റിലീഫും യാചനയും

അബൂ ഹുറൈറ (റ)വില്‍നിന്നു നിവേദനം: നബി(സ) പറഞ്ഞു: ‘വിധവകള്‍ക്കും അഗതികള്‍ക്കുംവേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നവനെപ്പോലെയാണ് ‘. അബൂഹുറൈറ(റ)തുടര്‍ന്നു: നബി(സ) ഇങ്ങനെയും പറഞ്ഞതായി ഞാനോര്‍മിക്കുന്നു: ‘അയാള്‍ ക്ഷീണമറിയാതെ നിസ്‌കരിക്കുന്നവനെപ്പോലെയും തുടര്‍ച്ചയായി നോമ്പുപിടിക്കുന്നവനെയുംപോലെയാകുന്നു. (ബുഖാരി, മുസ്‌ലിം). 
ദാന ധര്‍മങ്ങള്‍ക്ക് ഏറെ പുണ്യമുള്ള മാസമാണ് വിശുദ്ധ റമദാന്‍. ഇതു പ്രത്യേകം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലാത്തവിധം വാങ്ങുന്നവരും വിതരണം ചെയ്യുന്നവരും സജീവമാണിന്ന്. നാടുനീളെ കാണപ്പെടുന്ന റിലീഫ് വിതരണങ്ങളും മറ്റും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍, ഇതിന്റെ പേരും പെരുമയും രാഷ്ട്രീയവും എല്ലാം കൂടെയാകുമ്പോള്‍ അതിലെ മത താല്‍പര്യം വിസ്മരിക്കപ്പെടുന്നുണ്ടെന്നതു സത്യമാണ്. 
റിലീഫ് വിതരണ വേദികള്‍ ഇന്നു വ്യാപകമാണ്. വരുംദിനങ്ങളില്‍ അതിന്റെ എണ്ണം വര്‍ധിക്കും. വിതരണം ചെയ്യുന്നവരും നേതൃത്വം നല്‍കുന്നവരും വാങ്ങാനെത്തുന്ന ഈ പാവത്തിന്റെ ദയനീയത തിരിച്ചറിയാറില്ല. അവരുടെ കണ്ണുകള്‍ അതു കൃത്യമായി പറഞ്ഞുതരും. പക്ഷേ, നാം കാമറക്കണ്ണിലേക്കു നോക്കുന്നതിനാല്‍ അതു കാണാറില്ല. മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊരു ന്യായീകരണമിതിനുണ്ട്. ഈ പാവപ്പെട്ടവരെ വേദിയില്‍ എത്തിക്കാതെതന്നെ ഈ പ്രചോദനം നല്‍കാമല്ലോ. വേദിയില്‍ സമ്മാനമോ അവാര്‍ഡോ വാങ്ങാന്‍ വരുന്നവര്‍ക്ക് ഒരു അഭിമാനവും അന്തസുമുണ്ട്. പക്ഷേ, മറ്റുള്ളവന്‍ പാവപ്പെട്ടവനായതുകൊണ്ടുമാത്രം അവര്‍ക്ക് അന്തസും അഭിമാനവുമില്ലാതാകുന്നില്ല; അതു മാനിക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
ഇപ്പോള്‍ പല സ്ഥലങ്ങളിലും യാചന പാടില്ല എന്ന ബോര്‍ഡ് കാണാം. ഈ ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നവര്‍തന്നെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍വരെയാകാം. മഹല്ലിലെ പാവപ്പെട്ടവനു മറ്റുള്ള മഹല്ലില്‍ സഹായം തേടാനുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കാറുണ്ട്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ പേരും ഫോണ്‍ നമ്പറും അച്ചടിച്ച ഒരു ലെറ്റര്‍ഹെഡില്‍ വലിച്ചുനീട്ടിയൊരു ഒപ്പും ഉച്ചത്തില്‍ ഒരു സീലുമടിച്ചാല്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്കുള്ള മഹത്വം ചെറുതൊന്നുമല്ല എന്നാണ് പലരുടെയും ധാരണ. അവിടെയും ഒരു പ്രകടനപരത കടന്നവുരുന്നുവെന്നതു മറ്റൊരു കാര്യം.
യാചനയെ നിരുത്സാഹപ്പെടുത്തണം, എന്നാല്‍, നിരോധിച്ചു എന്ന് ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം നമ്മുടെ ഉത്തരവാദിത്തം അവസാനിച്ചോ? നിരോധിക്കുന്നത് ശരിയാണോ എന്നു ഗൗരവപൂര്‍വം ആലോചിക്കണം. യാചനയിലേക്ക് എത്തിപ്പെടുന്ന വഴികള്‍ തിരിച്ചറിഞ്ഞു ഫലപ്രദമായ പരിഹാരം കാണുകകൂടി നമ്മുടെ ബാധ്യതയല്ലേ. ഇതിന്റെ മറവില്‍ ഏതെങ്കിലും മാഫിയയെ ഭയന്ന് അര്‍ഹതപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെടരുതല്ലോ. പാവപ്പെട്ടവരെ സഹായിക്കണം, അതിനു സമുദായത്തിനു പ്രാപ്തിയുമുണ്ട്. അതില്‍ സമഗ്രമായ ഒരു പരിഷ്‌കരണത്തിനു തയാറാകണം. റിലീഫ് വിതരണത്തിനു ചെലവഴിക്കുന്നതിനേക്കാള്‍ വിതരണ ചെലവിനു പണം മാറ്റിവയ്ക്കുന്ന നാം കാമറക്കണ്ണുകള്‍ക്കു മുന്നില്‍വരാന്‍ അഭിമാനം സമ്മതിക്കാത്തവരെ തള്ളിമാറ്റുന്നുവെന്നുകൂടി തിരിച്ചറിയണം-വലതു കൈ കൊടുക്കുന്നത് ഇടതുകൈ പോലും അറിയാതെ ദാനം ചെയ്യുന്നവര്‍ക്കാണ് അര്‍ശിന്റെ തണലെന്ന പ്രവാചകാധ്യാപനം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter