മത തീവ്രവാദം എന്ന മിഥ്യ
ഏതെങ്കിലും വ്യക്തികള്‍ക്കോ സമൂഹത്തിനോ എതിരായ ഒരു നിയമവും ഇസ്‌ലാമില്‍ കാണാന്‍ സാധിക്കുകയില്ല. ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുളള ബന്ധവും മുസ്‌ലിംകളും ഇതര മതസ്ഥരും തമ്മിലുളള ബന്ധവും സമാധാനത്തിന്റേത് മാത്രമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരു അമുസ്‌ലിമിനെ നിര്‍ബന്ധിച്ച് മതത്തില്‍ കൊണ്ട് വരാനോ അകാരണമായി ഉപദ്രവിക്കാനോ യാതൊരു അവകാശവുമില്ല.
അങ്ങനെ ചെയ്യുന്നത് വലിയ പാപമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത്‌കൊണ്ട് തന്നെ ഇസ്‌ലാമിന്റെ പ്രചരണത്തിന് വേണ്ടി അത്തരം ഒരു രീതി അവലംബിച്ചതായി കാണാന്‍ കഴിയില്ല. അങ്ങനെ അധികാരവും കയ്യൂക്കുമുപയോഗിച്ച് ഇസ്‌ലാം മതപ്രചരണം നടത്തിയിരുന്നെങ്കില്‍ 1400 ലധികം വര്‍ഷങ്ങള്‍ മുസ്‌ലിം ഭരണത്തിന് കീഴിലായിരുന്ന അറബ്-ഗള്‍ഫ് മേഖലകളികല്‍ 14 മില്ല്യണിലധികം അമുസ്‌ലിംകളോ ആയിരത്തോളം വര്‍ഷം മുസ്‌ലിംകള്‍ ഭരണം നടത്തിയ ഇന്ത്യയില്‍ 80 ശതമാനത്തിലധികം അമുസ്‌ലിംകളോ ഉണ്ടാവുമായിരുന്നില്ല. മാത്രമല്ല ഇന്ന് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇന്തോനേഷ്യ, മലേഷ്യന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും മുസ്‌ലിം സൈന്യം പടയോട്ടം നടത്തിയതായി ചരിത്രത്തില്‍ കാണുന്നില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്. ഇന്ന് പല പാശ്ചാത്യന്‍ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം സംഭവിച്ച് കൊണ്ടിരിക്കുന്നത് ഇസ്‌ലാമിലേക്കാണ്. അവിടങ്ങളില്‍ മുസ്‌ലിംകളുടെ സമ്മര്‍ദ്ധങ്ങളില്ല എന്ന് മാത്രമല്ല ഇസ്‌ലാമിനെതിരായ വികാരങ്ങളാണ് പലപ്പോഴും പല മാധ്യമങ്ങള്‍ വഴി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് ഇസ്‌ലാംമതത്തിന്റെ വളര്‍ച്ചക്കും പ്രചാരത്തിനും എല്ലാ കാലത്തും സഹായകരമായിത്തീര്‍ന്നത് അതിന്റെ പ്രത്യയശാസ്‌ത്രപരമായ സൗന്ദര്യവും ഇസ്‌ലാമിനെ ഉള്‍ക്കൊണ്ട് ജീവിച്ച അനുയായികളുടെ ജീവിത മാതൃകകളുമായിരുന്നുവെന്നാണ്.
ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ നീരസമനുഭവപ്പെട്ട ചിലര്‍ മാധ്യമങ്ങളുടെ പിന്തുണയോടെ കാലാകാലങ്ങളില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നത് അനിഷേധ്യമായൊരു സത്യമാണ്. മുസ്‌ലിം നാമധാരികളായ ചിലര്‍ ചെയ്‌ത അനിസ്‌ലാമികമായ പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഇസ്‌ലാമിനെ അതിന്റെ സ്രോതസ്സുകളില്‍ പഠിക്കാന്‍ തായ്യാറാവാത്ത പലരും ഇസ്‌ലാമിനെ അക്രമം പ്രോത്സാഹിപ്പിക്കുന്ന മതമായും അതിന്റെ അനുയായികള്‍ അക്രമ സ്വഭാവമുളളവരായും ചിത്രീകരിക്കാന്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണ്. സത്യത്തില്‍ മുസ്‌ലിംകളെപ്പോലെ മൊത്തത്തില്‍ മതനിഷ്‌ഠയും, സദാചാരബോധവും, വിട്ടുവീഴ്‌ചയും പരോപകാരഗുണങ്ങളും ഏറെയുളള മറ്റൊരു സമൂഹത്തെ എടുത്ത് കാണിക്കുക സാധ്യമല്ല. മതത്തിന്റെ ആപേക്ഷികമായി കടുപ്പമുളള ആരാധനാനിര്‍ദേശങ്ങള്‍ കണിശമായി പുലര്‍ത്തുന്ന, സുഖാഡംബരങ്ങളുടെ ലോകത്ത് എല്ലാം ദൈവത്തിന് വേണ്ടി ത്യജിക്കുന്ന, വര്‍ഷാവര്‍ഷവും സമൂഹത്തിലെ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായ ഹസ്‌തങ്ങളുമായി മുന്നോട്ട് വരുന്ന, ഒരു മുസ്‌ലിമിന്റെ ചിത്രം എല്ലാ വിശ്വാസികള്‍ക്കും പരിചിതമാണ്.
ഇത്തരം മുസ്‌ലിംകളുടെ നല്ലൊരു സാന്നിധ്യം ലോകത്തിന്റെ നല്ല സാമൂഹിക ക്രമത്തെ വലിയൊരളവോളം സഹായിക്കുകയും പലരേയും അത്തരമൊരു ജീവിത രീതിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തിട്ടുണ്ട്. ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ ഏതെങ്കിലും അനുയായികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിലോ അതിന്റെ ശത്രുക്കളെഴുതുന്ന വിമര്‍ശന ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലോ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നതിന് പകരം അതിന്റെ ആധികാരിക ഗ്രന്ഥമായ ഖുര്‍ആനിലൂടെയും അതിന്റെ യഥാര്‍ത്ഥ അനുയായിയായ മുഹമ്മദ് നബിയിലൂടെയും പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. (നാഥന്റെ മാര്‍ഗം)
Leave A Comment