ഓപ്പറേഷൻ പീസ് സ്പ്രിംഗ്: തുർക്കിയുടെ നടപടി ന്യായമോ?

 

 

ഒരിടവേളയ്ക്ക് ശേഷം സിറിയയിൽ നിന്ന് പുതിയൊരു യുദ്ധ വാർത്ത കൂടി പുറത്തു വരികയാണ്. 2011 ൽ സിറിയൻ പ്രസിഡണ്ട് ബശ്ശാറുൽ അസദിനെതിരായി ആരംഭിച്ച സിറിയൻ യുദ്ധം പല നിർണായകമായ ഗതി മാറ്റങ്ങളിലൂടെയുമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  ആദ്യം സർക്കാർ സേനയും ഫ്രീ സിറിയൻ ആർമി എന്നപേരിൽ പ്രതിപക്ഷ സൈന്യവും തമ്മിലായിരുന്നു യുദ്ധമെങ്കിൽ പിന്നീട് ഐസിസിന്റെ കടന്നുവരവോടെ മുഴുവൻ കക്ഷികളുടെയും പോരാട്ടം ഐസിസിനെതിരായി മാറി. ഐസിസ് തകർന്നതിനൊപ്പം സർക്കാർ സേനയും ഏറെ മുന്നിലെത്തിയിരുന്നു. ശിയാ വിശ്വാസിയായ ബഷാർ അൽ അസദിനെ നിലനിർത്താനും അതുവഴി വഴി ശിയാ മേധാവിത്വം തുടരാനും ഇറാൻ നേതൃത്വത്തിലുള്ള മുഴുവൻ ശിയാ കക്ഷികളും നൽകിയ കലവറയില്ലാത്ത സഹായം കാരണമാണ് സിറിയൻ സർക്കാർ സേനക്ക് പിടിച്ചുനിൽക്കാൻ സാധിച്ചത്. പുതിയ യുദ്ധം നടക്കുന്നത്  തുർക്കിയുടെ അതിർത്തിയോട് ചേർന്ന വടക്കൻ സിറിയൻ പ്രദേശങ്ങളിലാണ്. ഇവിടെ മേധാവിത്വമുള്ള സിറിയൻ ഡെമോക്രാറ്റിക് ആർമി എന്ന പേരിലുള്ള കുർദിഷ് സൈന്യത്തെ തുരത്തി സുരക്ഷിത മേഖല സ്ഥാപിക്കുവാനും അങ്ങനെ തുർക്കിയിലുള്ള സിറിയൻ അഭയാർത്ഥികളെ ഈ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ട്  തുർക്കിയാണ്  ഈ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്.

 

എസ്.ഡി.എഫ് 

 

സിറിയൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങൾ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന സേനയുടെ നിയന്ത്രണത്തിലാണ്. 

 പി.കെ.കെ എന്ന അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഭീകരരെന്ന് മുദ്രകുത്തിയ സായുധ സംഘത്തിന്റെ വലിയ സാന്നിധ്യം തന്നെ ഈ സൈന്യത്തിൽ ഉണ്ട്. പി.കെ.കെ യുമായി തുർക്കി സൈന്യം വർഷങ്ങളായി യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന പുതിയ കുർദിഷ് സേന രൂപീകരിക്കപ്പെട്ടപ്പോൾ ഈ പഴയ ഭീകര സംഘം വലിയ തോതിൽ തന്നെ ഇതിൽ കയറി പറ്റി. സിറിയയിൽ ഐസിസ് തല പൊക്കിയപ്പോൾ ഇവരെ ഉപയോഗിച്ചായിരുന്നു അമേരിക്ക ഈ പ്രദേശങ്ങളിൽ ഐസിസിനെതിരെ ആക്രമണം ശക്തമാക്കിയതും അവരെ മേഖലയിൽ നിന്നു തുടച്ചു മാറ്റിയതും. 1000ത്തിലധികം അമേരിക്കൻ സേന തുർക്കി ആക്രമണത്തിനു മുമ്പ് വരെ മേഖലയിൽ ഉണ്ടായിരുന്നു. പൊടുന്നനെയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ  നിർദ്ദേശപ്രകാരം സേന മേഖലയിൽനിന്ന് പിൻവാങ്ങിയത്

പേരു മാറിയെങ്കിലും പഴയ പി.കെ.കെയുടെ  വലിയ സാന്നിധ്യം ഉണ്ടായതുകൊണ്ട് തന്നെ  എസ്.ഡി.എഫിനെയും ഭീകരരായി തന്നെയാണ് തുർക്കി കണക്കാക്കിയത്. ഈ പ്രദേശങ്ങളിൽ എസ്.ഡി.എഫിന്റെ ഭാഗത്തുനിന്ന് സിവിലിയൻസിനെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

 

ഓപ്പറേഷൻ പീസ് സ്പ്രിങ്

 

സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം ഏറ്റവും കൂടുതൽ അഭയാർഥികൾ ഒഴുകിയെത്തിയത് അയൽരാജ്യമായ തുർക്കിയിലേക്ക് തന്നെയായിരുന്നു. അഭയാർത്ഥികളുടെ ഒഴുക്ക് വർധിച്ചെങ്കിലും തുർക്കിയിലെത്തുന്നവരെയെല്ലാം സ്വീകരിക്കാനുള്ള വിശാലമനസ്കത തന്നെ ആ രാഷ്ട്രം കാണിച്ചു.  36 ദശലക്ഷം സിറിയൻ അഭയാർത്ഥികൾ ഇന്ന് തുർക്കിയിൽ ജീവിക്കുന്നുണ്ട്. എന്നാൽ ഇത് രാജ്യത്ത്  വലിയ സാമ്പത്തികമായ ഞെരുക്കം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അഭയാർത്ഥികളെ സ്വരാജ്യത്തേക്ക് തന്നെ സുരക്ഷിതമായി തിരികെയെത്തിക്കുകയെന്ന ദുഷ്കരമായ ദൗത്യമായിരുന്നു. വടക്കൻ സിറിയയിലെ തുർക്കിയുടെ ചേർന്ന 20 കിലോ മീറ്റർ ദൂരത്തുള്ള പ്രദേശത്ത് സുരക്ഷിത മേഖല സ്ഥാപിക്കുകയെന്ന ലക്ഷ്യമായിരുന്നു  ഇതിനു തുർക്കി കണ്ട പോംവഴി. ഇതിനായി ഒക്ടോബർ ഒമ്പതിന് തുർക്കി സിറിയൻ അതിർത്തിയിലേക്ക് കുതിച്ചു. ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ നിരവധി കുർദിഷ് സേനാംഗങ്ങളെ വധിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തുർക്കി അവകാശപ്പെടുന്നു. മേഖലയിലെ സുചുക്,  റാസ് അൽ ഐൻ എന്നീ രണ്ട് പ്രദേശങ്ങളും കീഴടക്കാനായിട്ടുണ്ടെന്നും തുർക്കി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രീ സിറിയൻ ആർമി എന്ന പ്രതിപക്ഷ സേനയും തുർക്കിയുടെ സഹായത്തിന് മേഖലയിലുണ്ട്.

 

അന്താരാഷ്ട്ര പ്രതികരണം

 

തുർക്കി സേനയുടെ സൈനിക നീക്കത്തിന് ഇന്ന് അന്താരാഷ്ട്ര തലത്തിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. അമേരിക്കയുമായി ചേർന്ന് സുരക്ഷിത മേഖല സ്ഥാപിക്കുവാനായിരുന്നു തുർക്കി പദ്ധതി. എന്നാൽ  ആക്രമണം തുടങ്ങിയതിനുശേഷം കടുത്ത വിമർശനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്. അതിശക്തമായ സാമ്പത്തിക ഉപരോധം തുർക്കി നേരിടേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് വിദേശമന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. അടിയന്തരമായി സൈനികനടപടി നിര്‍ത്തിവയ്ക്കണമെന്ന് സഊദി വിദേശ സഹമന്ത്രി ആദെല്‍ അല്‍ ജുബൈർ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ മുന്നേറ്റങ്ങൾ തടയാനും യുദ്ധം കൊണ്ട് താറുമാറായ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കാനും മാത്രമേ തുർക്കിയുടെ സൈനികനടപടി വഴിവെക്കുകയുള്ളൂ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുറന്നടിച്ചത്.

 

ചുരുക്കത്തിൽ സിറിയ വീണ്ടും കലുഷിതമാവുകയാണ്. വലിയ നാശനഷ്ടങ്ങൾ ഒന്നും സംഭവിക്കാതെ വടക്കൻ സിറിയയിൽ സുരക്ഷിത മേഖല സ്ഥാപിക്കാനായാൽ അത് തുർക്കിക്ക് വലിയ നേട്ടം തന്നെയായിരിക്കും സമ്മാനിക്കുക. ലോകത്തെ പല ഭാഗങ്ങളിലുമായി യാചിച്ചു കൊണ്ടിരിക്കുന്ന സിറിയൻ അഭയാർഥികൾക്ക് മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള ഒരു അവസരമായിരിക്കുമിതെന്ന തുർക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉർദുഗാന്റെ വാക്കുകൾ അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്. തുർക്കിയുടെ തീരുമാനത്തെ ശക്തമായ ഭാഷയിൽ എതിർക്കുന്ന പലരാജ്യങ്ങളും പക്ഷേ സിറിയൻ അഭയാർത്ഥികൾക്ക് നേരെ നിർദയമായി തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചവരാണ്. അതുകൊണ്ടുതന്നെ അഭയാർത്ഥികളെ സ്വീകരിക്കാത്തവർ സുരക്ഷിത താവളം ഒരുക്കുന്നതിനെയും എതിർക്കുന്നത് തീർച്ചയായും ദൗർഭാഗ്യകരമെന്ന് തന്നെ പറയാൻ സാധിക്കുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter