സഹോദരിമാരും റമദാനും
പ്രിയ സഹോദരിമാരേ, വിശുദ്ധ റമദാനാണ് കടന്നുവന്നിരിക്കുന്നത്. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ദിനങ്ങള്.. ഖുര്ആന് പാരായണത്തിന്റെയും ആരാധനാകര്മ്മങ്ങളുടെയും ദിനരാത്രങ്ങള്.. സല്കര്മ്മങ്ങള്ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന നിമിഷങ്ങള്.. ദോഷങ്ങള് വളരെവേഗം പൊറുക്കപ്പെടുന്ന രാവുകള്..
വീണ്ടും ഒരു റമദാനിലേക്ക് എത്തിപ്പെടാനായതിന് നാഥന് നന്ദി രേഖപ്പെടുത്തുക. പരലോകയാത്രക്കാവശ്യമായ പാഥേയം കൂടുതല് തയ്യാറാക്കാന് ഇത് ഉപയോഗപ്പെടുത്തുക. ഈ വിശുദ്ധമാസത്തിലേക്കെത്താനാവാതെ മരണത്തിന്റെ പടികടന്ന് പോയ കൂട്ടുകാരികളെക്കുറിച്ചോര്ക്കുക, അവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുക, ജീവിതത്തില് ഇനിയൊരു റമദാന് ലഭിക്കുമോ എന്ന് സംശയം സദാ കൂടെ ഉണ്ടായിരിക്കട്ടെ, പ്രയോജനപ്പെടുത്താന് സാധിക്കുന്ന കൂടുതല് കൂടുതല് റദാനുകള് ലഭിക്കണേ എന്ന് പ്രാര്ത്ഥിക്കുക.
സഹോദരീ, ഭയഭക്തിയാണ് നോന്പിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഓര്ക്കുക. ഹൃദയങ്ങളെ പുളകം കൊള്ളിക്കാനായിരിക്കണം നോന്പെടുക്കുന്നത്. ആത്മീയലോകത്ത് വളരെയേറെ മുന്നേറാനായിരിക്കണം നോന്പ് നമ്മെ സഹായിക്കേണ്ടത്. നോന്പും ആ വിശുദ്ധ ദിനരാത്രങ്ങളും അതിലേക്കുള്ള മാര്ഗ്ഗങ്ങളായില്ലെങ്കില്, മറ്റൊരു റമദാന് കൂടി ലഭിച്ചുവെന്നത് വിനയായിത്തീരുകയേ ഉള്ളൂ. അത് നമുക്കെതിരെ സാക്ഷി പറയാനേ ഉണ്ടാവുകയുള്ളൂ.
സഹോദരീ, നോന്പ് എടുക്കേണ്ടത് ഭക്ഷണപദാര്ത്ഥങ്ങള് ഉപേക്ഷിച്ചുകൊണ്ട് മാത്രമാവരുത്. വയറ് മാത്രം നോന്പ് നോല്ക്കുന്ന തീരാനഷ്ടത്തെക്കുറിച്ച് പ്രവാചകര് പലപ്പോഴും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. (തെറ്റായവാക്കുകളും പ്രവൃത്തികളും ഓഴിവാക്കാത്തിടത്തോളം അന്നപാനീയങ്ങള് മാത്രം ഉപേക്ഷിക്കുന്നതില് അല്ലാഹുവിന് യാതൊരു താല്പര്യവുമില്ല - ബുഖാരി).. ആയതിനാല് നോന്പെടുക്കുന്പോഴെങ്കിലും അവയവങ്ങളെ സൂക്ഷിക്കാന് നാം മനസ്സ് വേക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ കുറ്റം പറയാതെ, പരദൂഷണത്തില് സമയം ചെലവഴിക്കാതെ നമ്മുടെ നാവ് കൂടി നോന്പ് നോല്ക്കട്ടെ.. നിഷിദ്ദമായത് കാണാതെ നമ്മുടെ കണ്ണുകള് കൂടി നോന്പ് നോല്ക്കട്ടെ.. അനാവശ്യമായതൊന്നും കേള്ക്കാതെ നമ്മുടെ കാതുകളും നോന്പെടുക്കുന്നവരാവട്ടെ..നമ്മുടെ നോന്പിന്റെ സത്തയും കാന്പും കളയാനായി ഈ മാസം പ്രത്യേകം തയ്യാറെടുത്തുവരുന്ന ചാനല്പ്രോഗ്രാമുകളും അവതാരകരും.. അവര് പിശാചിന്റെ പ്രതിരൂപങ്ങളാണെന്ന് തിരിച്ചറിയുക.. ചങ്ങലകളില് ബന്ധനസ്ഥരായി കിടക്കുന്ന പിശാചുക്കള്, തങ്ങളുടെ കൃത്യം നിര്വ്വഹിക്കാനായി നിയോഗിച്ചയക്കുന്ന ദൂതന്മാരാണവര്..അവരുടെ കെണിയില് പെടാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.. അല്ലാത്ത പക്ഷം, റമദാന് പ്രഗ്രാമുകളെന്ന പേരില് അരങ്ങേറുന്ന അത്തരം ആഭാസങ്ങള് വീക്ഷിക്കുന്നതിലൂടെ നമ്മുടെ നോന്പിന്റെ അന്തസ്സത്തയാവും നഷ്ടപ്പെടുക. മാസാവസാം അവര്ക്ക് അതിന് വലിയ ഭൌതികപ്രതിഫലം ലഭിക്കുന്പോള് നഷ്ടമാവുന്നത് നമുക്കാണ്. പകല്മുഴുവന് പട്ടിണികിടന്നത് മാത്രമാവും നമുക്ക് മിച്ചം.
സഹോദരീ, ഷോപ്പിംഗിന്റെ പേരും പറഞ്ഞ് അങ്ങാടികളിലും ഷോപ്പിംഗ് മാളുകളിലും ചുറ്റിത്തിരിയുന്നത് ഈ മാസമെങ്കിലും വേണ്ടെന്ന് വെക്കുക. അതെല്ലാം പുരുഷന്മാര് ചെയ്യട്ടെ. വീട്ടിലേക്കാവശ്യമുള്ളത് അവര് വാങ്ങിക്കൊണ്ടുവരട്ടെ. എന്തിനാണ് നാം ഇങ്ങനെ അഴിഞ്ഞാടുന്നത്. അത്യാവശ്യഘട്ടങ്ങളില് മാത്രമേ വെളിയില് പോവാന് ഇസ്‌ലാം അനുവദിക്കുന്നുള്ളൂ എന്ന് ഈ മാസത്തിലെങ്കിലും ഓര്ക്കുക.
സഹോദരീ, പ്രപഞ്ചനാഥന്റെ ഓഫറുകളാവട്ടെ നമ്മെ നയിക്കുന്നത്. ആരെങ്കിലും ആത്മാര്ത്ഥമായി വിശുദ്ധറമദാനില് നോന്പെടുത്താല്, കഴിഞ്ഞുപോയ എല്ലാ ദോഷങ്ങളും പൊറുക്കപ്പെടുമെന്നതാണ് അത്. ഈ മാസത്തിലെ പല കര്മ്മങ്ങള്ക്കും സമാനമോ മഹത്തരമോ ആയ പല വാഗ്ദാനങ്ങളും പടച്ച തന്പുരാന് നല്കിയിരിക്കുന്നു. ഷോപ്പിംഗ് മാളുകളുടെ റമദാന് ഓഫറുകളേക്കാള് എത്രയോ മഹത്തരമായത് അവതന്നെയാണെന്നതില് യാതൊരു സംശയവുമില്ലല്ലോ. ആയതിനാല്, റമദാന് നമുക്ക് നന്മയുടെ മാസമാവട്ടെ.. ആത്മീയമായ വളര്ച്ചയുടെയും മുന്നേറ്റത്തിന്റെയും സുദിനങ്ങളാവട്ടെ.. ഈ റമദാന് പരമാവധി ഉപയോഗപ്പെടുത്തുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുക.. ഓരോ ദിവസം കഴിയുന്പോഴും അന്ന് ചെയ്തതിനെക്കുറിച്ചും നേടിയതിനെക്കുറിച്ചും സ്വയം കണക്കെടുപ്പും വിചാരണയും നടത്തുക. ഓരോ ദിനവും മുന് ദിവസത്തേക്കാള് മികവുറ്റതാക്കുക.. അങ്ങനെ ചെയ്യാനായാല് തീര്ച്ചയായും റമദാന് നമുക്ക് അനുകൂലമായ സാക്ഷിയായിത്തീരും... നാഥന് തുണക്കട്ടെ.
Leave A Comment