ആ കാത്തിരുന്ന രാത്രി സമാഗതമാകുമ്പോള്‍...

 

പ്രിയ സഹോദരാ, ഈ കടന്നുവരുന്ന രാത്രിയെ കുറിച്ച് താങ്കള്‍ ചിന്തിച്ചുവോ..


അതെ, റമദാനിലെ ആദ്യരാത്രിയാണ് നമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.. പ്രവാചകവചനങ്ങളില്‍ ഒട്ടേറെ പ്രകീര്‍ത്തിക്കപ്പെട്ട രാത്രി... പുണ്യങ്ങളുടെ പൂക്കാലത്തിന് തുടക്കം കുറിക്കുന്ന പവിത്രനിമിഷങ്ങള്‍... പ്രവാചകര്‍ പറയുന്നു, റമദാനിലെ ആദ്യ രാത്രിയായാല്‍ പിശാചുകള്‍ ബന്ധനസ്ഥരാക്കപ്പെടുന്നു, നരകവാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുന്നു, അവയില്‍ ഒരു വാതില്‍ പോലും തുറക്കപ്പെടുന്നില്ല. സ്വര്‍ഗ്ഗത്തിലേക്കുള്ള സകലകവാടങ്ങളും മലര്‍ക്കെ തുറക്കപ്പെടുന്നു, അവയില്‍ ഒന്ന് പോലും അടഞ്ഞ്കിടക്കുകയില്ല. ഓരോ രാത്രിയും വാനലോകത്ത് നിന്ന് ഇങ്ങനെ വിളിച്ചറിയിക്കപ്പെടുന്നു, നന്മ ഉദ്ദേശിക്കുന്നവരേ, മുന്നിട്ട് വരിക, തിന്മ കാംക്ഷിക്കുന്നവരേ, പിന്നോട്ട് മാറുക.

ആ രാത്രിയിലേക്കാണ് നാം കടന്നുപോവുന്നത്. മേല്‍ഹദീസില്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം സംഭവിക്കാനിരിക്കുന്നത് ഈ രാത്രിയിലാണ്. മാലാഖമാര്‍ വാനലോകത്ത് സന്തോഷഭരിതരാവുന്ന രാത്രി... മനുഷ്യകുലത്തിന് സംജാതമാവുന്ന സൌഭാഗ്യങ്ങളോര്‍ത്ത് അവര്‍ പടച്ചതമ്പുരാനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഈ രാത്രിയുടെ പ്രാധാന്യവും പവിത്രതയും ഓര്‍ത്താല്‍ ഇന്ന് രാത്രി എങ്ങനെയാണ് നമുക്ക് സാധാരണപോലെ ഉറങ്ങിത്തീര്‍ക്കാനാകുക. കവാടങ്ങള്‍ മുഴുവനും തുറന്ന് വെച്ച് നമ്മെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗലോകം.. അത് കണ്‍മുന്നില്‍ കാണാനായാല്‍ ഈ രാത്രിയില്‍ കണ്‍പോളകള്‍ എങ്ങനെ അടയാനാണ്.

വിശുദ്ധ റമദാന്റെ ആഗമനത്തില്‍ ഒരു വിശ്വാസിക്കല്ലാതെ സന്തോഷിക്കാന്‍ ആവില്ലെന്നതാണ് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. റമദാന്‍ കടന്നുവരുന്നു എന്നോര്‍ത്ത് മനസ്സിലുണരുന്ന സന്തോഷം, അത് വിശ്വാസത്തിന്‍റെ ലക്ഷണമാണെന്നര്‍ത്ഥം.

റജബ് മാസം മുതല്‍ തുടങ്ങിയതാണല്ലോ നമ്മുടെ കാത്തിരിപ്പ്. ഓരോ ദുആകളിലും ബറകതിനായും റമദാനില്‍ എത്തിച്ചേരാനായും നാം അല്ലാഹുവിനോട് തേടിയതല്ലേ. റമദാനിന് സ്വാഗതമോതാന്‍ വിവിധ രീതികളില്‍ നാം ശ്രമിച്ചതല്ലേ. അവസാനമിതാ, ആ ധന്യമുഹൂര്‍ത്തം നമ്മുടെ കൈകളിലെത്തുകയാണ്. തേടിക്കിട്ടിയ ആ പുണ്യനിമിഷങ്ങള്‍ സമാഗതമാകുമ്പോള്‍, അവയെ വേണ്ടവിധം ഉപയോഗപ്പെടുത്താനാവാതെ പോകുന്നത് എത്രമാത്രം സങ്കടകരമാണ്.

ആയതിനാല്‍, ഈ രാത്രി ആരാധനയുടേതാവട്ടെ. എന്നും വേണ്ടുവോളം കിടന്നുറങ്ങുന്ന നമുക്ക് ഒരു രാത്രിയെങ്കിലും പടച്ചതമ്പുരാന് വേണ്ടി മാറ്റിവെക്കാനാവില്ലേ. ആ രാത്രിയിലെ ഏറ്റവും പുണ്യകരമായ അത്താഴസമയ നിമിഷങ്ങളെങ്കിലും അല്ലാഹുവിന് മുമ്പില്‍ സുജൂദിലായി സജീവമാക്കാന്‍ നമുക്ക് സാധിക്കില്ലേ.

ആദ്യമായി നമുക്ക് അല്ലാഹുവിന് സ്തുതികളര്‍പ്പിക്കാം, ഈ പുണ്യമുഹൂര്‍ത്തം നമുക്ക് സമ്മാനിച്ചതിന്... അവന്‍റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹാശിസ്സുകള്‍ക്ക്... സര്‍വ്വോപരി വിശുദ്ധ ഇസ്ലാമും ഈമാനും നമുക്ക് സമ്മാനിച്ചതിന്...

ശേഷം നമുക്ക് നാഥനിലേക്ക് കൈകളുയര്‍ത്താം.... ചെയ്തുപോയ ദോഷങ്ങളോര്‍ത്ത് പശ്ചാത്തപിക്കാം.... വിറക്കുന്ന കൈകളോടെ... ഉതിര്‍ന്ന് വീഴുന്ന കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ... ഈ രാത്രി നമുക്ക് ഉണര്‍ന്നിരിക്കാം... നമ്മുടെ സകലമാന പ്രശ്നങ്ങളും ആ തിരുസവിധത്തില്‍ ഇറക്കിവെക്കാം... ഐഹിക പാരത്രിക വിജയത്തിനായി കേണപേക്ഷിക്കാം....

അവന്‍ അത് കേള്‍ക്കാതിരിക്കില്ല.. നമ്മുടെ പ്രശ്നങ്ങള്‍ നിവര്‍ത്തിക്കാതിരിക്കില്ല... കാരണം, അവന്‍ പടച്ച തമ്പുരാനാണ്... കരുണാവാരിധിയാണ്.. പശ്ചാത്തപിച്ച് മടങ്ങുന്ന അടിമകളെ അവന് ഏറെ ഇഷ്ടമാണ്... തന്നോട് ചോദിക്കുന്ന കരങ്ങളെ അവന്‍ കാത്തിരിക്കുകയാണ്.... ചോദിച്ചോളൂ, നാം തരാം എന്ന് മാലോകരോട് ഒന്നടങ്കം വിളിച്ചുപറഞ്ഞവനാണ് അവന്‍.. ചോദിച്ചവര്‍ക്കെല്ലാം കൊടുത്തവനാണ് അവന്‍... സര്‍വ്വോപരി ഇന്ന് റമദാന്‍റെ ആദ്യരാത്രിയാണ്... ആ രാത്രിയില്‍ നടത്തുന്ന അര്‍ത്ഥനകളൊന്നും തന്നെ വെറുതെയാവില്ലെന്ന് അവന്‍റെ ദൂതന്‍ നമ്മോട് പറഞ്ഞതാണ്...

ഈ രാത്രിയില്‍ നമുക്ക് ഉണര്‍ന്നിരിക്കാം, നാഥനിലേക്ക് കൈകളുയര്‍ത്താം.. ഇരുളിന്‍റെ നിശബ്ദതയെ സാക്ഷി നിര്‍ത്തി... ആകാശഗംഗയെയും ചന്ദ്രനക്ഷത്രാദികളെയും സാക്ഷിയാക്കി.. പടച്ചതമ്പുരാന്‍റെ സൃഷ്ടിപ്പിന്‍റെ അല്‍ഭുതദൃഷ്ടാന്തങ്ങളെ മനസ്സാ നമിച്ച് കൊണ്ട് അവന്‍റെ സ്നേഹസ്പര്‍ശത്തിലേക്ക് തല ചായ്ക്കാം...

ഈ രാത്രിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... നമുക്ക് വേണ്ടി...നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി.. ഗുരുജനങ്ങള്‍ക്ക് വേണ്ടി... നമ്മുടെ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി.. നമ്മെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടി... സര്‍വ്വോപരി, വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിന് വേണ്ടി... മനുഷ്യകുലത്തിന്‍റെ നന്മക്കും സുശാന്തിക്കും വേണ്ടി...

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter