സമുദായമേ, നിന്റെ കാര്യമെത്ര കഷ്ടം...

കിട്ടിയ മല്‍സ്യം വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കുറുക്കനെ സമീപിച്ച പൂച്ചകളുടെ കഥ പറയാറുണ്ട്. കുറുക്കന്റെ വീതം വെപ്പ് പൂര്‍ത്തിയായപ്പോള്‍ രണ്ട് പേര്‍ക്കും ഒരു കഷ്ണം പോലും കിട്ടിയില്ലെന്ന് മാത്രമല്ല, അവസാനം ആ അന്യായത്തിനെതിരെ ഒന്ന് ശബ്ദിക്കാന്‍ പോലുമാവാതെ ജീവനും കൊണ്ട് രക്ഷപ്പെടേണ്ടിവന്നതായിരുന്നു കഥാന്ത്യം. 

വഖ്ഫ് സംരക്ഷണവുമായി രംഗത്തിറങ്ങിയിരിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിമാരും പ്രതിനിധികളുമാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ തമാശ. വഖ്ഫ് സ്വത്തുക്കളെല്ലാം യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തി അവര്‍ക്ക് തിരിച്ചുകൊടുക്കണമെന്നും ബാഹ്യമായ യാതൊരു കൈകടത്തലും അതില്‍ അനുവദിക്കില്ലെന്നുമാണ് അവരുടെ സുമോഹനവാഗ്ദാനം. അത് കേട്ട്, ഇതാണല്ലോ ശരി എന്ന് ധരിച്ച് കൂടെ കൂടിയ ചില നിഷ്കളങ്കരും. എല്ലാം കാണുമ്പോള്‍ മേല്‍പറഞ്ഞ കഥയാണ് ഓര്‍മ്മയിലേക്ക് വന്നത്.

പള്ളിയും അമ്പലവുമില്ലാത്ത, ദൈവം തമ്പുരാനോട് സ്വര്‍ഗ്ഗത്തില്‍ വെച്ച് പോലും യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒരു പ്രസ്ഥാനത്തിന്റെ ആളുകളാണ് ഇപ്പോള്‍ വഖ്ഫും ദേവസ്വവും സംരക്ഷിക്കാനിറങ്ങിയിരിക്കുന്നത്. ഞങ്ങളുടെ സ്വത്തുക്കളെല്ലാം ഞങ്ങളുടെ കൂട്ടത്തിലെതന്നെ പുത്തനാശയക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നുവെന്നും അവ ഞങ്ങള്‍ക്ക് തിരിച്ച് വാങ്ങിത്തരണേ എന്നുമാണ് കൂടെക്കൂടിയവരുടെ വിലാപം. 

അതേസമയം, ഒരു നേരത്തെ നിസ്കാരത്തിന് പോലും തുറക്കാനോ ഒന്ന് ബാങ്ക് വിളിക്കാനോ അനുവദിക്കാത്ത വിധം താഴിട്ട് പൂട്ടിയ, നമ്മുടെ ജനാധിപത്യ ഇന്ത്യയിലെ തന്നെ പാര്‍ട്ടി ഗ്രാമങ്ങളിലെ പള്ളികളെ കുറിച്ച് ആര്‍ക്കും വേവലാതിയില്ല താനും. മതത്തിന്റെ അതിര്‍വരമ്പുകള്‍ ചാടി, മാതാപിതാക്കളുടെ മനസ്സുകളില്‍ ദുഖത്തിന്റെ തീ കോരിയിട്ട് നടത്തുന്ന, കെട്ടുബന്ധങ്ങള്‍ക്ക് കുട പിടിക്കുന്നതിലും അധികമാരും വിലപിച്ചു കണ്ടില്ല.

Also Read:വഖ്ഫ് സംരക്ഷണ റാലി- ആ സിയാറതായിരുന്നു അതിലെ ഹൈലൈറ്റ്

മതനിരാസ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഭരണം നടത്തിയ ബംഗാളിലെ മുസ്‍ലിംകളൊന്നും നമുക്ക് പാഠമായിട്ടില്ല. പൂര്‍ണ്ണാധികാരം ലഭിച്ച റഷ്യയിലെയും ചൈനയിലെയും കാര്യങ്ങളും എല്ലാവര്‍ക്കും അറിയുന്നത് തന്നെ. 

സ്നേഹം, സഹതാപം, കുടുംബ ബന്ധം തുടങ്ങിയ അടിസ്ഥാന മാനുഷിക മൂല്യങ്ങളില്‍ പോലും വിശ്വാസമില്ലാത്തവരാണ് മതനിരാസത്തിന്റെ ഈ വക്താക്കളെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും കേട്ടാലറക്കുന്ന വാക്കുകളും വാക്യങ്ങളും എഴുതിപ്പിടിപ്പിക്കുന്നതും പറഞ്ഞ് നടക്കുന്നതും അത് കൊണ്ട് തന്നെ. 

അങ്ങനെ നോക്കുമ്പോള്‍, മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുകയും അവ കൊണ്ട് നടക്കുകയും ചെയ്യുന്ന, കെട്ടുറപ്പുള്ള ഒരു സമൂഹമാണ് വളര്‍ന്നുവരേണ്ടത് എന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇതിനോട് രാജിയാവാനാവില്ല. ആ അര്‍ത്ഥത്തില്‍, മനുഷ്യന്‍ എന്ന നിലയില്‍ നാം ഏറെ ജാഗ്രത കാണിക്കേണ്ടത് ഈ മൂല്യരാഹിത്യത്തോടാണെന്ന് പറയാതെ വയ്യ. 

എല്ലാം പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും, ഇനിയും കഥയറിയാതെ അവക്ക് കുട പിടിക്കുന്ന സമുദായാംഗങ്ങളെ കാണുമ്പോള്‍, പ്രശസ്ത അറബി കവി അബുത്ത്വയ്യിബുല്‍ മുതനബ്ബിയുടെ വരികളാണ് ഓര്‍മ്മ വരുന്നത്.
يا امة ضحكت من جهلها الأمم
സമുദായമേ, നിന്റെ കാര്യമെത്ര കഷ്ടം...
ഇതര സമുദായങ്ങള്‍ നിന്റെ അവിവേകമോര്‍ത്ത്  ചിരിക്കുകയാണല്ലോ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter