സൈനബ് അൽ ഗസ്സാലി: വെല്ലുവിളികളെ സധീരം നേരിട്ട ഈജിപ്ഷ്യന്‍ പണ്ഡിത

ഇരുപതാം നൂറ്റാണ്ടിലെ അദ്വിതീയ മുസ്‍ലിം പണ്ഡിതവനിതയാണ് സൈനബുൽ ഗസ്സാലി അൽ ജുബൈലി. 1917 ഈജിപ്റ്റിന്റെ ദഖഹ്‍ലിയ്യ പ്രവിശ്യയിലാണ് ഇവർ ജനിക്കുന്നത്. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ, കച്ചവടക്കാരനായ പിതാവ് ചെറുപ്പത്തിലേ തന്റെ മകൾക്ക് ചരിത്രത്തിൽ വനിതകൾ ചെയ്ത് വെച്ച സംഭാവനകളെ കുറിച്ചും അവരുടെ നേതൃത്വപാടവത്തെ കുറിച്ചും നിരന്തരം ഉൽബോധനം നൽകുമായിരുന്നു. 

നബി (സ്വ) തങ്ങളുടെയൊപ്പം ഇസ്‍ലാമിന് വേണ്ടി അനവധി യുദ്ധങ്ങളിൽ പങ്കെടുത്ത, സൂറത്തുൽ അഹ്സാബിലെ മുപ്പത്തിയഞ്ചാം സൂക്തം അവതരിക്കാന്‍ നിമിത്തമായ നുസൈബ ബിൻത് കഅ്ബ് ബീവിയുടെ ജീവിതപാഠങ്ങളായിരുന്നു മിക്കപ്പോഴും പിതാവ് സൈനബ് അൽ ഗസ്സാലിക്ക് പറഞ്ഞുകൊടുത്തിരുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പത്തിലേ മഹതിയുടെ പ്രചോദന പാത്രമായിരുന്നു ഉമ്മു അമ്മാറഹ് എന്ന് വിളിപ്പേരുള്ള നുസൈബ ബീവി. സൈനബ് അൽ ഗസ്സാലിയുടെ ജീവിതം പരിശോധിക്കുമ്പോഴും ആ ഒരു സ്വാധീനം നമുക്ക് പ്രകടമാകും. 


ജമാഅത്തുസ്സയ്യിദാത്തിൽ മുസ്‍ലിമാത് 

തന്റെ കൗമാരദശയിലാണ് സൈനബ് ഗസ്സാലി ഈജിപ്റ്റിലെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി രംഗത്തിറങ്ങുന്നത്. തുടർന്നവർ ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് സമാജത്തിൽ ചേർന്നുവെങ്കിലും സ്ത്രീക്ക് പൂർണ സ്വാതന്ത്ര്യാവകാശങ്ങൾ വകവെച്ച് നൽകുന്ന ഏകമതമാണ് ഇസ്‍ലാം എന്ന് തിരിച്ചറിഞ്ഞതോടെ സമാജം വിട്ടു. അതിന് ശേഷമാണ് 1936 ൽ ജമാഅത്ത് അല്‍ സയ്യിദാത് അല്‍ മുസ്‍ലിമാത് (മുസ്‍ലിം വിമൻസ് അസോസിയേഷൻ) എന്ന പ്രസ്ഥാനത്തിന് മഹതി ശിലപാകുന്നത്. ഇസ്‍ലാമിക വൃത്തത്തിൽ നിന്ന് കൊണ്ട് തന്റെ പ്രവർത്തന മേഖല വികസിപ്പിക്കുകയായിരുന്നു ഈ ഉദ്യമത്തിലൂടെ സൈനബ് ഗസ്സാലി. മുഖ്യമായും ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ത്രീ വിദ്യാഭ്യാസവും (പ്രത്യേകിച്ചും ഖുർആൻ വ്യാഖ്യാന പഠനം) കേന്ദ്രീകരിച്ചായിരുന്നു പ്രസ്ഥാനം പ്രവർത്തനം മുന്നോട്ട് പോയിരുന്നത്. പാരമ്പര്യ ഇസ്‌ലാമിലധിഷ്ടിതമായി തന്നെ ബൗദ്ധിക രാഷ്ട്രീയ മേഖലകളിലും പൊതു ഇടങ്ങളിലും മുസ്‍ലിം സ്ത്രീ തന്റെ അടയാളപ്പെടുത്തലുകൾ നടത്തണമെന്ന നിർബന്ധം ഗസ്സാലിക്കുണ്ടായിരുന്നു. പ്രസ്തുത പ്രസ്ഥാനത്തിന്റെ മേന്മയായി കണക്കാക്കപ്പെടുന്നത് യൂറോപ്യൻ ഫെമിനിസത്തോട് പുറം തിരിഞ്ഞ് നിന്ന് ഇസ്‍ലാമിക മൂല്യങ്ങളിൽ നിലനിന്നു കൊണ്ട് തന്നെ മുസ്‍ലിം സ്ത്രീയുടെ സത്വം വിജയകരമായി ആവിഷ്കരിച്ചുവെന്നതാണ്.

മുസ്‍ലിം ബ്രദർഹുഡിലേക്ക് 

ഈജിപ്റ്റിലെ പ്രമുഖ മാഗസിനായ അൽ-ദഅവയിലെ എഴുത്ത്കാരിയും എഡിറ്ററുമായിരുന്ന സൈനബുൽ ഗസ്സാലി, കൈറോ നഗരത്തിലെ പുരാതന പള്ളിയായ ഇബ്ൻ തൂലൂനിൽ ആഴ്ചതോറും ഈജിപ്ഷ്യൻ വനിതകളെ അഭിസംബോധനം ചെയ്ത് സംസാരിക്കുമായിരുന്നു. തന്റെ പ്രബോധന പ്രവർത്തനങ്ങളിലും കർമ നൈരന്തര്യത്തിലും ആകൃഷ്ടനായാണ് 1928 ൽ സ്ഥാപിതമായ മുസ്‍ലിം ബ്രദർ ഹുഡ് സ്ഥാപകന്‍ ഹസനുൽ ബന്ന സൈനബ് അൽ ഗസ്സാലിയെ ബ്രദർ ഹുഡ് വനിതാ വിഭാഗം മുസ്‍ലിം സിസ്റ്റർഹുഡിന്റെ (അൽ അഖവാതുല്‍ മുസ്‍ലിമാത്) നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. 

ആദ്യം അവർ നിരസിച്ചെങ്കിലും പിന്നീട് ബ്രദർഹുഡിന്റെ ആശയങ്ങളിൽ സംതൃപ്തയായി, തന്റെ സംഘടനയിൽ (ജമാഅത്തുസ്സിയ്യിദാത്തിൽ മുസ്‍ലിമാത്) നിലനിൽക്കെതന്നെ മുസ്‍ലിം ബ്രദർ ഹുഡുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു കഥാനായിക. 1964 കളിൽ ഈജിപ്ഷ്യൻ ഗവണ്മെന്റ് മുസ്‍ലിം ബ്രദർ ഹുഡ് പിരിച്ചു വിടുമ്പോൾ നേരത്തെ സൂചിപ്പിച്ച അൽഅഖവാത് അൽ മുസ്‍ലിമാതിൽ ഏകദേശം മൂന്ന് മില്യൺ അനുയായികളുണ്ടായിരുന്നു എന്നാണ് കണക്കുകള്‍. 

അറസ്റ്റ് ചെയ്യപ്പെടുന്നു 

ഇസ്‍ലാമിക മൂല്യങ്ങൾക്ക് ആശ്രയവും ആനുകൂല്യവും നൽകാൻ ജമാൽ അബ്ദുൽ നാസറിന് കെൽപ്പുണ്ട് എന്ന വിശ്വാസത്തിന് പുറത്തായിരുന്നു മുസ്‍ലിം ബ്രദർ ഹുഡ് ഫാറൂഖ് രാജാവിനെതിരെയുള്ള പട്ടാള അട്ടിമറിക്ക് അബ്ദുൽ നാസറിനെ സഹായിച്ചത്. പക്ഷേ നാസർ അധികാരത്തിലെത്തിയ ശേഷം ബ്രദർ ഹുഡ് തന്റെ അധികാര നിലനിൽപ്പിന് ഭീഷണിയാണ് എന്ന് മനസ്സിലാക്കിയ നാസർ തനിക്കെതിരെയുള്ള വധശ്രമം ചുമത്തി രണ്ട് ബ്രദർ ഹുഡ് നേതാക്കളെ വധിക്കുകയാണുണ്ടായത്. ഇവർക്ക് ശേഷമാണ് ബ്രദർ ഹുഡ് നേതൃനിരയിലേക്ക് സയ്യിദ് ഖുത്ബ്, അബ്ദുൽ ഫത്താഹ് ഇസ്മായിൽ, സൈനബ് അല്‍ ഗസ്സാലി എന്നിവർ കടന്നു വരുന്നത്. സംഘടനയിലെ പ്രമുഖ നേതാക്കളുടെ അറസ്റ്റിന് ശേഷം 1985 ലായിരുന്നു സൈനബ് ഗസ്സാലിയെ തേടി നാസറിന്റെ പട്ടാളം എത്തുന്നത്. പിന്നീടുള്ള ദിവസങ്ങൾ കിരാത മർദ്ദനമുറകളുടേതായിരുന്നു. പട്ടിണിക്കിട്ടും ചാട്ടവാറിനടിച്ചും വധഭീഷണി മുഴക്കിയും അവരാ സാമുദായിക നായികയെ നിരന്തരം പീഢിപ്പിച്ച് കൊണ്ടിരുന്നു. 

ബ്രദർ ഹുഡ് അനുയായികളുടെയും നേതാക്കളുടെയും പേര് വെളിപ്പെടുത്താൻ അവർ ഗസ്സാലിയെ നിരന്തരം വേട്ടയാടിയെങ്കിലും അവർ ഒരക്ഷരം പോലും ഉരിയാടിയില്ല. മറിച്ച് ഇത്തരം സന്ദർഭങ്ങളിലെല്ലാം തന്റെ വിശ്വാസം കൂടുതൽ ദൃഢപ്പെടുകയായിരുന്നു. ഇരുട്ട് നിറഞ്ഞ ജയിലറയിൽ വുദൂ ചെയ്യാൻ വെള്ളം കിട്ടാതെ വന്നപ്പോൾ പോലും നിസ്കാരം ഒഴിവാക്കാൻ അവർ തയ്യാറായിരുന്നില്ല. പലപ്പോഴും വിശുദ്ധ ഖുർആൻ ആയിരുന്നു മഹതിയുടെ ഏകാന്തതമാറ്റിയിരുന്നത്. അക്രമ മുറകൾക്ക് വശംവദയാകാത്ത ഗസ്സാലിക്ക് അവർ സമ്പത്ത് വാഗ്ദാനം ചെയ്യുകയും അതിനും കീഴടങ്ങാതെ വന്നപ്പോൾ തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുകയുമാണ് ചെയ്തത്. ഇതിനിടക്ക് തന്റെ സഹപ്രവർത്തകരുടെ മരണ വാർത്തയും സൈനബ് ഗസ്സാലിക്ക് കേൾക്കേണ്ടി വന്നു. പക്ഷേ അപ്പോഴും നാഥനിലുള്ള തന്റെ അചഞ്ചലമായ വിശ്വാസത്തിന് ഒരിളക്കവും തട്ടിയിരുന്നില്ല. 

ദൈവഹിതമെന്നോണം 1967 ജൂൺ അഞ്ചിന് ജമാൽ അബ്ദുൽ നാസർ മരിക്കുകയും 25 വർഷത്തേക്ക് ജയിൽ വാസം വിധിക്കപ്പെട്ട അവർ, പ്രസിഡന്റ് അൻവർ സാദത് ഭരണമേറ്റതോടെ മോചിതയാകുകയും ചെയ്തു. റിലീസിന് മുൻപ് ഇനി പ്രബോധന രംഗത്തേക്ക് ഇറങ്ങില്ലെന്ന സമ്മത പത്രം ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കുകായിരുന്നു ഗസ്സാലി. 

സാഹിതീയ ജീവിതം 

ആണും പെണ്ണുമായി ആയിരക്കണക്കിന് വിദ്യാർഥികളുടെ നേതാവായിരുന്നു സൈനബ് അൽ ഗസ്സാലി. തഫ്സീർ ഇബ്ൻ കഥീർ, ഫീ ളിലാലിൽ ഖുർആൻ, അല് മുഹല്ല, അല് ഉമ്മ്, കിത്താബുത്തൗഹീദ് തുടങ്ങിയ ഗ്രന്ഥങ്ങൾ അവർക്ക് അധ്യാപനം നടത്തിയിരുന്നു മഹതി. നേരത്തെ സൂചിപ്പിച്ച ഇബ്ൻ തൂലൂൻ പള്ളിയിൽ സൈനബ് ഗസ്സാലിയുടെ ക്ലാസ്സ് കേൾക്കാൻ അയ്യായിരത്തോളം വിദ്യാർഥികള്‍ വരാറുണ്ടായിരുന്നു എന്നാണ് കണക്ക്. 

തന്റെ ജയിലനുഭവങ്ങൾ വിവരിച്ച് അൽ ഗസ്സാലി എഴുതിയ ഗ്രന്ഥമാണ് അയ്യാം മിൻ ഹയാത്തീ. യുകെ ഇസ്‍ലാമിക് ഫൗണ്ടേഷൻ 1989 ൽ ഇതിന് നൽകിയ വിവർത്തനമാണ് Return of the Pharaoh. കൂടാതെ അൽദഅവ പോലോത്ത  വ്യത്യസ്ത മാസികകളിൽ എഴുത്ത്കാരിയും എഡിറ്റുമായിരുന്നു അവർ. ഖുർആൻ വ്യാഖ്യാന മേഖലയിൽ അവർ നൽകിയ സംഭാവനയാണ് 'നള്റാത്ത് ഫീ കിതാബില്ലാഹി വമൻഹജിഹി" എന്ന ഗ്രന്ഥം. സൂറത്ത് ഫാതിഹ, അല്‍ബഖറ, ആലു ഇംറാൻ, സൂറതുനിസാഅ്, സൂറതുമാഇദ, അൻആം, അഅ്റാഫ്, അൻഫാൽ, തൗബ, യൂനുസ്, ഹൂദ് തുടങ്ങിയ സുറതുകളുടെ വ്യാഖ്യാനമാണ് പ്രസ്തുത ഗ്രന്ഥത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. 
ഇതിൽ നിന്നെല്ലാം സൈനബ് അല്‍ഗസ്സാലിയെ വ്യതിരക്തയാക്കിയിരുന്നത് യൂറോപ്യൻ ഫെമിനിസത്തിന് വശംവദയാകാതെ ഇസ്‍ലാമിക സാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ഠിതമായി നവോത്ഥാന രംഗത്തും സ്ത്രീ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിച്ചു എന്നതാണ്. അടുക്കള മുക്ത സ്ത്രീ സമുദ്ധാരണമായിരുന്നില്ല ഗസ്സാലിയുടെ കാഴ്ചപ്പാട്. മറിച്ച് ഇസ്‍ലാം മൂല്യാധിഷ്ഠിതമായ ഉന്നമന മനോഭാവമായിരുന്നു. 

മുമ്പേ സൂചിപ്പിച്ച പോലെ സ്വഹാബി വനിത നുസൈബ ബീവിയുടെ ജീവിതത്തില്‍നിന്ന് പൂർണാർത്ഥത്തിൽ പ്രചോദനം ഉൾകൊണ്ട സൈനബ് അൽ ഗസ്സാലി ശ്ലാഘനീയമായ ഒരുപാട് അടായളങ്ങൾ ശേഷിപ്പിച്ച് കൊണ്ട്, 2005 ആഗസ്റ്റ് മൂന്നിന് ഈ ലോകത്തോട് വിട പറഞ്ഞു. ഈജിപ്റ്റിൽ തന്നെയായിരുന്നു അവരുടെ വിയോഗവും. രണ്ടാം ഖലീഫ ഉമർ (റ) വിന്റെ കുടുംബ പരമ്പരയിൽ പെട്ട, ഇരുപതാം നൂറ്റാണ്ടിന്റെ ഈജിപ്ഷ്യൻ ഇതിഹാസ വനിതയായ ഈ പണ്ഡിതയെ, മുസ്‍ലിം ലോകം എന്നും ഏറെ ആദരവുകളോടെ ഓര്‍ത്ത് വെക്കുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter