റമദാനും മഗ്ഫിറതിന്റെ വഴികളും – 5

ശൈഖ് മഹ്മൂദ്‌ അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി ഇസ്‌ലാംഓണ്‍ വെബ് പ്രസിദ്ധീകരിക്കുന്നു. അഞ്ചാം ഭാഗം

നോമ്പുകാര്‍ക്കു റയ്യാന്‍ എന്ന കവാടം

റസൂല്‍(സ)പറഞ്ഞു: “സ്വര്‍ഗത്തില്‍ തീര്‍ച്ചയായും റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഖിയാമത് ദിനം നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കും. അവരല്ലാത്ത ആരും അതിലൂടെ പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതു അടക്കപ്പെടും. പിന്നെ ആരും അതിലൂടെ പ്രവേശിക്കുകയേ ഇല്ല.”

തിര്‍മദിയില്‍ ഇതും കൂടിയുണ്ട്. “ആരെങ്കിലും അതിലൂടെ പ്രവേശിച്ചാല്‍ പിന്നെയൊരിക്കലും അദ്ദേഹത്തിന് ദാഹിക്കുകയില്ല.”

അതിനാല്‍ എന്‍റെ സഹോദരാ, ഒന്നു ചിന്തിച്ചു നോക്കൂ. കവാടത്തിന്‍റെ നാമകരണം തന്നെ നോക്കൂ, ദാഹശമനം എന്നര്‍ഥം വരുന്ന റയ്യ് എന്ന പദമാണ് റയ്യാന്‍ എന്നതിന്‍റെ വ്യുല്‍പത്തി. കവാടത്തിന്‍റെ നാമം തന്നെ ദാഹശമനത്തിന്‍റെ ഉത്തേജകമാണ്. വലിയ ഒരു പേമാരിയുടെ തുടക്കം ഒരു തുള്ളിയാണ്. വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ വെള്ളം എന്നു പറഞ്ഞാല്‍ തന്നെ ദാഹത്തിന്‍റെ കാഠിന്യം കുറക്കുമല്ലോ. ഇങ്ങനെയെങ്കില്‍ സ്വര്‍ഗത്തിനകത്ത് അവര്‍ക്കു ലഭ്യമാകുന്ന സംതൃപ്തിയെ കുറിച്ചെന്തു പറയാന്‍.

അബ്ദുര്‍റഹ്‍മാന്‍ ബ്നു സമുറയുടെ ഹദീസില്‍- നബി(സ) അവിടന്നു കണ്ട ഒരു സ്വപ്നം വിശദമായി വിവരിക്കുമ്പോള്‍ റസൂല്‍(സ) പറഞ്ഞു: “എന്‍റെ ഉമ്മത്തില്‍പ്പെട്ട ഒരാള്‍ ദാഹിച്ചു കിതക്കുന്നത് ഞാന്‍ കണ്ടു. അവന്‍ ജലാശയത്തിന്‍റെ അടുത്തേക്ക് വരുമ്പോഴെല്ലാം അവനെ തടയുന്നു. അപ്പോള്‍ റമദാനിലെ നോമ്പുകള്‍ വന്ന് അവനെ ജലപാനം ചെയ്യിക്കുകയും അവന്‍ ദാഹം തീര്‍ക്കുകയും ചെയ്യുന്നു.”

ദുന്‍യാവിലെ ദാഹശമനം ദാഹമാണ്. യഥാര്‍ത്ഥ ദാഹശമനം ആഖിറത്തിലേതാണ്. ചെയ്ത അമലിന്‍റെ ജനുസ്സില്‍ നിന്നുള്ളതു തന്നെയാണ് യഥാര്‍ത്ഥ പ്രതിഫലം.

കഴിഞ്ഞ ദിനങ്ങളില്‍ നിങ്ങള്‍ ചെയ്തതിനു ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.

ദുന്‍യാവില്‍ വിശന്നിട്ട് കവിളുകള്‍ വിണ്ടുകീറിയവരാണവര്‍ (കുടലുകള്‍ കരിഞ്ഞവരാണവര്‍). പാനീയങ്ങള്‍ വെടിഞ്ഞ് ചുണ്ടുകള്‍ കൂട്ടിക്കെട്ടിവെച്ചവരാണ്. അവരുടെ വയറുകള്‍ മെലിഞ്ഞൊട്ടിയവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ അവര്‍ക്ക് പ്രതിഫലമായി എങ്ങനെ വരാതിരിക്കും.

അല്ലാഹു പറഞ്ഞു: “കഴിഞ്ഞുപോയ ദിനങ്ങളില്‍ നിങ്ങള്‍ ചെയ്തു വെച്ചതിനു (ഇപ്പോള്‍) നിങ്ങള്‍ അസ്വദിച്ച് തിന്നുവീന്‍, കുടിക്കുവീന്‍.” (അല്‍ഹാഖ്ഖ - 24)

മുജാഹിദ് (റ)വും മറ്റു പലരും ഈ ആയത് നോമ്പുകാരെ കുറിച്ചാണെന്ന് പറഞ്ഞിട്ടുണ്ട്.

യഅ്ഖൂബ് ബ്നു യൂസുഫ് അല്‍ഹനഫി പറഞ്ഞു: “നമുക്ക് വിവരം കിട്ടിയിട്ടുണ്ട്. തീര്‍ച്ചയായും അല്ലാഹു ഖിയാമത് നാളില്‍ ഔലിയാക്കളോട് പറയും. എന്‍റെ ഔലിയാക്കളേ, ദുന്‍യാവില്‍ നിങ്ങളെ നോക്കുമ്പോഴെല്ലാം നിങ്ങളുടെ ചുണ്ടുകളില്‍ പാനീയങ്ങള്‍ക്കു വിലങ്ങിട്ടിട്ടുണ്ടായിരുന്നു. നിങ്ങളുടെ കണ്ണുകള്‍ വരണ്ടു പോകുകയും വയറുകള്‍ ഉണങ്ങുകയും ചെയ്തിരുന്നു. ഇന്നു നിങ്ങള്‍ സുഖാനുഭൂതികള്‍ ആസ്വദിക്കൂ. നിങ്ങള്‍ പരസ്പരം ചഷകങ്ങള്‍ പകര്‍ന്നു നല്കൂ.”

Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും - 6

അനസ്(റ) നിവേദനം ചെയ്യുന്നു:“അല്ലാഹുവിന് ഒരു ഭക്ഷണത്തളികയുണ്ട്. അത്തരിത്തിലൊന്ന് ഒരു കണ്ണും കണ്ടിട്ടില്ല. ഒരു കാതും കേട്ടിട്ടില്ല. ഒരു മനുഷ്യമനസ്സും സങ്കല്‍പിച്ചിട്ടുമില്ല. നോമ്പുകാര്‍ മാത്രമേ അതിനു ചുറ്റുമിരിക്കുകയുള്ളൂ.”

മുന്ഗാമികള്‍ ചിലര്‍ പറഞ്ഞു: “നമുക്ക് വിവരം ലഭിച്ചു. ജനങ്ങള്‍ വിചാരണ നേരിടുമ്പോള്‍ത്തന്നെ നോമ്പുകാര്‍ക്കു ഭക്ഷണത്തളിക ഒരുക്കുകയും അവര്‍ അതില്‍നിന്ന് തിന്നുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നു. റബ്ബേ, ഞങ്ങള്‍ വിചാരണ നേരിടുന്നു. അവരാണെങ്കില്‍ ഭക്ഷണം കഴിക്കുന്നു. അപ്പോള്‍ അവരോട് പറയും. അവര്‍ നോമ്പു നോറ്റപ്പോഴൊന്നും നിങ്ങള്‍ നോറ്റില്ല. അവര്‍ നിന്ന് നിസ്കരിച്ചപ്പോഴെല്ലാം നിങ്ങള്‍ കിടന്നുറങ്ങി.”

നോമ്പുകാരനു നിരസിക്കപ്പെടാത്ത ഒരു പ്രാര്‍ത്ഥനയുണ്ട്

റസൂല്‍(സ) പറഞ്ഞു: “മൂന്നാളുകളുടെ പ്രാര്‍ഥന നിരസിക്കപ്പെടുകയില്ല. നോമ്പുകാരന്‍ നോമ്പു തുറക്കുന്നവേളയില്‍..”(ഇബ്നുഹിബാന്‍)

നബി(സ) പറഞ്ഞു: “ചൂടുള്ള പകലില്‍ അല്ലാഹുവിനു വേണ്ടി സ്വശരീരത്തെ ദാഹം അനുഭവിപ്പിച്ചവന് തീര്‍ച്ചയായും ഖിയാമത് ദിനം അവന്‍റെ ദാഹം ശമിപ്പിക്കുന്നത് അല്ലാഹുവിനു കടപ്പെട്ടിരിക്കുന്നുവെന്ന് അല്ലാഹു സ്വയം തീരുമാനിച്ചിരിക്കുന്നു.”

മനുഷ്യന്‍റെ തൊലി ഉരിഞ്ഞുപോകുമാറ് കഠിന ചൂടുള്ള ദിവസങ്ങള്‍ നോക്കി നോമ്പെടുക്കാറുണ്ടായിരുന്നു ബഹുമാനപ്പെട്ട അബൂമൂസാ(റ). (അല്‍ജാമിഅ്)

നബി(സ) പറഞ്ഞു: “ഒരാളുടെ അന്ത്യം ആ ദിവസത്തെ നോമ്പുകൊണ്ടാണെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (അല്‍ജാമിഅ്)

സൌഭാഗ്യവാന്മാരുടെ അന്ത്യം അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ.

രക്ഷയുടെ പാശം അന്വേഷിക്കുന്നവനേ

രക്ഷയുടെ പാശം അന്വേഷിക്കുന്നവനേ,,,,, ഇതാ അത് നിന്‍റെ മുന്നില്‍. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ അതു് ഉപേക്ഷിക്കരുത്. എഴുന്നേല്‍ക്കൂ, ഈ മാന്യമായ അതിഥിയെ സത്യസന്ധമായ പ്രായശ്ചിത്യവുമായി വരവേല്‍ക്കുക. നിരാശ നിന്‍റെ ഹൃദയത്തിലേക്ക് ഇറ്റു വീഴാതിരിക്കട്ടെ. അല്ലാഹു പറയുന്നത് ഒന്നു ഓര്‍ത്തു നോക്കൂ.

“പറയുക, സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (അര്‍റുമുസ് - 53)

നീ നിര്‍ബന്ധമായും അല്ലാഹുവിന്‍റെ അടിമകളോടുള്ള അനീതികളില്‍ നിന്ന് വിട്ടു നില്‍ക്കണം. വഴക്കുകളും ശത്രുതയും മറന്നു കളയണം. നിന്‍റെ മാതാപിതാക്കള്‍ക്കു ഗുണം ചെയ്യണം. കുടുംബ ബന്ധം പുലര്‍ത്തണം. ശഅ്ബാന്‍ മാസത്തിലേ സല്‍പ്രവര്‍ത്തികള്‍ വര്‍ദ്ധിപ്പിക്കണം. അത് റമദാനില്‍ കൃത്യമായി ഇബാദതു നിര്‍വ്വഹിക്കാന്‍ സഹായിക്കും. മാത്രമല്ല വര്‍ഷത്തിലെ മുഴുവന്‍ അമലുകളും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതും ശഅ്ബാന്‍ മാസത്തിലാണ്. റമദാന്‍ മാസത്തില്‍ അല്ലാഹുവിനെ വഴിപ്പെടാനുള്ള പരിശ്രമങ്ങളുണ്ടാവുമെന്ന് ആത്മാര്‍ഥമായി ഉദ്ദേശിക്കണം. പ്രത്യേകിച്ച് അവസാന പത്ത് ദിവസങ്ങളില്‍ ലൈലതുല്‍ ഖദ്‍ര്‍ പ്രതീക്ഷിച്ച് പരിശ്രമിക്കണം. ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്. റസൂല്‍(സ) ചെയ്തതു പോലെ ഇഅ്തികാഫ് ഇരിക്കാന്‍ നിനക്കാവുമെങ്കില്‍ അത് വലിയ നന്മ തന്നെയാണ്.

അല്ലാഹുവേ നീ തന്നെയാണ് മാപ്പ്. നീ മാപ്പിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഞങ്ങള്‍ക്കു മാപ്പു തരണമേ

അല്ലാഹു പറയുന്നു:“ലൈലതുല്‍ ഖദ്‍ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്.” (അല്‍ഖദ്‍ര്‍ - 3)

അബൂ ഹുറൈറ(റ)യില്‍ നിന്നു നിവേദനം. നബി(സ) പറഞ്ഞു: “ആരെങ്കിലും ഖദ്‍റിന്‍റെ രാത്രിയില്‍ വിശ്വാസത്തോടെ പ്രതിഫലം കാംക്ഷിച്ച് നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി, മുസ്‍ലിം)

ആഇശ (റ) പറഞ്ഞു: “റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ റസൂല്‍(സ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. എന്നിട്ടു പറയും:“റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ നിങ്ങള്‍ ഖദ്‍റിന്‍റെ രാവിനെ പ്രതീക്ഷിക്കുക” (ബുഖാരി, മുസ്‍ലിം)

ആഇശ(റ) പറയുന്നു:“റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ പ്രവേശിച്ചാല്‍ റസൂല്‍ (സ) രാത്രി ജീവിപ്പിക്കുമായിരുന്നു. (രാത്രിയില്‍ നിദ്രാ വിഹീനനായി ആരാധനകള്‍ നിര്‍വഹിക്കുന്നു) തങ്ങളുടെ കുടുംബത്തെ വിളിച്ചുണര്‍ത്തുമായിരുന്നു. അരക്കെട്ട് മുറുക്കിയെടുത്ത് കഠിന ശ്രമം നടത്തിയിരുന്നു.” (ബുഖാരി, മുസ്‍ലിം)

ആഇശ(റ) പറഞ്ഞു: “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലേ, ഏതു രാത്രിയിലാണ് ലൈലതുല്‍ ഖദ്‍ര്‍ എന്ന് എനിക്ക് മനസ്സിലയാല്‍ ഞാനെന്താണ് അപ്പോള്‍ ചൊല്ലേണ്ടത്. റസൂല്‍ (സ) പറഞ്ഞു: “നീ പറയുക. اللهم إنك عفو تحب العفو فاعف عني(അല്ലാഹുവേ, നീ മാപ്പു (അഫ്‍വ്) തന്നെയാണ് മാപ്പു നല്‍കാന്‍ നീ ഇഷ്ടപ്പെടുന്നു. അതിനാല്‍ എനിക്കു മാപ്പു തരണേ)” (അല്‍ ജാമിഅ്)

പാപങ്ങളുടെ പര്‍വ്വതങ്ങള്‍... പാപമുക്തിയുടെ മേഘപടലങ്ങള്‍

ഇതാ പാപമോചനത്തിന്‍റെ മേഘപാളികളില്‍ നിന്ന് പാപങ്ങളുടെ പര്‍വ്വതങ്ങളിലേക്ക് മഴ വര്‍ഷിക്കുന്നു. അവിടെയുള്ള തെറ്റുകളും ദോഷങ്ങളും അതിലൂടെ ഒഴുകി ഒലിച്ച് അവിടം കഴുകി ശുദ്ധീകൃതമാകുന്നു.

ഇതാ ഇവിടെ മഗ്ഫിറത്തിനു ഹേതുവാകുന്ന പ്രശോഭിതമായ ചില രൂപങ്ങള്‍ ഈ റമദാനില്‍ സമ്മേളിക്കുന്നു. ജനങ്ങള്‍ക്ക് പാപമോചനവും അല്ലാഹുവിന്‍റെ തൃപ്തിയും നരകാഗ്നിയില്‍ നിന്നുള്ള രക്ഷയും നേടാനുള്ള മാര്‍ഗങ്ങള്‍. തൌബ ചെയ്ത് അല്ലാഹുവിലേക്ക് സഞ്ചരിക്കാനുള്ള വഴികള്‍.

(അവസാനിക്കുന്നില്ല)

വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter