ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം നാല്)
കണ്ണില്‍ ചോരയില്ലാത്ത പട്ടാളത്തിന്റെ തേരോട്ടം തുടരുമ്പോഴും ബനൂ ഇസ്‌റാഈലികളുടെ ഉള്ളിന്റെയുള്ളില്‍ ഒരു സമാധാന മന്ത്രം മുഴങ്ങുന്നുണ്ടായിരുന്നു.
'യൂസുഫ് നബിയുടെ പ്രവചനം പുലരും. ഈ ദാരുണ ജീവിതത്തില്‍നിന്നും മോചനമുണ്ടാകും. ബനൂ ഇസ്‌റാഈലിനെ രക്ഷിക്കാന്‍ ഒരു നായകന്‍ കടന്നുവരും.'
കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട വേദനകള്‍ക്കിടയിലും അവര്‍ സമാശ്വസിച്ചു. പുതിയൊരു നാളെയുടെ ചക്രവാളം സ്വപ്നം കണ്ടിരുന്നു.
അപ്പോഴും അടുത്ത വീടുകളില്‍നിന്നും കുരുന്നുകള്‍ പിടഞ്ഞുവീഴുന്ന ശബ്ദം ഉയരുന്നുണ്ടായിരുന്നു. രക്തക്കറ പുരളാത്ത വീടുകള്‍ വളരെ കുറവ്. ഭാര്യക്കു പ്രസവ വേദന തുടങ്ങുമ്പോഴേക്കും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. കുഞ്ഞ് ആണായാലോ! നൊമ്പരങ്ങള്‍ക്കു മേല്‍ നൊമ്പരം!!
എല്ലാം സഹിക്കുക തന്നെ. അല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല.
കാലം കഴിഞ്ഞുകൊണ്ടിരുന്നു. ആണ്‍കുട്ടികളില്ലാത്ത പുതിയ തലമുറ ഉയര്‍ന്നുവന്നു. പിന്നെ പിന്നെ നാട്ടില്‍ യുവാക്കളുടെ എണ്ണം ചുരുങ്ങാന്‍ തുടങ്ങി.
ഇത് ഖിബ്ഥികളെ വല്ലാതെ വ്യസനത്തിലാക്കി. കാരണം, അവരുടെ വീട്ടുജോലികളും കര്‍ഷക വൃത്തികളുമെല്ലാം ചെയ്തിരുന്നത് ബനൂ ഇസ്‌റാഈലികളാണ്. സാക്ഷാല്‍ അടിമകളെപ്പോലെയാണ് അവര്‍ പെരുമാറപ്പെട്ടിരുന്നത്. ഖിബ്ഥികളുടെ വിറകുവെട്ടികളും വെള്ളംകോരികളുമായിരുന്നു ബനൂ ഇസ്‌റാഈലീ യുവാക്കള്‍...
അടിമപ്പണിക്ക് യുവാക്കളെ കിട്ടാതെ വന്നപ്പോള്‍ ഖിബ്ഥികള്‍ ഫിര്‍ഔനെ സമീപിച്ച്, ആവലാതി ബോധിപ്പിച്ചു.
തന്റെ ആളുകള്‍ ബുദ്ധിമുട്ടുന്നത് ഫിര്‍ഔന് സഹിക്കുമായിരുന്നില്ല. അവരെ സമാധാനിപ്പിക്കാനെന്നോണം അയാള്‍ പുതിയൊരു ഉത്തരവിറക്കി:
ഇനി കൊല ഒന്നിടവിട്ട വര്‍ഷങ്ങളിലായിരിക്കും നടക്കുക. ഈ വര്‍ഷം ജനിക്കാന്‍ പോകുന്ന ആണ്‍ കുഞ്ഞുങ്ങളെ വെറുതെ വിടും. അടുത്ത വര്‍ഷം ജനിക്കുന്നവരെ വധിച്ചുകളയും. അങ്ങനെ ഒന്നിടവിട്ട വര്‍ഷങ്ങളിലായി ഈ രീതി തുടരും.
ഫിര്‍ഔന്റെ പുതിയ അടവു രീതി കുറേ ആണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കി. മഹാനായ ഹാറൂന്‍ നബി (റ) ഈ ഇളവു ഘട്ടത്തില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു.
ഖിബ്ഥികള്‍ക്ക് അടിമപ്പണി ചെയ്യാന്‍ കുറച്ചാളുകളെ ഉണ്ടാക്കുകയെന്നതു മാത്രമായിരുന്നു ഈ പുതിയ രീതിയിലൂടെ അവര്‍ ഉദ്ദേശിച്ചിരുന്നത്.
* * *
എന്നാല്‍, മൂസ നബി (അ) യുടെ കഥ നേരെ മറിച്ചായിരുന്നു. നാടുനീളെ കൊല തകൃതിയായി നടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ജനനം നടക്കുന്നത്.
ഭക്തയും ദൈവ ഭയവുമുള്ള ആ ഉമ്മ പേടിച്ചരണ്ട നിമിഷങ്ങളായിരുന്നു അത്. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ പട്ടാളം നിരന്തരമായി റോന്തു ചുറ്റിക്കൊണ്ടിരുന്ന സമയം. ഏതു വീട്ടില്‍നിന്നാണ് കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയരുന്നതെന്ന് അവര്‍ സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്നു. തങ്ങളുടെ വീടിനരികിലൂടെയും സൈന്യം കടന്നുപോകുന്നുണ്ട്. അതിനിടയിലാണ് ഇംറാന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. സുമുഖനും അസാധാര ശോഭയുമുള്ള ഒരു ആണ്‍കുഞ്ഞ്...
ഫിര്‍ഔന്റെ കൊട്ടാരത്തില്‍നിന്നും കുറേ അകലെ, നൈല്‍ നദിയുടെ തീരത്തായിരുന്നു അവരുടെ വീട്.
'വിവരം അയല്‍വാസികള്‍ പോലും അറിയാതെ സൂക്ഷിക്കണം. അല്ലാത്തപക്ഷം, അവര്‍ ഒറ്റുകൊടുക്കും. താമസിയാതെ, സൈന്യം എത്തുകയും കുഞ്ഞിനെ വധിച്ചുകളയുകയും ചെയ്യും.' ആ ഉമ്മ വളരെ ശ്രദ്ധിച്ചു. കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട്, വളരെ തന്ത്രപരമായി നീങ്ങി.
പലപ്പോഴും അതു വഴി സൈന്യം കടന്നുപോകുമ്പോള്‍ ഉമ്മയുടെ ഉള്ളകം പിടയുകയായിരുന്നു. അവരെങ്ങാനും കാര്യം മണത്തറിയുന്ന പക്ഷം പിന്നെയെന്താണ് സംഭവിക്കുകയെന്ന് അവര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.
കുറഞ്ഞ ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. ആരാരുമറിയാതെ വീടിന്റെ സ്വകാര്യതയില്‍ കുഞ്ഞ് വളരുകയാണ്. അപ്രദീക്ഷിതമെന്നോണം അതിനിടെ ഒന്നു രണ്ടു തവണ സൈന്യം വീട് കയറി തെരച്ചില്‍ നടത്തി. മനക്കരുത്തുള്ള ആ ഉമ്മ പെട്ടന്നു കുഞ്ഞിനെ മറച്ചുവെച്ചതിനാല്‍ ദുരന്തമൊഴിവാകുകയായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞുപോകും തോറം ഉമ്മയുടെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. കുഞ്ഞ് ശബ്ദിക്കാനും ചിരിക്കാനും തുടങ്ങുകയാണ്. ഇനിയും വീടിനുള്ളില്‍ കുഞ്ഞിനെ മറച്ചുവെക്കുക പ്രയാസം. പട്ടാളമാവട്ടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നു.
ആകെ ദു:ഖിച്ച് പരിഭ്രാന്തയായി ഇരിക്കുന്ന സമയത്താണ് ഭക്തയും സച്ചരിതയുമായ മഹതിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും ബോധനം ലഭിക്കുന്നത്:
'അങ്ങ് ഒരിക്കലും പേടിക്കേണ്ടതില്ല. അവനെ സംരക്ഷിക്കല്‍ പ്രയാസമാകുന്ന പക്ഷം ഒരു പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കുക. ബാക്കി കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.'
മഹതിക്കു സമാധാനമായി. സ്വന്തം വീട്ടില്‍, പട്ടാളത്തിന്റെ കണ്‍ വെട്ടിച്ച്, കുഞ്ഞിനെ വളര്‍ത്തല്‍ ഒരിക്കലും സാധ്യമല്ലെന്നു മനസ്സിലായപ്പോള്‍ മഹതി അതുതന്നെ ചെയ്യാന്‍ തീരുമാനിച്ചു.
മനോഹരമായൊരു പെട്ടിയുണ്ടാക്കി. ആ പ്രകാശിക്കുന്ന മുഖം കാണുമ്പോള്‍ മഹതിക്കു അതു ചെയ്യാന്‍ തോന്നിയിരുന്നില്ല. പക്ഷെ, മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ അതുതന്നെ ചെയ്യേണ്ടിവരികയായിരുന്നു.
കുഞ്ഞിനെ പെട്ടിയില്‍ കിടത്തി; നൈല്‍ നദിയിലൊഴുക്കി...
ഇനിയെന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നിരുന്നാലും പടച്ച തമ്പുരാന്‍ അവനെ കൈവെടിയില്ലെന്ന് അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
പെട്ടി നൈല്‍ നദിയിലൂടെ താഴോട്ട് ഒഴുകുന്നത് മഹതി നോക്കിനിന്നു. നാലു ഭാഗത്തുനിന്നും നൃത്തം ചവിട്ടിയെത്തുന്ന കൊച്ചോളങ്ങള്‍ അതില്‍ മുത്തമിടുന്നുണ്ടായിരുന്നു. ഒഴുകിയൊഴുകി കണ്‍വെട്ടത്തില്‍നിന്നും മറഞ്ഞപ്പോള്‍ മഹതി അതീവ വേദനയോടെ വീട്ടിലേക്കു മടങ്ങി.
* * *
പതിവുപോലെ ഈജിപ്ഷ്യന്‍ രാജകുമാരിമാര്‍ നൈല്‍ തീരത്തെ സുഖവാസ കേന്ദ്രങ്ങളില്‍ ഉലാത്താനിറങ്ങിയതായിരുന്നു. തങ്ങളുടെ പിതാവ് ഫറോവക്കായി സംവിധാനിക്കപ്പെട്ട മനോഹരമായ സുഖവാസ കേന്ദ്രം. അതില്‍നിന്നും നോക്കിയാല്‍ ദൂരെനിന്നും ഒഴുകിവരുന്ന നൈല്‍ നദിയുടെ അങ്ങേയറ്റം ശരിക്കും കാണാം. കുഞ്ഞോളങ്ങളോട് കിന്നാരം പറഞ്ഞ് പറന്നെത്തുന്ന മന്ദമാരുതന്‍ ഏറെ ആസ്വാദ്യകരമാണ്. ചുറ്റും മനോഹരമായി സംവിധാനിക്കപ്പെട്ട മരങ്ങളും പുല്‍മേടുകളും.
പെട്ടെന്നാണ് നൈലിന്റെ ഓളങ്ങളിലൂടെ എന്തോ ഒരു സാധനം ഒഴുകിവരുന്നത് അവരുടെ ശ്രദ്ധയില്‍ പെടുന്നത്. രാജകുമാരിമാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അത് മെല്ലെ മെല്ലെ അടുത്തുവരികയാണ്.
സമയം പിന്നിടും തോറും അവര്‍ക്ക് ഉണ്‍കണ്ഠ വര്‍ദ്ധിച്ചു. അടുത്തെത്തിയപ്പോഴാണ് ശരിക്കും മനസ്സിലായത്; മനോഹരമായൊരു ഒരു പെട്ടി! ഭദ്രമായി അടച്ചിട്ടുണ്ട്.
വളരെ അടുത്തെത്തിയപ്പോള്‍ കുമാരിമാരിലൊരാള്‍ വെള്ളത്തിലിറങ്ങി പെട്ടിയെടുത്തു.
അല്‍ഭുതകരമായൊരു പെട്ടി... ചെറിയ ഭാരമുണ്ട്... അതിലെന്തായിരിക്കുമെന്നറിയാന്‍ അവര്‍ക്ക് വല്ലാത്ത തിടുക്കം...
അല്‍ഭുതപരതന്ത്രരായ രാജകുമാരിമാര്‍ പെട്ടിയുമായി കൊട്ടാരത്തിലേക്കു കുതിച്ചു. എന്തോ നിധി കിട്ടിയ പ്രതീതി!!
ആസിയ ബീവി അവിടെയുണ്ടായിരുന്നു.
കുമാരിമാര്‍ വേഗത്തില്‍തന്നെ തിരിച്ചുവരുന്നത് കണ്ടപ്പോള്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നു അവര്‍ മനസ്സിലാക്കി. പുറത്തുവന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്: ഒരു പെട്ടി!
കുമാരിമാരിലൊരാള്‍ സംഭവങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു... നൈല്‍ നദിയിലൂടെ ശാന്തമായി ഒഴുകിവരുന്നതും അതിനു ചുറ്റും കുഞ്ഞോളങ്ങള്‍ നൃത്തം വെക്കുന്നതും വിവരിച്ചു... അതിനാല്‍, ഇതിലെന്തോ അല്‍ഭുതമുണ്ടെന്നായിരുന്നു അവരുടെ അഭിപ്രായം.
ആസിയ ബീവിക്ക് അല്‍ഭുതം തോന്നി. അവര്‍ പരിവാരങ്ങളെ വിളിച്ച് പെട്ടി തുറന്നു.
പെട്ടിയുടെ മുഖാവരണം നീക്കേണ്ട താമസം അവര്‍ അല്‍ഭുതപ്പെട്ടുപോയി.
പ്രകാശം പരത്തുന്ന മുഖവുമായി ഒരു കൊച്ചു കുഞ്ഞ് പുഞ്ചിരി തൂകിയിരിക്കുന്നു... ആ മുഖത്തിന് വല്ലാത്ത പ്രസരിപ്പ്... വല്ലാത്തൊരു വെളിച്ചവും വശ്യതയും...
എല്ലാവരും അല്‍ഭുതപ്പെട്ടുപോയി. രാജകുമാരിമാര്‍ മുഖത്തോടു മുഖം നോക്കി... ആസിയ ബീവിയും സ്തബ്ധയായി ഇരിക്കുകയാണ്...
പക്ഷെ, ആ കുഞ്ഞു മുഖത്തെ വശ്യത അവരെ വല്ലാതെ ആകര്‍ഷിച്ചു. അവര്‍ ഇരു കൈകളും നീട്ടി കുഞ്ഞിനെ വാരിയെടുത്തു. നെറ്റിയില്‍ തുരുതുരാ ചുംബനങ്ങള്‍ നല്‍കി. മാറോടു ചേര്‍ത്തുവെച്ച് താലോലിക്കാന്‍ തുടങ്ങി...
അവരുടെ മനസ്സ് ഓര്‍മകളിലേക്കു പറക്കുകയായിരുന്നു... ഒരു കുഞ്ഞ്; കാലങ്ങളായി മനസ്സിലുള്ള സ്വപ്നമാണ്... അതും സുന്ദരനായൊരു ആണ്‍കുഞ്ഞ്... അതിതാ തന്റെ കൈകളില്‍ വന്നണഞ്ഞിരിക്കുന്നു... ഇത് തനിക്കുള്ളതാണ്... താനിവനെ പോറ്റി വലുതാക്കും... അവര്‍ മനസ്സില്‍ പറഞ്ഞു.
* * *
പെട്ടന്നാണ് ആ വഴി ഫിര്‍ഔന്‍ കയറിവരുന്നത്. ആസിയയുടെ കരങ്ങളിലെ കുഞ്ഞിനെ കണ്ട് അയാള്‍ അന്തംവിട്ടുപോയി...
എന്താണിത്? ആരാണിത്? എവിടെനിന്നാണ്?... അയാള്‍ തിരക്കി.
രാജകുമാരിമാര്‍ ആവേശത്തോടെ സംഭവങ്ങള്‍ വിശദീകരിച്ചു. ആസിയ ബീവിയും വിശദീകരണത്തില്‍ ചേര്‍ന്നു.
ഫിര്‍ഔന് അല്‍ഭുതം തോന്നി. അവന്‍ കുഞ്ഞിനെയൊന്ന് നന്നായി വീക്ഷിച്ചു.
ആ വദന സൗകുമാര്യത കണ്ട് അയാള്‍ അതില്‍ ലയിച്ചുപോയി. എന്തൊരു പ്രകാശം! എന്തൊരു വശ്യത!! ആ മുഖ കാന്തി കണ്ട് അയാള്‍ എല്ലാം മറന്നു. തനിക്കും ഒരു ആണ്‍കുഞ്ഞ് ഉണ്ടായെങ്കില്‍ എന്നു ആശിച്ചുപോയി.
അല്‍പനേരത്തിനു ശേഷമാണ് അയാള്‍ യഥാര്‍ത്ഥ അവസ്ഥയിലേക്കു തിരിച്ചുവന്നത്. അപ്പോഴേക്കും അയാളിലെ ധിക്കാരി പ്രവര്‍ത്തിച്ചു തുടങ്ങി.
'ഇല്ല... അവനെ ഇവിടെ പാര്‍പ്പിക്കാന്‍ പറ്റില്ല... കൊന്നു കളയുക അവനെ...' അയാള്‍ പെട്ടന്നു ചാടിയെഴുന്നേറ്റു. വാളെടുത്ത് കുഞ്ഞിനു നേരെ തിരിഞ്ഞു.
ആസിയ ബീവി അനുവദിച്ചില്ല. മുന്നോട്ടാഞ്ഞ് അയാളുടെ കൈക്കു പിടിച്ചു.
ഫിര്‍ഔന്‍ തരുത്തുപോയി. കാലങ്ങള്‍ക്കു ശേഷമാണ് ആ പൂവല്‍മേനി തന്റെ ശരീരം സ്പര്‍ശിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരു നിര്‍വൃതി... വല്ലാത്തൊരു ആനന്തവും...
അയാള്‍ അല്‍പനേരം ശാന്തനായി...
''ആ മുഖത്തേക്കു നോക്കൂ... എന്തൊരു ശോഭയാണ്! ഇതൊരിക്കലും അങ്ങയുടെ ശത്രുവല്ല. അതിനാല്‍, അരുതാത്തതൊന്നും ചെയ്യരുത്...'' ഈ തക്കം നോക്കി ആസിയ ബീവി ഓര്‍മിപ്പിച്ചു.
''കാര്യം അങ്ങനെയല്ല. ഇത് എന്റെ നിലനില്‍പിനുള്ള ഭീഷണിയാണ്. ബനൂ ഇസ്‌റാഈലിലെ ഒരു ആണ്‍ കുഞ്ഞ് എന്റെ അധികാരം തെറിപ്പിക്കുമെന്നാ പറയുന്നത്. അതിനാല്‍, ഇവനെ വധിച്ചേ പറ്റൂ...'' അയാള്‍ അട്ടഹസിച്ചു.
''അങ്ങ് പറയുന്ന കുട്ടി എന്നോ യമപുരി പൂകിക്കഴിഞ്ഞു. ഇനിയും അതിനെ ഓര്‍ത്ത് പേടിച്ചിരിക്കുന്നത് ശരിയല്ല.''
ആസിയ ബീവി അയാളെ തണുപ്പിക്കാന്‍ പലതും പറഞ്ഞു നോക്കി.
പക്ഷെ, അയാള്‍ അപ്പോഴും ഊരിപ്പിടിച്ച വാളുമായി മുമ്പോട്ടു തന്നെ വന്നുകൊണ്ടിരുന്നു.
അവസാനം പറഞ്ഞ് പറഞ്ഞ് ഒരു വിധം അടക്കി നിര്‍ത്തി.
''താങ്കള്‍ക്കും ആണ്‍കുട്ടികളില്ലല്ലോ. അതിനില്‍, നമുക്ക് ഇവനെ നല്ലപോലെ പോറ്റി വളര്‍ത്താം. നാളെ നമുക്ക് ഉപകരിച്ചേക്കും. അതിനാല്‍, മറുത്തൊന്നും ചിന്തിക്കരുത്. എല്ലാം മറക്കുക. പോറ്റി വളര്‍ത്തുന്ന കാര്യം ഞാനായിക്കൊള്ളാം.'' ആസിയ ബീവി പറഞ്ഞൊപ്പിച്ചു.
ഒടുവില്‍, ഫിര്‍ഔന്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ''പക്ഷെ, ഒരു കാര്യമുണ്ട്. അവനെപ്പോഴാണോ എനിക്കെതിരെ തിരിയുന്നത് അപ്പോള്‍ ഞാന്‍ അവന്റെ കഥ കഴിക്കും...'' അയാള്‍ പറഞ്ഞു.
ആസിയ ബീവിക്ക് സമാധാനമായി... പൂത്തിരി പോലെ പ്രകാശിക്കുന്ന ആ കുഞ്ഞിനെ തനിക്കു ലഭിച്ചതില്‍ അവര്‍ വല്ലാതെ സന്തോഷിച്ചു. ആ നെറ്റിത്തടത്തില്‍ മതിവരോളം ഉമ്മ വെച്ച് അവര്‍ അവനെ മടിയില്‍ വെച്ച് താലോലിച്ചു.
Leave A Comment