് അടിവേരുള്ള അധികാരത്തിലും കാവി പുതപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് സംഘ്പരിവാര്‍. കേരളാ പോലീസില്‍ യോഗ നിര്‍ബന്ധമാക്കി ഡി.ജി.പി ലോകനാഥ് ബഹറയുടെ ഉത്തരവ് കാക്കിക്കുള്ളിലെ കാവിയുടെ ഉഗ്രരൂപമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ മോദിയടക്കമുള്ള കൊടും കുറ്റവാളികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ബഹ്‌റ, കേരള പോലീസില്‍ സംഘ് പരിവാറിസത്തിന് വളമിടുമ്പോള്‍ ഇരട്ടചങ്കന്റെ ഉരുകിപ്പോകുന്ന ആര്‍ജവം തിരിച്ചറിയേണ്ടതുണ്ട്.
കേരളാ പോലീസില്‍ താടി വെക്കുന്ന ശീലം തുടങ്ങിക്കൂടേയെന്ന മുസ്‌ലിംലീഗ് ജന പ്രതിനിധിയുടെ ചോദ്യത്തെ പരിഹാസപൂര്‍വം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് യോഗയെ വാരിപ്പുണരുന്നതിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നത്. ഹിന്ദു ജീവിത പരിസരവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന യോഗ പോലീസില്‍ ഔദ്യോഗികമായി അടിച്ചേല്‍പിക്കപ്പെടുമ്പോള്‍ അവിടെ താടിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങളൊന്നും ഉയരാത്തതിലും കൃത്യമായ പൊളിറ്റിക്‌സുണ്ട്. സംഘിസത്തിന് മുന്നില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കുമ്പിടുന്നുവെന്നതിന്റെ ഈയടുത്ത കാലത്തെ പല സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി വേണം ഇതിനെ മനസ്സിലാക്കാന്‍.
ആഴ്ചയില്‍ ഒരുദിവസം യോഗ നിര്‍ബന്ധമാക്കാനും പങ്കെടുക്കാത്തവര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കാനുമാണ് നിര്‍ദ്ദേശം. പലയിടങ്ങളിലും ഇത് ആരംഭിച്ചു കഴിഞ്ഞു. ബാബാ രാംദേവിന്റെയും, ശ്രീ ശ്രീ രവിശങ്കറിന്റെയും കീഴില്‍ അഭ്യസിച്ചവരാണ് യോഗ ട്രയിനര്‍മാര്‍ എന്നതാണ് ഏറെ വിരോധാഭാസം. അധികാരത്തിന്റെ മറവിലെ ഈ കാവിവല്‍കരണത്തിനു പിന്നിലെ പൊളിറ്റിക്‌സ് തിരിച്ചറിയേണ്ടതുണ്ട്.
മോദിയുടെ ഇന്ദ്രപ്രസ്ഥ ശക്തി ഉപയോഗിച്ച് ബാബാ രാംദേവുമാര്‍ നടത്തുന്ന യോഗയ്ക്ക് കേരളത്തില്‍ അനുമതി കൊടുത്തവര്‍ താടിവളര്‍ത്താനുള്ള പോലീസുകാരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തത് എത്രമാത്രം പരിഹാസ്യമാണ്!
കേരളത്തില്‍ പ്രത്യക്ഷാധികാരം സംഘ് പരിവാറിനില്ലെങ്കില്‍ അധികാര കേന്ദ്രങ്ങള റിമോട്ട് കണ്‍ട്രോളില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട് എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേരള പോലീസില്‍ ഉത്തരേന്ത്യന്‍ പോലീസ് മേധാവികള്‍ ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ യോഗ നിര്‍ബന്ധമാക്കിയ വാര്‍ത്ത വരുമ്പോള്‍ ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് രൂപപ്പെട്ടുവന്നതെന്ന് തീര്‍ച്ചയായും മനസ്സിലാക്കാം.
ഭൂരിപക്ഷ വര്‍ഗീയത കാക്കിക്കുള്ളിലെ യഥാര്‍ത്ഥത്യമായി ഭവിക്കുമ്പോള്‍ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന ഫാഷിസത്തിന്റെ നിലപാടാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപിച്ച് കമല്‍ സി ചവറയെയും മറ്റും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍വരെ നടന്നു. നടുറോട്ടില്‍ ദേശീയഗാനം ആലപിച്ച് യഥാര്‍ത്ഥത്തില്‍ അനാദരവ് കാട്ടിയവര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലന്നാണ് പോലീസ് പറഞ്ഞത്. മുന്‍ ഡി.ജി.പി ടി പി സെന്‍കുമാര്‍ പറഞ്ഞ 'എനിക്ക് ബഹ്‌റയാകാന്‍ പറ്റില്ലെന്ന' വാക്കുകളുടെ ആഴത്തിലേക്കാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഫാഷിസത്തെ തടയാനും കേരളത്തിലെ ബി.ജെ.പി വളര്‍ച്ചയെ പ്രതിരോധിക്കാനും മുന്നില്‍ നില്‍ക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പാര്‍ട്ടി ഉള്ളിലൂടെ തികഞ്ഞ സംഘിസം കളിക്കുമ്പോള്‍ അതിനുള്ളിലെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. നിയമം നടപ്പിലാക്കേണ്ടവര്‍ ആര്‍.എസ്.എസ് കേന്ദ്രത്തിലെ കുറിപ്പുകള്‍ ആധാരമാക്കി നിയമം വരുത്തിത്തീര്‍ക്കുന്നത് കേരളത്തിലെ ക്രമസമാധാനത്തിന് ഭീഷണിയാകും.



Leave A Comment