മരണത്തിന്‍റെ തിരക്കൊഴിഞ്ഞ തെരുവിലിരുന്നു ജീവിതം നൂറ്റെടുക്കുന്നവര്‍ക്ക് കൂട്ടായി ആരുമില്ല, ആകാശഭൂമികളല്ലാതെ
ജോര്‍ദാനിലെ സാത്താരിയിലെ അഭയാര്‍ഥി ക്യാമ്പ്. സിറയയിലെ യുദ്ധമുഖത്ത് നിന്ന് ഓടിപ്പോന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട് ഇവിടെ. ക്യാമ്പിലെ അഭയാര്‍ഥികളിലെ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്നിന്‍റെ ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു.
മാര്‍ച്ച് 8. ആഗോളസമൂഹം ഇന്ന് വനിതാദിനമായി കൊണ്ടാടുന്നു.
സാത്താരിയിലെ ഈ സ്ത്രീകള്‍ക്ക് അവര്‍ക്ക് വേണ്ടി സമര്‍പ്പിതമായ ഈ ദിനത്തില് പോലും ഒരു പ്രതീക്ഷയുമില്ല. ജീവിതം രക്ഷപ്പെടുമെന്ന തോന്നലില്ല.
ഉമ്മുഖസം. ആറുമക്കളുടെ മാതാവ്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ക്യാമ്പിലിരുന്ന് ഒഴിവുസമയങ്ങളില്‍ വസ്ത്രം തുന്നിയാണ് ജീവിതം പുലര്‍ത്തുന്നത്.
‘വിധവയായ ഞാന്‍ ഈ മക്കളെ കൊണ്ട് എവിടെ പോകും. നാട്ടിലെ ഞങ്ങളുടെ പുരയിടം അക്രമത്തില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. തലചായ്ക്കാന്‍ ഒരിടം തേടിയാണ് ക്യാമ്പില് വന്നത്. ഞങ്ങളെന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ശിക്ഷിക്കുന്നത്?’ തന്‍റെ മക്കളെ നോക്കി ഉമ്മുഖസം വിങ്ങിക്കരയുന്നു. ആരോടെന്നില്ലാതെ ദേഷ്യപ്പെടുന്നു.
രാജ്യത്ത് ഭരണകൂടത്തിനെതിരെ വിപ്ലവം തുടങ്ങിയ ആദ്യദിവസങ്ങളില്‍ തന്നെ ഉമ്മുഖസമിന്‍റെ ഭര്‍ത്താവ് വധിക്കപ്പെട്ടിരുന്നു. പരിചയമില്ലാത്ത നാട്ടില്‍ പിന്നെ ആറുമക്കള്‍ക്ക് അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി പണിപ്പെടുകയായിരുന്നു ഉമ്മുഖസം. അവസാനം നാട് മുറിച്ചു കടന്നു, ആറ് പിഞ്ചു മക്കളെയും കൂട്ടി. അലക്ഷ്യമായ ഒരു പുറപ്പാട്. ജോര്‍ദാനിലെ ഈ ക്യാമ്പില്‍ അറിയാതെ എത്തിപ്പെടുകയായിരുന്നു.
ഞങ്ങള്‍ക്കും ജീവിതം തള്ളിനീക്കണമല്ലോ. അന്നന്നേക്ക് കഴിക്കാനുള്ള ഭക്ഷണം. അതിന് വേണ്ടിയാണ് വസ്ത്രനെയ്ത്തു തുടങ്ങിയത്. അത് വിറ്റുവേണം നാലു പൈസ സമ്പാദിക്കാന്‍- അവള് തുടരുന്നു.
1900 ത്തിന്‍റെ തുടക്കം തൊട്ട് തുടങ്ങിയിട്ടുണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഈ ദിനം. മിക്കവാറുമെല്ലാ ലോകരാജ്യങ്ങളിലും വനിതാദിനത്തോടനുബന്ധിച്ച് അവധി വരെ അനുവദിക്കപ്പെടുന്നു. 1975 മുതല്‍ ഐക്യാരഷ്ട്രസഭയും ഈ ദിനം സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ആഘോഷിച്ചു തുടങ്ങി.
എന്നാല്‍ പ്രശ്നത്തില്‍ ഉഴലുന്ന സിറിയയിലെ സ്ത്രീകള്‍ക്ക് ഈ ദിനത്തിലെങ്കിലും വല്ല പ്രതീക്ഷയുണ്ടോ? നാട്ടില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് ഏറെ വില നല്‍കേണ്ടി വന്നത് അവിടത്തെ സ്ത്രീകള്‍ക്ക് തന്നെയാണ്.
‘വിപ്ലവങ്ങള്‍ കാരണം ഏറെ വില നല്‍കേണ്ടി വരുന്നത് ഞങ്ങള്‍ പെണ്ണുങ്ങളാണ്. ഞാനൊരു വിധവയാണ്. അവിടെ തുടരുന്ന യുദ്ധത്തിലാണ് എന്‍റെ ഭര്‍ത്താവ് മരിച്ചത്. എനിക്കൊരു മകനുണ്ടായിരുന്നു. രണ്ടുമാസം മുമ്പാണ് അവന്‍ കൊല്ലപ്പെട്ടത്. 20 വര്‍ഷത്തോളം ഞാനവനെ വളര്‍ത്തി. രാജ്യത്തെ പിടിച്ചുലച്ച യുദ്ധത്തില്‍ അവന് കൊല ചെയ്യപ്പെട്ടു, ഭര്‍ത്താവിന് ശേഷം. എല്ലാം നഷ്ടപ്പെട്ടവളായി ജീവിതത്തിന്‍റെ അത്ര പരിചിതമല്ലാത്ത മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുകയായിരുന്നു.’ ഉമ്മു മുഹമ്മദ് കണ്ണീര് തുടക്കുന്നു.
അഭയാര്‍ഥി ക്യാമ്പുകളിലും ജീവിതം തെളിഞ്ഞു കിട്ടുന്നില്ല ഈ സ്ത്രീകള്‍ക്ക്. ദുരിതത്തിന്‍റെ വിറക് കത്തിച്ച അടുപ്പുകളില്‍ ശിഷ്ടജീവിതം വേവിച്ചെടുക്കാനാകുമോ എന്നൊരു ശ്രമം മാത്രമാണിവിടെ ഈ സ്ത്രീകളുടെത്. അവര്‍ക്ക് കണ്ണുനട്ടിരിക്കുന്നത് ജീവിതത്തിലേക്കല്ല, മരണത്തിന്റെ തിരക്കൊഴിഞ്ഞ തെരുവിലേക്കാണ്. അവിടെ ഇരുന്ന് അവര്‍ കൈവിട്ടുപോയ ജീവിതത്തെ നൂറ്റെടുക്കാനാകുമോ എന്ന് നോക്കുന്നു ഈ ഉമ്മുഖസമുമാര്‍, പ്രതീക്ഷയോടെയല്ലെങ്കിലും.
ക്യാമ്പുകളില്‍ ആവശ്യത്തിന് വെള്ളമില്ല, വെളിച്ചമില്ല. ഭക്ഷണം പാകം ചെയ്യുന്നതിന് അടുപ്പോ മറ്റു സൌകര്യങ്ങളോ ഇല്ല. അത്യാവശ്യങ്ങള്‍ സാധിക്കാനായി ലാട്രിന്‍ പോലുമില്ല പലേടത്തും. ഇല്ലായ്മയുടെ ഈ ധാരാളിത്തത്തിലേക്കാണ് ശൈത്യം അതിന്‍റെ തണുത്ത കൈകളുമായി വരുന്നത്. യുദ്ധമുഖത്തു നിന്ന് നിങ്ങള്‍ക്ക് അഭയസ്ഥാനം തേടി ഒളിച്ചോടാം. ഇവിടെ തണുപ്പിന്‍റെ ഈ ശൈത്യമുഖത്ത് നിന്ന് കുഞ്ഞുങ്ങളെയുമെടുത്ത് എങ്ങോട്ട് പോകാനാണ്. ജീവിതം അതിന്‍റെ വാപിളര്‍ന്നു നില്‍ക്കുന്നു, അഭയാര്‍ഥികള്‍ക്ക് മുന്നില്‍.
ഒരു മില്യനിലധികമായിരിക്കുന്നു സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണമെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പുതിയ കണക്ക് വെളിപ്പെടുത്തുന്നത്. അവരെ ഏറ്റെടുക്കേണ്ടത് സാത്താരിയിലെതടക്കമുള്ള അയല്‍രാജ്യങ്ങളിലെ അഭയാര്‍തി ക്യാമ്പുകള് തന്നെയാണ്. ആയുധങ്ങള്‍ കുന്നുകൂട്ടിയ മരണമുനമ്പില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടിരിക്കാം. അത് പക്ഷേ അവരെ എത്തിച്ചിരിക്കുന്നത് ഇല്ലായ്മയുടെയും അസൌകര്യങ്ങളുടെയും മരണം മണക്കുന്ന മരുഭൂമികളിലേക്കാണ്. അവിടെ ടാര്‍പോളിന്‍ ഷീറ്റിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം.
വിവര്‍ത്തനം: മന്‍ഹര്‍ യു.പി



Leave A Comment