ഉംറയുടെ കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍

<img class="alignleft wp-image-19995" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/03/1114.jpg" src="http://www.islamonweb.net/wp-content/uploads/2013/03/1114.jpg" alt=" width=" 350"="" height="234">വിശുദ്ധ ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തേതാണല്ലോ ഹജ്ജും ഉംറയും. തടിയാലും വഴിയാലും മുതലാലും കഴിവുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ അത് രണ്ടും നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഭൌതിക സാഹചര്യങ്ങളെല്ലാം ഒത്തു വന്നിട്ടും അത് നിര്‍വ്വഹിക്കാതെ ഒരാള്‍ മരണപ്പെടുന്നുവെങ്കില്‍, അയാള്‍ക്ക് വേണ്ടി ആ കര്‍മ്മം നിര്‍വ്വഹിക്കാനായി ഒരാളെ പറഞ്ഞയക്കാനാവശ്യമായ തുക മാറ്റി വെച്ച ശേഷമേ, അയാളുടെ അനന്തര സ്വത്ത് വീതം വെക്കാവൂ എന്നാണ് കര്‍മ്മശാസ്ത്ര നിയമം. സുപ്രധാനമായ ഏതൊരു കാര്യത്തിലുമെന്ന പോലെ, ഉംറ യാത്രയും ഇസ്തിഖാറത് നടത്തി വേണം തീരുമാനിക്കേണ്ടത്. സാമ്പത്തികമോ ശാരീരികമോ മറ്റോ ആയ ഇടപാടുകളെല്ലാം തീര്‍ക്കുകയും പിണങ്ങി നില്‍ക്കുന്ന ബന്ധങ്ങളെയെല്ലാം വിളക്കിച്ചേര്‍ക്കുകയും ചെയ്ത ശേഷമായിരിക്കണം യാത്ര തുടങ്ങുന്നത്. ഉംറയുടെ പ്രധാന കര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇഹ്റാം

ഉംറ ഉദ്ദേശിച്ച് മക്കയിലേക്ക് പോകുന്നവന്‍ ഇഹ്റാം ചെയ്തേ മീഖാത് വിട്ടുകടക്കാവൂ. ഇഹ്റാം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം കുളിക്കലും ശരീരത്തിലെ നീക്കേണ്ട രോമങ്ങള്‍ നീക്കുകയും നഖം വെട്ടുകയും ചെയ്യലും സുന്നതാണ്. ഇഹ്റാമിന് വേണ്ടി ഈ സുന്നതായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്ന കരുത്ത് ആ സമയത്തെല്ലാം ഉണ്ടായിരിക്കണം. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിക്കാം. ശരീരത്തിലും മറ്റും സുഗന്ധം പൂശലും സുന്നതാണ്. ഇഹ്റാമിന്റെ രണ്ട് റക്അത് സുന്നത് നിസ്കാരമാണ് ഇനി നിര്‍വ്വഹിക്കാനുള്ളത്. ഇഹ്റാമിന്റെ സുന്നതായ രണ്ട് റക്അത് ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത് ചെയ്ത് സാധാരണ പോലെ രണ്ട് റക്അതാണ് ഇഹ്റാമിന്റെ സുന്നത് നിസ്കാരം. ആദ്യറക്അതില്‍ സൂറതുല്‍കാഫിറൂനയും രണ്ടാം റക്അതില്‍ സൂറതുല്‍ ഇഖലാസും ഓതല്‍ പ്രത്യേകം സുന്നതാണ്. ശേഷം അല്ലാഹുവിനോട് ദുആ ചെയ്യുക. അത് കഴിഞ്ഞാണ് ഇഹ്റാം ചെയ്യേണ്ടത്. (നവൈതുല്‍ ഉംറത വ അഹ്റംതു ബിഹാ ലില്ലാഹിതആലാ) ഞാന്‍ ഉംറയെ കരുതി, ആ ഉംറ കൊണ്ട് അല്ലാഹുവിന് വേണ്ടി ഞാന്‍ ഇഹ്റാം ചെയ്തു എന്ന് കരുതുകയാണ് വേണ്ടത്. അതോടെ നാം മുഹ്രിം ആയിത്തീര്‍ന്നു. സുഗന്ധമോ എണ്ണയോ ഉപയോഗിക്കല്‍, നഖം, മുടി തുടങ്ങിയവ നീക്കല്‍, പുരുഷന്മാര്‍ക്ക് തല മറക്കല്‍, തുന്നിയ വസ്ത്രം ധരിക്കല്‍ തുടങ്ങിയ ഇഹ്റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങളെല്ലാം ഇതോടെ ഹറാം ആയിത്തീരുന്നു.

തല്‍ബിയത്

ഇനി നാം ഉരുവിടേണ്ടത് തല്‍ബിയതിന്റെ മന്ത്രങ്ങളാണ്. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ഹംദ വന്നിഅ്തമ ലക വല്‍മുല്‍ക്, ലാ ശരീക ലക് (അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് പങ്കുകാരനായി ആരുമില്ല, സര്‍വ്വസ്തുതിയും സകല അനുഗ്രങ്ങളും അധികാരവും നിനക്കും നിന്റേതുമാണ് നിശ്ചയം, നിനക്ക് പങ്കുകാരനില്ല) ഇഹ്റാം ചെയ്ത ഉടനെ തല്‍ബിയത് ചൊല്ലല്‍ പ്രത്യേകം സുന്നതാണ്. ശേഷം അത് പരമാവധി വര്‍ദ്ദിപ്പിച്ചുകൊണ്ടിരിക്കണം. കയറ്റം, ഇറക്കം തുടങ്ങിയ യാത്രയുടെ അവസ്ഥാവ്യത്യാസങ്ങളിലെല്ലാം തല്‍ബിയത് ചൊല്ലല്‍ പ്രത്യേകം സുന്നതുണ്ട്. ത്വവാഫ് ഇനി നാം പോകുന്നത് മക്കയിലേക്കാണ്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ച് എത്രയും വേഗം ഉംറയുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയാണ് നാം വേണ്ടത്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിക്കുന്നതോടെ ഇഅ്തികാഫിന്റെ നിയ്യത് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യമായി കഅ്ബ ദര്‍ശിക്കുന്ന സന്ദര്‍ഭം ഏറെ പവിത്രമാണ്. ദുആക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയമാണ് അത്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ചാല്‍ തഹിയ്യതിന്റെ നിസ്കാരത്തിന് പകരം ത്വവാഫ് ആണ് ചെയ്യേണ്ടത്. ഇഹ്റാമിലായി ആണ് പ്രവേശിക്കുന്നതെങ്കില്‍ തഹിയ്യതിന്റെ ത്വവാഫിന് പകരം നിര്‍ബന്ധമായ ത്വവാഫ് തന്നെ മതിയാവുന്നതാണ്. ഇഹ്റാമിലല്ലാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോഴൊക്കെ തഹിയ്യതിന്റെ ത്വവാഫ് ചെയ്യല്‍ സുന്നതാണ്. ശേഷം നേരെ മത്വാഫിലേക്ക് പ്രവേശിക്കുകയും ഉംറയുടെ നിര്‍ബന്ധ ത്വവാഫ് നിര്‍വ്വഹിക്കുകയുമാണ് വേണ്ടത്. ഹജറുല്‍അസവദിന്റെ നേരെ നിന്നുകൊണ്ടാണ് ത്വവാഫ് തുടങ്ങേണ്ടത്. ഉംറയുടെ നിര്‍ബന്ധമായ ഏഴ് ത്വവാഫുകള്‍ ഞാന്‍ നിര്‍വ്വഹിക്കുന്നു എന്ന നിയ്യതോടെ ബിസ്മില്ലാഹി അല്ലാഹുഅക്ബര്‍ എന്ന് പറഞ്ഞ് ഹജറുല്‍അസവദ് ചുംബിച്ചോ കൈകൊണ്ട് അതിന് നേരെ ആംഗ്യംകാണിച്ച് ആ കൈമുത്തിയോ ആണ് ത്വവാഫ് തുടങ്ങേണ്ടത്. ത്വവാഫ് ചെയ്യുന്നത് കഅ്ബ ഇടതുഭാഗത്ത് വരുന്നവിധമായിരിക്കണം. അങ്ങനെ അല്ലാതെ, കഅ്ബക്ക് അഭിമുഖമായോ മറ്റോ ചെയ്യുന്നത് ത്വവാഫ് ആയി പരിഗണിക്കുന്നതല്ല. ഹിജ്റുഇസ്മാഈല്‍ എന്ന ഭാഗം കഅ്ബയുടെ ഉള്‍ഭാഗത്തില്‍പെട്ടതാണെന്നതിനാല്‍, അതിനകത്തുകൂടെ നടത്തുന്ന ത്വവാഫും പരിഗണിക്കപ്പെടുന്നതല്ല. ശേഷം സഅയ് വരുന്ന എല്ലാ ത്വവാഫിലും മേല്‍മുണ്ട് പൂണൂല്‍ ധരിക്കുന്നവിധം (മധ്യഭാഗം വലത്തേ ചുമലിന്റെ താഴ്ഭാഗത്ത് വരുന്നവിധം) ആക്കിവെക്കലും ആദ്യമൂന്ന് ത്വവാഫുകളില്‍ പുരുഷന്‍ അല്‍പം വേഗത്തില്‍ ഓടലും സുന്നതാണ്.  റബ്ബനാആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍ എന്ന പ്രാര്‍ത്ഥന പ്രവാചകര്‍ (സ) ത്വവാഫില്‍ വര്‍ദ്ദിപ്പിച്ചതായി കാണാം. മറ്റുള്ള ദുആകളും ദിക്റുകളും സ്വലാത്തുകളും സൂറതുകളുമൊക്കെ ചൊല്ലാവുന്നതാണ്.  ത്വവാഫില്‍, നിസ്കാരത്തിലെ പോലെ ശരീരവും വസ്ത്രവും അശുദ്ധിയില്‍നിന്നും നജസില്‍നിന്നും ശുദ്ധമായിരിക്കലും ഔറത് പൂര്‍ണ്ണമായും മറക്കലും നിര്‍ബന്ധമാണ്. ത്വവാഫ് ചെയ്യുന്നതിനിടയില്‍ അഥവാ വുളൂ മുറിഞ്ഞുപോയാല്‍ വുളൂ ചെയ്ത്, നിര്‍ത്തിയത് മുതല്‍ ത്വവാഫ് തുടരേണ്ടതാണ്. ത്വവാഫ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ത്വവാഫിന്റെ രണ്ട് റക്അത് നിസ്കരിക്കല്‍ പ്രത്യേകം സുന്നതാണ്. മഖാമുഇബ്റാഹീമിന്റെ ഭാഗത്ത് വെച്ച് ഇത് നിര്‍വ്വഹിക്കലാണ് ഏറ്റവും ഉത്തമം. ത്വവാഫിന്റെ രണ്ട് റക്അത് സുന്നത് നിസ്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു എന്ന കരുത്തോടെ സാധാരണ രൂപത്തിലുള്ള രണ്ട് റക്അത് നിസ്കാരമാണ് ഇത്. ആദ്യ റക്അതില്‍ സൂറതുല്‍ കാഫിറൂനയും രണ്ടാം റക്അതില്‍ സൂറതുല്‍ ഇഖലാസും ഓതല്‍ പ്രത്യേകം സുന്നതാണ്. നിസ്കാര ശേഷം കഅ്ബയില്‍ നോക്കി എല്ലാ ആവശ്യങ്ങള്‍ക്കും ദുആ ചെയ്യുക. ശേഷം സംസം വെള്ളം കുടിക്കല്‍ സുന്നതാണ്. ഏതാവശ്യത്തിനാണോ കുടിക്കുന്നത് അതിനുള്ളതാണ് സംസം എന്ന പ്രവാചകവചനമുള്ളതിനാല്‍ വിവിധ ആഗ്രഹങ്ങളെല്ലാം ആ സമയത്ത് കരുതാവുന്നതാണ്.

സഅയ്

ശേഷം ഉംറയുടെ സഅയ് ആണ് ചെയ്യാനുള്ളത്. നേരെ മസ്അയിലേക്കെത്തി സ്വഫായില്‍ നിന്ന് സഅയ് തുടങ്ങേണ്ടതാണ്. സ്വഫയുടെ മേല്‍ അല്‍പം കയറല്‍ പുരുഷന് പ്രത്യേകം സുന്നതുണ്ട്. സ്വഫയില്‍നിന്ന് മര്‍വ്വയിലെത്തുന്നതോടെ ഒരു സഅയും തിരിച്ച് സ്വഫയിലെത്തുന്നതോടെ രണ്ട് സഅയും പൂര്‍ത്തിയാവുന്നു. ഏഴാമത്തെ സഅയ് മര്‍വ്വയില്‍ അവസാനിക്കുന്നതോടെ സഅയ് എന്ന കര്‍മ്മവും കഴിഞ്ഞു. സഅയ് ചെയ്യുന്ന സ്ഥലത്തിന്റെ ഏകദേശം മധ്യഭാഗത്തായി പ്രത്യേകം അടയാളപ്പെടുത്തിയ രണ്ട് ഭാഗങ്ങള്‍ക്കിടയില്‍ അല്പം വേഗത്തില്‍ ഓടല്‍ പുരുഷന് പ്രത്യേകം സുന്നതാണ്. ശേഷം കഅ്ബയിലേക്ക് തിരിഞ്ഞ് കഴിയുന്നത്ര ദുആ ചെയ്യുക.

തഹല്ലുല്‍

ശേഷം തല മുടി നീക്കം ചെയ്യുക. മുഴുവനായും മുടി കളയലാണ് പുരുഷന് ഉത്തമം. തലയിലെ ഏതെങ്കിലും മൂന്ന് മുടി മുറിച്ചാലും തഹല്ലുല്‍ ആവും. സ്ത്രീകളും ഇതേരൂപത്തില്‍ മുടി മുറിച്ചാണ് തഹല്ലുല്‍ ആവേണ്ടത്. ഇതോടെ ഉംറ പൂര്‍ത്തിയായി.

മറ്റുള്ളവര്‍ക്ക് വേണ്ടി ഉംറ ചെയ്യുമ്പോള്‍

മറ്റാര്‍ക്കെങ്കിലും വേണ്ടിയും ഉംറ ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍, അയാള്‍ ശാരീരികമായി അത് ചെയ്യാന്‍ സാധിക്കാത്തവനും സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവനുമായിരിക്കണം. അതോടൊപ്പം, അയാള്‍ക്ക് വേണ്ടി ചെയ്യാന്‍ അയാളുടെ അനുവാദവും ആവശ്യമാണ്. മരിച്ചുപോയവര്‍ക്ക് വേണ്ടി ചെയ്യുമ്പോള്‍ അനുവാദം ആവശ്യമില്ല. ഇഹ്റാം ചെയ്യുമ്പോള്‍ നിയ്യതില്‍ ആര്‍ക്ക് വേണ്ടിയാണോ ചെയ്യുന്നത് അയാള്‍ക്ക് വേണ്ടി എന്ന് പ്രത്യേകം കരുതേണ്ടതാണ്. ഉദാഹരണമായി ഉമ്മാക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍, നവൈതുല്‍ഉംറത ലിഉമ്മീ വഅഹ്റംതുബിഹാ ലില്ലാഹിതആലാ (ഞാന്‍ എന്റെ ഉമ്മാക്ക് വേണ്ടി ഉംറയെ കരുതി, അത് കൊണ്ട് ഞാന്‍ ഇഹ്റാം ചെയ്തു). ശേഷമുള്ള കര്‍മ്മങ്ങളെല്ലാം മേല്‍പറഞ്ഞവിധം തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.

വീണ്ടും ഉംറ ചെയ്യുമ്പോള്‍

ഒരു ഉംറ ചെയ്ത ശേഷം മക്കയില്‍ തന്നെ കഴിയുന്ന ദിവസങ്ങളില്‍ വീണ്ടും ഉംറ ചെയ്യണമെന്നുണ്ടെങ്കില്‍ ഏറ്റവും തൊട്ടടുത്തുള്ള ഹറം പരിധിയിലേക്ക് പോവേണ്ടതാണ്. മസ്ജിദുആഇശ(റ)യാണ് ഏറ്റവും അടുത്തുള്ള പരിധി. അവിടെ പോയി, നേരത്തെ പറഞ്ഞ വിധം ഇഹ്റാം ചെയ്ത് തിരിച്ച് മസ്ജിദുല്‍ ഹറാമിലെത്തി ഉംറ നിര്‍വ്വഹിക്കാവുന്നതാണ്. ആദ്യം ചെയ്ത ഉംറയില്‍നിന്ന് തഹല്ലുല്‍ ആവാന്‍ മുടി പൂര്‍ണ്ണമായും കളഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാം ഉംറയുടെ ഇഹ്റാമില്‍നിന്ന് തഹല്ലുല്‍ ആവുന്ന സമയത്ത് ബ്ലെയ്ഡോ കത്തിയോ തലക്ക് മുകളില്‍ നടത്തിയാല്‍ തന്നെ മതിയാവുന്നതാണ്.

വിദാഇന്‍റെ ത്വവാഫ്

മക്കയില്‍നിന്ന് തിരിച്ചുപോരുമ്പോള്‍ അവസാനമായി ചെയ്യേണ്ടതാണ് വിദാഇന്റെ ത്വവാഫ്. വിശുദ്ധ കഅ്ബയോട് യാത്ര പറയുന്നതാണ് അത്. നേരത്തെ പറഞ്ഞ നിബന്ധനകളെല്ലാം അതിനും ബാധകമാണ്. വിദാഇന്റെ ത്വവാഫ് ചെയ്തുകഴിഞ്ഞാല്‍ എത്രയും വേഗം യാത്രയുടെ ഒരുക്കങ്ങള്‍ നടത്തി അവിടെ നിന്ന് യാത്ര പോവേണ്ടതാണ്. സ്വീകാര്യമായ ഉംറ ചെയ്യാനും ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ട് ഉമ്മ പെറ്റ കുട്ടിയെപോലെ നിഷ്കളങ്കമായ ഹൃദയത്തോടെ മടങ്ങാനും നാഥന്‍ തുണക്കട്ടെ.

-ബിന്‍ അഹ്മദ് പുതുപ്പറമ്പ്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter