ഇമാം ബുഖാരി- പ്രവാചകരിലേക്ക് തുറക്കുന്ന ആ കണ്ണുകള്‍ ഉമ്മയുടേതായിരുന്നു

മുഹമ്മദ് ബ്നു ഇസ്മാഈല്‍ പതിവു പോലെ അന്നും തന്റെ യാത്ര തുടങ്ങി. വിജ്ഞാനം തേടിയുള്ള യാത്രയാണ്. എവിടെ എപ്പോള്‍ അവസാനിക്കുമെന്നൊന്നും യാതൊരു നിശ്ചയവുമില്ല. ദിവസങ്ങളോളം കപ്പലില്‍ തന്നെ കഴിക്കേണ്ടിവരും. എല്ലാറ്റിനുമായികരുതിയ ആയിരം ദീനാര്‍ തന്റെ ഭാണ്ഡത്തിലുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ഉറപ്പ് വരുത്തി.

പല ലക്ഷ്യങ്ങള്‍ക്കായി പുറപ്പെട്ടവര്‍. പല ചിന്തകളില്‍ വ്യാപൃതരായവര്‍... എല്ലാവരെയും കൊണ്ട് കപ്പലങ്ങനെ നീങ്ങുകയാണ്. മുഹമ്മദ് തന്റെ അടുത്തിരുന്ന ഒരാളോട് മെല്ലെ സംസാരിച്ചു തുടങ്ങി. പറഞ്ഞും കേട്ടും ആ കുശലാന്വേഷണം വളരെ പെട്ടെന്ന് ഒരു സുഹൃദ്‍ബന്ധത്തിലേക്ക് വളര്‍ന്നു.തുറന്ന സംസാരിത്തിനടയിലെപ്പോഴോ തന്റെ പക്കലുള്ള പൈസയെ കുറിച്ചും മുഹമ്മദ് പുതിയ കൂട്ടുകാരനോട് പറഞ്ഞിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു.അതിനിടെ എപ്പോഴോമുഹമ്മദിന്റെ പക്കലുള്ള പണം എങ്ങനെയെങ്കിലും കൈവശപ്പെടുത്തണമെന്ന ദുഷ്ചിന്ത കൂട്ടുകാരന്റെ മനസ്സില്‍ കടന്നു കൂടി.അതിനായി പദ്ധതികള്‍ ആലോചിച്ചു തുടങ്ങി. അവസാനം അയാള്‍ അതിനൊരു ഉപായം കണ്ടെത്തി.

ഒരു പ്രഭാതത്തിലാണ് യാത്രക്കാരെല്ലാം അയാളുടെ ശബ്ദം കേട്ടു.അയാള്‍ആര്‍ത്തുവിളിച്ചു കരയുകയാണ്. സഹയാത്രികര്‍ കാര്യമന്വേഷിച്ചു. തന്റെ പക്കലുണ്ടായിരുന്ന ആയിരം ദീനാര്‍ മോഷണം പോയിരിക്കുന്നു. കപ്പല്‍ ജീവനക്കാര്‍ ഇടപെട്ടു. അവര്‍ എല്ലാവരുടെയും ബാഗുകളും ഭാണ്ഡങ്ങളും പരിശോധിച്ചു. മുഹമ്മദിനെയാണ് തനിക്ക് സംശയം എന്ന് പറഞ്ഞതോടെ, അദ്ദേഹത്തിന്റെ ബാഗും വിശദമായി പ്രത്യേകം പരിശോധിച്ചു.പക്ഷേ, ആരുടെ പക്കലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ക്ക് ദേഷ്യം വന്നു, യാത്രക്കാര്‍ക്കും. എല്ലാവരും അദ്ദേഹത്തെ ആക്ഷേപിക്കാനും ചീത്തവിളിക്കാനും തുടങ്ങി.  അവസാനം അയാള്‍ക്ക് നിശ്ശബ്ദനാവേണ്ടി വന്നു.

മുഹമ്മദിനെ കള്ളനാക്കാനും പണം സ്വന്തമാക്കാനുമുള്ള തന്റെപദ്ധതി പാളിപ്പോയ നിരാശയില്‍ അദ്ദേഹം മൌനിയായിരുന്നു, പക്ഷേ, ഒരു പാട് സംശയങ്ങള്‍ അയാളില്‍ ബാക്കിയുണ്ടായിരുന്നു. തന്റെ പക്കല്‍ ആയിരം ദീനാറുണ്ടെന്ന് പറഞ്ഞത് കളവായിരിക്കുമോ. അല്ലെങ്കില്‍, അത് പിന്നെ എവിടെയാണ് അവന്‍ ഒളിപ്പിച്ചത്. ആലോചിച്ചിട്ട് അയാള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

ദിവസങ്ങള്‍ക്കു ശേഷം കപ്പല്‍ കരക്കണഞ്ഞു. യാത്രക്കാരെല്ലാം ഓരോ വഴിക്ക് പിരിഞ്ഞു.മുഹമ്മദിന്റെ പുതിയ കൂട്ടുകാരന് തന്റെ സംശയവും ആകാംക്ഷയും അടക്കിപ്പിടിക്കാനായില്ല.പിരിയും മുമ്പ് അയാള്‍ മുഹമ്മിനെ കണ്ടു ചോദിച്ചു:അല്ല, ആകൈയ്യിലുണ്ടായിരുന്ന പണം താങ്കള്‍ എവിടെയാണ്ഒളിപ്പിച്ചുവെച്ചത്?.

മുഹമ്മദ് ചിരിച്ചു കൊണ്ട് പറഞ്ഞു: ഞാനത് കടലിലേക്കെറിഞ്ഞു.

“ഇത്രയും വലിയ സംഖ്യ കടലിലേക്കെറിയുകയോ. താങ്കള്‍ക്കത് എങ്ങനെ സാധിച്ചു” കൂട്ടുകാരന്റെ കൌതുകം വര്‍ദ്ധിച്ചു.

മുഹമ്മദിന്റെ മറുപടി ഇങ്ങനെയായിരുന്നു: എന്റെ ജീവിതം അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വ) യുടെ തിരുവചനങ്ങള്‍ ശേഖരിക്കുവാനും സൂക്ഷിക്കുവാനും നീക്കിവെക്കപ്പെട്ടതാണ്. എന്റെ വിശ്വസ്തതയും സത്യസന്ധതയും ലോകം അംഗീകരിച്ചതുമാണ്.താങ്കളുടെ പരാതി പ്രകാരം ആ ആയിരം ദീനാര്‍ എന്റെ ഭാണ്ഡത്തില്‍ കണ്ടെത്തിയാല്‍, അതോടെ എന്റെ വിശ്വാസ്യത സംശയത്തിന്‍റെ നിഴലിലാവും. അതെന്റെ ഹദീസ് നിവേദനത്തെയാണ് ബാധിക്കുക. കേവലം നാണയത്തുട്ടുകള്‍ക്ക് വേണ്ടി വിശ്വസ്തതയെന്ന അമൂല്യ രത്നം ഞാന്‍ കളഞ്ഞു കുളിക്കുമെന്ന് താങ്കള്‍ കരുതിയോ?”.

കഥയില്‍ പറഞ്ഞ ഈ മുഹമ്മദിനെ ലോകം അറിയുന്നത് മറ്റൊരു പേരിലാണ്. ഇമാം ബുഖാരി (റ). അതെ, ഖുര്‍ആന്‍ കഴിഞ്ഞാല്‍പിന്നെ ഏറ്റവും ആധികാരികം എന്ന് മുസ്‍ലിം ലോകംവിശ്വസിക്കുന്ന സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ്.

ഇന്നത്തെ ഉസ്ബക്കിസ്ഥാനില്‍ പെട്ട ബുഖാറ എന്ന പട്ടണത്തില്‍ ഹിജ്റ 194, ശവ്വാല്‍13നാണ് ഇമാം ബുഖാരി ജനിക്കുന്നത്.വിജ്ഞാനിയും സമ്പന്നനായ വ്യാപാരിയുമായിരുന്ന അല്‍ ഹാജ് ഇസ്മാഈല്‍ എന്നവരാണ് പിതാവ്. ഇമാം മാലിക് ബ്നു അനസ് (റ) വില്‍ നിന്ന് അറിവ് പഠിച്ച പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.തങ്ങള്‍ക്കുണ്ടാകുന്ന മക്കളെയെല്ലാം വലിയ പണ്ഡിതന്മാരാക്കണമെന്ന് പണ്ഡിതനായ ഇസ്മാഈലും ഭക്തയായ തന്റെ പ്രിയതമയും എപ്പോഴും ആഗ്രഹം പങ്കുവെക്കുമായിരുന്നു.ആദ്യം ജനിച്ച മകന് അവര്‍ അഹ്മദ് എന്ന് പേരിട്ടു. താമസിയാതെ രണ്ടാമത്തെ മകനും ജനിച്ചു. അവന് മുഹമ്മദ് എന്ന് നാമകരണം ചെയ്തു.

മക്കള്‍ പണ്ഡിതരായി കാണാനുള്ള സൌഭാഗ്യം പക്ഷേ ഇസ്മാഈലിന് (റ) ഉണ്ടായില്ല. മുഹമ്മദ് വളരെ ചെറിയ കുട്ടിയായപ്പോഴേ അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി.  രണ്ടു മക്കളുടെയും പരിചരണവും വിദ്യാഭ്യാസവും വിധവയായ മാതാവിന്റെ ചുമലിലായി. ഭക്തയുംദൃഢവിശ്വാസിനിയുമായ ആ മഹതി തളര്‍ന്നില്ല. താനും തന്റെ പ്രിയതമനും സ്വപ്നം കണ്ട പോലെ തന്റെ രണ്ടു മക്കളെയും അറിവിന്റെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ ഏത് ത്യാഗം ചെയ്യാനും അവര്‍ മനസാ സന്നദ്ധയായി.

ആയിടക്കാണ് വിധി മറ്റൊരു രൂപത്തില്‍ അവരെ പരീക്ഷിക്കാനെത്തുന്നത്. ചെറിയ മകന്‍ മുഹമ്മദിന് ഒരു അജ്ഞാത രോഗം പിടിപെടുന്നു. അത് കാരണം അവന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നു.

അനാഥത്വമുണ്ടാക്കിയ ശൂന്യത പരിഹരിക്കാന്‍ പാടു പെടുന്ന സമയം. മക്കളെ വിദ്യാസമ്പന്നരാക്കാനുള്ള സ്വപ്നസാക്ഷാത്ക്കാരത്തിനായി പ്രയാസപ്പെടുന്ന നേരം. അപ്പോഴാണ് എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോകുന്നെന്ന രൂപത്തില്‍ കുഞ്ഞു മകനെ അന്ധത ബാധിക്കുന്നത്.ഭിഷ്വഗ്വരന്മാരെല്ലാം രോഗം അഞ്ജാതമാണെന്നും ചികിത്സയില്ലെന്നും വിധിയെഴുതി. ആരും തകര്‍ന്നു പോകുന്ന നിമിഷം. വിധവയും അശരണയുമായ ആ മാതൃഹൃദയം പക്ഷേതളര്‍ന്നില്ല. അന്ധനായ മകനെ ചേര്‍ത്തു പിടിച്ച് അവര്‍ നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. മകന് കാഴ്ച തിരിച്ചുകിട്ടാന്‍ മാത്രമല്ല, കാഴ്ച കിട്ടി അവന്‍ വലിയ പണ്ഡിതനാകാന്‍.

രാവുകളും പകലുകളും ഒരു പാട് കഴിഞ്ഞു പോയി. നാഥനിലേക്കുയര്‍ത്തിയ ആ മാതാവിന്റെ കരങ്ങള്‍ക്ക് മാത്രം ഒരു മാറ്റവുമുണ്ടായില്ല.ഒരു ദിവസം രാത്രി നിസ്കരിച്ചും പ്രാര്‍ഥിച്ചും അവര്‍ തളര്‍ന്നുറങ്ങി പോയി. ആ ഉറക്കത്തില്‍ ഇബ്റാഹീം നബി (അ) തന്റെയടുത്ത് വരുന്നത് അവര്‍ സ്വപ്നം കണ്ടു.അവര്‍ തന്നോട് പറയുന്നുണ്ടായിരുന്നു:“അല്ലാഹു നിങ്ങള്‍ക്ക് ബറകത്ത് ചെയ്യട്ടെ. നിങ്ങളുടെ നിരന്തരമായ കരഞ്ഞുള്ള പ്രാര്‍ത്ഥന കാരണം മകന്റെ കാഴ്ച അല്ലാഹു തിരിച്ചു തന്നിരിക്കുന്നു”.

അത്ഭുതത്തോടെ ഞെട്ടിയുണര്‍ന്ന് അവര്‍ ഉറങ്ങി കിടക്കുന്ന മകന്റെ അടുത്തു ചെന്നു. സുബ്ഹി നമസ്കാരത്തിന് ഉണര്‍ത്താനുള്ള സമയമായിരിക്കുന്നു. മകനെയുണര്‍ത്തി കൌതുകത്തോടെ അവര്‍ അത് കണ്ടു. തന്റെ മകന് ഇപ്പോള്‍ എല്ലാ കാഴ്ചകളും ശരിക്കും കാണാനാകുന്നുണ്ട്. ഒരു മാതാവിന്റെ തീക്ഷ്ണമായ ആഗ്രഹവുംതന്നോടുള്ലതേങ്ങലും കരുണാമയനായ സ്രഷ്ടാവിന് എങ്ങനെ കാണാതിരിക്കാനാവും.

ഈ അപാരമായ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പറഞ്ഞ് അവര്‍ തന്റെയും തന്റെ പ്രിയതമന്റെയും സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മകനെ അറിവിന്റെ പരിസരങ്ങളിലേക്കയച്ചു. ബുദ്ധികൂര്‍മ്മയും വിജ്ഞാന തല്‍പരതയും ഒരു പോലെ സമ്മേളിച്ച ആ മകന്‍ അവിടന്നങ്ങോട്ട് അടിവെച്ചു തുടങ്ങുകയായിരുന്നു. ഉമ്മ പ്രാര്‍ത്ഥിച്ച് വാങ്ങി തന്ന കാഴ്ചയുപയോഗിച്ച് അറിവിന്റെയും പാണ്ഡിത്യത്തിന്റെയും ഉയരങ്ങളിലേക്ക്.

പത്താം വയസ്സില്‍ തന്നെ ഇമാം ബുഖാരി (റ) ഖുര്‍ആന്‍ മനപ്പാഠമാക്കി. ഹിജ്റ 210ല്‍ മാതാവ് തന്റെ രണ്ട് മക്കളെയും കൊണ്ട് പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയി. പതിനാറ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇമാം ബുഖാരി (റ) വിന് അന്ന് തന്നെ ഇബ്നുല്‍ മുബാറക്, വകീഅ് (റ) പോലുള്ള നിരവധി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ പൂര്‍ണമായും മനപ്പാഠമുണ്ടായിരുന്നു.

ഹജ്ജ് കഴിഞ്ഞ് മാതാവും ജ്യേഷ്ഠന്‍ അഹ്മദും നാട്ടിലേക്ക് മടങ്ങി. പതിനാറുകാരനായ തന്റെ ഇളയ മകന്ന്, അറിവ് നോടാനായി അവിടെ തന്നെ നില്‍ക്കാന്‍ ഉമ്മ സമ്മതം കൊടുത്തു. അറിവിനോടുള്ള ഇഷ്ടവും ബഹുമാനവും മാതൃമനസ്സിന്റെ പുത്രവാത്സല്യത്തെ പോലും ശമിപ്പിക്കാന്‍ അവരെ പ്രാപ്തയാക്കി.

ഹദീസ് ശേഖരണത്തിനായി  ഇമാം ബുഖാരി (റ) താണ്ടിക്കടന്ന ദേശങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും കണക്കില്ല. ദൈര്‍ഘ്യമേറിയതും ദുര്‍ഘടങ്ങളുമായ അനവധി യാത്രകള്‍.ആറ് ലക്ഷം ഹദീസുകളില്‍ നിന്ന് കടഞ്ഞെടുത്തതാണ് ഏഴായിരത്തില്‍ പരം മാത്രം വരുന്ന തന്റെ സ്വഹീഹിലെ ഹദീസുകളെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അതിലടങ്ങിയിട്ടുണ്ട് അവര്‍ സഹിച്ച ത്യാഗത്തിന്റെയും ശ്രമങ്ങളുടെയും ആഴം.

ഹദീസ് വിദഗ്ദന്‍ മാത്രമായിരുന്നില്ല ഇമാം ബുഖാരി (റ). കര്‍മ ശാസ്ത്രത്തിലും ചരിത്രത്തിലുമടക്കം വിവിധ ശാഖകളില്‍ അദ്ദേഹം വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്. താരീഖുല്‍ കബീര്‍, താരീഖുസ്സ്വഗീര്‍, അദബുല്‍ മുഫ്റദ് തുടങ്ങി വിവിധ വിജ്ഞാനശാഖകളില്‍ അദ്ദേഹം ചെയ്ത കൃതികള്‍ പ്രശസ്തമാണ്.

ബാല്യകാലത്ത് തന്നെ വിധിയായി വന്ന അനാഥത്വത്തെയും അന്ധതയെയും തോല്‍പ്പിച്ച് മുഹമ്മദ് ബ്നു ഇസ്മാഈല്‍ (റ) ഉയരുകയായിരുന്നു. ഉപ്പയും ഉമ്മയും സ്വപ്നം കണ്ട വിജ്ഞാന ഗോപുരങ്ങളുടെ ഉച്ചിയിലേക്ക്.

അതിന് തുണയായത്, കാരിരുമ്പിനെപ്പോലും തോല്‍പിക്കുന്ന ആ ഉമ്മയുടെ കരുത്തും.  മാതൃസ്നേഹത്തോടൊപ്പം പിരൃലാളന കൂടി നല്‍കിയത് ആ ഉമ്മയായിരുന്നു.നാഥനോട് കരഞ്ഞ്കരഞ്ഞ് മകന്ന് കാഴ്ചശക്തി വാങ്ങിക്കൊടുത്തതും ആ ഉമ്മ തന്നെ. അതോടെ, ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് തിരുനബി (സ്വ) യിലേക്ക് നോക്കാനുള്ള ഏറ്റവും വിശ്വസ്തമായ കണ്ണും കാഴ്ചയുമായി മാറുകയായിരുന്നു ആ മാതാവിന്റെ പുത്രന്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter