നോമ്പെടുത്തു വരുന്ന തീര്‍ഥാടകനെ പൊന്നാനി കാത്തിരിക്കുന്നുണ്ട്
1 ഒരു മഊനത്ത് സഭയുണ്ടായതു കൊണ്ടു മാത്രമായിരിക്കില്ല ഇസ്‌ലാമാകാന്‍ ആളുകള്‍ പൊന്നാനിയിലെത്തിയിരുന്നതും ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നതും. പില്‍ക്കാലത്തു കേരളമൊട്ടുക്കും പ്രബോധനംചെയ്യപ്പെട്ടഒരു മതകീയധാരയെ അതിന്റെ 'പ്രത്യയശാസ്ത്രപരമായ ഉറവിടത്തില്‍ നിന്നു തന്നെ സ്വീകരിക്കാനുള്ള ഒരു തെളിഞ്ഞ മനസ്സാണതിനു പിന്നിലുള്ളത്. പൊന്നാനിയില്‍ നിന്നു പ്രസരണംചെയ്ത സമ്പൂര്‍ണ ഇസ്‌ലാമിന്റെ ശ്ലഥചിത്രങ്ങളാണു കേരളത്തിന്റെ വിവിധ പ്രാദേശികതകളില്‍, ബീമാപള്ളി മുതല്‍ തളങ്കര വരെ ഇന്നു വൈവിധ്യത്തോടെ നിലകൊള്ളുത്. കേരള ഇസ്‌ലാമിന്റെ ആത്മീയ, ദാര്‍ശനിക, ജീവിതമാര്‍ഗങ്ങളുടെ ലിപി തയാറായതു പൊന്നാനിയിലായിരുന്നുവെന്നു തന്നെ വേണമെങ്കില്‍ പറയാം. ദിവസവും അഞ്ചുനേരവും അല്ലാത്തപ്പോഴമെല്ലാം വിശുദ്ധ കഅ്ബയിലേക്കു തിരിഞ്ഞുനില്‍ക്കുമ്പോഴെല്ലാം മലയാളി മുസ്‌ലിമിന്റെ ഖിബ്‌ല പൊന്നാനിവഴിയാണു മക്കയിലെത്തിച്ചേരുന്നതെന്നതിന്റെ ചുരുക്കപ്പറച്ചിലു കൂടിയാണു മലബാറിന്റെ മക്ക/ചെറിയമക്കയാണു പൊന്നാനിയെന്നത്. തിരിച്ചുപറഞ്ഞാല്‍, ആഗോള ഇസ്‌ലാമിന്റെ ഖിബ്‌ല മക്കയായിരിക്കുമ്പോള്‍ തന്നെ തമിഴ് മുസ്‌ലിംകള്‍ക്കു കായല്‍പട്ടണം(ചരിത്രത്തിലെ മഅ്ബര്‍) എന്ന പോലെ, യമനികള്‍ക്കു ഹളര്‍മൗത്ത് എന്ന പോലെ മലബാരികള്‍ക്കു പൊന്നാനിയൊരു രണ്ടാം ഖിബ്‌ലയാണ് എന്നു പറയുന്നതൊരു പ്രശ്‌നംപിടിച്ച പ്രയോഗമൊന്നുമാകില്ല. അറിവും ആന്തരജ്ഞാനവും കടാക്ഷം ലഭിച്ച യമനില്‍ നിന്നു ഹിജ്‌റ ഒന്‍പതാം നൂറ്റാണ്ടില്‍ മഖ്ദൂമുമാര്‍ ചരിത്രപരമായ നിയോഗം നിറവേറ്റാന്‍ കായല്‍പട്ടണവും കൊച്ചിയും കടന്ന് പൊന്നാനിയില്‍ നങ്കൂരമിടുകയായിരുന്നു. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം മഖ്ദും, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, രണ്ടാമന്‍ എന്നിങ്ങനെയായി ആ മഹദ്‌ശ്രേണി പൊന്നാനിയിലെ വലിയ പള്ളിക്ക് ഒത്തനടുവിലൊരു ജ്ഞാനവെളിച്ചം പ്രസരിപ്പിക്കുന്ന വിളക്കും കൊളുത്തിവച്ചു. അങ്ങനെയാണു ഫത്ഹുല്‍ മുഈന്‍ കേരള മുസ്‌ലിമിന്റെ കര്‍മകാണ്ഠത്തെയും അദ്കിയാഉം ഇര്‍ശാദുത്ത്വാലിബീനും ആത്മീയദാഹത്തെയും തുഹ്ഫത്തുല്‍ മുജാഹിദീന്‍ അതിജീവന പോരാട്ടത്തെയും ഒരുപോലെ ജ്വലിപ്പിച്ചുനിര്‍ത്തിയത്. ***       *** പൊന്നാനിയിലേക്കുള്ള തീര്‍ഥാടനം നോമ്പു കാലത്താകണമെന്ന സുഹൃത്തിന്റെ ഉപദേശം കേട്ടാണ് ഒരിക്കലൊരു റമദാന്‍ പകലില്‍ അങ്ങോട്ടു വണ്ടികയറുന്നത്. ഹൃദയത്തില്‍ ദൈവഭക്തിക്കു സുഖമായി വന്നിരിക്കാവുന്ന മാസത്തില്‍ പൊന്നാനി നമ്മെ മാടിവിളിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്. കേവലമൊരു സഞ്ചാരിയുടെയോ ഗവേഷകന്റെയോ മനസാകരുത് അപ്പോള്‍ നമുക്കുണ്ടാകേണ്ടതെന്ന് മാത്രം. അല്ലെങ്കില്‍, മാപ്പിള തച്ചുശാസ്ത്രത്തിന്റെ മിനാരങ്ങളായി നില്‍ക്കുന്ന ഏതാനും പഴക്കംചെന്ന പള്ളികളും പള്ളിക്കാടുകളും കുളങ്ങളും തലമുറകളുടെ കഥപറയാന്‍ വെമ്പുന്ന വീടുകെട്ടുകളും ഒരു അറബിക്കടലുമെന്നതിനപ്പുറം എന്ത് എന്ന നിരാശമുഖമായിരിക്കും സഞ്ചാരിക്കു ബാക്കിയാകുക. ചരിത്രത്തിലെ പൊന്നാനിയെ മനസില്‍ സ്‌കച്ചുവരച്ചു തിരഞ്ഞുപിടിക്കാനെത്തുന്ന ഗവേഷകന് ഒരുപക്ഷെ, ആകെ ആശയക്കുഴപ്പത്തിലാക്കുന്ന ഫീല്‍ഡ് വര്‍ക്കായിരിക്കുമത്. കാരണം, കാലംകൊണ്ട് വന്ന മാറ്റങ്ങളെന്നു പറയുന്ന പോലെ, പൊന്നാനിയുടെ നല്ല പാരമ്പര്യത്തെയും കെട്ടു മുതല്‍ മട്ടുവരെ ഏകദേശവും അറബിക്കടല്‍വഴി വന്ന പരിഷ്‌കാരത്തിരകള്‍ എടുത്തുകൊണ്ടു പോയിട്ടുണ്ട്. റമദാന്‍ മാസമുറപ്പിച്ചതിനു പിറകെ, ഒരു ഭക്തന്റെ, തീര്‍ഥാടകന്റെ 'നിയ്യത്തു'വച്ചു നാടിന്റെ നാനാദിക്കുകളില്‍ നിന്നു പൊന്നാനിയിലേക്കു കെട്ടെടുക്കുന്നവരൊരുപാടുണ്ടായിരുന്നു പോയകാലത്ത്. അവരെ സ്വീകരിക്കാന്‍, ശഅ്ബാന്‍ മാസപ്പിറതൊട്ടു നനച്ചുകുളിച്ചൊരുങ്ങി കാത്തുകാത്തിരുന്ന പൊന്നാനിക്കാരും പൊന്നാനിയിലെ വീടകങ്ങളും അതിനെല്ലാം പുറമെ ഭക്തിതുളുമ്പിനില്‍ക്കുന്ന എണ്ണമറ്റ പൊന്നാനിപ്പള്ളികളുമുണ്ടാകും. എങ്ങും ആത്മീയതയും ഭക്തിയും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷമായിരിക്കുമന്നു പൊന്നാനിക്ക്. റമദാനില്‍ പൊന്നാനിയെ തേടിവരുന്നവരുടെയും അവരെ കാത്തിരിക്കുവരുടെയും കാര്യത്തില്‍ ഇന്ന് ആളും അര്‍ഥവും കുറഞ്ഞിരുന്നെങ്കിലും ആരെങ്കിലും വരാതിരിക്കില്ലെന്ന മുന്‍കരുതലില്‍, പൊന്നാനിയിലെ പള്ളികള്‍ ഇന്നും രാത്രിയും പകലുമെന്നില്ലാതെ തുറന്നുതന്നെയിരിക്കും. നാടുനീളെ വിശ്വാസികളൊക്കെയും ശഅ്ബാനില്‍ റമദാനെ കാത്തിരുന്നുകാണുമ്പോള്‍ പൊന്നാനിക്കാര്‍ ആര്‍ത്തിയോടെ കാണാന്‍ വേറെയും കാരണമുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആണ്ടുകാലം കൂടിയാണത്. പലനാടുകളില്‍ നിന്നായി മഖ്ദൂമിന്റെ മഖ്ബറയില്‍ സന്ദര്‍ശനത്തിനും ആണ്ടുപരിപാടികളില്‍ പങ്കാളികളാകാനുമായി അനേകം പേര്‍ അവിടെയെത്തും. മൗലിദുകളും പ്രാര്‍ഥനകളും ഉത്‌ബോധനങ്ങളുമായി അന്നുതന്നെ പൊന്നാനിയും പരിസരവും ഭക്തിനിര്‍ഭരമായിക്കഴിഞ്ഞിരിക്കും. പിന്നെ റമദാന്‍പിറ അറിയുകയേ വേണ്ടൂ അവര്‍ക്കു ഭക്തിപരവശരാകാന്‍. പഴയ ഓത്തുപള്ളിയുടെയും സ്‌കൂളുകളുടെയും കാലത്തു റമദാനിനെ എണ്ണിയടുപ്പിക്കും മാപ്പിളവിദ്യാര്‍ഥികള്‍. റമദാനായാല്‍ പിന്നെ ഓത്തുപള്ളിക്കും സ്‌കൂളുകള്‍ക്കും അവധി. രാവിലെ ഓത്തുപള്ളിക്കു പകരം ഖുര്‍ആന്‍ പാരായണ ശൈലിയും ശീലവും പഠിപ്പിക്കുന്ന ഖുര്‍ആന്‍ ഹിസ്ബ് ക്ലാസുകളൊഴിച്ചു നിര്‍ത്തിയാല്‍ കുട്ടികള്‍ക്കതൊരു അവധിയുടെ ആഘോഷക്കാലം കൂടിയാണ്. കൗതുകവും കുറുമ്പും കാത്തിരിപ്പുമായി അത്താഴത്തിന് ഉമ്മമാരുടെ 'നവൈത്തു'കള്‍ ഏറ്റുചൊല്ലിയ കുട്ടികള്‍ മഗ്‌രിബ് വാങ്ക് പള്ളിമിനാരത്തില്‍ നിന്നു മുഴങ്ങുതോടെയായിരിക്കും മനസറിയെ നോമ്പിനെ 'നോറ്റുവീട്ടുക'. ശരിക്കും കുട്ടികള്‍ തന്നെയല്ലേ, നിശബ്ദതമുറ്റിയ നോമ്പുപകലുകളെ മുഖരിതവും ജീവസുറ്റതുമാക്കുത്. മാസംപിറന്നാല്‍ നഹാരയടിക്കും; നാടും വീടും ഭക്തിയില്‍ പ്രവേശിക്കും 2അടുത്തകാലം വരെ പൊന്നാനിയിലെ മാസപ്പിറ ഒരു അനുഭവം തന്നെയായിരുന്നു. കുട്ടികളും പ്രായംചെന്നവരും യുവാക്കളുമായി നാടുമുഴുവന്‍ കടപ്പുറത്തോ വീടിനു വെളിയിലോ ഒക്കെയായി മാനംനോക്കിയിരിപ്പായിരിക്കും. പൊന്നാനിക്കാര്‍ക്കു പുറമെ പുറംനാടുകളില്‍ നിന്നും മാസപ്പിറവിയറിയാന്‍ ആളുകളെത്തും. ആകാശത്തു പുതിയ മാസത്തിന്റെ അടയാളമായി ചന്ദ്രന്‍ പ്രത്യപ്പെടുന്നതു കാരണവന്മാര്‍ അതിസൂക്ഷ്മം നിരീക്ഷിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ആദ്യം മാസം കാണാനുള്ള മത്സരക്കലപിലയായിരിക്കും. വരവറിയിപ്പുകളുമൊന്നുമില്ലാതെ നിശബ്ദമായിരിക്കും ചന്ദ്രന്‍ ഉദിച്ചുയരുകയെങ്കിലും 'ഒച്ചയുണ്ടാക്കല്ലെ'യെന്നു കാരണവന്മാര്‍ അവരെ ഇടക്കിയക്ക് അടക്കിനിര്‍ത്തും. അങ്ങനെയിരിക്കെ, പയ്യെപ്പയ്യെ പ്രതീക്ഷയുടെ മാസക്കീറ് മാനത്തു പ്രത്യക്ഷപ്പെടും. അതോടെ കാത്തിരിപ്പിന്റെ ഉദ്വേഗത അവിടെത്തീരും. '...സ്ഥലത്തു മാസംകണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കു'മെന്ന സാക്ഷിമുഖേനയുള്ള ഖാദിയുടെ സ്ഥിരീകരണംവരുന്നതോടെ, വലിയ ജുമുഅത്ത് പള്ളിയില്‍ നിന്നു നഹാറയടിക്കും. പ്രത്യേക തോലില്‍ ചെണ്ടകെട്ടി അറിയിക്കുന്ന പരിപാടിയാണിത്. അബ്ദുറഹ്മാന്‍ ഹൈദ്രൂസ് തങ്ങളുടെ ജാറത്തില്‍ നിന്നും മണിയടിക്കുന്ന ശീലവുമുണ്ടായിരുന്നു. അടുത്തകാലം വരെ വലിയ ജുമുഅത്തുപള്ളിയില്‍ നിന്നു കതീനപൊട്ടിക്കുന്ന രീതിയും തുടര്‍ന്നുവന്നിരുന്നു. ശവ്വാല്‍പിറയ്ക്കും ഇതേ ശീലങ്ങള്‍ തന്നെയായിരുന്നു പുലര്‍ത്തിപ്പോന്നിരുന്നത്. മാസപ്പിറവിയറിയുന്നതോടെ കുട്ടികളടക്കം ആ ജനങ്ങളെല്ലാം പള്ളിയിലേക്കു നീങ്ങും. പള്ളിയുടെ മുറ്റത്തും ഹൗളിന്‍കരയിലും പള്ളിക്കകത്തുമായി പുണ്യമാസം പിറന്നതിന്റെ സന്തോഷവും ആശ്ചര്യവും ജനങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. വാര്‍ത്താവിനിമയമാര്‍ഗങ്ങള്‍ വേണ്ടത്ര പുരോഗതിയിലല്ലാത്ത കാലത്തിരുന്ന്, നാട്ടുകാരണവന്മാര്‍ മാസംകണ്ടതും കാണാത്തതുമായ നാടുകളെ കുറിച്ചു പലപ്പോഴും തെറ്റിപ്പോകാത്ത അവരുടെ കണക്കുകൂട്ടല്‍ വച്ചു സംസാരിക്കും. ഇശാ വാങ്ക് കൊടുത്തതില്‍ പിന്നെ പള്ളി ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലുമായി മുഖരിതമായിരിക്കും. റമദാനില്‍ ഖുര്‍ആന്‍ 'ഖത്തംതീര്‍ക്കലി'ന് ഒരു മത്സരത്തിന്റെ ആവേശത്തോടെ അവിടെ തുടക്കമിടും. തുടര്‍ന്ന് ഇശാ നിസ്‌കാരത്തിന്റെ മുന്‍പായി ഹദ്ദാദ് റാത്തീബ് പള്ളിയിലെ മുക്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും. ഉടനെ ഇശാ നിസ്‌കാരവും. അതും കഴിഞ്ഞാണു റമദാനില്‍ വിശേഷമാക്കപ്പെട്ട തറാവീഹ് നിസ്‌കാരം. ആദ്യദിനങ്ങളിലൊക്കെ ഇരുപതു റക്അത്ത് പൂര്‍ത്തിയാക്കാനുള്ള മത്സരമായിരിക്കും കുട്ടികള്‍ക്കിടയില്‍. പൂര്‍ത്തിയാക്കുന്ന റക്അത്ത് കൂടുന്നതിനനുസരിച്ചു കുട്ടിക്കേമന്മാരുടെ മേന്മ പറച്ചില്‍ കൂടും. 'മുടുക്ക്'കുറഞ്ഞ കുട്ടികള്‍ മിണ്ടാതെയിരിക്കും. സ്ത്രീകള്‍ക്കുമുണ്ടാകും പ്രത്യേക സംഘതറാവീഹുകള്‍. സമീപത്തെ വീട്ടുകാരെല്ലാം കൂടുതല്‍ സൗകര്യമുള്ള ഒരു വീട്ടില്‍ 'തറാവി' നിസ്‌കാരത്തിനായി ഒത്തുകൂടും. സ്ത്രീകളുടെ കൂട്ടത്തില്‍ കൂടുതല്‍ അറിവുള്ളയാളോ അല്ലെങ്കില്‍ പള്ളി ദര്‍സുകളിലോതുന്ന മുസ്‌ല്യാരുട്ടികളോ ആയിരിക്കും നിസ്‌കാരത്തിനു നേതൃത്വം കൊടുക്കുക. തറാവീഹ് കഴിഞ്ഞാല്‍ തീരുന്നതല്ല, തീവ്രതപ്രാപിക്കുതാണു പൊന്നാനിയിലെ ആരാധനാചടങ്ങുകളെതാണു വേറിട്ടകാര്യം. തറാവീഹിനു ശേഷം ആളുകള്‍ കൂടിയിരുന്ന് പണ്ഡിതശ്രേഷ്ടനായ ശൈഖ് അബൂബക്കര്‍ അല്‍ ബഗ്ദാദി രചിച്ച വിത്വരിയ്യ തുടങ്ങും. വ്യത്യസ്തമായ ഈണവും താളവും മുറുക്കവുമായിരിക്കും അതിനുണ്ടാകുക. 29 ദിവസമെടുത്തവര്‍ വിത്വരിയ്യ ചൊല്ലിത്തീര്‍ക്കും. സംഘംചേര്‍ന്നുള്ള ആരാധനാ പരിപാടികള്‍ അതോടെ തീരും. തുടര്‍ന്ന് ഓരോരുത്തരും ഒറ്റയായി ദൈവസാമീപ്യത്തിലേക്കു നടന്നടുക്കും. ദിക്‌റും ദുആയും നിസ്‌കാരവും ഓത്തും സ്വലാത്തുമായി രാത്രിവൈകും വരെ അവര്‍ പള്ളിക്കകത്തും വീടുകളിലുമായി സജീവമാകും.   'പടച്ചോനു മാത്രമറിയുന്ന' നോമ്പുതുറ പലഹാരങ്ങളും പാനൂസില്‍ തിളങ്ങുന്ന പാതിരാത്രികളും 4വടക്കന്‍ മലബാറിലും പിന്നെ പൊന്നാനിയിലുമായി ഒരുപോലെ കണ്ടുമുട്ടേണ്ടി വരുന്ന രണ്ടു 'ജീവിതരീതികളാ'ണു മരുമക്കത്തായവും അറ്റമില്ലാത്ത പലഹാരപ്രിയവും. മരുമോന് അമ്മായി ചുടുന്ന അപ്പപ്പാട്ടു'കള്‍ ഇതുമായി ചേര്‍ത്തുവായിക്കാമോ എന്നറിയില്ല. എന്തുതന്നെയായാലും, റമദാന്‍ ആരംഭിക്കുതിന്റെ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഭാര്യവീട്ടിലേക്കു വേണ്ടഅവശ്യസാധനങ്ങളെല്ലാം ഒന്നൊഴിയാതെ എത്തിച്ചിരിക്കണം 'പുത്യാപ്ല'. നോമ്പുതുറയും വിഭവങ്ങളുമായി അത്യാവശ്യം വേണ്ടസാധനങ്ങള്‍ക്ക് കൈയുംകണക്കുമുണ്ടാകില്ല നോമ്പുകാലത്ത്. അതിനു പുറമെ, മരുമക്കത്തായ സമ്പ്രദായത്തിലതൊരു അഭിമാനത്തിന്റെ പ്രശ്‌നംകൂടിയാകുമ്പോള്‍, നോമ്പു തുടങ്ങും മുന്‍പെ നാട്ടിലെ 'പുതിയാപ്ല'മാരുടെ കീശയൊക്കെ ഒട്ടിയിരിക്കും. തുടര്‍ന്ന്, അമ്മായിയമ്മയുടെ നേതൃത്വത്തിലൊരുങ്ങുന്ന നോമ്പുതുറ പലഹാരങ്ങള്‍ ഭര്‍തൃവീട്ടിലേക്കു കൊടുത്തയക്കുന്നതാണു മറ്റൊരു സവിശേഷത. പൊന്നാനിയിലെ ആദ്യ നോമ്പുതുറ ഒരു അനുഭവംതന്നെയാകും; അത്യാവശ്യത്തിനു വെട്ടിവിഴുങ്ങുന്നവനും കുറച്ചെന്തെങ്കിലും അകത്താക്കി ജീവിച്ചുപോകുന്നവനും. അപരിചിതദേശങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെ കണ്ണില്‍ കണ്ടു കൂടിയായിരിക്കും നോമ്പുതുറ വിഭവങ്ങളൊരുങ്ങുക. അസ്വറിനു ശേഷം തന്നെ പുറംദേശക്കാരെ തേടി ആളുകളെത്തും. അവര്‍ കൂടി കൂടുമ്പോഴേ അവരുടെ നോമ്പുതുറകള്‍ക്കൊരു പൂര്‍ണതയാകൂ. മഗ്‌രിബ് വാങ്ക്‌ കൊടുക്കുമ്പോഴേക്കും സുപ്രയില്‍ നിരന്നിരിക്കുക കൈവിരല്‍ കൊണ്ട് എണ്ണിത്തീര്‍ക്കാനാകാത്തത്രയും പലഹാരങ്ങളായിരിക്കും. കിട്ത, കോഴി അട, നിറച്ച പത്തിരി, പഴംനിറവ്, മുട്ടമാല, ചെരണ്ടിമാല, മുട്ടസുര്‍ക്ക അങ്ങനെ തുടങ്ങി പേരറിയാത്തത്രയും പലഹാരങ്ങള്‍. ഓരോ നോമ്പിനും പുതിയയിനം പലഹാരങ്ങള്‍ പരീക്ഷിക്കാനും പൊന്നാനിയിലെ മാപ്പിളമങ്കമാര്‍ മുന്നിലാണ്. അങ്ങനെയൊരിക്കല്‍ ഒരു പൊന്നാനിക്കാരിയുണ്ടാക്കിയ വിഭവത്തിനു പേരിടാനാകാതെ കുഴഞ്ഞപ്പോള്‍ അല്ലാഹു അഅ്‌ലം(പടച്ചോനറിയാം) എന്നു വിളിച്ചത്രെ. ഇപ്പോള്‍ അങ്ങനെയുമൊരു പലഹാരം പൊന്നാനിയടുപ്പുകള്‍ വേവുന്നു. ആദ്യമായി നോമ്പു തുറക്കാനെത്തിയ ആള്‍ തന്റെ കഴിവിനനുസരിച്ചു മുന്നില്‍ നിരന്ന പലഹാരങ്ങളെല്ലാം അകത്താക്കും. അതുകഴിഞ്ഞു മഗ്‌രിബ് നിസ്‌കാരം. സുപ്രയില്‍ കൈയകലത്തിനുമപ്പുറത്തു പരന്നുകിടന്നിരുന്ന വിഭവങ്ങളത്രയും വീട്ടുകാരന്റെ നിര്‍ബന്ധത്താല്‍ കഷ്ടപ്പെട്ടു ഓരോന്നായി രുചിച്ചുനോക്കിയ പാവംതീറ്റക്കാരന്‍ ഒരങ്കം കഴിഞ്ഞതിന്റെ നെടുവീര്‍പ്പിടുകയായിരിക്കുമന്നേരം. അപ്പോഴാകും വീട്ടുകാരന്റെ അടുത്തവിളി, വലിയ നോമ്പുതുറയ്ക്ക്. സുപ്രയില്‍ നിരന്നിരിക്കും, ഇറച്ചിയും പത്തിരിയുമൊക്കെ. അപ്പോഴവനറിയും താന്‍ നേരത്തെ കഴിച്ചതു 'കുഞ്ഞന്‍ നോമ്പുതുറ'യായിരുന്നു, അല്ലെങ്കില്‍ 'വെള്ളംകുടി'യായിരുന്നുവെന്ന്. ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്നതു 'വലിയ തുറ'യാണെും. അസ്വസ്ഥനായെങ്കിലും ഇത്തവണയുമെങ്ങനെയോ മുന്നിലുള്ളത് അകത്താക്കും. ഇശാഉം തറാവീഹും കഴിഞ്ഞു ഇനിയും വല്ല 'എടങ്ങേറും' വരുമോയെന്നുപേടിച്ചു വീട്ടുകാരനില്‍ നിന്നു 'മുസല്ല'യിലേക്കു കണ്ണുപൊത്തിയിരിക്കുമ്പോഴതാ, അയാള്‍ പിറകില്‍ വന്നു തട്ടിവിളിക്കുന്നു; മുത്താഴം കഴിക്കാം വരൂ എന്ന്. ചായയോ ചീരാകഞ്ഞിയോ ഒക്കെയായിരിക്കും ഉണ്ടാകുക. അതുംകഴിഞ്ഞു രാത്രി രണ്ടിനും നാലിനുമിടയില്‍ അത്താഴംകൂടി കഴിഞ്ഞിട്ടേ വീട്ടുകാരന്‍ നമ്മ വെറുതെ വിടൂ. പൊന്നാനിയില്‍ ആത്മീയാനുഭൂതിയുടെ കരപറ്റാന്‍ വന്ന തീര്‍ഥാടകന്റെ അനുഭവമാണിത്. പൊന്നാനിക്കാരനെ കുറ്റംപറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല, ആഥിത്യമര്യാദയ്ക്ക് അവര്‍ക്കു മാതൃകകാട്ടിയത് അറേബ്യയിലെ ഇസ്‌ലാമിക സമൂഹങ്ങളായിരുന്നു. പാനൂസെന്നു പൊന്നാനിക്കാര്‍ വിളിക്കുന്ന പാനീസ് വിളക്കുകള്‍ കൂടി പറഞ്ഞാലേ മനസില്‍കെടാതെ നില്‍ക്കുന്ന നോമ്പനുഭൂതിയുടെ പൊന്നാനിയോര്‍മകള്‍ പൂര്‍ത്തിയാകൂ. കുട്ടികള്‍ കളിക്കോപ്പുകള്‍ നിര്‍മിക്കാനും ആഘോഷവേളകളില്‍ ഹാരമണിയിക്കാനും ഉപയോഗിക്കുന്ന വര്‍ണക്കടലാസുകളിലാണു 'പാനൂസി'ന്റെ നിര്‍മാണം. പുറത്തു ചിത്രങ്ങളുള്ള വര്‍ണക്കടലാസൊട്ടിച്ച വിളക്കുകള്‍. പൊന്നാനിയിലെ നോമ്പ് രാവുകളെ ശോഭയുള്ളതും നിറമേറിയതുമാക്കുന്നത് ഇതാണ്. പാനൂസ് പിടിച്ചു കുട്ടികളും വൃദ്ധരുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ വീടുതോറും കയറിയിറങ്ങും. നോമ്പ് മനുഷ്യമനസുകള്‍ക്കു പകരുന്ന ആത്മീയമായ ദിവ്യചൈതന്യത്തിന്റെ പ്രതീകമെന്നോണമായിരിക്കാം അവര്‍ വീടുതോറും പാനീസിന്റെ വെളിച്ചമെത്തിക്കുന്നു. വെളിച്ചമെത്തിയ വീട്ടുകാരെല്ലാം സംഘത്തിനു സംഭാവനയായി എന്തെങ്കിലും നല്‍കും. അങ്ങനെ സംഘം മുന്നോട്ടുനീങ്ങും. ***            *** വീടുകള്‍ കയറിയിറങ്ങി 'മുതഅല്ലിമു'കള്‍ ഖുര്‍ആന്‍ 'ഖത്തം' തീര്‍ക്കുന്ന രീതിപോലെ, അത്താഴത്തിനു സൈറ മുഴക്കുന്നതു പോലെ, അങ്ങാടികളിലും പീടികത്തിണ്ണകളിലുമൊക്കെ സംഘടിപ്പിക്കപ്പെടാറുള്ള മൗലിദുകളും പ്രാര്‍ഥനകളും പോലെ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊന്നാനിക്കാര്‍ നോമ്പിന്റെ ഭാഗമായും അല്ലാതെയും മുടക്കമില്ലാതെ കൊണ്ടു നടന്നിരുന്നു. സ്വയംപറഞ്ഞ് അഭിരമിക്കാനുള്ള ഗൃഹാതുരതകളോ, മറ്റാര്‍ക്കെങ്കിലും പറഞ്ഞോ എഴുതിയോ പൊലിപ്പിക്കാനുള്ള ഓര്‍മകളോ ആയി പൊന്നാനിയും പൊന്നാനിയെന്ന ആത്മീയ, പൈതൃക, സാംസ്‌കാരിക അനുഭവവുമെന്നതും പിന്നീടുണ്ടായ വികാസം.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter