റമദാനും മഗ്ഫിറതിന്റെ വഴികളും – 4

ശൈഖ് മഹ്മൂദ്‌ അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി ഇസ്‌ലാംഓണ്‍ വെബ് പ്രസിദ്ധീകരിക്കുന്നു. നാലാം ഭാഗം

നോമ്പ് ഖിയാമത് നാളില്‍ ശുപാര്‍ശകനാകും ദുന്‍യായവില്‍ തന്‍റെ വികാരങ്ങളെ ഉപേക്ഷിച്ച് നോമ്പ് അനുഷ്ടിച്ചാല്‍ അവ നാളെ സ്വര്‍ഗത്തില്‍ അവന് ലഭ്യമാണ്. അല്ലാഹു അല്ലാത്തതിനെയെല്ലാം തിരസ്കരിച്ച് നോമ്പു നോറ്റവന് അല്ലാഹുവിനെ കാണുന്ന ദിനമാണ് അവന്‍റെ ആഘോഷ ദിനം. “ആരെങ്കെലും അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലാഹു നിര്‍ണ്ണയിച്ച ആ സമയം ആസന്നമാകുക തന്നെ ചെയ്യും.” (അല്‍അന്കബൂത് - 5)

وقد صمت عن لذات دهري كلها - ويوم لقاكم ذاك فطر صيامي

(ഞാനെന്‍ ജീവിതാസ്വദനങ്ങളപ്പാടെ ഉപേക്ഷിച്ച് വ്രതം നോറ്റിരിക്കുന്നു.നിങ്ങളെ കാണുന്ന ആ ദിനമുണ്ടല്ലോ അന്നാണ് എന്‍റെ വ്രതങ്ങള്‍ക്കു വിരാമം.) അല്ലാഹുവാണേ, ഒന്നു ചിന്തിച്ചു നോക്കൂ. പ്രതിഫലം ആ പ്രവൃത്തിയുടെ ജനുസ്സില്‍ നിന്ന് തന്നെയാകുന്നതെങ്ങനെ... കാണാനും പ്രാപിക്കാനും സാധ്യമായ സ്വരൂപിയായി അമലുകള്‍ പ്രത്യക്ഷപ്പെടുന്നു. “ഖുര്‍ആനും നോമ്പും ഖിയാമത് നാളില്‍ അടിമക്ക് ശുപാര്‍ശ ചെയ്യുന്നു. നോമ്പു പറയും. റബ്ബേ, ഞാനിദ്ദേഹത്തെ പകല്‍സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും വികാരങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും വിലക്കി. അതിനാല്‍ എന്നെ അദ്ദേഹത്തിനു ശുപാര്‍ശ ചെയ്യാന്‍ അനുവദിക്കണേ. ഖുര്‍ആന്‍ പറയും. റബ്ബേ, രാത്രിയില്‍ ഞാനദ്ദേഹത്തെ ഉറങ്ങാന്‍ സമ്മതിച്ചില്ല. അതിനാല്‍ എനിക്ക് അദ്ദേഹത്തിനു ശഫാഅത് ചെയ്യാന്‍ അനുവദിക്കണേ. അങ്ങനെ അവരണ്ടും ശഫാഅത് ചെയ്യും.” (അല്‍ജാമിഅ്)

പരമോന്നത നിര്‍വൃതിയുടെ ദിനത്തിനു വേണ്ടി ഇന്നു ശരീരത്തെ പട്ടിണിക്കിടുന്നവനേ, നിങ്ങള്‍ക്കു സന്തോഷം. പൂര്‍ണ്ണ ശമനം ലഭിക്കുന്ന ദിനത്തിനായി ഇന്നു ശരീരത്തിനു ദാഹജലം നിഷേധിക്കുന്നവരേ, നിങ്ങള്‍ക്കു സന്തോഷം. നശ്വര ജീവിതത്തിലെ ആഗ്രഹങ്ങളെ ഇനിയും കാണാത്ത ഗോപ്യമായ ആ വാഗ്ദാനത്തിനായി പരിത്യജിച്ചവനേ, നിങ്ങള്‍ക്കു സന്തോഷം. നിങ്ങളുടെ ഇഛാനുരാക പൂര്‍ത്തീകരണത്തിനായി നിങ്ങള്‍ക്ക് ശക്തമായ ദാഹമനുഭവപ്പെടുമ്പോഴും നിങ്ങളുടെ പ്രതീക്ഷകളുടെ വിരലുകള്‍ നീളേണ്ടത് പൂര്‍ണ്ണ ദാഹശമനം നല്‍കുന്ന അല്ലാഹുവിലേക്കായിരിക്കണം.

ഖുര്‍ആനിന്‍റെ ശഫാഅത് അല്ലാഹു പറഞ്ഞു:“ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനവും സത്യാസത്യ വിവേചനത്തിന്‍റെയും സന്മാര്‍ഗത്തിന്‍റെയും വിശദീകരണവുമായി ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം.” (അല്‍ബഖറ - 185) റമദാന്‍ മാസം ഖുര്‍ആനിന്‍റെ മാസമാണ്. അതിനാല്‍ ആ മാസം ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കണം. സുഫ്‍യാനുസ്സൌരി(റ) റമദാന്‍ മാസത്തില്‍ എല്ലാ ഇബാദത്തുകളും മാറ്റിവെച്ച് ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. സുഹ്‍റി പറഞ്ഞു:“റമദാന്‍ കടന്നുവന്നാല്‍ പിന്നെ ഖുര്‍ആന്‍ പാരായണവും ഭക്ഷണം നല്‍കലും മാത്രമാണ്.” ഇതിന്‍റെയെല്ലാം ഫലം കൊയ്യുന്നതോ നാളെ റഹ്‍മാന്‍റെ സ്വര്‍ഗത്തില്‍ - ഖുര്‍ആന്‍ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ഖിയാമത്തിന്‍റെ അന്ന് ശുപാര്‍ശ ചെയ്യുമ്പോള്‍.

Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും – 5

റസൂല്‍(സ) പറഞ്ഞു: “ഖിയാമത് ദിനം ഖുര്‍ആന്‍ വരും. എന്നിട്ടു പറയും. എന്‍റെ റബ്ബേ, ഇദ്ദേഹത്തെ ആഭരണമണിയിക്കൂ. അപ്പോള്‍ അദ്ദേഹത്തെ കറാമത്തിന്‍റെ (ബഹുമാന്യതയുടെ) കിരീടം ധരിപ്പിക്കും. പിന്നെ ഖുര്‍ആന്‍ പറയും. എന്‍റെ റബ്ബേ, അദ്ദേഹത്തിനു ഇനിയും നല്‍കൂ. അപ്പോള്‍ അദ്ദേഹത്തെ കറാമത്തിന്‍റെ ആഭരണങ്ങള്‍ അണിയിക്കും. പിന്നെ ഖുര്‍ആന്‍ പറയും. എന്‍റെ റബ്ബേ, അദ്ദേഹത്തെ തൃപ്തിപ്പെടൂ. അപ്പോള്‍ അദ്ദേഹത്തെ അല്ലാഹു തൃപ്തിപ്പെടും. അന്നേരം ഖുര്‍ആന്‍ പറയും. ഓതുക. ഉയരുക. ഓരോ ആയതിനും ഓരോ നന്മ വര്‍ദ്ധിക്കും.” നോമ്പുകാരുടെ വായയിലെ ഗന്ധം... സ്വര്‍ഗ്ഗീയ തെന്നലുകളില്‍ ഏറ്റവും സുഗന്ധപൂരിതമായത്. റസൂല്‍(സ)പറഞ്ഞു: “................. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവനെത്തന്നെയാണ് സത്യം. നോമ്പുകാരന്‍റെ വായനാറ്റം അല്ലാഹുവിന്‍റെയടുത്ത് കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്.” (അഹ‍്മദ്, മുസ്‍ലിം) മക്ഹൂല്‍ (റ) പറഞ്ഞു: “സ്വര്‍ഗക്കാര്‍ ഒരു സുഗന്ധം ആസ്വദിക്കും. അപ്പോള്‍ അവര്‍ പറയും. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ (ഇവിടെ) പ്രവേശിച്ചതു മുതല്‍ ഇതിനേക്കാള്‍ സുഗന്ധമുള്ളത് അനുഭവിച്ചിട്ടല്ലല്ലോ. അപ്പോള്‍ വിജ്ഞാപനമുണ്ടാകും. ഇത് നോമ്പുകാരുടെ വായയില്‍ നിന്നുള്ള സുഗന്ധമാണ്.” നോമ്പുകാര്‍ക്ക് ദുന്‍യാവില്‍ അവരുടെ വായ ദുര്‍ഗന്ധമായി അനുഭവപ്പെടും. പക്ഷേ, അന്നേരം സ്വര്‍ഗത്തില്‍ ഇവരുടെ വായയിലെ ഗന്ധം സുഗന്ധമായി, പരിമളമായി പരിലസിക്കുന്നു.

ദുന്‍യാവിലുള്ള ഏതൊന്നു് ജനങ്ങളുടെ കണ്ണില്‍ ന്യൂനതകളുള്ളതാണോ, അത് അല്ലാഹുവിനോടുള്ള ഇബാദതുമായും അവന്റെ തൃപ്തിയുമായും ബന്ധിതമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അന്യൂനവും പരിപൂര്‍ണ്ണവുമാകുന്നു. നോക്കൂ.. നോമ്പുകാരന്‍റെ വായയുടെ ഗന്ധം കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. അല്ലാഹുവിന്‍റെ ഗേഹം സന്ദര്‍ശിക്കാനെത്തുന്ന മുഹ്റിമീങ്ങളുടെ നഗ്നത മറ്റുള്ളവരുടെ വസ്ത്രങ്ങളേക്കാള്‍ സുന്ദരമാണ്. അല്ലാഹുവിനെ ഭയന്ന് പാപം ചെയ്തവര്‍ അട്ടഹസിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുന്നത് താഴ്മയോടെ തസ്ബീഹ് ചൊല്ലുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. അല്ലാഹുവിന്‍റെ മഹത്ത്വം മനസ്സിലാക്കി ഭയവിഹ്വലനായി അല്ലാഹുവിന്‍റെ മുമ്പില്‍ നിസ്തേജനാവുന്നതാണ് അജയ്യത. അല്ലാഹുവിനോടുള്ള പ്രേമാധിക്യത്താല്‍ ഒരു അനുരാഗിയുടെ വിളിച്ചുപറയലുകളാണ് രഹസ്യസംരക്ഷണത്തേക്കാള്‍ ഉത്തമം. സ്വശരീരങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെടാന്‍ സന്നദ്ധമാകുന്നതാണ് ജീവിതത്തിന്‍റെ പൂര്‍ണ്ണത. അല്ലാഹുവിനു വേണ്ടി നോമ്പുകാരന്‍ സഹിക്കുന്ന വിശപ്പ്, അതാണ് ശരിയായ ഭോജനം. അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിച്ച് സഹിക്കുന്ന ദാഹമുണ്ടല്ലോ അതിലാണ് തണുത്ത തെളിനീരു കുടിച്ചു ദാഹം തീര്‍ക്കുന്നതിനേക്കാള്‍ സംതൃപ്തി. അല്ലാഹുവിനു വഴിപ്പെട്ടുള്ള കഠിന യത്നികളുടെ ക്ഷീണം തന്നെയാണ് വിശ്രമം.

ذلّ الفتى في الحب مكرمة - وخضوعه لحبيبه شرف

(യുവാവ് പ്രണയിച്ചു നേടിയ നിന്ദ്യത അവനാദരവും തന്‍റെ ഇഷ്ടനു മുന്നില്‍ തലകുനിക്കലോ ബഹുമതിയും.) ചിലപ്പോള്‍ ഈ ദുന്‍യാവില്‍ തന്നെ നോമ്പിന്‍റെ പരിമളം വീശും. ആഖിറത്തിലെത്തുന്നതിനു മുമ്പു തന്നെ അത് അനുഭവവേദ്യമാകും. അത് രണ്ടു രീതിയിലാണ്. ഒന്നു്. പ്രത്യക്ഷമായ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. നോക്കൂ, അബ്ദുല്ലാഹ് ബ്നു ഗാലിബ് അല്‍ഹദ്ദാനി നോമ്പും നിസ്കാരവുമായി ഇബാദത്തില്‍ മുഴുകി ജീവിച്ച ഒരു സ്വാലിഹായ വ്യക്തിയായിരുന്നു. മരണശേഷം അദ്ദേഹത്തിന്‍റെ ഖബ്റിന്‍റെ മണ്ണിന് കസ്തൂരിയുടെ സുഗന്ധമുണ്ടായിരുന്നു. ഒരാള്‍ ഇദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അത് ദാഹത്തിന്‍റെയും ഉറക്കൊഴിച്ചതിന്‍റെയും സുഗന്ധമാണ്.” രണ്ട്. ആത്മാവുകളും ഹൃദയങ്ങളും ആസ്വദിക്കുന്ന സുഗന്ദം. മുഅ്മിനുകളുടെ ഹൃദയങ്ങളില്‍ ആത്മാര്‍ത്ഥമായി നോമ്പനുഷ്ടിച്ചവരോട് പ്രത്യേക സ്നേഹവും മമതയും ജനിക്കും. ആത്മാര്‍ത്ഥമായി നോമ്പു നോല്‍ക്കുന്നവര്‍ അവരുടെ നാഥനായ അല്ലാഹുവുമായുള്ള ഇടപെടലുകള്‍ അതീവ രഹസ്യമാക്കിയപ്പോള്‍ അല്ലാഹു അതിന്‍റെ നിഗുഢതകള്‍ തന്‍റെ സച്ചരിതരായ അടിമകള്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഇത് അല്ലാഹു നോമ്പു നോറ്റതിനും രഹസ്യമാക്കിയതിനും നല്‍കിയ പ്രതിഫലമാണ്. അവര്‍ അത് എത്ര തന്നെ രഹസ്യമാക്കിയാലും അല്ലാഹു അവനു കീര്‍ത്തിയുടെ വസ്ത്രമണിയിക്കുന്നതാണ്.

تذلل أرباب الهوى في الهوى عز - وفقرهم نحو الحبيب هو الكنز

(പ്രണയേതാക്കള്‍ക്കു പ്രണയനിമിത്താപമാനം തന്നെയല്ലോ മാനം.സ്നേഹഭജനത്തിനായി ചിലവിട്ടെത്തിയ ദാരിദ്ര്യം അവനൈശ്വര്യവും)

وسترهم فيه السرائر شهرة - وغير تلاف النفس فيه هو العجز

(അതിന്‍റെ നിഗൂഢതകള്‍ രഹസ്യമാക്കുനതില്‍  പ്രസിദ്ധിയും അതിനായി സ്വയം ക്ഷയിക്കുന്നുവെങ്കിലോ അത് ശക്തിയും)

വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter