‘പര്‍ച്ചേസിന്‍റെ പത്താ’യല്ലോ; ഇനി നമുക്ക് ഒറ്റക്കും കൂട്ടമായും വസ്ത്രാലയങ്ങളില്‍ നിരങ്ങാം

നോമ്പു പതിനഞ്ച് കഴിഞ്ഞതോടെ പിന്നെ അങ്ങാടിയിലൊക്കെ ഇറങ്ങി നടക്കാന്‍ കഴിയാത്ത അത്ര തിരക്കാണ്. പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്ന തിരക്കിലാണ് മലബാറിലെ മുസ്‌ലിംകള്‍. റോഡിലൂടെ പോകുന്ന ബസുകളെല്ലാം നമ്മുടെ വീട്ടാരെയും കുട്ടികളെയും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഫാബ്രിക്സിലെല്ലാം കയറാന്‍ കഴിയാത്ത തിരക്കാണ്. എല്ലാവരും പുതുവസ്ത്രം തേടിയുള്ള അലച്ചിലാണ്. ടെക്സറ്റയില്‍സിലേക്ക് കൂടി ഇഅ്തികാഫ് ഇരിക്കാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു നമ്മുടെ ‘ഖൌം’.

കച്ചവടക്കാര്‍ക്ക് ഇത് സീസണാണ്. റമദാന്‍-പെരുന്നാള്‍ ആശംസകള്‍ എഴുതി വെച്ച ബോഡുമായി അവര്‍ വെളിപ്പെട്ട് തുടങ്ങിയിട്ട് ദിവസങ്ങളായി. തിരക്ക് പ്രമാണിച്ച് മുസ്‌ലിംകളുടെ ഇഷ്ടത്തിലുള്ള പ്രത്യേക വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു കാത്തിരിക്കുകയാണ് അവര്‍. തിരക്ക് പ്രമാണിച്ച് കടയില്‍ വരുന്ന ഉപഭോഗ്താക്കളെ ഡീല്‍ ചെയ്യുന്നതിനായി പ്രത്യേകം ജോലിക്കാരെയും അവര്‍ നേരത്തെ ഏര്‍പ്പാട് ചെയ്തു വെക്കുന്നു.

ഇക്കൊല്ലത്തെ സ്വന്തം അനുഭവം പറയാം. റമദാനിന് ഒരാഴ്ച മുമ്പ് അറബിക് കോളേജ് പൂട്ടിയപ്പോള്‍ അവിടെ നിന്ന് പോന്നതാണ്. അതിന് ശേഷം പഠിപ്പിച്ചിരുന്ന ശിഷ്യരെ ആരെയും കണ്ടിരുന്നില്ല. രണ്ടു ശിഷ്യന്മാരെ നേരിട്ടു കാണുന്നത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി. നഗരത്തിലെ പ്രധാനപ്പെട്ട ഒരു ചെരുപ്പുകടയിലാണ് പണിയെന്ന് പറഞ്ഞു ഒരാള്‍. മറ്റവനെ നേരിട്ട് കണ്ടത് തന്നെ അവന്‍ ജോലി ചെയ്യുന്ന വസ്ത്രാലയത്തില്‍ കയറി. രണ്ടുപേരും റമദാനിലെ സീസണ്‍കച്ചവടത്തിന് വേണ്ടി പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ടവര്‍. അറബിക്കോളജുകളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇതുപോലെ റമദാന്‍ സീസണുകള്‍ക്കായി നമ്മുടെ നിരത്തിലെ വസ്ത്രാലയങ്ങളിലേക്കും ചെരുപ്പുകടകളിലേക്കും പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

റമദാനിന് ‘മുതഅല്ലിമു’കള്‍ ഇത്തരം ജോലി ചെയ്യരുതെന്ന് പറയാനല്ല ഇതു കുറിച്ചത്. എന്നല്ല, വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു മാസത്തെ ലീവിന് ഇതുപോലെയുള്ള ജോലി വല്ലതും ചെയ്ത് അല്‍പം സമ്പാദ്യമൊക്കെ ഉണ്ടാക്കാന്‍ അറബിക് കോളജുകളിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് തന്നെയാണ് കുറിപ്പുകാരന്‍റെ പക്ഷം. പഠനകാലത്ത് വ്യക്തിപരമായി കുറിപ്പുകാരനും അത്തരം ചില ശ്രമങ്ങള്‍ നടത്തിയിരുന്നതുമാണ്. എന്നാല്‍ ഇതിനു മറ്റൊരു വശമുണ്ട്. റമദാന്‍- പെരുന്നാള്‍ പ്രമാണിച്ച് നമ്മളെ കാന്‍വാസ് ചെയ്യാമെന്ന് ഇവിടത്തെ കച്ചവടക്കാര്ക്ക് കൃത്യമായി ബോധ്യമുണ്ട്. അതിനായി അവര്‍ നേരത്തെതന്നെ നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ഇത്രയും പറഞ്ഞതിന്‍റെ ലക്ഷ്യം.

purchaseമഗ്ഫിറത്തിന്‍റെ പത്ത് പകുതിയാകുന്നതോടെ പിന്നെ നമ്മുടെ പ്രധാനപ്പെട്ട ഒരു റമദാന്‍ അജണ്ട ‘തുണിയും കുപ്പായവും’ വാങ്ങലാണ്. അതിനായി ഗള്‍ഫില്‍ നിന്ന് വരുന്ന പ്രത്യേക ബജറ്റിനായുള്ള കാത്തിരിപ്പ്… അത് ലഭിക്കുന്നതോടെ പിന്നെ അങ്ങാടിയിലേക്ക് പ്രത്യേകം വണ്ടിയെടുത്തുള്ള പോക്ക്… വസ്ത്രങ്ങള്‍ പല ഇനങ്ങളിലും വകുപ്പുകളിലുമായുള്ള വാങ്ങിക്കൂട്ടല്‍… സത്യത്തില്‍ മലബാറിലെ റമദാനിനിപ്പോള്‍ ‘പര്‍ച്ചേസി’ന്‍റെ ഒരു പത്ത് കൂടിയുണ്ട്. ഇവിടത്തെ ശരാശരി കുടുംബത്തിന്‍റ അവസ്ഥ ഇതൊക്കെ തന്നെയാണ്. പലപ്പോഴും ഈ പരിപാടി നോമ്പ് ഒരു 27 വരെയെങ്കിലും തുടരുന്നുവെന്ന് പറയാം.

നോമ്പിന് മുന്നെ നമ്മുടെ വീടകങ്ങള്‍ ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങി ഒരുങ്ങുന്നു. നോമ്പ് പകുതിയാകുന്നതോടെ പിന്നെ ഒരുക്കം പെരുന്നാളിന് വേണ്ടിയും നടത്തുന്നു. ഭക്ഷണപദാര്‍ഥങ്ങളുടെ ഒരുക്കത്തിനിടെ റമദാന്‍ വരുന്നു. വസ്ത്രങ്ങളുടെ ഒരുക്കത്തിനിടെ അത് കടന്നുപോകുകയും ചെയ്യുന്നു! അതിനിടയില്‍ റമദാനിനായുള്ള നമ്മുടെ ‘ഒരുക്കം’ എവിടെയോ ഒലിച്ചു ഇല്ലാതെയാകുന്നു. റമദാനിന് മുന്നെ പൊതുവെ ഫ്രിഡ്ജ് കാലിയായി കിടക്കുന്ന വീടുകളിലും റമദാന്‍ കാലത്ത് ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നത് ഒരു വിരോധാഭാസം തന്നയല്ലേ.

പെരുന്നാളിന് പുതുവസ്ത്രം ധരിക്കുന്നത് സുന്നത്ത് തന്നെ. അത് അങ്ങനെ തന്നെ വേണം താനും. പക്ഷേ, ഉപഭോഗപരതയുടെ ഇക്കാലത്ത് നമ്മളതില്‍ അല്‍പം ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. എന്ന് മാത്രമല്ല, പലപ്പോഴും പെരുന്നാളിലെ പ്രധാനപ്പെട്ട സുന്നത്തായ നിസ്കാരം നിര്‍വഹിക്കാന്‍ ശ്രമിക്കാത്തവരാണ് നമ്മുടെ വീടുകളിലെ സ്ത്രീകളെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

വാര്‍ഡോബുകളില്‍ അട്ടിവെച്ച വസ്ത്രക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഏത് ധരിക്കണമെന്ന് ‘നിത്യവും’ സംശയിക്കുന്ന നമ്മളാണ് വരാനിരിക്കുന്ന പെരുന്നാള്‍ പ്രമാണിച്ച് വീണ്ടും രണ്ടു കൂട്ട് വസ്ത്രം വാങ്ങാനായി അങ്ങാടിയിലേക്ക് ജാഥ പോകുന്നത്. അതിലെ ഉദ്ദേശ്യശുദ്ധി സംശയാവഹമാണെന്ന് പറയാതെ വയ്യ. ഇത്തരത്തില്‍ നാം വാങ്ങിക്കൂട്ടുന്ന പുതുവസ്ത്രത്തിന്‍റെ പേരില്‍ നമുക്ക് സുന്നത്തിന്‍റെ പ്രതിഫലമാണോ ലഭിക്കുക. അതോ അമിതവ്യയത്തിനുള്ള ശിക്ഷ തന്നെയോ? അറിയില്ല. തങ്ങളുടെ ‘നിയ്യത്തി’നെ കുറിച്ച് അവനവന് തന്നെയാണല്ലോ ഏറ്റവും ബോധ്യം കാണുക?

റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഒരു രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവിട്ടാണ് നമ്മുടെ ഓരോ കുടുംബങ്ങളും ഈ പര്‍ച്ചേസ് പരിപാടിയിലേര്‍പ്പെടുന്നത് എന്ന് ആലോചിക്കാതെയൊന്നുമല്ല കുറിപ്പെഴുതാനിരുന്നത്. തത്കാലം രക്ഷപ്പെടുന്നതിനായി നാമുയര്‍ത്തുന്ന ഈ വാദം ന്യായമാണു താനും. എന്നാല്‍ അതിന് വേണ്ടി മാത്രം നമ്മള്‍ നടത്തുന്ന ‘തിടുക്കപ്പെടലി’ലെ അപകടം കണ്ടില്ലെന്ന് നടിച്ചുകൂടാ. അതിനെല്ലാം പുറമെ, ഓരോ കുടുംബങ്ങളും വളരെ ‘വ്യക്തിപര’മായി നടത്തുന്ന ഈ പര്‍ച്ചേസിങ്ങിന് ഒരു സാമുഹിക വശമുണ്ട്. നമ്മള്‍ മുസ്‌ലിംകള്‍ മൊത്തത്തില്‍ ഉപഭോഗപരതയെ ആരാധിക്കുന്ന ഒരു സമൂഹമായി മാറുന്നുവെന്നതാണ് അപ്പറഞ്ഞ സാമൂഹികവശം. മുസ്‌ലിം സമുദായത്തില്‍ ഈ ആരാധന വര്‍ഷംതോറും മൂര്‍ഛിച്ചു വരുന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ലെന്ന് തോന്നുന്നില്ലേ?

ramadan purchaseഎന്തോ ആയിക്കോട്ടെ. പെരുന്നാള്‍ ദിനത്തില്‍ നാമൊക്കെ പുതുപുത്തന്‍ വസ്ത്രം ധരിച്ചിറങ്ങുന്നതില്‍ ഒരു ധിക്കാരത്തിന്‍റെ വശം കൂടിയുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഏറ്റവും മുന്തിയ ഐറ്റം അണിയിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വരെ അവന്‍റെ സമപ്രായക്കാര്‍ക്കിടയില്‍ നാം ധിക്കാരിയാക്കി മാറ്റുന്നു. വസ്ത്രങ്ങള്‍ പരസ്പരം തുലനം ചെയ്യുക സമപ്രായക്കാരായ കുട്ടികളില്‍ സാധാരണയാണല്ലോ. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന് പ്രത്യേകം നിശ്കര്‍ഷയുള്ളത് കൊണ്ടാണ് ഫിത്വര്‍സകാത്ത് കൊടുക്കാന്‍ മുസ്‌ലിംകള്‍ക്ക് കല്‍പനയുള്ളതെന്ന് നാം വലിയവായില്‍ പ്രസംഗിക്കാറുണ്ട്. എന്നാല്‍ സകാത്ത് കൊടുത്ത ശേഷം വസ്ത്രം മാറി വീട്ടില്‍ നിന്നറിങ്ങുന്നതോടെ തന്നെ നാം പറഞ്ഞ സമഭാവന വെറുംവാക്കായിരുന്നുവെന്ന് വരുന്നു. അത്രയും നിറപ്പകട്ടാര്‍ന്നതും മുന്തിയതുമായി ഐറ്റം ഉടുപ്പുകള്‍ ധരിക്കാനാണ്‌ പെരുന്നാളിന് നാം ശ്രമിക്കുന്നത്. നമ്മുടെ വീടുകളിലെ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നഗ്നത മറക്കുമ്പോഴും നമ്മുടെ വാദഗതിയിലെ പൊള്ളത്തരങ്ങള്‍ ഇത്തരം വസ്ത്രങ്ങള്‍ തുറന്നുകാട്ടുന്നുണ്ടെന്ന് നാം അറിയാതെ പോകുന്നു.

പെരുന്നാള്‍ നിസ്കാരത്തിനുള്ള വസ്ത്രധാരണത്തില്‍ ഉത്തരേന്ത്യ ഒരു മാതൃകയാണെന്ന് തോന്നിയിട്ടുണ്ട്. മിക്കവാറും എല്ലാവരും വെളുത്തൊരു പൈജാമയും കുര്‍ത്തയും ധരിച്ചാണ് അവിടെ പള്ളിയില്‍ വരാറ്. അതില്‍ പരസ്പര സമഭാവനയുടെ ഒരു അംശമുണ്ട്; വളരെ പ്രകടമായ ഒന്ന് തന്നെ. ആ സമയത്തെങ്കിലും അന്നാട്ടിലെ ഏറ്റവും വലിയ മുതലാളിയും അവിടത്തെ പാവപ്പെട്ട സൈക്കിള്‍റിക്ഷക്കാരനും ഒരുപോലെയായി മാറുന്നുണ്ടല്ലോ. അവരുടെ കുഞ്ഞുങ്ങളും ഇതുപോലെ വെളുത്ത ജുബ്ബയും പൈജാമയും ധരിച്ചാണ് മസ്ജിദില്‍ വരാറ്. റിക്ഷക്കാരന്‍റയും 300 റിക്ഷകളുടെ മുതലാളിയുടെയും കുഞ്ഞുങ്ങള്‍ക്കിടയില്‍ കുറഞ്ഞ സമയത്തേക്കെങ്കിലും രൂപപ്പെട്ടു വരുന്ന ഈ സമഭാവന അത്ര നിസ്സാരമായ കാര്യമാണോ?

ലേഖനത്തിലേത് കുറിപ്പുകാരന്‍റെ വ്യക്തിപരമായി അഭിപ്രായങ്ങളാണ്. മെയില്‍: manharup@gmail.com

(തലക്കെട്ടിന് കടപ്പാട്കമ്പിയില്‍ പിടിച്ചു നിന്നുള്ള ബസ് യാത്രക്കിടെ വണ്ടിയിലെ സ്ത്രീകളുടെ തിരക്ക് കണ്ട് ആത്മഗതം നടത്തിയ അപരിചിതനായ വയോധികനോട്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter