ബദറുകള്‍ പുനര്ജ്ജനിക്കാതിരിക്കില്ല..!!

 റമദാന്‍ 17, അല്‍ ഫുര്‍ഖാന്‍.. അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാല്‍ സത്യാസത്യവിവേചനമെന്നാണര്‍ത്ഥം. 1433 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിനത്തില്‍ ബദറിന്റെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു..!! ബദര്‍ ദിനത്തില് ഇന്ന് ഏറ്റവും പരിചിതമായ ബദരീങ്ങളുടെ പേരില്‍ നടക്കുന്ന ആചാരങ്ങള്ക്കപ്പുറം പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിന്റെ ആ    രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിന്റെ ക്ഷീണമുണ്ട്.

പക്ഷെ മുഖത്തെ നിശ്ചയദാര്‍ഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, തങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആയുധവും അര്‍ഥവും ആളുമുള്ള ആ സൈന്യവുമായി തങ്ങളുടെ ഈ കൊച്ചു സൈന്യം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം നെഞ്ചിലേറ്റിയ ആദര്‍ശം കൂടിയാണെന്ന് അവര്‍ക്കും അവരുടെ നേതാവായ നബിക്കും വളരെ നന്നായി അറിയാമായിരുന്നു.. ഇല്ല, എന്നിട്ടും അവരുടെ മുഖത്ത് തെല്ലും ഭയാശങ്കകളില്ല.. കാരണം, അവര്‍ക്കറിയാം, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച നാഥന്‍ തങ്ങളുടെ കൂടെ ഉണ്ടെന്ന്.. തങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന്. ദിവസങ്ങള്‍ നീണ്ടുനിന്ന, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത, അത്യാധുനിക ആയുധങ്ങളോട് കൂടിയുള്ള അനേകായിരം യുദ്ധങ്ങള്‍ കണ്ടുമടുത്ത ഈ ലോകത്തില്‍, ഇരുഭാഗത്തുമായി വെറും 1500 ആളുകള്‍ പോലും തികച്ചില്ലാത്ത ഒരു പകല്‍ മാത്രം നീണ്ടു നിന്ന ബദര്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? സത്യത്തില്‍, ഒരു പകലിന്റെ മാത്രം യുദ്ധമായിരുന്നോ ബദര്‍?.. അല്ല, ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്.

പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊമ്പരങ്ങളുമുണ്ട്, പീഡനങ്ങളും മര്‍ദ്ദനങ്ങളുമുണ്ട്. ഒട്ടകത്തിന്റെ കുടല്‍മാലകള്‍ക്കടിയില്‍ ശ്വാസം മുട്ടിയും താഇഫില്‍ നിന്ന് നിണമണിഞ്ഞ പാദങ്ങളുമായും നടന്ന നബിയുടെ വേദനകള്‍, ഉത്ബയുടെ മര്‍ദ്ദനങ്ങളെറ്റ് ബോധം മറഞ്ഞ അബൂബക്കറിന്റെ നിസ്സഹായതകള്‍, പാറക്കല്ലിനടിയില്‍ നിന്നുയര്‍ന്ന അഹദൊലികള്‍ക്കൊപ്പം നിശബ്ദമായി ഉയര്‍ന്ന ബിലാലിന്റെ തേങ്ങലുകള്‍, സുമയ്യയുടെ ആര്‍ത്തനാദങ്ങള്‍, ഖബ്ബാബിന്റെ അലമുറകള്‍, ശിഅ്ബു അബീത്വാലിബില്‍ നിന്നുയര്‍ന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ടനിലവിളികള്‍ ..

അങ്ങനെ എന്തെല്ലാം.. ഏകദൈവത്തെ മാത്രം ആരാധിക്കുന്ന, മനുഷ്യനെ ജാതി വര്‍ഗ്ഗ ലിംഗ ഭേദമന്യേ തുല്യനായി കാണുന്ന, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്ലാം എന്ന തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ഇത്രയുംകാലം ഏറ്റുവാങ്ങിയ  മര്‍ദ്ദനങ്ങളും പീഡനങ്ങളും യാതനകളും.. ഒന്നും വെറുതെയാകരുത്. ഇസ്ലാം നിലനില്‍ക്കണം.. അതിനാല്‍ ഇന്നവര്‍ക്ക് ജയിച്ചേ തീരൂ…

ആ വലിയ സൈന്യത്തോട് മുസ്ലിംകളുടെ ആ കൊച്ചു സൈന്യം ബദറില്‍ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍, പിന്നീട് നൂറ്റാണ്ടുകളോളം ഒരു ലോകശക്തിയായി തന്നെ നിലകൊണ്ട, സാമ്രാജ്യത്വങ്ങളില്‍ നിന്നും അധിനിവേശങ്ങളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിച്ച, ലോകത്തില്‍ നീതിപൂര്‍ണ്ണമായ ഭരണം കാഴ്ചവച്ച, ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത, ഇന്നും കോടാനുകോടി ജനങ്ങള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഇസ്ലാം എന്ന ആശയം ഭൂമിയില്‍ നിലനില്ക്കുമായിരുന്നില്ല.. ആ അര്ഥത്തില്‍ ബദര്‍, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ യുദ്ധമായിരുന്നു.. ബദര്‍, മനുഷ്യന് വേണ്ടി മാലാഖമാര്‍ കൂട്ടമായി മണ്ണിലിറങ്ങിയ ദിനം.. ബദര്‍, സത്യം അസത്യത്തിനു മേല്‍ വിജയം നേടിയ ദിനം..

ബദര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.. പുതിയകാല പോരാട്ടഭൂമികയില്‍, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കപ്പെട്ട്, വീണ്ടും വീണ്ടും നീതിനിഷേധത്തിന് ഇരയായിക്കൊണ്ട്, നിരാശയോടെ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍, രാവിന്റെ അന്ത്യയാമങ്ങളിലെപ്പൊഴോ അവരുടെ സ്വപ്നങ്ങളില്‍ ബദറിന്റെ രണാങ്കണവും ആ 313 മുഖങ്ങളും കടന്നു വരും.. കൊടും ചൂടില്‍ ലഭിക്കുന്ന ഒരു തണുത്ത കാറ്റിന്റെ സുഖമെന്നോണം, ആ മുഖങ്ങള്‍ അവരോടു മന്ത്രിക്കും.. “ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍...പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊമ്പരങ്ങളുമുണ്ട്” സത്യത്തെ വിജയിപ്പിക്കാന്‍, മര്‍ദ്ദിതന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബദറുകള്‍ ഇവിടെ പുനര്‍ജ്ജനിക്കാതിരിക്കില്ല..!!  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter