മുൻഗാമികളും നോമ്പും

വാഖിദി(റ) പറയുന്നു: ഇമാം ഇബ്നുഅബീദിഅ്ബ് രാത്രി മുഴുവനും നിസ്കരിക്കുകയും ആരാധനാകർമ്മങ്ങളിൽ മുഴുകുകയും ചെയ്യുമായിരുന്നു. നാളെയാണ് അന്ത്യനാൾ എന്ന് പറയപ്പെട്ടാൽ പോലും അതിൽ അല്പം പോലും അദ്ദേഹം വർദ്ധിപ്പിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു, അദ്ദേഹം ആദ്യമൊക്കെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു നോമ്പനുഷ്ഠിച്ചിരുന്നത്. പിന്നീടത് ദിവസവും പതിവാക്കി.

മുഹമ്മദുബ്നുഅബ്ദിൽഅഅലാ (റ) പറയുന്നു: എന്നോട് മുഅ്തമിറുബ്നുസുലൈമാൻ പറഞ്ഞു, നീ എന്റെ കുടുംബക്കാരനായത് കൊണ്ട് മാത്രം ഞാൻ നീയുമായി ഒരു കാര്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എന്റെ പിതാവ് നാല്പത് വർഷം കഴിച്ചത് ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചുകൊണ്ടായിരുന്നു. അക്കാലമത്രയും അദ്ദേഹം സുബ്ഹി നിസ്കരിച്ചത് ഇശാഅ് നിസ്കാരത്തിന്റെ വുളൂ കൊണ്ടായിരുന്നു. ഖസ്വീനിലെ ഒരു പറ്റം പണ്ഡിതർ പറയാറുണ്ടായിരുന്നു:

അബുൽഹസനെ(റ)പ്പോലെ മറ്റൊരാളെ ഞങ്ങൾ കണ്ടിട്ടില്ല. മുപ്പത് വർഷം അദ്ദേഹം തുടർച്ചയായി നോമ്പെടുത്തു. റൊട്ടിയും ഉപ്പുമാണ് നോമ്പ് തുറക്കാൻ അദ്ദേഹം കഴിക്കാറുണ്ടായിരുന്നത്. അതിയ്യബിൻഖൈസ്(റ) പറയുന്നു: അബൂമുസ്ലിം (റ) റോം പ്രദേശത്ത് ധർമ്മയുദ്ധത്തിലായിരുന്നപ്പോൾ ഒരു പറ്റം ഡമസ്കസുകാർ അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹം തന്റെ തമ്പിൽ ഒരു കുഴിയുണ്ടാക്കി അതിൽ വെള്ളം നിറച്ചുവെച്ചിരുന്നു. നോമ്പെടുത്ത് ക്ഷീണിക്കുമ്പോൾ ശരീരം തണുപ്പിക്കാനായിരുന്നു അത്. ഇത് കണ്ട ആഗതർ അദ്ദേഹത്തോട് ചോദിച്ചു:

നിങ്ങൾ യാത്രക്കാരനല്ലേ, പിന്നെന്തിനാണ് നോമ്പെടുക്കുന്നത്? അദ്ദേഹം പറഞ്ഞു, യുദ്ധമുഖത്തെത്തുമ്പോൾ ഞാൻ നോമ്പ് മുറിക്കും. കുതിരകൾ മെലിഞ്ഞൊട്ടിയവരായ ശേഷമേ ലക്ഷ്യം നേടാറുള്ളൂവല്ലോ. നമ്മുടെ ശാശ്വതമായ സുഖദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, അതിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്. ഇബ്നുഅബീഉദയ് പറയുന്നു: ദാവൂദുബ്നുഅബീഹിന്ദ്(റ) നാല്പത് വർഷം നോമ്പെടുത്തു, അദ്ദേഹത്തിന്റെ വീട്ടുകാർപോലും ആ വിവരം അറിഞ്ഞിരുന്നില്ല. കച്ചവടമായിരുന്നു അദ്ദേഹത്തിന്റെ ജോലി. രാവിലെ വീട്ടിൽനിന്ന് പോവുമ്പോൾ പ്രഭാതഭക്ഷണവുമായി അദ്ദേഹം പുറപ്പെടും, അത് വഴിയിൽ കാണുന്ന പാവങ്ങൾക്ക് ദാനം ചെയ്യും.

വൈകുന്നേരം തിരിച്ചെത്തുമ്പോൾ അവരുടെ കൂടെ ഭക്ഷണം കഴിച്ച് നോമ്പ് തുറക്കുകയും ചെയ്യും. മഅ്റൂഫുൽ കർഖി(റ)വിനോട് തന്റെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: പ്രവാചകർ(സ) നോമ്പനുഷ്ഠിച്ചത് ഇത്തരത്തിലായിരുന്നു. ദാവൂദ്നബി (അ) നോമ്പ് അനുഷ്ഠിച്ചത് ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞ് അത് വിശദീകരിച്ചുകൊടുത്തു. നിങ്ങളുടെ നോമ്പ് എങ്ങനെയാണെന്ന് ചോദ്യകർത്താവ് വീണ്ടും ശഠിച്ചുചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ എന്നും നോമ്പെടുക്കും. ആരെങ്കിലും എന്നെ വല്ലതും കഴിക്കാൻ ക്ഷണിച്ചാൽ ഞാൻ നോമ്പ് മുറിച്ച് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കും. നഫീസബീവി(റ) ദിവസവും നോമ്പെടുക്കുമായിരുന്നു. ഇത് കണ്ട് ചിലർ അവരോട് ഇങ്ങനെ പറഞ്ഞു, നിങ്ങൾ ശരീരത്തെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.

അപ്പോൾ മഹതിയുടെ പ്രതികരണം ഇതായിരുന്നു, എങ്ങനെ എന്റെ ശരീരത്തെ ഞാൻ കഷ്ടപ്പെടുത്താതിരിക്കും. നമുക്ക് മുറിച്ചുകടക്കാനുള്ള പ്രയാസമേറിയ പാതകളാണ്. മഹതി മരണപ്പെടുമ്പോഴും നോമ്പുകാരിയായിരുന്നു. മരണരോഗത്തിൽ പലരും നോമ്പ് മുറിക്കാൻ നിർബന്ധിച്ചു. അപ്പോൾ മഹതി അവരോട് ഇങ്ങനെ പ്രതിവചിച്ചു, ഞാൻ മുപ്പത് വർഷമായി, നോമ്പോട്കൂടി മരിക്കാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള ഭാഗ്യം കൈവന്നപ്പോൾ ഞാൻ അത് വേണ്ടെന്ന് വെക്കുകയാണോ ചെയ്യേണ്ടത്...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter