ഈ കൊലകള്‍ ഭരണകൂടം കാണുന്നില്ലേ?
കേരളത്തില്‍ അകാരണമായ കൊലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ നിയമത്തിനു മുമ്പില്‍ കൊണ്ടുവരപ്പെടുകയോ ചെയ്യുന്നില്ല. മതം മാറിയതുകൊണ്ടു മാത്രം വധിക്കപ്പെട്ട കൊടിഞ്ഞി ഫൈസ്വലിന്റെ കുറ്റവാളികളുടെ കാര്യം ഇതിനു തെളിവാണ്. ഇപ്പോഴും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നിയമാധിപകന്മാര്‍ക്ക് സാധിച്ചിട്ടില്ല. കാസര്‍കോട് വധിക്കപ്പെട്ട റിയാസ് മൗലവിയുടെ കാര്യത്തിലും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. കൊലക്ക് ഒരു മാസം കഴിഞ്ഞിട്ടും നീതി അവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല.
റിയാസ് മൗലവിയുടെ വിഷയത്തിലും നമ്മുടെ പോലീസില്‍നിന്നും മറ്റൊന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?! തിരൂരിലെ യാസില്‍ വധത്തിലും കൊടിഞ്ഞിയിലെ ഫൈസ്വല്‍ വധത്തിലും കാട്ടിയ അതേ അമാന്തം ഇത്തരം വിഷയങ്ങളിലെല്ലാം ഉണ്ടാകുമെന്നത് കേരളത്തിലെ ഏതു സാധാരണക്കാരനും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇവിടെ സത്യം പുറത്തുവരാതിരിക്കലും കൊലയാളികള്‍ ശിക്ഷിക്കപ്പെടതാരിക്കലുമാണ് ചിലരുടെ ഉദ്ദേശ്യം. കുടുംബങ്ങളില്‍ വേതന മാറുംമുമ്പു തന്നെ കൊലയാളികള്‍ കുറ്റമുക്തരായി അങ്ങാടിയില്‍ വിലസുന്ന കാഴ്ച്ചയാണ് ഇന്ന് ഇവിടെയുള്ളത്. ഇത് പുതിയ കൊലപാതകങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്കും നീതിപാലകര്‍ക്കും സാധിക്കുന്നില്ല. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ദാരുണമായ കൊലപാതകങ്ങളെ പോലും പക്ഷം ചേര്‍ന്ന് സമീപ്പിക്കുന്നത് ഏറെ ബാലിശമായ ഒരു നിലപാടാണ്. കേരളത്തില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്നത് ഇതാണ്. താനൂര്‍ കടപ്പുറത്ത് ആക്രമണമുണ്ടായപ്പോള്‍ മന്ത്രിമാരടക്കം ഉത്തരവാദപ്പെട്ടവരെല്ലാം രാഷ്ട്രീയമായിട്ടാണ് അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ, സാമ്പത്തികമായും മാനസികമായും വന്‍ നഷ്ടവും ആഘാതവും സംഭവിച്ച അവിടത്തെ പാവപ്പെട്ട കുടുംബ നാഥരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പരാധീനതകള്‍ കേള്‍ക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. ആര് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കും? ആര് ഇവരുടെ വേതനകള്‍ ശമിപ്പിക്കും? രാഷ്ട്രീയ പഴിചാരലുകള്‍ക്കപ്പുറം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര് മുന്‍കയ്യെടുക്കും? ചങ്ങലകള്‍ക്കുതന്നെ ഭ്രാന്തിളകുന്ന ഇക്കാലത്ത് അര്‍ഹിക്കുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള സാധ്യത നമ്മുടെ നാട്ടില്‍ മങ്ങിവരികയാണ്.
റിയാസ് മൗലവിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മത സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ചില ആശങ്കകളുണ്ട്. പള്ളികളും മദ്‌റസകളും എന്നും നന്മയുടെ കേന്ദ്രങ്ങളാണ്. തിന്മകളില്‍നിന്നും അകന്നു നില്‍ക്കാനും കരുണയോടും സൗഹാര്‍ദത്തോടും ജീവിക്കാനുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്.
ഇത്തരം കേന്ദ്രങ്ങളിലേക്കു പോലും ഇരുട്ടിന്റെ മറവില്‍ കടന്നുകയറുകയും അധ്യാപകരെ കൊല നടത്തുകയും ചെയ്യുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് എങ്ങനെയിവിടെ ജീവിച്ചുപോകാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. സാമുദായിക സൗഹൃദം നിലനില്‍ക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ വര്‍ഗീയതയും വിദ്വേഷവും വിതച്ച് കലാപത്തിന്റെ വിഷവിത്തുകള്‍ ഇറക്കുകവഴി ബന്ധപ്പെട്ടവര്‍ക്ക് എന്തു നേട്ടമാണ് ലഭിക്കാനുള്ളത്? മത സമൂഹങ്ങളുടെ സൈ്വരജീവിതം പോലും ഭീതിയുടെ നിഴലിലാവുകയാണ് ഇത്തരം ധാര്‍ഷ്ട്യങ്ങളിലൂടെ സംഭവിക്കുന്നത്.
മത വിദ്വേഷം കൊലക്കു കാരണമാകുമ്പോള്‍
സാക്ഷാല്‍ മതവിദ്വേഷമാണ് റിയാസ് മൗലവിയുടെ കൊലക്കു പിന്നിലെ പ്രധാന ഘടകമെന്ന് പുറത്തുവന്നിരിക്കുന്നു. ഉത്തരേന്ത്യയിലും പുറം രാജ്യങ്ങളിലും മാത്രം കേട്ടുകേള്‍വിയുള്ള വംശവെറിയും മത വിദ്വേഷവും നമ്മുടെ നാട്ടിലും ചിലര്‍ കുത്തിനിറച്ച് പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. പിടിക്കപ്പെട്ട മൂന്നു പേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നിരിക്കെ ഈ വിദ്വേഷം കുത്തിവെക്കപ്പെട്ട വഴി മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇതിനു പിന്നിലെ അജണ്ടയും നിഗൂഢതയും പുറത്തുവരേണ്ടതുണ്ട്. യു.എ.പി.എ അര്‍ഹിക്കുന്ന കുറ്റമാണിത്. പോലീസ് ഒളിച്ചുകളിക്കുന്നതിനു പകരം മാതൃകാപരമായി ഈ കേസ് അന്വേഷിക്കാനും പ്രതികളെ ശിക്ഷിക്കാനും തയ്യാറാകേണ്ടതുണ്ട്. അല്ലായെങ്കില്‍, ഈ പ്രവണത കേരളത്തിന്റെ നാശത്തിലേക്കുള്ള തുടക്കമായിരിക്കും.
യു.പിയും ഗുജറാത്തും കുളമാക്കിയ മോദി സര്‍ക്കാര്‍ രാജ്യം മുഴുവനും തങ്ങളുടെ തീവ്ര സംസ്‌കാരം പ്രചരിപ്പിക്കാനുള്ള പദ്ധതിയിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മോഹന്‍ ഭഗവത്തിനെ രാഷ്ട്രപതിയാക്കാന്‍വരെ ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ മതേതര ബഹുസ്വര സ്വപ്‌നങ്ങളെ മായ്ച്ച്കളഞ്ഞ് ചോര നിറമുള്ള ഒരു ഹിന്ദുത്വ ഇന്ത്യ പടുക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. കര്‍ണാടകയില്‍നിന്നും ബി.ജെ.പി മന്ത്രി വന്ന് പ്രസംഗിച്ചതില്‍നിന്നും ആവേശമുള്‍കൊണ്ടാണോ ഈ മുസ്‌ലിം കൊല നടന്നതെന്നതിലേക്ക് ഇപ്പോള്‍ അന്വേഷണമെത്തിയിരിക്കയാണ് കാസര്‍ക്കോട്ട്. നാടുനീളെ വിദ്വേഷം പ്രചരിപ്പിക്കാന്‍ നേതൃത്വത്തില്‍നിന്നു തന്നെ ആഹ്വാനങ്ങളും പിന്തുണയുമുണ്ടാകുമ്പോള്‍ ഒരു മഹത്തായ സംസ്‌കാരത്തിന്റെ തകര്‍ച്ചയായിരിക്കും ഇവിടെ സംഭവിക്കാന്‍ പോകുന്നത്. മതേതര മനസ്സുള്ള ഇന്ത്യയില്‍ അത് നടക്കില്ലായെന്നത് സത്യമാണെങ്കിലും.
നടിയെ ആഘോഷിച്ച മാധ്യമങ്ങളെവിടെ?
മാധ്യമങ്ങളുടെ തോന്നിവാസ നിലപാടുകളാണ് ഇവിടെ ഏറെ അപകടകരം. സ്വന്തം അജണ്ടകള്‍ക്ക് അടയിരിക്കുകയെന്നതിലപ്പുറം സാമുദായിക സൗഹൃദവും മതേതര മൂല്യങ്ങളും നാട്ടില്‍ നിലനിര്‍ത്തുക എന്നതില്‍നിന്നും എന്നോ വിട്ടകന്നിരിക്കുന്നു നമ്മുടെ മുത്തശ്ശി മാധ്യമങ്ങളും ചാനലുകളും. കൈ വെട്ടിയത് മഹാ സംഭവമാക്കി ഭീകരത ആഘോഷിച്ചവര്‍ക്ക് തലവെട്ടിയത് ഒരു സീര്യസുമാകുന്നില്ല.
തട്ടിക്കൊണ്ടുപോയ നടിയെ ചൊല്ലി വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും പൊടിപൂരമായിരുന്നു മാധ്യമ ലോകത്ത്. പക്ഷെ, ധിക്കാരപൂര്‍വ്വം പള്ളിയില്‍ കയറി ഒരു നിരപരാധിയുടെ കഴുത്തറുത്തത് ഒരു ചാനലിലും ഹോട്ട് സ്‌റ്റോറി ആയതേയില്ല. മുസ്‌ലിം വിഷയങ്ങളോടുള്ള മാധ്യമങ്ങളുടെ ഈ അയിത്തമാണ് പിടികിട്ടാത്ത വസ്തുത. മതവിദ്വേഷത്തിന്റെ പേരിലാണ് കൊല നടന്നത് എന്ന് വ്യക്തമായിട്ടുപോലും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു പറയാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത് ഖേദകരമാണ്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ നടത്തിയ കുതുഹുലങ്ങള്‍ ഇവിടെ ഒരാവര്‍ത്തി ഓര്‍ക്കേണ്ടതുണ്ട്.
ഉത്തരമില്ലാത്ത മൂന്നു കൊലകള്‍
കൊലയാളികള്‍ ആരെന്ന് തെളിഞ്ഞിട്ടുപോലും നടപടിയെടുക്കാന്‍ ധൈര്യപ്പെടാതെ കാവി പുതച്ചിരിക്കുകയാണ് പല വിഷയങ്ങളിലും ഇവിടെ നീതിപാലന സംഘം. തിരൂരിലെ യാസര്‍ വധവും കൊടിഞ്ഞിയിലെ ഫൈസ്വല്‍ വധവും ഇപ്പോഴും പൂര്‍ണമായും നീതി ലഭിച്ചിട്ടില്ലാത്ത രണ്ടു സംഭവങ്ങളാണ്.
മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനു വേണ്ടി അരങ്ങേറിയ ഇത്തരം കേസുകളോട് നീതി പീഠം അലംഭാവം കാണിക്കുന്നതാണ് സമാനമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും ഇവിടെ തലപൊക്കാന്‍ കാരണം. നാടുനീളെ ഫാസിസം തലൊപൊക്കുമ്പോള്‍ തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുക എന്നതു തന്നെയാണ് നീതി. അല്ലാതെ കൊലയാളികളെ രക്ഷിക്കുന്ന ഇന്നത്തെ സമ്പ്രദായം ഒരിക്കലും നല്ലതിനാകില്ല.
യിസിര്‍ വധത്തിലും ഫൈസ്വല്‍ വധത്തിലും സംഭവിച്ചത് തന്നെയാകുമോ റിയാസ് മൗലവി വധത്തിലും സംഭവിക്കാന്‍ പോകുന്നത് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉല്‍കണ്ഠ. അങ്ങനെയെങ്കില്‍ ഏറെ ഖേദകരമായിരിക്കും അത്.
ഇരുട്ടിന്റെ മറവില്‍ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിധ്വംസകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് നാടിനെ രക്ഷിക്കേണ്ടതുണ്ട്. മതേതര സമൂഹം ഇതിനായി ഒന്നിക്കുകയും പാര്‍ട്ടീ ജാതീയത മറന്ന് നന്മക്കായി സംഘടിക്കുകയും വേണം. അനീതിക്കെതിരെ ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമ്പോഴേ നാട് വര്‍ഗീയ വിധ്വംസകരുടെ കരങ്ങളില്‍നിന്നും രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍, കേരളവും കഥയിലെ കൊമാലയായി മാറും, തീര്‍ച്ച.
Leave A Comment