മതം: മാര്‍ക്‌സിസം വീണ്ടും വീണ്ടും പരാചയപ്പെടുന്നതെന്തുകൊണ്ട്?
marxism'കമ്മ്യൂണിസ്റ്റുകാരനായ താന്‍ ക്ഷേത്ര പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പല കോണുകളിലും ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകള്‍ അവിശ്വാസികളും ദൈവനിഷേധികളുമാണെന്ന സങ്കല്‍പമാണ് ഈ സംശയങ്ങള്‍ക്ക് അടിസ്ഥാനം.'(വി.എസ് അച്യുതാനന്ദന്‍, മാതൃഭൂമി: ജനുവരി 5.) കേരളത്തിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലക്ക് വി.എസിന്റെ പ്രസ്താവന കേവലം തമാശയായി മാത്രം കാണുന്നത് ശരിയല്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഈ തരത്തില്‍ ചില പ്രസ്താവനകള്‍ നടത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ മതവിരോധം വെറും സങ്കല്‍പം മാത്രമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ചില ഉദാഹരണങ്ങള്‍- മതവും ശാസ്ത്രവും ആശയപരമായി അന്യോന്യം ഒരിക്കലും പൊരുത്തപ്പെട്ടിട്ടില്ല. ഇനി ഭാവിയിലും പൊരുത്തപ്പെടില്ല. അവ തമ്മില്‍ അതുകൊണ്ടുതന്നെ ഇതുവരെയെന്നപോലെ ഒളിഞ്ഞും തെളിഞ്ഞും സംഘട്ടനം നടക്കും. മാര്‍ക്‌സിസ്റ്റുകാരായ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഈ സംഘട്ടനത്തില്‍ നിന്നും ഞങ്ങള്‍ നിഷ്പക്ഷരാണേ എന്നു പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കാന്‍ സാധ്യമല്ല. അവര്‍ ഈ സമരത്തില്‍ ശാസ്ത്രത്തിന്റെ ഭൗതികവാദപരമായ പ്രപഞ്ചവീക്ഷണത്തിന്റെ പക്ഷത്തുറച്ചുനിന്ന് മതത്തിന്റെ ആത്മനിഷ്ഠ സമീപനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ ചിന്താഗതിക്കുമെതിരെ പോരാടിയേ പറ്റൂ. മാര്‍ക്‌സിസ്റ്റ് ദര്‍ശനം പേജ് 185. ഹിന്ദുമതം, ക്രിസ്തുമതം, ഇസ്‌ലാംമതം, യഹൂദമതം എന്നിങ്ങനെ മിക്ക സംഘടിത മതങ്ങളും ഇഹം, പരം, പുണ്യം, പാപം, സ്വര്‍ഗം, നരകം എന്നൊക്കെയുള്ള ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നട്ടുവളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതങ്ങളില്‍ മിക്കവയും തന്നെ മനുഷ്യശരീരം മാത്രമാണ് നശ്വരമെന്നും ഭൗതികമായ നാശത്തിനു ശേഷവും ആത്മാവ് നിലനില്‍ക്കുന്നുവെന്നും വിശ്വാസം പുലര്‍ത്തുന്ന വരാണ്. മരണാനന്തരം ആത്മാവ് ഗതികിട്ടാതെ ഉഴലുന്നുവെന്നുള്ള പ്രാകൃത ഗോത്ര സമൂഹങ്ങളുടെ അന്ധവിശ്വാസങ്ങളിലാണ് ഇതിന് വേരുകളുള്ളതെന്നാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികള്‍ വിശദീകരിച്ചിരുന്നത്. കമ്മ്യൂണിസത്തിന്റെ മൗലിക വീക്ഷണം മതവിരോധത്തില്‍ അധിഷ്ഠിതമാണെന്ന് തെളിയിക്കുന്ന ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയാണ്. സി.പി.എം നേതാക്കളുടെ കാപട്യത്തിന്റെ കാരണം അന്വേഷിക്കുമ്പോള്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ രസകരമാണ്. മതത്തിനെതിരെ ഒരു നൂറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടും അടിച്ചമര്‍ത്തിയിട്ടും യൂറോപ്പില്‍ മതം ഇല്ലാതായില്ല. സോവിയറ്റ് യൂണിയന്‍ ശിഥിലമായപ്പോള്‍ കുറേ മുസ്‌ലിം പ്രവിശ്യകളാണ് പകരം വന്നത്. ഇന്ത്യയിലാവട്ടെ ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ ഒരു ശതമാനത്തിലും താഴെയാണെന്നു പുതിയ കണക്കുകള്‍ പറയുന്നു. ചുരുക്കത്തില്‍ മതത്തെ നശിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ മതത്തെ കൂടെ നിര്‍ത്തുകയാണ് വി.എസിനെ പോലുള്ളവര്‍ ചെയ്യുന്നത.് എന്നിട്ടുപോലും ഇടക്ക് അദ്ദേഹത്തിന്റെ നാവിലൂടെ മതവിരോധം പുറത്തു വരാറുണ്ട്. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടുന്നത് കോപ്പിയടിച്ചാണെന്ന ആരോപണം ഉദാഹരണം. മതവിരുദ്ധ വീക്ഷണം തിരുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ സാമ്പത്തിക നയം പാര്‍ട്ടിയെ വേട്ടയാടുകയാണ്. നവ ഉദാരവല്‍ക്കരണമെന്ന പേരില്‍ നിലവിലുള്ള സാമ്പത്തിക നയങ്ങള്‍ക്ക് പാര്‍ട്ടി എതിരാണ്. അതേസമയം ചൈന പോലും അനുകരിക്കുന്ന ഈ നയത്തിനൊരു ബദല്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നുമില്ല. ഇനി സാധിച്ചാല്‍ തന്നെ ഒരു കൊച്ചു സ്റ്റേറ്റില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടിക്ക് ദേശീയതലത്തില്‍ ബദല്‍ രൂപീകരിക്കാന്‍ നിരവധി പ്രതിസന്ധികളുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സുതാര്യവും ഖണ്ഡിതവുമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. സി.പി.എം മുന്നോട്ടുവെക്കുന്ന ബദല്‍ സാമ്പത്തിക നയം എങ്ങനെ പ്രായോഗികവത്കരിക്കാനാകുമെന്ന് അവര്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടേണ്ടതുണ്. അതുപോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര നിലപാടിന്റെ അടിത്തറയാണ് മതനിരാസവും. പ്രത്യയശാസ്ത്രം തിരുത്താതെ മതങ്ങളെ അണച്ചുപിടിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം കാപട്യമാണ്. തെറ്റുകള്‍ തിരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍, മതവിരുദ്ധ ആശയങ്ങള്‍ക്ക് നേരെ മൗനമവലംബിക്കാതെ അതിനെ തള്ളിപ്പറയുകയാണ് കരണിയം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter