നന്മയുടെ റാണി (ഭാഗം ആറ്)

കണ്ട കച്ചവടവും കാണാ കച്ചവടവും

ഖലീഫാ ഹാറൂന്‍ റഷീദിന്റെ പത്‌നി സുബൈദാ രാജ്ഞി ഒരു വഴിയിലൂടെ എങ്ങോട്ടോ പോകുകയാണ്. വഴിവക്കില്‍ ഒരിടത്ത് ആരൊക്കെയോ കൂട്ടം കൂടിയിരിക്കുന്നത് അവരുടെ ദൃഷ്ടിയില്‍പെട്ടു. അവര്‍ ഇറങ്ങി നോക്കുമ്പോള്‍ ബുഹ്‌ലൂലും കുറേ കുട്ടികളുമാണ്. പ്രത്യക്ഷത്തില്‍ ഭ്രാന്തനെന്നു തോന്നിക്കുന്ന ആഴമുള്ള ജ്ഞാനവും തത്വചിന്തയുമുള്ള ഒരു വ്യക്തിത്വമായിരുന്നു ബുഹ്‌ലൂല്‍. ഹാറൂന്‍ റഷീദിന്റെ ബന്ധു മാത്രമല്ല, കൊട്ടാരത്തില്‍ അനുമതി തേടാതെ എപ്പോള്‍ വേണമെങ്കിലും കടക്കാവുന്ന ആളുമായിരുന്നു ബുഹ്‌ലൂല്‍. 
കുട്ടികളുടെ ഇടയില്‍ ഇരുന്ന് ബുഹ്‌ലൂല്‍ മണ്ണില്‍ ഒരു വീടിന്റെ ചിത്രം കോറുകയാണ്. രാജ്ഞിക്കു കൗതുകം തോന്നി. രാജ്ഞി ചോദിച്ചു: 
'ഇതെന്താണ് നിങ്ങള്‍ ചെയ്യുന്നത്?'
'കണ്ടില്ലേ, ഞങ്ങള്‍ ഒരു വീടുണ്ടാക്കുകയാണ്'
'ഇതു നല്ല വീടാണല്ലോ, വലിയ ആള്‍ക്കാര്‍ക്കൊക്കെ പാര്‍ക്കുവാന്‍ പററിയ വീട്. ഏതായാലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ നിന്നും ഈ വീട് വിലക്കുവാങ്ങുവാന്‍ ഉദ്ദേശിക്കുന്നു'
'ഈ വീടോ?'
'അതെ, ഈ വീടു തന്നെ, എത്രയാണ് വില? പറഞ്ഞോളൂ..'
'എനിക്കും എന്നെ വീടു നിര്‍മ്മിക്കുവാന്‍ സഹായിക്കുന്ന ഈ കൂട്ടുകാര്‍ക്കും കൂടി മൊത്തം ആയിരം ദീനാര്‍'
അങ്ങനെ വെറും മണ്ണില്‍ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വരകള്‍ മാത്രമായ ആ സാങ്കല്‍പ്പിക വീട് ആയിരം ദീനാര്‍ നല്‍കി സുബൈദാ രാജ്ഞി വാങ്ങി.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഖലീഫ ഹാറൂന്‍ റഷീദ് ഒരു സ്വപ്നം കണ്ടു. സ്വര്‍ഗത്തിലെ ഒരു കൊട്ടാരത്തിലേക്കു താന്‍ ചെല്ലുന്നതും അതിലേക്കു കയറുവാന്‍ ശ്രമിക്കുമ്പോള്‍ ഇതു സുബൈദാ രാജ്ഞിയുടെ കൊട്ടാരമാണ് എന്നു പറഞ്ഞ് തടയുന്നതുമായിരുന്നു സ്വപ്നം. സ്വപ്നം കണ്ടതിന്റെ പിറേറന്ന് ഖലീഫ തന്റെ സദസ്സില്‍ സ്വപ്നം അവതരിപ്പിച്ചു. രാജ്ഞി എന്തു നന്‍മയാണ് അതിനായി ഈയടുത്ത് ചെയ്തത് എന്നു അന്വേഷിക്കണമെന്നായിരുന്നു കൊട്ടാരം വ്യാഖ്യാതാക്കളുടെ പക്ഷം. 
അതനുസരിച്ച് ഖലീഫ ഭാര്യയോട് കാര്യം ചോദിച്ചു. ഒരുപാട് നന്‍മകള്‍ ചെയ്യുന്ന തരക്കാരിയായിരുന്നതിനാല്‍ സ്വര്‍ഗത്തിലെ കൊട്ടാരം കിട്ടുവാനുണ്ടായ നന്‍മ അവര്‍ക്കു പെട്ടന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും കുറേ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ബുഹ്‌ലൂലില്‍ നിന്നും വീടു വാങ്ങിയ സംഭവം ഓര്‍മ്മവന്നു. അതുതന്നെയാകും കാരണം എന്നു കേട്ടവരെല്ലാം പറഞ്ഞു. അതോടെ ഖലീഫയുടെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. ബുഹ്‌ലൂലിന്റെ കയ്യില്‍ നിന്നും തനിക്കും ഒരു വീട് വാങ്ങിക്കണം.
പിറേറന്ന് ഖലീഫ ബുഹ്‌ലൂലിനെയും തിരക്കിയിറങ്ങി. പ്രതീക്ഷിച്ചതുപോലെ ബുഹ്‌ലൂല്‍ ഒരിടത്ത് കുട്ടികളുടെ ഇടയില്‍ മണ്ണില്‍ വീടിന്റെ ചിത്രവും കോറി ഇരിക്കുന്നുണ്ടായിരുന്നു. ഖലീഫ അവിടെയെത്തി. ഒരു വൃത്തിയും വെടിപ്പും ആകര്‍ഷണവുമില്ലാത്ത ആ വീടിന്റെ കോലം കണ്ട് ഖലീഫക്ക് പരിഹാസം തോന്നി. ഏതായാലും ആഖിറത്തില്‍ ഒരു സ്വര്‍ഗവീട് കിട്ടുവാന്‍ വേണ്ടിയാണല്ലോ, അതിനാല്‍ എല്ലാം ഒതുക്കി ഖലീഫ ബുഹ്‌ലൂലിനോട് പറഞ്ഞു: 
'ഈ വീട് എനിക്കു വേണം, എത്രയാണ് വിലയെങ്കില്‍ പറഞ്ഞുകൊള്ളുക'
ബുഹ്‌ലൂല്‍ അല്‍പം ആലോചിച്ചു നിന്നു പിന്നെ പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, ഇതിനു വില അല്‍പ്പം കൂടുതലാണ്'
'അതു സാരമില്ല, എത്രയാണെങ്കിലും പറഞ്ഞുകൊള്ളൂ'
'നൂറു ചാക്ക് സ്വര്‍ണ്ണവും പിന്നെ അന്‍പതു വലിയ തോട്ടങ്ങളും പിന്നെ......'; ഒരു വലിയ പട്ടിക തന്നെ നിരത്തി ബുഹ്‌ലൂല്‍.
വില കേട്ട് ഖലീഫ അല്‍ഭുത പരതന്ത്രനായിപ്പോയി. ഒരാള്‍ക്കൊന്നു കടന്നിരിക്കുക പോലും ചെയ്യുവാന്‍ കഴിയാത്ത ഈ വെറും വരവീടിന് ഇത്രയും വലിയ വിലയോ?, അദ്ദേഹം ആലോചിച്ചു.
ഖലീഫ ചോദിച്ചു: 'കഴിഞ്ഞ ദിവസം താങ്കള്‍ സുബൈദക്ക് ഇതേ പോലുള്ള ഒരു വീട് വിററത് ആയിരം ദീനാറിനായിരുന്നുവല്ലോ. ഇന്ന് എനിക്ക് ഇങ്ങനെ വില കൂടുവാന്‍ എന്താണു കാരണം?'
ബുഹ്‌ലൂല്‍ സ്വതസിദ്ധമായ ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, സുബൈദ രാജ്ഞി വാങ്ങിച്ചത് കണ്ടിട്ടില്ലാത്ത വീടാണ്. അതു വാങ്ങൂമ്പോള്‍ അതുകൊണ്ടു കിട്ടുന്ന വീടിന്റെ അലങ്കാരങ്ങളും പ്രത്യേകതകളും അവര്‍ക്കറിയില്ലായിരുന്നു. താങ്കള്‍ അങ്ങനെയല്ല, കിട്ടാനിരിക്കുന്ന ആ വീട് കണ്ടിട്ടാണ് വന്നിരിക്കുന്നത്. അപ്പോള്‍ വില കൂടും..'
ബുഹ്‌ലൂല്‍ വീണ്ടും ഖലീഫാ ഹാറൂന്‍ റഷീദിന്റെ മനസ്സിനെയും ശ്രദ്ധയെയും ചിന്തകളുടെ തിരമാലകളിലേക്ക് തള്ളിവിടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter