വിവാഹ മോചനം, ബഹുഭര്‍തൃത്വം: ഇസ്ലാം പറയുന്നത്
കുടംബം പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രങ്ങളായിരിക്കണം. ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ക്കിടയില്‍ വിളളലുകളുണ്ടാവുമ്പോള് പരസ്പരം രമ്യമായി പരിഹരിക്കുകയോ മധ്യസ്ഥന്മാരെ വെച്ച് പരിഹാരം തേടുകയോ വേണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ബന്ധം കൂട്ടിയോജിപ്പിക്കാനുളള എല്ലാ അനുരജ്ഞന ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ രണ്ട് പേര്‍ക്കും ഇതല്ലാത്ത പുതിയൊരു ദാമ്പത്യ ജീവിതം തേടാനുളള അനിവാര്യതയെന്നോണം വിവാഹ മോചനമാവാമെന്നാണ് ഇസ്ലാമിന്റെ പക്ഷം. ചില ഘട്ടങ്ങളില്‍ പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാനും മറ്റു ചില ഘട്ടങ്ങളില്‍ സ്ത്രീക്ക് പുരുഷനെ വേര്പ്പെടുത്താനുമുളള നിയമങ്ങള്‍ ഇസ്ലാമിലുണ്ട്. അനുവദനീയ കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവും കോപമുളളതെന്ന് പഠിപ്പിക്കപ്പെടുന്ന ഈ വിവാഹമോചന നിയമം ചിലര്‍ അസ്ഥാനത്തും ഗൗരവം മനസ്സിലാക്കാതെയും ചെയ്യുന്നത് ചില സാമൂഹിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നത് ദുഃഖകരമാണ്.
ബഹുഭര്‍തൃത്വം
ഇസ്ലാം പുരുഷന് ബഹുഭാര്യത്വമാവാമെന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ ഒരു സമയം ഒന്നിലധികം ഭര്ത്താക്കന്മാരെ സ്വീകരിക്കാന്‍ പാടില്ല എന്ന് പറയുന്നു. ഇത് പുരുഷനും സ്ത്രീയും തമ്മിലുളള പ്രകൃതിപരമായ വ്യത്യാസത്തിന്റെയും അവര്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങളുടേയും അടിസ്ഥാനത്തിലാണ്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാവുമ്പാള് അവര്‍ക്കുണ്ടാവുന്ന സന്താനങ്ങളുടെ പിതൃത്വവും മാതൃത്വവും നിഷ്പ്രയാസം തിരിച്ചറിയപ്പെടുന്നു. എന്നാല്‍ ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്ത്താക്കന്മാരുണ്ടാവുമ്പോള് അവിടെ പിതൃത്വം നിര്‍ണയിക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ആധുനിക ശാസ്ത്രം പിതൃത്വ നിര്‍ണയ സാങ്കേതികത്വം കണ്ടുപിടിക്കുന്നതിന് മുമ്പ് ഇത് കൂടുതല്‍ പ്രസക്തമായിരുന്നു. അത് പോലെ സ്ത്രീയിലെ ജീവശാസ്ത്രപരമായ പ്രത്യേകതകളും ലോകത്തിന്റെ സാമൂഹിക ഘടനാരീതിയും ബഹുഭര്‍തൃത്വത്തെ അനുകൂലിക്കുന്നില്ലെന്ന് കാണാന്‍ കഴിയും.