തെരഞ്ഞെടുപ്പ് ഫലം വന്നു, നമുക്ക് ചെയ്യാനുള്ളത്

അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം വിശ്വാസികൾ തങ്ങളുടെ ഇമാമുമാരെ കേൾക്കുന്ന ആദ്യ ദിവസമാണ് ഇന്ന്. പള്ളി മിഹ്റാബുകളിൽ നിന്ന് പ്രതീക്ഷയുടെ സംസാരങ്ങൾ ഉണ്ടാകണം. നല്ല നാളുകൾ വരിക തന്നെ ചെയ്യുമെന്ന് യാഥാർത്യ ബേധത്തോടെ ജനങ്ങളോട് പറയണം. പതിനഞ്ച് കോടിയിലധികം മുസ്ലിംകളുള്ള ഈ രാജ്യത്ത് ശുഭാപ്തി വിശ്വാസത്തോടെ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. 
ഭരണകൂടത്തോടും ഭരണാധികാരികളോടും ഭരണ സംവിധാനങ്ങളോടും ക്രിയാത്മകമായി സംവദിക്കാനുള്ള കവാടങ്ങൾ അടക്കപ്പെട്ടിട്ടൊന്നുമില്ല. കീബോഡ് ആക്റ്റിവിസത്തിലെ ട്രോളുകൾക്കും, ഇലക്ഷൻ കാപയിനുകളിലെ സ്വാഭാവിക ശത്രുതകൾക്കും വിട നൽകി, തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളിൽ നിന്ന്, നിരക്ഷരരും നിരാലംബരും എന്നുമെന്നും അവഗണിക്കപ്പെട്ടവരുമായ മുസ് ലിംകളും ദലിതുകളും അടക്കമുള്ളർക്ക് അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ, അവരുടെ ഉന്നമനത്തിന് രാജ്യത്തെ ഭരണ സംവിധാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ആഹ്വാനങ്ങളും പ്രായോഗിക ശ്രമങ്ങളുമുണ്ടാകണം.

ഈ തിരഞ്ഞെടുപ്പ് റിസൽട്ട് ഞെട്ടലില്ലാതെ മനസ്സിലാക്കാൻ കേരളത്തിന് പുറത്തുള്ള ചില സഞ്ചാരങ്ങൾ മാത്രം മതി. എൺപത് ശതമാനമുള്ള ഹൈന്ദവർക്ക് എന്ത് കൊണ്ട് ഇന്ത്യ ഭരിച്ചു കൂടാ എന്ന ലളിത യുകതിയാണത്. അഴിമതിയിലും അധികാര ദുർവിനിയോഗത്തിലും എതിരാളികളെ അടിച്ചമർത്തുന്നതിലും വർഗ്ഗീയ-ജാതി കാർഡ് കളിക്കുന്നതിലും ആരും മോശമല്ലല്ലോ എന്ന ടിപ്പണിയും. കോൺഗ്രസും ഇടതുപക്ഷവുമടക്കം ആവശ്യാനുസരണം ഉപയോഗിച്ച ഈ ചീട്ടുകൾ ബി ജെ പി ഫുൾ ഫ്ളഡ്ജ്ഡ് ആയി ഉപയോഗിച്ചെന്നർത്ഥം. വർഗ്ഗീയത മാർഗ്ഗവും അധികാരം ലക്ഷ്യവുമാണ്. കോൺഗ്രസ് ഇന്ത്യ മൊത്തവും ഇടതർ ബംഗാൾ ത്രിപുരയിലും, മമത - മായ - ഷിബു - ലാലു - ബിജു തുടങ്ങിയവരൊക്കെ അവരുടെ ഇടങ്ങളിലും നാളിത് വരെ കളിച്ച പൊളിറ്റിക്സിന്റെ ബാക്കിപത്രമാണിത്. ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ് ലിംകളെ കണ്ട് ഞെട്ടാതിരിക്കുന്നത് അത് കൊണ്ടാണ്.

വർഗ്ഗീയതയുടെ ഈ കോലാഹലങ്ങൾക്കിടയിലും ഇന്ത്യയുടെ ആത്മാവ് ഇപ്പോഴും മതേതരമാണെന്ന് പറയാൻ കഴിയുന്നത് അത് കൊണ്ടാണ്.
പൊളിറ്റിക്സിനപ്പുറം ഭരണ സംവിധാനങ്ങളുടെ ഭാഗമാകാൻ വലിയ ശ്രമങ്ങളുണ്ടാകണം. പിന്നാക്കക്കാരെ ദൃശ്യതയോടെ ( വിസിബ്ൾ ആയി)'രാജ്യ നിർമ്മിതിയുടെ ഭാഗമാക്കാൻ കഴിയണം. അതിന് സർക്കാർ സർക്കാതേര സോഷ്യൽ സെക്ടറുകളിൽ കടന്ന് ചെല്ലണം. ആ കവാടങ്ങൾ ഇപ്പോഴും തുറന്ന് തന്നെ കിടപ്പാണ്. മോഡി ഭരിച്ച കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ സിവിൽ സർവീസ് റിസൽട്ടുകൾ പോലും പ്രതീക്ഷകളാണ് നൽകിയത്. രാഷ്ട്രീയക്കാരേക്കാൾ നന്നായി അടിസ്ഥാന വികസനം സാധ്യമാക്കാൻ കഴിയുക സിവിൽ സർവൻസിനാണ്. ആർമിയിലും പോലീസ് സേനകളിലും കോടതി -മീഡിയ - സാമൂഹിക സേവന - ശാസ്ത്ര വികസന മേഖലകളൊക്കെ തുറന്ന് തന്നെ കിടപ്പാണ്. മുട്ടുവീൻ, മുട്ടാൻ പഠിപ്പിക്കുവീൻ കൂടുതൽ കൂടുതൽ തുറക്കപ്പെടും.

വൈകാരിക പക്വതയും, ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളും, കൂടുതൽ സൗഹൃദ സംവാദങ്ങളും നടക്കേണ്ട സമയമാണ്. പള്ളികളിൽ നിന്നിറങ്ങുന്നവർ പ്രതീക്ഷയോടെ ഇറങ്ങട്ടെ. 
മോഡിയുടെ, BJP യുടെ, RSS ന്റെ ഇന്ത്യയെ നാം ഉൾക്കൊള്ളുക. കൂടുതൽ ധൈര്യത്തോടെ, സ്ഥൈര്യത്തോടെ, ഈമാനോടെ, പ്രതീക്ഷയോടെ നമുക്ക് ഭരണകൂടത്തോട് സംവദിക്കാം. 
ഹിന്ദുത്വ ആശയത്തോടൊ ഫാഷിസ ശൈലികളോടോ രാജിയാകാനുള്ള ആഹ്വാനമല്ല, നമ്മളെ ഭരിക്കുന്ന ഭരണാധികാരികളോട് സംവദിക്കാനും ഇന്ത്യയിൽ മുന്നോട്ടുള്ള വഴികൾ പ്രതീക്ഷയോടെ കണ്ടെത്താനുമുള്ള ശുഭ ചിന്തകളാണ്.
ഈ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകും എന്ന് വിശ്വസിക്കുന്നവർ നിരാശപ്പെടേണ്ടതല്ല. ഇതിനേക്കാളും വലിയ കലികാലങ്ങൾ പാലം കടന്ന് പോയിട്ടുണ്ട്. നിരാശ ആത്മഹത്യാപരമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter