‘വികസന’ത്തിന്റെ വ്യാജസ്റ്റിക്കറൊട്ടിച്ചാല് കൂടുന്നതാണോ ‘കൂട്ടക്കുരുതി’ വരുത്തിയ തീരാത്ത മുറിവുകള്‍!; ഈ ‘മനുഷ്യന്മാര്ക്ക്’ഇതെന്തു പറ്റി?
രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്. ആര് അധികാരത്തില്‍ വരുമെന്നതാണ് ലോകം തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. മോഡിയുടെ കീഴില്‍ ബി.ജെ.പി കേന്ദ്രത്തില്‍ വരുമെന്ന് മാധ്യമങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍ തന്നെയാണ് എന്നാണ് എല്ലാവരുടെയും അടക്കംപറച്ചില്‍. മൂന്നാം മുന്നണിയും ആപ്പും മറ്റൊരു ഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്. ആര് ഭരണത്തില്‍ വരണമെന്നോ ആര് വരാതിരിക്കണമെന്നോ തീര്‍പ്പ് കല്പിക്കുന്നതിന് ഈ കുറിപ്പ് ഒരുമ്പെടുന്നില്ല. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം. പൌരന്മാരെന്ന നിലയില്‍ അതിനോട് സമരസപ്പെടുകയുമാകാം. എന്നാല്‍ തെരഞ്ഞെടുപ്പോടനുബന്ധിച്ച് മതേതരമെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം കാണിക്കുന്ന ചില കോമാളിത്തരങ്ങളെ കാണുമ്പോള്‍ മിണ്ടാതിരിക്കാനാകില്ല. അതെകുറിച്ചാണ് ഈ കുറിപ്പ്. അറിഞ്ഞോ അറിയാതെയോ ‘എല്ലാ’ രാഷ്ട്രീയപാര്‍ട്ടികളും ഹിന്ദുത്വത്തിന് കൈയടിക്കുകയാണെന്നാണ് ഈ കുറിപ്പിന്റെ പക്ഷം.
മോഡിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മാധ്യമങ്ങളും ഇതര തത്പര-സ്ഥാപനങ്ങളും തീരുമാനിച്ചുകഴിഞ്ഞ മട്ടാണ്. പുറത്ത് വന്ന പല ‘പോളുഫല’ങ്ങളും ബി.ജെ.പിക്ക് കടുത്ത ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. പ്രധാനികളായ പലരും ഇതിനകം ബിജെപിയില്‍ പുതുതായി അംഗമെടുത്തു കഴിഞ്ഞു. മുന്‍സൈനിക മേധാവി ജനറല്‍ വി.കെ സിംഗ് പാര്‍ട്ടിയില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്ത് വികസന സ്വപ്നമുള്ള ഏക പാര്‍ട്ടി ബി.ജെ.പി ആണെന്നാണ് സിംഗ് പ്രഖ്യാപിച്ചത്. എവിടെയാണ് വികസനമെന്ന് ചോദിച്ച് തൊട്ടടുത്ത ദിവസം ഗുജറാത്തിലേക്ക് ചെന്ന ആംആദ്മിനേതാവ് കെജരിവാളിനെ അറസ്റ്റുചെയതാണ് വികസനമോഡല്‍ ഗുജറാത്ത് കാണിച്ചു കൊടുത്തത് എന്നത് വേറെ കാര്യം. സേനയിലെ നിരവധി അംഗങ്ങളും സിംഗിനൊപ്പം പാര്ട്ടിയില്ചേരുകയുണ്ടായി. അറിയപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ബേദി ബിജെപിയെ ആണ് പിന്തുണക്കുന്നതെന്ന് വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ബോളിവുഡിലെ പല നായക-നായികമാരെ കുറിച്ചും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോ എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍പോലും ബിജെപി അനുകൂല തരംഗമാണ് നിലവിലുള്ളതെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഓ.രാജഗോപാല്‍ നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ഒന്നിലേറെ തവണയാണ് നരേന്ദ്രമോഡി കേരളം സന്ദര്‍ശിച്ചത്. പലപ്പോഴും മലയാളഭാഷയിലാണ് പ്രസംഗിച്ചത് പോലും! തിരശ്ശീലക്ക് പിന്നില്‍ കാര്യമായി എന്തോ നടക്കുന്നുണ്ട്, നടന്നുകഴിഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും ദിവസങ്ങളായി മോഡിയുടെ ഫുള്‍പേജ് പരസ്യമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ നല്കുന്ന പരസ്യത്തില്‍ പോലും മോഡി ഗുജറാത്തിനെ കുറിച്ചല്ല, ശ്രേഷ്ഠഭാരതത്തെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. എന്തിന് കേരളത്തില്‍ ദേശാഭിമാനിയില്‍ പോലും ഗുജറാത്ത് വികസനത്തിന്റെ പരസ്യം വന്നുകണ്ടില്ലേ നമ്മള്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പെ തന്നെ ദേശീയപത്രമായ ഹിന്ദുവില്‍ നിന്ന് സിദ്ധാര്‍ഥ വരദരാജനെന്ന എഡിറ്ററെ പുറത്താക്കുകയുണ്ടായി. ഇംഗ്ലീഷിലെ അറിയപ്പെട്ട മാഗസിനായ ഓപ്പണില്‍ നിന്ന് ഒരു എഡിറ്ററെ പുറത്താക്കിയത് ഹിന്ദുത്വവിരുദ്ധ എഴുത്തുകളുടെ പേരിലാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. സാഗരികഘോഷ് CNN IBN ചാനലിലെ പ്രധാനഅവതാരികയാണ്. പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യ. മോഡിവിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മേലുദ്യോഗസ്ഥരോ ചാനല്മുതലാളിമാരോ തനിക്ക് അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഘോഷ് വെളിപ്പെടുത്തിയിട്ട് അധിക ദിവസമായിട്ടില്ല. അതുസംബന്ധമായി അവള് ട്വിറ്ററില്‍ നടത്തിയ ട്വീറ്റിന് താഴെ രാജ്യത്തെ പല മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ സമാനമായ അനുഭവത്തെ പരോക്ഷമായി വെളിപ്പെടുത്തുകയുണ്ടായി. കഷ്ടം തന്നെ. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ ‘വാച്ച്ഡോഗുകള്‍’ എന്നാണ് വിശേഷിപ്പിക്കാറ്. എത്ര പെട്ടെന്ന് അവയെയെല്ലാം തങ്ങള്‍ക്ക് വാലാട്ടുന്ന ‘വളര്‍ത്തുനായ’(ലാപ്ഡോഗ്)കള്‍ ആക്കാമെന്ന് ഇതെല്ലാം കാണിച്ചു തരുന്നുണ്ട്.
ഹിന്ദു-ചരിത്രം മറ്റൊരു രീതിയില്‍ വിശദീകരിച്ച എഴുത്തുകാരി ഡോണിഗറുടെ പുസ്തകം പെന്‍ഗ്വിന്‍ബുക്സ് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതിനെയും വരാനിരിക്കുന്ന ഭരണത്തോടുള്ള പ്രതികരണമായാണ് കാണേണ്ടത്. അതു സംബന്ധമായി അരുന്ധതി റോയി പെന്ഗ്വിന് കത്തെഴുതി. അവര്‍ ചോദിച്ചു: ‘ഇന്ത്യ സംബന്ധമായി ഇനിനടക്കുന്ന എഴുത്തുകളെല്ലാം ഹിന്ദുത്വഅജണ്ടയോട് യോജിച്ചു മാത്രമെ ആകാവൂ എന്നാണോ നിങ്ങളുടെ പക്ഷം? 1975 ല്‍ കോണ്‍ഗ്രസ് ഭരണകൂടം നിങ്ങളോട് കുമ്പിടാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മുട്ടിലിഴഞ്ഞു. ഇപ്പോള്‍ ഹിന്ദുത്വഭരണം വരുന്നതിന് മുന്നെ തന്നെ നിങ്ങള്‍ അവര്‍ക്ക് വേണ്ടി ഇഴഞ്ഞുതുടങ്ങിയതിന്റെ ഉദാഹരണമാണ് ഈ പുസ്തകം പിന്‍വലിച്ച നടപടി.’ പെന്ഗ്വിനോളം പൈതൃകമുള്ള പുസ്തകങ്ങള്‍ ഹിന്ദുത്വം ഭരത്തിലെത്താനിരിക്കുന്ന എന്ന് കേട്ടപ്പോഴേക്ക് തന്നെ പുസ്തകം പിന്‍വലിച്ചു തുടങ്ങിയെങ്കില്‍ ഭരണംവന്നുകഴിഞ്ഞാല് പിന്നെ പിന്‍വലിക്കാന്‍ നമുക്കൊക്കെ ‘സ്വന്ത’മല്ലാതെ മറ്റെന്തു കാണും?
മുസ്ലിംകളോട് എന്തെങ്കിലും അന്യായം കാണിച്ചുവെങ്കില്‍ അതിന് മാപ്പ്ചോദിക്കാന് തയ്യാറാണെന്ന് ഈയിടെ ബിജെപി നേതാവ് രാജ്നാഥ് സിംഗ് ഉത്തര്‍പ്രദേശിലെ ഒരു പരിപാടിയില്‍ വെച്ച് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അടുത്ത ദിവസം അത് ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചല്ലെന്ന് പറഞ്ഞ് പാര്‍ട്ടി ഓഫീസ് രംഗത്തുവന്നുവെങ്കിലും. മോഡി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. കലാപം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് കരണ്‍താപ്പര്‍ മോഡിയുമായി ഒരു അഭിമുഖം നടത്തി, ഇംഗ്ലീഷ് ചാനലിന് വേണ്ടി. ഒരിക്കലെങ്കിലും മാപ്പ് പറഞ്ഞുകൂടെ എന്ന ആവര്‍ത്തിച്ചുള്ള കരന്താപ്പറുടെ ചോദ്യത്തിന് മറുപടി നല്കാന്കൂട്ടാക്കാതെ വെള്ളംതരുമോ എന്ന് ചോദിച്ച് അഭിമുഖം നിര്‍ത്തി സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി മോഡി. ഇപ്പോള്‍ വോട്ടെടുപ്പായപ്പോള്‍ മറ്റുള്ളവരെല്ലാം തങ്ങളുടെ പിന്തുണക്കുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ഒരു മാപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ചിലര്‍. അല്ലെങ്കിലും ആര്‍ക്ക് വേണം ഈ മാപ്പ്. ഇരകള്‍ക്ക് വേണ്ടത് നീതിയാണ്. നീതിപീഠങ്ങളെ വരെ കാഷ് കൊടുത്ത് വാങ്ങാവുന്ന നിലവിലെ സാഹചര്യത്തില്‍ അതെവിടെ നിന്ന് കിട്ടുമെന്നാണ് ഇരകളുടെ ചോദ്യം.
കോണ്‍ഗ്രസ് ഭരണത്തിലും അത് ലഭ്യമാകില്ല. പ്രമുഖ ടിവി മാധ്യമപ്രവര്ത്തകന് അര്നബ്ഗോസാമി രാജ്യത്തെ പ്രമുഖരുമായി മാത്രം നടത്തുന്ന ഒരു ഇന്റര്വ്യൂപരമ്പര ഉണ്ട്. ഫ്രാങ്ക്ലി സ്പീക്കിങ്ങ്. കോണ്‍ഗ്രസിനെതിരെ മോഡി കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ കാര്യമായി മിനക്കെട്ട് രാഹുലിനെക്കൊണ്ട് ഒരു അഭിമുഖത്തിന് സമ്മതിപ്പിച്ചു അര്നബ്ഗ്വാസാമി. മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നടക്കുന്ന ആളായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് രാഹുലിന്റെ ആ ഇന്റര്‍വ്യൂനെ മതേതരവാദികള്‍ ഉറ്റുനോക്കിയത്. മോഡിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നിനും ഉത്തരം പറയാതെ ‘സിസ്റ്റം, ശാക്തീകരണം,…ശാക്തീകരണം, സിസ്റ്റം..’ എന്ന് തിരിച്ചും മറിച്ചും പറഞ്ഞ് രക്ഷപ്പെട്ടു പാവം. പറഞ്ഞിട്ട് കാര്യമില്ല, പാവത്തിന് അത്രയെ കഴിയൂ. രാജ്യത്തെ മുസ്ലിംകളുടെ നല്ലൊരു ശതമാനം വോട്ട് അവര്‍ക്കെഴുതി കൊടുത്തതാണല്ലോ. പിന്നെ ഹിന്ദുക്കളുടെ വോട്ട് ലഭിക്കാനുള്ള അടവുകളാണല്ലോ കോണ്‍ഗ്രസ് പയറ്റുക.
ബീഹാറിലെ ഒരു ബിജെപി പരിപാടിയില്‍വെച്ച് നരേന്ദ്രമോഡിക്ക് കൈകൊടുത്ത് ലോകജനശക്തിപാര്ട്ടി ബിജെപിയുമായി കൂട്ടുകൂടിയത് ഈയിടെയാണ്. ഗുജറാത്തു കലാപത്തിന് 12 വയസ്സായി. ഇനിയും അത് പറഞ്ഞ് ബിജെപിയെ മാറ്റിനിറുത്താനാകില്ലെന്ന് പറഞ്ഞാണ് പാര്‍ട്ടിനേതാവ് രാംവിലാസ് പാസ്വവാന് തങ്ങളുടെ പുതിയ സംബന്ധത്തെ ന്യായീകരിച്ചത്. 2002 ല്‍ വാജ്പേയി ഗവണ്മെന്റില് അംഗമായിരുന്ന പാര്‍ട്ടി എന്‍ഡിഎ കൂടാരം വിട്ടത് ഗുജറാത്ത് കലാപത്തെ മുന്‍നിറുത്തിയായിരുന്നു. അതേപാര്‍ട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് മാര്‍ക്കിടുന്നതിന് ഗുജറാത്ത് കലാപത്തെ ‘കട്ട്ഓഫ്’ ആക്കി തീരുമാനിക്കേണ്ട കാലം കഴിഞ്ഞുവെന്ന് പറയുന്നത്. എന്ന് പറഞ്ഞാല്‍ ആ കൂട്ടക്കൊലയെല്ലാം എല്ലാവരും മറന്നുകളയണമെന്ന്.
സീറ്റിന് വേണ്ടി പുറത്തുപോയവര്‍ക്ക് സീറ്റിന് വേണ്ടി അകത്തുവരികയുമാകാം. അതിനാരും എതിരൊന്നുമല്ല. കാരണം, രാഷ്ട്രീയമെന്നത് നിലവിലെ സാഹചര്യത്തില്‍ അതിന്റെ മാത്രം പേരാണല്ലോ!!
പിന്കുറി:
ഗുജറാത്ത് കലാപത്തിന്റെ വേദനകഥകള് പറഞ്ഞ് 2007 ല്‍ ഒരു ‘ഡ്രാമാചിത്രം’ പുറത്തുവന്നിരുന്നു. പര്‍സാനിയ. നസ്റുദ്ദീന്‍ഷാ തന്റെ അഭിനയമികവില്‍ അവിസ്മരണീയമാക്കിയ ചിത്രം.
രാംവിലാസ് പാസ്വാന്റെ മേല്പറഞ്ഞ വിശദീകരണം പിറ്റേന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രാഷ്ട്രീയമായി അത്രബന്ധം കാണിക്കാത്ത ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെ:
‘‘പര്‍സാനിയ’ ഏഴ് കൊല്ലം മുമ്പ് കണ്ടതാണ്. അതിലെ ദയനീയമായ ഒരു രംഗംപോലും എനിക്ക് ഇപ്പോഴും മറക്കാനാകുന്നില്ല. എന്നിട്ടാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പുറത്തുപോയ ഒരു രാഷ്ട്രീയ പാര്‍ട്ടി ആ കൂട്ടക്കുരുതി മറന്ന് അതെകൂടാരത്തിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുന്നത്. മറ്റുള്ളവരോടും അത് മറക്കാന്‍ ആവശ്യപ്പെടുന്നത്. ഈ ‘രാഷ്ട്രീയമക്കളെ’യൊക്കെ (അവന് ഉപയോഗിച്ച ‘മക്കള്‍’ ഇവിടെ പറയാന്‍ കൊള്ളില്ല) വോട്ട്ചെയ്ത് വിജയിപ്പിക്കുന്നവരെ പറയണം!!!!’’



Leave A Comment