സഫൂറ സർഗാറിനെതിരെ യുഎപിഎ: കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ പകവീട്ടൽ
മുസ്‌ലിംകളോട് വേർതിരിവ് കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പാസ്സാക്കപ്പെട്ടപ്പോൾ ഇന്ത്യയിലുടനീളം ഈ നിയമത്തിനെതിരെ സമരാഗ്നി ആളിക്കത്താൻ കാരണമായത് ജാമിയ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ അത്യുജ്ജ്വലമായ മുന്നേറ്റമായിരുന്നു. ജാമിഅ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടാണ് പിന്നീട് പൗരത്വ പ്രക്ഷോഭങ്ങളുടെ മുഖമായി മാറിയ ശഹീൻ ബാഗ് സമരവേദി പോലും പിറവി കൊണ്ടത്.

അന്നത്തെ സമരത്തിൽ നായകത്വം വഹിച്ചതിന്റെ പേരിൽ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റർ സഫൂറ സര്‍ഗാറിനെതിരെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ ലോക് ഡൗൺ കാലത്ത് പക വീട്ടാൻ ഇറങ്ങിയിരിക്കുകയാണ് സംഘപരിവാർ. ഡൽഹി വംശഹത്യയുടെ പേര് പറഞ്ഞ് കേസെടുത്ത ഗർഭിണിയായ അവരെ ഒരുമാസത്തിലധികമായി തീഹാർ ജയിലിൽ അടച്ചിരിക്കുകയാണ്.

ആരാണ് സഫൂറ

ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ എംഫിൽ വിദ്യാർത്ഥിയാണ് 27 കാരിയായ സഫൂറ. പൗരത്വഭേദഗതി സമരം ജാമിഅയിൽ ആളിക്കത്തിയപ്പോൾ അതിന്റെ മീഡിയ കോഡിനേറ്റർ ചുമതല ലഭിച്ചത് സർഗാറിനായിരുന്നുവെന്നത് സമര രംഗത്തുള്ള അവരുടെ ക്രിയാത്മകമായ ഇടപെടലിന് അംഗീകാരമാണ്.

ഡിസംബർ 12നാണ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. ഇതിനെതിരെ ശക്തമായ സമരവുമായി ആദ്യം രംഗത്തെത്തിയത് ജാമിഅ വിദ്യാർഥികളായിരുന്നു. ഡിസംബർ 15ന് വനിതാ ഹോസ്റ്റലിന് പരിസരത്ത് വിദ്യാർത്ഥികൾ നടത്തിയ ശക്തമായ സമരത്തിൽ സഫൂറയും പങ്കെടുത്തിരുന്നു. സമരം തകർക്കുവാൻ അന്ന് ക്യാമ്പസിലേക്ക് ഇരച്ച് കയറിയ പോലീസ് കമ്പ്യൂട്ടറുകൾ അടിച്ചുതകർക്കുകയും ലൈബ്രറിയിൽ ശാന്തമായി വായിച്ച് വിദ്യാർഥികളെ പോലും അതി ക്രൂരമായി മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു.

അറസ്റ്റ്: പോലീസ് ഭാഷ്യം

പൗരത്വഭേദഗതി സമരത്തിനിടെ സമരക്കാരെ പിന്തിരിപ്പിക്കുവാനായി വർഗീയ ശക്തികൾ മുസ്‌ലിംകളുടെ മേൽ അഴിച്ചുവിട്ടതായിരുന്നു ഡൽഹിയിലെ വർഗീയ കലാപം. ബിജെപി നേതാവായ കപിൽ മിശ്രയുടെ മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചരണമാണ് കലാപത്തിന് പ്രചോദനമായതെന്ന് തെളിവുകളുടെ സാന്നിധ്യത്തിൽ വലിയ വാദം ഉയർന്നിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ദേശ് കീ ഗദ്ദാറോംകോ ഗോലി മാറോ സാലോംകോ എന്ന മുദ്രാവാക്യവും ഇതിന് ഇടയാക്കിയതായി വിമർശനം ഉയർന്നിരുന്നു.

എന്നാൽ മുസ്‌ലിംകൾക്കെതിരെയുള്ള വർഗീയ കലാപത്തിന് ഉത്തരവാദികളായി പൗരത്വ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്ന വിചിത്രമായ നടപടിയായിരുന്നു ഡൽഹി പൊലീസ് സ്വീകരിച്ചത്. കലാപത്തിൽ മുഖ്യ ആസൂത്രണം നടത്തിയത് സഫൂറ സർഗാർ ആണെന്നായിരുന്നു പോലീസ് ഭാഷ്യം. അപവാദ പ്രചരണവും വനിതാ കമ്മീഷൻ ഇടപെടലും ഗർഭിണിയാണെന്ന യാതൊരു പരിഗണനയുമില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടതിന് പിന്നാലെ അറപ്പുളവാക്കുന്ന അപവാദ പ്രചരണങ്ങളായിരുന്നു സഫൂറക്ക് നേരിടേണ്ടിവന്നത്. ഗർഭവുമായി ബന്ധപ്പെടുത്തി അശ്ലീലകരമായ വാർത്തകൾ സംഘപരിവാർ ശക്തികൾ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെ സ്വമേധയാ ഇടപെട്ട് ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. സഫൂറ സർഗാറിനെതിരെ നടക്കുന്ന സ്ത്രീവിരുദ്ധ അപഹാസ്യ പ്രചരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ വിവരങ്ങൾ മെയ് 10നകം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീത്വത്തിനെതിരെ നടത്തുന്ന ഇത്തരം പ്രചരണങ്ങൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലി വ്യക്തമാക്കി.

അറസ്റ്റിനെതിരെ പ്രതിഷേധം

സഫൂറക്കെതിരെയുള്ള അനീതിക്കെതിരെ ഇന്ത്യയിലുടനീളം ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യയുടെ മുസ്‌ലിം വേട്ടക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ അലതല്ലി.

ലണ്ടന്‍ സ്​കൂള്‍ ഓഫ്​ ഇക്കണോമിക്​സ്​, ഒാക്​സ്​ഫഡ്​, കാംബ്രിജ്​ പോലുള്ള വിഖ്യാത യൂനിവേഴ്​സിറ്റികളിലെ പ്പ്രൊഫസർമാരടക്കം ബ്രിട്ടനിലെ 90 ചിന്തകന്‍മാരടങ്ങുന്ന സംഘം സഫൂറയെയും ഉമർ ഖാലിദ്, മീരാൻ ഹൈദർ, മുഹമ്മദ് അമീർ മിന്റൂ, എന്നിവരെയും അറസ്റ്റ് ചെയ്ത നടപടി അപലപിച്ചു. ഇതിനെതിരെ പുറത്തിറക്കിയ നിവേദനത്തില്‍ അവർ ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം സംഘടനകളും അറസ്റ്റുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കൊറോണ ലോക ഡൗൺ ലംഘിക്കാതെയുള്ള സമരമായിരുന്നു ഇവ.

രാജ്യത്ത് തന്നെ ശ്രദ്ധേയമായ പോരാട്ടം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടതിൽ കുടുംബത്തിൽ നിന്ന് ശക്തമായ പിന്തുണയാണ് അവർക്ക് ലഭിച്ചത്. സഫൂറക്ക് പിന്തുണയർപ്പിച്ച് സഹോദരി കത്ത് അയച്ചു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീയാണ് സഫൂറ എന്നായിരുന്നു സഹോദരിക്ക് പറയാനുണ്ടായിരുന്നത്. അവർക്ക് പിന്തുണയുമായി ഭർത്താവും രംഗത്തെത്തി.

മുസ്‌ലിം ലീഗിന്റെ നിയമസഹായം

പരിവാർ ശക്തികളുടെ ഒത്താശയിൽ കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി ജയിലിലടച്ച വിദ്യാർത്ഥികൾക്കും ആക്ടിവിസ്റ്റുകൾക്കും നിയമ പോരാട്ടത്തില്‍ മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി നിയമ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ നെറികേടിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്​ദമാക്കാനുള്ള ശ്രമമാണ് ഈ അറസ്റ്റെന്നും ഇത് വിലപ്പോവില്ലെന്നും അറിയിച്ച നേതാക്കൾ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്​പക്ഷതയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter