നീതിയുടെ ധ്വനിയും പ്രതിധ്വനിയും
ഖുതൈബത്തു ബിന്‍ മുസ്‌ലിമിന്റെ നേതൃത്വത്തിലായിരുന്നു മുസ്‌ലിംകള്‍ ഹിജ്‌റ 62ല്‍ സമര്‍ഖന്ത് കീഴ്‌പ്പെടുത്തിയത്.ശക്തമായ ഒരുമുന്നേററമായിരുന്നു ഖുതൈബയുടെ സൈന്യം നടത്തിയത്. പൊടുന്നനെയുണ്ടായ ഈ മുന്നേററത്തില്‍ ഒരുവേള സമര്‍ഖന്തുകാര്‍ വിറച്ചും വിറങ്ങലിച്ചും പോയി. ആ അന്ധാളിപ്പിനിടയില്‍ അവിടത്തുകാരായ അമുസ്‌ലിംകളുടെ പല മനുഷ്യാവകാശങ്ങളും മുതല്‍ അഭിമാനം വരെ ധ്വംസിക്കപ്പെട്ടു. ഇസ്‌ലാമിക നിയമവും കീഴ്‌വഴക്കവും അനുസരിച്ച് യുദ്ധത്തില്‍ പരാചിതരായ കക്ഷിയോട് ഔദ്യോഗിമകായി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അവരുടെ മുമ്പില്‍ മൂന്നു സാധ്യതകള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അവരെ ഇസ്‌ലാമിലേക്കു ക്ഷണിക്കുക, ജ്‌സ്‌യ നല്‍കി അമുസ്‌ലിംകളായിത്തന്നെ ഇസ്‌ലാമിക രാജ്യത്തിന്റെ പരിരക്ഷയില്‍ ജീവിക്കുക, ഇവരണ്ടിലൊന്ന് സ്വീകരിക്കുവാനോ രണ്ടും നിരാകരിച്ച് നാട്ടില്‍ നിന്നും മാറുവാനോ സുചിന്തിതമായി തീരുമാനിക്കുവാന്‍ അവര്‍ക്ക് കുറഞ്ഞത് മൂന്നുദിവസത്തെ സാവകാശം അനുവദിക്കുക എന്നിവയായിരുന്നു മൂന്നുകാര്യങ്ങള്‍.
എന്നാല്‍ ഈ മര്യാദകളൊന്നും പാലിക്കാതെ സേനാനായകന്‍ ഖുതൈബ അവരെ ഊരുവിലക്കി. അവര്‍ നഗരത്തിന് പുറത്തേക്ക് പോകേണ്ടിവന്നു. പുതിയ പരുക്കന്‍ സാഹചര്യങ്ങളോട് വളരെ കഷ്ടപ്പട്ടായിരുന്നു സമര്‍ഖന്ദുകാര്‍ മല്ലിട്ടത്. തങ്ങളുടെ സ്വന്തം സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള നിരാശയും കടുത്ത മാനഹാനിയും കൊണ്ട് അവര്‍ തളര്‍ന്നു.വിധിയോട് സമരസപ്പെടുന്നതിനിടയില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് ഇസ്‌ലാമിന്റെ നീതീബോധത്തെ കുറിച്ചു മനസ്സിലായി. ഖവാറസം മുതല്‍ സമര്‍ഖന്ത്‌വരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിന്റെ പുതിയ പ്രദേശത്ത് ഇസ്‌ലാമിനെ കുറിച്ചും ഇസ്‌ലാമിന്റെ മാനുഷിക വീക്ഷണത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പരന്നു കഴിഞ്ഞിരുന്നു. ഏതു ന്യായത്തേക്കാളും നീതിക്ക് പ്രാധാന്യം നല്‍കുന്നവരാണ് മുസ്‌ലിംകളുടെ ഭരണാധികാരി എന്നവര്‍ക്ക് മനസ്സിലായി. അതോടെ ഖുതൈബയുടെ സൈന്യം തങ്ങളോടുകാണിച്ച അനീതിക്കെതിരെ ഖലീഫക്ക് പരാതി നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. ആദ്യം അവര്‍ ഗവര്‍ണ്ണര്‍ സുലൈമാന്‍ ബിന്‍ അബീ സിര്‍റിന്റെ അനുമതി വാങ്ങി. അതുമായി അവരുടെ പ്രതിനിധി സംഘം ശാമിലേക്ക് ഖലീഫാഉമര്‍ ബിന്‍ അബ്ദില്‍അസീസിനെ കാണുവാനായി പുറപ്പെട്ടു.
അമവീ ഭരണകൂടത്തിലെ എട്ടാം ഖലീഫയായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അബ്ദുല്‍അസീസ്(റ) നീതിനിഷ്ടയില്‍ അഞ്ചാം റാഷിദീ ഖലീഫ എന്നു അറിയപ്പെടുന്ന ഭരണാധികാരിയായിരുന്നു. ഉമര്‍ ബിന്‍ ഖത്താബ്(റ)വിന്റെ മകന്‍ ആസ്വിം എന്നവരുടെ മകള്‍ ഉമ്മു ആസ്വിമില്‍ മദീനായിലെ അമവീ ഗവര്‍ണ്ണര്‍ മല്‍വ്വാനുല്‍ ഹകമിന്റെ മകന്‍ അബ്ദുല്‍അസീസ് എന്നവര്‍ക്കു ജനിച്ച മകനായിരുന്നു അദ്ദേഹം. നീതിയുടെ പര്യായമായി ജീവിച്ച ഉമര്‍(റ)വുമായുള്ള രക്തബന്ധവും സ്വഹാബിമാരുടെ യുഗത്തില്‍ തന്നെ മദീനായില്‍ ജനിച്ചു വളര്‍ത്തതിന്റെ ആത്മീയ സ്വാധീനവും കൂടിച്ചേര്‍ന്ന ഉമര്‍ ബിന്‍ അബ്ദുല്‍അസീസ്(റ) സുലൈമാന്‍ ബിന്‍ അബ്ദുല്‍മലികിനുശേഷം ഭരണത്തിലേറിയ സമയമായിരുന്നുഅത്. അദ്ദേഹത്തെ പററികേട്ട പുകളുകളാണ് സത്യത്തില്‍ സമര്‍ഖന്ദുകാരുടെ പ്രതീക്ഷകളെ ഊതിക്കത്തിക്കുന്നത്. അവര്‍ തങ്ങളുടെ നിവേദനവുമായി തലസ്ഥാന നഗരിയായ ഡമാസ്‌കസിലെത്തി. വഴികാണിച്ചുകൊടുത്ത കാഴ്ചകളും അനുഭവങ്ങളുമെല്ലാം അവരുടെ പ്രതീക്ഷയെ ഊതിക്കത്തിച്ചുകൊണ്ടിരുന്നു.
നീതിനിഷ്ഠനായ ഖലീഫാഉമര്‍ ബിന്‍ അബ്ദില്‍അസീസ്(റ) അവരുടെ പരാതി സാകൂതംകേട്ടു. സമര്‍ഖന്തുകാരുടെ പരാതിയില്‍ കണ്ണീരിന്റെ നനവും തന്റെ സൈനിക മേധാവി ഖുതൈബ കാണിച്ച അനീതിയുടെ ദുര്‍ഗന്ധവും ഖലീഫ അനുഭവിച്ചു. അദ്ദേഹം ഉടനെ ഗവര്‍ണ്ണര്‍ക്ക് ഇങ്ങനെ എഴുതി: സമര്‍ഖന്തിലെ തദ്ദേശീയരോട് ഖുതൈബ അനീതികാണിച്ചിരിക്കുന്നു എന്നും അവരെ അന്യായമായി നാട്ടില്‍ നിന്നും പുറത്താക്കിയിരിക്കുന്നു എന്നും ന്യായമായ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചിരിക്കുന്നു എനിക്കു പരാതിലഭിച്ചിരിക്കുന്നു. അതിനാല്‍ ഈ കത്തു കിട്ടിയാലുടന്‍ അവരുടെകാര്യം പരിശോധിക്കുവാന്‍ ഒരുഖാളിയെ നിയമിക്കുക. അവരുടെ പരാതിശരിയാണ്എന്ന് ആ ജഡ്ജ്കണ്ടെത്തുന്ന പക്ഷം നമ്മുടെ സേന നേടിയ വിജയത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുക. സമര്‍ഖന്തുകാരുടെ പരാതി ശരിയാണ് എന്നു തെളിഞ്ഞാല്‍ ചരിത്രം പ്രത്യേകം അടിവരയിട്ട് നോക്കിക്കാണുന്ന സമര്‍ഖന്ത് വിജയം ഉപേക്ഷിച്ച് ഖുതൈബയും മുസ്‌ലിംകളും അവിടെ നിന്നും പിന്‍മാറണമെന്നും ഊരുവിലക്കപ്പെട്ടവര്‍ക്ക് അവരുടെ നാടുംസ്വത്തുമെല്ലാം തിരിച്ചുനല്‍കുകയും ചെയ്യണം എന്നയിരുന്നു ഈ വിധി പ്രസ്താവത്തിന്റെ ധ്വനി. നീതിയോട് ഒരു ഭരണാധികാരികാണിക്കുന്ന അഭിനിവേശം അവരെ അത്ഭുതപ്പെടുത്തി. അവിടെ നിന്നിറങ്ങുമ്പോള്‍ ലോകത്തിലെങ്ങും കാണാത്ത ഒരു ആത്മനിര്‍വൃതിയുടെ കൈകളിലായിരുന്നുഅവര്‍. ആ വിധിയുടെ മുമ്പില്‍ സമര്‍ഖന്തുകാര്‍അത്ഭുത പരതന്ത്രരായിപ്പോയി.
നിര്‍ദ്ദേശം ലഭിച്ചയുടന്‍ ഗവര്‍ണ്ണര്‍സുലൈമാന്‍ ബിന്‍ അബീസിര്‍റ്ജമീഅ് ബിന്‍ ഹാളിറുല്‍ ബാജിയെ ഈ വിഷയത്തില്‍ ജഡ്ജായി നിശ്ചയിച്ചു.അദ്ദേഹം അന്വേഷണം ആരംഭിച്ചു. വിഷയം നന്നായി അപഗ്രഥനം ചെയ്തുപഠിച്ചു. നടപ്പാക്കുന്നത് നീതി തന്നെയാണ് എന്നു ഉറപ്പുവരുത്തുവാന്‍ വേണ്ടതെല്ലാം ചെയ്തു. അവസാനം അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ സമര്‍ഖന്തുകാരുടെ പരാതിയില്‍ കഴമ്പുണ്ട് എന്നുകണ്ടെത്തി. ജയിച്ചടക്കിയ നാട്ടില്‍ നിന്നും മുസ്‌ലിംസേന പിന്‍മാറേണ്ട അവസ്ഥ വന്നു. ജയിച്ചടക്കുകയും ഭരണം സ്ഥാപിക്കുകയും ചെയ്ത ഒരു നാട്ടില്‍ നിന്നും ധാര്‍മ്മികതയുടെ പേരില്‍ മാത്രം ഇങ്ങനെ പിന്‍മാറേണ്ടിവരുന്ന ചരിത്രത്തിലെ ആദ്യ സാഹചര്യമായിരുന്നു അത്. പക്ഷെ ഇസ്‌ലാമിന്റെയും ഖലീഫയുടെയും നിലപാട് അതാണ്. അതു നടന്നേപററൂ.ഖാളി അങ്ങനെ വിധിക്കുകയുംചെയ്തു.
കൗതുകകരമായ ഈ വാര്‍ത്ത സമര്‍ഖന്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ചലനങ്ങളുണ്ടാക്കി. മുസ്‌ലിംകള്‍ പക്ഷെ പിന്‍മാറുന്നതില്‍ ഒരു വിഷമവും കാണിച്ചില്ല.
തങ്ങളുടെ ആദര്‍ശത്തിന്റെ ഒരു നിലപാടിന് വഴങ്ങുന്നതില്‍ അവര്‍ക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അമുസ്‌ലിം വിഭാഗങ്ങളെ തങ്ങള്‍ക്കനുകൂല വിധിയായിരുന്നിട്ടും ഇത് ഒട്ടും സന്തോഷിപ്പിച്ചില്ല. കാരണം ഇസ്‌ലാമിന്റെ നന്‍മയും മേന്‍മയും അവര്‍ ഇതിനകം നേരില്‍ കണ്ടു കഴിഞ്ഞിരുന്നു. അവരിലൂടെ തങ്ങളുടെ നാടും സമൂഹവും വെളിച്ചത്തിലെത്തുന്നത് അവര്‍ അനുഭവിച്ചു തുടങ്ങിയിരുന്നു.ഈ സംഭവം കൂടിയായപ്പോള്‍ അത് അവരുടെ മനസ്സുകളില്‍ ഇസ്‌ലാമിനോട് വീണ്ടും ബഹുമാനമുണ്ടാക്കുകയാണ് ചെയ്തത്. അതിനാല്‍ മുസ്‌ലിംകള്‍ സമര്‍ഖന്തില്‍ നിന്നും തിരിച്ചുപോകുന്നത് അവര്‍ക്ക് അചിന്തനീയമായിരുന്നു. ഇത്രയും വലിയ നന്‍മയും നീതിയും തങ്ങളുടെ നാട്ടിലുണ്ടാവണമെന്ന് അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. അതിനാല്‍ അവര്‍ മുസ്‌ലിംകള്‍ തങ്ങളുടെ നാട്ടുവിട്ടുപോകരുത് എന്നും തങ്ങളോട് ചെയ്തതെല്ലാം തങ്ങള്‍ വിട്ടുവീഴ്ചചെയ്യുകയാണ് എന്നും പ്രഖ്യാപിച്ചു.
അങ്ങനെ ഈ സംഭവത്തിന്റെ ധ്വനി പോലെതന്നെ ഒരു ചരിത്രകൗതുകമായി, ആ ധ്വനിയുടെ പ്രതിധ്വനിയും.
(അദ്ദൗലത്തുല്‍ അമവിയ്യ)
Leave A Comment