ലോകചരിത്രം നോക്കൂ; ബദറിന് മുമ്പത്തെ പോലെയല്ല ശേഷമുള്ള ചരിത്രം

ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ യുദ്ധങ്ങളിലൊന്നാണ് ബദര്‍. അല്ലാഹു അതിനെ വിളിച്ചത് തന്നെ യൌമുല്‍ഫുര്‍ഖാന്‍ (വിഭജനത്തിന്‍റെ ദിനം) എന്നാണ്. അത് കൊണ്ട് തന്നെ മുസ്‌ലിം/ഇസ്‌ലാമിക ചരിത്രത്തെ ബദ്റിന് മുമ്പും പിമ്പും എന്ന് വ്യാഖ്യാനിക്കാമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ചരിത്രം നോക്കൂ.

ബദറിന് മുമ്പത്തെ പോലെയല്ല ചരിത്രം ബദറിന് ശേഷം. മക്കയും മദീനയുമടങ്ങുന്ന അന്നത്തെ ഇസ്‌ലാമിക ലോകത്തും അറേബ്യന്‍ ഉപദ്വീപില്‍ പൊതുവെയും അത് ചെലുത്തിയ സ്വാധീനം ചെറുതല്ല. ലോകത്തെ മൊത്തത്തില്‍ തന്നെ ബദര്‍ സ്വാധീനിച്ചുവെന്ന് പറയാമെന്ന് തോന്നുന്നു. ബദര്‍ സംഭവിച്ചത് ലോകചരിത്രത്തില്‍ തന്നെയായിരുന്നു, ഇസ്‌ലാമിക ചരിത്രത്തിലേക്ക് മാത്രം അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ബദര്‍ വരുത്തി സ്വാധീനങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.

മുസ്‌ലിംകളില് വരുത്തിയ സ്വാധീനം

ഒന്ന്, ഒരു മുസ്‌ലിം രാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തിന് വഴിവെച്ചു മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ബദറിന്‍റെ ഏറ്റവും വലിയ പ്രാധാന്യം ഇതു തന്നെയാണ്. അന്നത്തെ പടയാളികളുടെ ചുമലിലാണ് ഇസ്ലാം അതിന്‍റെ രാഷ്ട്രം കെട്ടിപ്പടുത്തത്. പടക്കളത്തില്‍ തങ്ങളുടെ നിലപാട് എന്തായിരിക്കണം, സമീപനം എങ്ങനെ രൂപപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളില്‍ ബദ്റിനോളം മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ച മറ്റേതു യുദ്ധമാണുള്ളത്. പില്‍ക്കാലങ്ങളിലും മുസ്‌ലിം സമൂഹം നേടിയ വിജയത്തിന്‍റെ അടിസ്ഥാന പാഠം അവര്‍ക്ക് നല്കിയത് ബദ്റിലെ പടക്കളമായിരുന്നു.

ബദര്‍യുദ്ധമാണ് ഇസ്‌ലാമിന് അറേബ്യന് ഉപദ്വീപില്‍ ഒരു മേല്‍വിലാസം നല്‍കിയത്. അക്കാലത്തെ സാഹചര്യത്തില്‍ ബദര്‍ തന്നെയായിരുന്നു ഇസ്‌ലാമിന്‍റെ പൊതുവ്യാപനത്തിന് സഹായിച്ച ഏറ്റവും വലിയ മേല്‍വിലാസം. ബദ്റിന് ശേഷമാണ് ഇസ്ലാം പ്രസ്തുത സമൂഹത്തില്‍ അറിയപ്പെടുന്നത്. അതിന് മുമ്പ് ഇസ്‌ലാമിന്‍റെ ആവിര്‍ഭാവം മക്കക്കും പുറത്തുള്ളവരെ സംബന്ധിച്ചിടത്തോളെ വെറുമൊരു പ്രാദേശിക തര്‍ക്കം മാത്രമായിരുന്നു. മക്കയില്‍ വന്ന ഒരാള്‍. അദ്ദേഹത്തിന് കീഴില്‍ നിരവധി അനുയായികള്‍. അവരുടെ പുതിയ ഒരു ചിന്താഗതി. അത്രമാത്രമായിരുന്നു പൊതുവില്‍ ബദര്‍.

എന്നാല്‍ നബിയും അനുചരരും ഹിജ്റ പോയതോടെ ഇസ്‌ലാമിന് കൂടുതല്‍ മാനം കൈവന്നു. അത് പിന്നെ വിശാലമാകുന്നതും പൊതുജനം ഇസ്സാമിനെ അടുത്തറിയാന്‍ ശ്രമിക്കുന്നതും ബദര്‍യുദ്ധം നടന്നതോടെയാണ്. രണ്ട്, യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിംകളെയും ബദര്‍ സ്വാധീനിച്ചു ബദര്‍ യുദ്ധത്തില്‍ വമ്പിച്ച വിജയവുമായിട്ടാണ് നബിയും സംഘവും മടങ്ങുന്നത്. അവര്‍ക്ക് നല്ല  സന്തോഷമായിരുന്നു. എന്നാല്‍ ബദറില്‍ പങ്കെടുക്കാതിരുന്ന ചില സ്വഹാബത്ത് മദീനയിലുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പങ്കെടുത്തില്ലെന്ന ദുഖവുമായിരുന്നു.

സാധാരണ യുദ്ധരീതി അനുസരിച്ച് വിജയിച്ച സൈന്യം മൂന്ന് ദിവസം അവിടെ തന്നെ തങ്ങിവേണം തിരിച്ചുപോരാന്‍. നബിയും അനുചരന്മാരും അത്രയും ദിവസത്തിന് ശേഷമാണ് മടങ്ങിയത്. അതുകൊണ്ട് തന്നെ സൈന്യം മടങ്ങിവരും മുമ്പെ ബദ്റിലെ വിജയവാര്‍ത്ത മദീനയില്‍ എത്തിയിരുന്നു. അവരെ വരവേല്‍ക്കുന്നതിന് പ്രത്യേക പരിപാടികളും മദീനയിലുണ്ടായിരുന്നവര്‍ ഏര്‍പ്പാടാക്കിയിരുന്നു. അക്കൂട്ടത്തില്‍ പല സ്വഹാബാക്കളും യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിലുള്ള തങ്ങളുടെ വേദന നബിയോട് പങ്കുവെക്കുന്ന രംഗങ്ങളും ബദറിന്‍റെ ചരിത്രത്തില്‍ കാണുന്നുണ്ട്. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ മനസ്സാന്നിധ്യത്തോടെ അവരെല്ലാം പങ്കെടുക്കുന്നതിന് അത് കാരണമാകുകയും ചെയ്തു. ഉഹ്ദില്‍ തന്നെ അതിന്‍റെ നേര്‍സാക്ഷ്യം നാം കാണുന്നുണ്ട്.

മുശ്രിക്കുകളില്‍ വരുത്തിയ സ്വാധീനം

മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ഏറെ നെഗറ്റീവായി ബാധിച്ച യുദ്ധമായിരുന്നു ബദര്‍. ബദറോടെ അറേബ്യയുടെ ചരിത്രത്തില്‍ അവര്‍ പിന്നാക്കം പോകുകയാണ്. അവരില്‍ പെട്ട 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. അത്ര തന്നെ പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. അബൂജഹല്‍, ഉത്ബ, ശൈബ, വലീദ് ബ്നു മുഗീറ, ഉമയ്യത് ബ്നു ഖലഫ്, നദര്‍, ഉഖ്ബ തുടങ്ങിയ നേതൃത്വം തന്നെയാണ് അവരുടെ കൂട്ടത്തില് നിന്ന് കൊല്ലപ്പെട്ടത്. ഒരൊറ്റദിവസം തന്നെ. അതവര്‍ക്ക് താങ്ങാവുന്നതിലും വലിയ അടിയായിരുന്നു. മക്കക്കാരുടെ അടുത്ത് ദൂതന്മാര്‍ വന്ന് ഇവരുടെ മരണവിവരം അറിയിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ലെന്ന് ബദര്‍ സംബന്ധമായ ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. അതവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നുണ്ടായിരുന്നില്ലെന്ന് അര്‍ഥം.

അറേബ്യക്കാരില്‍ പൊതുവില്‍ വരുത്തിയ സ്വാധീനം

മക്കക്കു പരിസരത്തുണ്ടായിരുന്ന അഅ്റാബികളില്‍ ഭൂരിഭാഗവും കൊള്ളക്കാരും മോഷണക്കാരുമെല്ലാമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക സമൂഹത്തിന്‍റെ ഈ വളര്‍ച്ച വലിയൊരു ഭീഷണി തന്നെയായിരുന്നു. ബദറിലെ മുസ്‌ലിംകളുടെ വിജയത്തെ കുറിച്ച് കേട്ടതോടെ പിന്നെ അവരും മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം നടത്താന്‍ തീരുമാനിക്കുന്നുണ്ട്. ബദര്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു കാണില്ല. അഅ്റാബികള്‍ ഒരു സംഘമായി മദീനക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രംഗത്തുവന്നു. നബി അവരോട് യുദ്ധം ചെയ്യാനായി സ്വഹാബത്തുകളെ കൂട്ടി പോയി. അവരെ കണ്ടതോടെ അഅ്റാബികളെല്ലാം തൊട്ടപ്പുറത്തുള്ള മലമുകളില്‍ കയറി ഒളിച്ചു. ആടുമാടുകളടക്കമുള്ള വലിയൊരു ഗനീമത്ത് സ്വത്തുമായാണ് നബിയും സംഘവും അവിടെ നിന്ന് തിരിച്ചത്.

ഇതിനെല്ലാം പുറമെ മദീനയില്‍ മുനാഫിഖുകള്‍ എന്ന പുതിയൊരു വിഭാഗം രൂപം കൊണ്ടതും ബദറിലെ മുസ്‌ലിംകളുടെ വിജയത്തെ തുടര്‍ന്നാണ്. നേരത്തെ ഇസ്‌ലാമിനെ അംഗീകരിക്കാത്ത പല ആളുകളും യുദ്ധത്തിലെ വിജയശേഷം പരസ്യമായി മാത്രം മുസ്ലിമാണെന്ന് പ്രഖ്യാപിക്കുകയും രഹസ്യമായി തങ്ങളുടെ ദൈവനിഷേധം തുടരുകയും ചെയ്തു. അതുവരെ ശത്രുതയില്‍ തുടര്‍ന്നിരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം വിശ്വാസികളാണെന്ന് നടിച്ചതിന്‍റെ കാരണമെന്താണ്. ഇസ്‌ലാമിന്‍റെ വളര്‍ച്ചയെ അവര്‍ അംഗീകരിക്കുന്നുവെന്നര്‍ഥം. അതുവരെ മുസ്‌ലിംകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്ന ഒരു സംഘം പെട്ടെന്ന് ഒരു ദിവസം മുനാഫിഖുകളായി മാറുന്നതാണ് ചരിത്രത്തില്‍ കാണുന്നത്.

അതായത് അവര്‍ മുസ്‌ലിംകളെ ഭയന്നു തുടങ്ങിയിരുന്നുവെന്നര്‍ഥം. മുസ്‌ലിംകളോട് കടുത്ത് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്ന സംഘത്തിന്‍റെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂല്‍. അയാളാണ് പെട്ടെന്ന് മുനാഫിഖുകളുടെ നേതാവായി മാറുന്നത്. അതില്‍ തന്നെ അവരുടെ ഭയത്തിന്‍റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാനാകും. ഈ ഭയത്തെ ഉപയോഗപ്പെടുത്തി തന്നെ മുസ്‌ലിംകള്‍ത്ത് അറേബ്യന്‍ ഉപദ്വീപിലെ തന്നെ ഒരു ശക്തിയായി വളര്‍ന്നുവരാന്‍ സാധിച്ചു; സാംസ്കാരികമായും സായുധപരമായി തന്നെയും. ആ വളര്‍ച്ചയാണ് ഈ വിശുദ്ധമതത്തിന്‍റെ അസൂയകരമായ പില്ക്ക്കാല വളര്‍ച്ചക്ക് നിദനമായത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter