എമര്‍ജിംഗ് കേരളയും ആഗോളവത്കൃതകാലത്തെ ഇസ്‌ലാംഭീതിയും
തലക്കെട്ട് കണ്ടാല്‍ ഒരു പക്ഷെ ഇതെന്താ ഒലക്കയും പാന്തവും ചേര്‍ത്തുവെച്ചതു പോലുണ്ടല്ലോ എന്നൊരു തോന്നലുണ്ടായേക്കാം. എന്നാല്‍ അവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത് ലോകത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും കുത്തകാവകാശം സ്വന്തമാക്കി വെച്ചിരിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ കേരള നേതാവ് മോഹനനാണ്. ഈ ‘ഗവേഷക’ന്റെ അഭിപ്രായത്തില്‍ എമര്‍ജിംഗ് കേരളക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ‘ലാന്‍ഡ് ജിഹാദ്’ മാഫിയയാണത്രേ. ഇസ്‌ലാമിക രാജ്യങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ തീരുമാനിക്കപ്പെട്ട ഗൂഢ പ്രവര്‍ത്തനമാണ് എമര്‍ജിംഗ് കേരളയെന്നും ഈ നേതാവ് പ്രഖ്യാപിച്ചു കളഞ്ഞു.
കുറച്ചു മുമ്പ് വരെ ലൗവ് ജിഹാദായിരുന്നു കേരളത്തിലെ താരം. സംഘ പരിവാരത്തിന്റെ ചുവട് പിടിച്ചു അമുസ്‌ലിം പെണ്‍കുട്ടികളെ പ്രേമിച്ചു മതം മാറ്റാനായി സംഘടിത നീക്കം നടക്കുന്നുവെന്നും പറഞ്ഞ് എന്തായിരുന്നു പുകില്‍. കോടതിവരെ ഇടപെട്ടു. പെണ്‍കുട്ടി മുസ്‌ലിം കുട്ടിയാണെങ്കില്‍ കാമുകനൊപ്പവും മുസ്‌ലിമല്ലെങ്കില്‍ രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്ന രീതി പോലും കോടതികളില്‍ നിന്നുണ്ടായി. അവസാനം അങ്ങനെയൊരു ജിഹാദില്ലെന്നും അങ്ങനെ സംഘടിതമായ മതം മാറ്റം നടക്കുന്നില്ലെന്നും കേരള പോലീസും ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് കൊടുക്കുന്നത് വരെ ആ കടലാസ് പുലി കേരളീയരെ ഭീതിയിലാഴ്ത്തി. നീല പത്രങ്ങളും മഞ്ഞപത്രങ്ങളും മാത്രമല്ല കോടതി പോലും ഈ വിഷയത്തില്‍ തുടക്കത്തില്‍ ഈ നുണ ബോംബുകള്‍ക്ക് അനുകൂലമായി പ്രതികരിച്ചുകൊണ്ട് ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിറുത്തുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ഇടിത്തീ പോലെ അഞ്ചാം മന്ത്രി സമുദായത്തിന്റെ നെഞ്ചില്‍ വന്നു വീണത്. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു രാഷ്ട്രീയ ആവശ്യത്തെ സമുദായവത്കരിച്ച് മുസ്‌ലിം സമൂഹം അനര്‍ഹമായി എന്തൊക്കെയോ നേടുന്നുവെന്നു മത്സരിച്ചു പ്രച്ചരിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും അവസരത്തിനു വേണ്ടി തക്കം പാര്‍ത്തിരുന്ന രാഷ്ട്രീയത്തിലെ നിരാശ കാമുകന്മാരും കേട്ടപാതി സംഘം ചേര്‍ന്ന് ചാടി വീണു. സമുദായ സന്തുലനത്തിന്റെ ആര്‍ക്കും മനസ്സിലാവാത്ത കണക്കുകള്‍ നിരത്തി പെരുന്നയിലെ വലിയ തമ്പുരാനും വെള്ളാപ്പള്ളിയിലെ ഇത്തിരി ബല്യ മുതലാളിയും കുറെ ഓരിയിട്ടു.
തമ്പുരാന് അന്ന് തുടങ്ങിയ കെ
റുവ് ഇതുവരെ തീര്‍ന്നിട്ടില്ല. ഇടയ്ക്കിടെ ഭീഷണി വിളികളുമായി സംസ്ഥാന സര്‍ക്കാരിനുനേരെ കണ്ണുരുട്ടികൊണ്ടിരിക്കുന്നു. അത് കൊണ്ടുതന്നെ എമര്‍ജിംഗ് കേരള കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു കാച്ചു കാച്ചി, ‘ചില നിക്ഷിപ്ത താല്പര്യക്കാരുടെ മാഫിയയാണ്’ ഈ എമര്‍ജിംഗ് കേരളയെന്ന്. നേരത്തെ പറഞ്ഞ മോഹനന്റെ വാക്കുകളും ഇതും തമ്മിലുള്ള ചേര്‍ച്ച മനസ്സിലാക്കാന്‍ വിശ്വവിദ്യാലയങ്ങളില്‍ പോയി ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഇതൊക്കെയും മുസ്‌ലിം സമുദായത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നൊന്നും പറയുന്നില്ല. പക്ഷെ ഒന്നുണ്ട്; അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും നടക്കുന്ന കോലാഹലങ്ങളുടെയും ഇവയുടെയും അച്ചുകള്‍ തമ്മില്‍ സമാനതകളുണ്ടെന്നതില്‍ തര്‍ക്കമില്ല.
പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ അവഹേളിക്കുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ‘മുസ്‌ലിംകളുടെ നിരപാരാധിത്വം’ എന്ന പേരിട്ട് മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിനിമയിറക്കിയവരുമൊക്കെ ഇസ്‌ലാംപേടി ബാധിച്ചവരാണെന്നതില്‍ സംശയമില്ല. അബു ഗുറൈബ് ജയിലില്‍ ഖുര്‍ആന്‍ കത്തിച്ചവരും അതില്‍ മൂത്രമൊഴിച്ചവരും ഫ്രാന്‍സില്‍ പള്ളിയില്‍ വിസര്‍ജ്യം പുരട്ടിയവരും പരസ്യമായി ഖുര്‍ആന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തവരും നബി തിരുമേനിയെ അവഹേളിക്കാനായി കാര്‍ട്ടൂണ്‍ വരച്ചവരും അതിനായി ഒരു ദിവസം നിശ്ചയിച്ചു ആഘോഷിച്ചവരും പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാംപേടിയാല്‍ രോഗാതുരമായ മനസ്സിനെയാണ്.
പടിഞ്ഞാറിന്റെ ഇസ്‌ലാം വിരുദ്ധത ഇന്നോ ഇന്നലയോ തുടങ്ങയിതല്ല. കിഴക്കിനെ അപേക്ഷിച്ച് തങ്ങള്‍ക്കുണ്ടെന്ന് അവരില്‍ പലരും വിശ്വസിക്കുന്ന ‘യജമാന ബോധ’ത്തിന്റെ സൃഷ്ടിയാണിതെന്നു ചരിത്രം പരതിയാല്‍ കണ്ടെത്താം. മുസ്‌ലിം സ്പെയിന്‍ പിടിച്ചടക്കിയ ക്രൈസ്തവര്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകള്‍ ചില്ലറയല്ല. ഏഴുനൂറ്റാണ്ടിലേറെക്കാലം ഇസ്‌ലാമിക ഭരണം അവരോടു കാണിച്ച സഹിഷ്ണുതയുടെ ചെറിയൊരു അംശമെങ്കിലും തിരിച്ചു കാണിക്കുന്നതിന് പകരം നിര്‍ബന്ധിത മതമാറ്റവും പീഢന പര്‍വങ്ങളും നിര്‍ബാധം അരങ്ങേറിയത് ചരിത്രം പറഞ്ഞുതരുന്നുണ്ട്. ചര്‍ച്ചുകളുടെ നേതൃത്വത്തില്‍ നടന്ന ഇന്ക്വിസിഷനുകള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളില്‍ ഇന്നും കറുത്ത് തന്നെ കിടക്കുന്നുണ്ടല്ലോ.
ഓറിയന്റലിസവും ഇസ്‌ലാം വിരുദ്ധത പടിഞ്ഞാറന്‍ മനസ്സുകളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങളും കൊളോണിയലിസവും ഇസ്രായേലിന്റെ പിറവിയുമെല്ലാം ഇതിലെ വിവിധ അധ്യായങ്ങളാണ്. മുസ്‌ലിംകളെപ്പോലെ ക്രൈസ്തവപടിഞ്ഞാറിന്റെ ഒട്ടേറെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരാണു ജൂതന്മാര്‍. എന്നാല്‍ മുസ്‌ലിം നാടുകള്‍ വിഭജിച്ചു ജൂതര്‍ക്ക് കാണിക്ക വെച്ചതോട് കൂടി പിന്നെ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ലോകം കണ്ടത്. ഹിറ്റ്‌ലറുടെ വംശഹത്യയിലൂടെ ദശലക്ഷകണക്കിന് ജൂതന്മാരെ ഉന്മൂലനം ചെയ്തുവെന്ന പേരില്‍ നഷ്ടം സഹിക്കേണ്ടിവന്നത് മുസ്‌ലിംകളാണ്. ഇന്ന് ഈ ഉന്മൂലന ചരിത്രത്തെ ആരെങ്കിലും ചരിത്രബുദ്ധ്യാ ചോദ്യംചെയ്താല്‍ അയാള്‍ പിന്നെ ‘അകത്താ’യിരിക്കും. സെമിറ്റിക് വിരുദ്ധനെന്ന് വിളിച്ചു അയാളെ പിടിച്ചിടാനുള്ള നിയമം പടിഞ്ഞാറ് ഉണ്ടാക്കിവെച്ചിട്ടുണ്ട്.
അതേസമയം ഇസ്‌ലാമിനെതിരെ ഉറഞ്ഞുതുള്ളുന്നവരെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വൈരമായി വിഹരിക്കാന്‍ അവസരം നല്‍കുന്ന കാഴ്ചയാണ് അവിടങ്ങളിലുളളത്. ഖുര്‍ആനെ നിന്ദിച്ച അമേരിക്കന്‍ സൈനികര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതെ അച്ചടക്ക നടപടികളില്‍ ഒതുക്കിയത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു.
പറഞ്ഞുവരുന്നത് ഈ ആഗോളവല്‍കൃത കാലത്ത് പൊതുവേ സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നമ്മുടെ നാട്ടിലേക്കും ഇസ്‌ലാംപേടി കയറ്റുമതി ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്. 9/11 നോട് കൂടെ ശക്തമായ ഇസ്‌ലാം വിരുദ്ധതയും പേടിയും പല രൂപത്തിലും ഭാവത്തിലും നമ്മുടെ നാട്ടിലും ശക്തമായി വരുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടു വരുന്നത്. കേരളത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ പോകുന്നവെന്ന ഭീതി പങ്കുവെച്ചത് ഉത്തരവാദിത്തപെട്ട രാഷ്ട്രീയക്കാരായിരുന്നു. മുസ്‌ലിംപേരുള്ളവന്‍ പ്രതിസ്ഥാനത്തുണ്ടെങ്കില്‍ കേസിന് തീവ്രവാദ സ്വഭാവം കൈവരും. പിന്നെ പൊടിപ്പും തൊങ്ങലും വെച്ച കഥകളുമായി ചാനല്‍ ചര്‍ച്ചകളും പത്ര പരമ്പരകളും അണിനിരക്കുന്നു.
വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ചു തീവ്രവാദകേസുക്കളില്‍ കുടുക്കുന്ന കാഴ്ച അയല്‍ സംസ്ഥാനങ്ങളില്‍ കൂടിവരുന്നു. പലയിടത്തും മുസ്‌ലിം പേരുള്ളവര്‍ക്ക് താമസിക്കാന്‍ വീടോ ഫ്ലാറ്റോ കിട്ടാനില്ല. അന്തര്‍ദേശീയ-ദേശീയ-പ്രാദേശിക തലങ്ങളില്‍ തീവ്രവാദത്തിന്റെ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നവര്‍ പക്ഷേ, ഇസ്രായേലി ജൂത തീവ്രവാദത്തിന്റെയും പടിഞ്ഞാറന്‍ ക്രൈസ്തവ തീവ്രവാദത്തിന്റെയും ഇന്ത്യന്‍ ഹിന്ദു തീവ്രവാദത്തിന്റെയും മ്യാന്മാറിലെ ബുദ്ധ തീവ്രവാദത്തിന്റെയും മാതൃകകള്‍ കാണാതെ പോവുന്നതിന്റെ രസതന്ത്രം കണ്ടെത്താന്‍ കൂടുതല്‍ മേനക്കെടെണ്ടതില്ലല്ലോ.
ഫൈസല്‍ നിയാസ് ഹുദവി



Leave A Comment