റമദാനില്‍ അവസാനപത്ത് സജീവമാക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍
റമദാന്‍ ഇതാ വിടാപറയാനൊരുങ്ങി അവസാന പത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇനി തുച്ഛമായ ദിവസങ്ങള്‍ മാത്രം ബാക്കി. ജീവിതത്തില്‍ ഒരു റമദാന്‍ കഴിഞ്ഞുപോയിട്ടും അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവന്റെ മേല്‍ ദൈവികശാപം ഉണ്ടാകട്ടെയെന്ന പ്രവാചക പ്രാര്‍ത്ഥന നമുക്ക് മുന്നറിയിപ്പാകട്ടെ. റമദാന്റെ അവാസനപത്തില്‍ നബി(സ) ഇബാദത്തുകളില്‍ ഏറ്റവും മുഴുകിയിരുന്ന സമയമായിരുന്നുവേന്നത് പ്രത്യേകം ഓര്‍ക്കുക. ഈ അവസാന ദിവസങ്ങള്‍ സജീവമാക്കാന്‍ ചില നിര്‍ദേശങ്ങള്‍.
- രാത്രി നിസ്കാരം: ആഇശ (റ) പറയുന്നു: റമദാനിലല്ലാതെ മറ്റൊരവസരത്തിലും നബി (സ) ഒരു രാത്രി കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും ഒതിയതോ പ്രഭാതം വരെ നിന്ന് നിസ്കരിച്ചതോ ഒരു മാസം പൂര്‍ണ്ണമായും നോമ്പ് നോറ്റതോ എനിക്കറിയില്ല.(അഹ്മദ്). അതായത് റമദാനില്‍ നീണ്ട നിസ്കാരങ്ങളായിരുന്ന നബി (സ)യുടെ പതിവെന്ന് ഈ ഹദീസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. റമദാനിലെ അവസാന പത്തില്‍ പ്രതീക്ഷപ്പെടുന്ന ലൈലത്തുല്‍ ഖദ്റില്‍ രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
- ഖുര്‍ആന്‍ പാരായണം: ഖുര്‍ആന്‍ റമദാനെ വിശേഷിപ്പിച്ചത് ഖുര്‍ആന്‍ അവതരിച്ച മാസമെന്നാണ്. മുന്‍ഗാമികള്‍ എത്രയോ പ്രവാശ്യം ഓരോ റമദാനിലും ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കിയിരുന്നു. പ്രത്യേകിച്ചും അവസാന പത്തില്‍. അര്‍ഥം അറിയുന്നവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് അല്ലാതെയും പാരായണം ചെയ്യാം.
- ഇസ്തിഗ്ഫാര്‍: അത്താഴ സമയത്തെ ഇസ്തിഗ്ഫാര്‍ (അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നത്) വിശ്വാസികളുടെ അടയാളമായി ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനു ഏറ്റവും നല്ല അവസരമാണ് റമദാന്‍. ആ സമയം അസ്തഗ്ഫിറുല്ല തുടങ്ങിയ ദിക്റുകള്‍കൊണ്ട് സജീവമാക്കുക.
- ഇബാദത്തിനായി കുടുംബത്തെ വിളിച്ചുണര്‍ത്തുക: ആഇശ (റ) പറയുന്നു: റമദാന്‍ അവാസനപത്തില്‍ നബി (സ) രാത്രി സജീവമാക്കുകയും മുണ്ട് മുറുക്കിയുടുക്കകയും തന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. (ഔനുല്‍ മഅബൂദ്) മുണ്ട് മുറുക്കിയുടുക്കയെന്നത്തിന്റെ ഉദ്ദേശം ഇബാദത്തില്‍ ഏറെ പരിശ്രമിച്ചിരുന്നുവെന്നാണെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. ഭാര്യമാരുമായുള്ള ശാരീരിക ബന്ധം ഒഴിവാക്കിയിരുന്നു എന്നാണു അതിന്റെ വിവക്ഷയെന്നും വിശദീകരണമുണ്ട്.
- ലൈലത്തുല്‍ ഖദ് ര്‍ ആണെന്ന മനസിലായ രാത്രിയില്‍ എന്തു ചെയ്യണമെന്ന ചോദിച്ച പത്നി ആഇശയോട് നബി (സ) ഉപദേശിച്ചു“اللَّهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي” എന്നു ചൊല്ലുക. അല്ലാഹുവേ! മാപ്പാക്കാന്‍ ഇഷ്ടപ്പെടുന്ന നീ മാപ്പാക്കുന്നവനും മാന്യനുമാണ്. അതിനാല്‍ നീ എനിക്ക് മാപ്പാക്കണേ. (തിര്‍മിദി)
Leave A Comment