ഉമ്മു സൈനബ്: ബഗ്ദാദിലെ സ്ത്രീ നേതാവ്
ഇസ്‍ലാമിക ചരിത്രത്തിന്റെ ഊടും പാവും നെയ്ത സ്ത്രീ പണ്ഡിതകൾ അനവധിയാണ്. അവർ സമുദായത്തിൽ ഉൽകൃഷ്ടമായ മാറ്റങ്ങള്‍ വരുത്തുകയും വിജ്ഞാന മേഖലയിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്തു. അവരിൽ പ്രധാനിയാണ് ഉമ്മു സൈനബ് ഫാത്തിമ ബിന്‍ത് അബ്ബാസ് അൽ ബഗ്ദാദിയ്യ. ഹൻബലി സരണിയിലെ പ്രമുഖ പണ്ഡിതയും വാഗ്മിയുമായിരുന്നു അവര്‍. ഹിജ്റ 7-ാം നൂറ്റാണ്ടിൽ ബഗ്ദാദിൽ ജനിച്ച ഇവർ എട്ടാം നൂറ്റാണ്ടോടെ കൈറോയിലേക്ക് ജീവിതം പറിച്ചു നട്ടു. ഇബ്നു തൈമിയ്യയുടെ ശിഷ്യയായി പഠനം തുടർന്ന അവര്‍ നിയമശാസ്ത്രത്തിലും പ്രഭാഷണ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അവരുടെ ചോദ്യങ്ങളും കാര്യങ്ങൾ മനസ്സിലാക്കാനും പഠിച്ചെടുക്കാനുമുള്ള കൂര്‍മ്മബുദ്ധിയും എന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് ഇബ്നു തൈമിയ്യ തന്നെ പറയുന്നുണ്ട്.
ഷംസുദ്ധീൻ ഇബ്നു അബീ ഉമർ അൽ മഖ്ദിസിയുടെ ശിഷ്യത്വം സ്വീകരിച്ച ഉമ്മു സൈനബ് അറിവുള്ളവർക്കിടയിൽ വേറിട്ടു നിന്നു. അവരുടെ പർണശാലയിൽ ലോകത്തിന്റെ നാനദിക്കുകളിൽ നിന്നും പഠിതാക്കളുണ്ടായിരുന്നു. സ്ത്രീകളെ പഠിപ്പിക്കുകയും ഖുർആൻ മനഃപാഠമാക്കാൻ സഹായിക്കുകയും ചെയ്തു അവര്‍. അതിൽ വിശ്വപണ്ഡിതൻ ഇബ്നു കസീറിന്റെ ഭാര്യയും ഭാര്യാമാതാവുമുണ്ടായിരുന്നു. അൽ ബിദായത്തു വന്നിഹായയിൽ ഇതു സംബന്ധമായ പരാമര്‍ശം കാണാവുന്നതാണ്. അവരുടെ അടുക്കൽ നിന്ന് ഒരുപാട് ആളുകൾ പഠിക്കുകയുണ്ടായി. പ്രശസ്ത പണ്ഡിതനായിരുന്ന യൂസുഫ് ബ്നു സക്കിയുടെ ഭാര്യ ആയിശ ബിന്‍ത് സിദ്ധീഖും സ്വലാഹുദ്ദീന്‍ സഫ്ദിയുടെ ഭാര്യ സൈനബും അവരുടെ മാതാവും മഹതിയില്‍ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്.
അധ്യാപികക്കപ്പുറം ഒരു പ്രഭാഷക കൂടിയായിരുന്നു മഹതി. ബിദഈ വാദികൾക്കെതിരെ രാപകലില്ലാതെ പോരാടിയ അവർ പുരുഷന്മാർക്ക് വരെ ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ ഉപദേശിക്കുന്നതിനെ സംബന്ധിച്ച് സ്വലാഹുദ്ധീൻ സഫ്ദി ഉദ്ദരിക്കുന്നത് ഇങ്ങനെയാണ്, അവര്‍ മിമ്പറിൽ കയറി പ്രസംഗിക്കുമ്പോൾ സ്ത്രീകൾ സാകൂതം കേട്ടിരിക്കും. അത്രയും പ്രഗത്ഭവും അർത്ഥഗർഭവുമായിരുന്നു ഓരോ വാക്കുകളും. ഹൃദയകാഠിന്യത്തിൽ നിന്ന് മുക്തരാവാനും അല്ലാഹുവിനെ സ്മരിച്ച് ജീവിതം ധന്യമാക്കാനും ഓർമപ്പെടുത്തും. മരച്ചില്ലയിലിരിക്കുന്ന പക്ഷികൾ വരെ ആ വാക്കുകളിൽ ആകൃഷ്ടരായിരുന്നു.
നിയമ ശാസ്‌ത്രത്തിലെ പ്രധാന കിതാബായ ഇബ്‌നു ഖുദാമയുടെ കിതാബുൽ മുഗ്നി മനപാഠമായിരുന്നു അവര്‍ക്ക്. ഇബ്‌നു ഹജറൽ അസ്‌ഖലാനി പറയുന്നു, ഇബ്‌നു തൈമിയ്യ അവരെ പ്രശംസിക്കുമായിരുന്നു. അവരുടെ തന്റേടത്തിലും ബുദ്ധിശക്തിയിലും അത്ഭുതം കൂറുമായിരുന്നു. ഡമസ്‌കസിലെ ഓരോ സ്‌ത്രീയും അവരിൽ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട്. പിന്നീട് കെയ്‌റോയിലേക്ക് താമസം മാറിയപ്പോൾ അവിടെയും ഒരു വിജ്ഞാന വിളംബരം അവര്‍ സാധ്യമാക്കി. കെയ്‌റോയിൽ പ്രധാനമായും മംലൂക്ക് രാജാവ് ത്വാഹിറു ബൈബറസിന്റെ മകൾ ഷിറായ് ഖാത്തൂൻ ഹി. 684 ൽ നിർമിച്ച സത്രത്തിലായിരുന്നു പഠിപ്പിച്ചിരുന്നത്. പാവപ്പെട്ടവർക്ക് അഭയവും അത്താണിയുമായിരുന്ന സത്രത്തിൽ സ്‌ത്രീപുരുഷ ജനങ്ങൾക്ക് വ്യത്യസ്ത ഭാഗങ്ങൾ വിഭജിക്കപ്പെട്ടിരുന്നു. തഖിയ്യുദ്ധീൻ അൽ മഖ്‌റീസി വിവരിക്കുന്നു, അവരെ കൊണ്ട് ഡമസ്‌കസിലെയും ഈജിപ്‌തിലെയും ഒരുപാട് സ്‌ത്രീകൾക്ക് ഗുണം ലഭിച്ചു. അവർ ബാഗ്‌ദാദിലെ സത്രം എന്നറിയപ്പെടുന്ന അഭയകേന്ദ്രത്തിൽ അല്ലാഹുവിനെ ഓർക്കാൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
അവർ നിയമശാസ്‌ത്രത്തിലും സങ്കീർണമായ പല പ്രശ്‌നങ്ങളും പരിഹരിക്കാനും അതിസമർഥയായിരുന്നു. ഇബ്‌നു ഹജറൽ അസ്‌ഖലാനി ഉദ്ധരിക്കുന്നു, ഇമാം ദഹബി ഒരിക്കൽ അവരെ സന്ദർശിക്കുകയും അവരെ കുറിച്ച് പറയുകയും ചെയ്‌തു. ഒരുകൂട്ടം സ്‌ത്രീകൾ അവരിൽ നിന്ന് പ്രയോജനമുൾക്കൊണ്ടു. തെറ്റുകളിൽ നിന്നൊക്കെ പശ്ചാത്തപിച്ചു. അവർ അറിവിന്റെ നിറകുടമാണ്. അത് കൊണ്ട് പരസ്‌പരം ബോധവാന്മാരാക്കാനും അല്ലാഹുവിനെ ഓർമ്മിപ്പിക്കാനും ഉത്സുകയുമായിരുന്നു. ഡമസ്‌കസിലെയും ഈജിപ്‌തിലെയും സ്‌ത്രീകൾ ഇവരാൽ നവീകരികപ്പെട്ടിരുന്നു.'
ഒരിക്കൽ ശാഫി നിയമജ്ഞനും കവിയുമായ സദ്‌റുദ്ധീൻ ബ്‌നു വക്കീലുമായി ആർത്തവ സംബന്ധമായ നിരവധി നിയമ ചര്‍ച്ചകള്‍ക്ക് ഇവർ നേതൃത്വം നൽകി. അതിനാൽ കാലത്തിന്റെ സ്‌ത്രീ നേതാവ് എന്ന സ്ഥാനപ്പേരിലാണ് അവർ അറിയപ്പെടുന്നത്. അൽ മഖ്രീസി പറയുന്നു: പണ്ഡിതയും വാഗ്മിയും കാലത്തിന്റെ സ്‌ത്രീ നേതാവുമാകുന്നു ഉമ്മു സൈനബ്'. മാതാവിനെപ്പോലെ തന്നെയായിരുന്നു മകൾ സൈനബും. വാഗ്മിയും പണ്ഡിതയും സമൂഹത്തിൽ ഇടപെടലുകൾ നിർവഹിച്ചവരുമായിരുന്നു.
ഈജിപ്‌തിലെ അൽ അസ്‌ഹറിനടുത്ത് ഹിജ്‌റ 714 ദുൽഹിജ്ജ 9 അറഫാദിനത്തിൽ ഉമ്മു സൈനബ് ഈ ലോകത്തോട് വിടപറഞ്ഞു. ജനസാഗരത്താൽ നിബിഢമായിരുന്നു മയ്യിത്ത് സംസ്‌കരണ ചടങ്ങെന്ന് ഇബ്‌നു കസീർ ഉദ്ധരിക്കുന്നുണ്ട്. നാഥന്‍ അവരുടെ സേവനങ്ങള്‍ സ്വീകരിക്കട്ടെ.
Leave A Comment