ഒബാമ മുസ്‌ലിമാണെങ്കില്‍ എന്താണ് പ്രശ്നം?
ഇവിടെ കാണുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിന്റെ അളവ് സങ്കടകരവും ഉത്കണ്ഠയുളവാക്കുന്നതുമാണ്. പാര്ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിനെതിരെ വെറുപ്പ് സ്വീകാര്യതനേടുകയും അതിന്റെ വിഷം സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്‌താല് അതിന്റെ ഫലങ്ങള്‍ ഭീതിജനകമായിരിക്കും.
ചരിത്രം അതിനു സാക്ഷിയാണ്. ജൂതര്‍ക്കെതിരെയുള്ള വെറുപ്പ് രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ദശലക്ഷക്കണക്കിന് ജൂതരെ കോണ്‍സന്ട്രെഷന്‍ ക്യാമ്പുകളില്‍ കൂട്ടക്കശാപ്പിനു ഇരയാക്കുന്നതിലേക്ക് നയിച്ചത് ചരിത്രമാണ്. കുറ്റപ്പെടുത്തലുകളുംഅധിക്ഷേപങ്ങളും ശക്തമാവുകയും ആരുടേയും പുരികം ചുളിക്കാത്ത വിധത്തില്‍ അത് സാധാരനമാവുകയും ചെയ്യുമ്പോള്‍ ഇരകളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യ’ പാക്കേജിന്റെ ഭാഗമായി മാറുന്നുവെന്നത് ഏറെ വിഷമകരമാണ്.
2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ അന്നത്തെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിനോട് അദ്ദേഹത്തെ പിന്തുണക്കുന്ന ഒരു വോട്ടര്‍ ചോദിച്ചത് ഒബാമ അറബ് വംശജനാണോ എന്നായിരുന്നു. എന്നാല്‍ മക്കെയിന് ഈ ചോദ്യത്തില്‍ ഒരു പന്തികേടും തോന്നിയില്ല; അതിന്റെ അര്‍ത്ഥശൂന്യത ബോധ്യപ്പെട്ടതുമില്ല. അതിനു അദ്ദേഹം നല്‍കിയ മറുപടി ഒബാമ ഒരു മാന്യമായ കുടംബാംഗമാണെന്നു മാത്രമായിരുന്നു. “ഒബാമ ഒരു അറബ് വംശജനോ മുസ്‌ലിമോ ആയാല്‍ തന്നെ എന്താണ് കുഴപ്പം?”എന്ന് തിരച്ചു ചോദിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
സങ്കടകരമെന്നു പറയട്ടെ, തന്റെ വിശ്വാസത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ ശ്രമിച്ച പ്രതിലോമകാരികളെ നേരിടുന്ന കാര്യത്തില്‍ ഒബാമയും പരാജയപ്പെട്ടു. ‘താന്‍ മുസ്ലിമാണെങ്കില്‍ എന്താണ് പ്രശ്നം?’ എന്ന് ചോദിച്ചു അവരെ നിശബ്ദരാക്കുന്നതിനു പകരം മുസ്ലിംകളില്‍നിന്നും തന്നെ അകറ്റി നിറുത്താനാണ് അദ്ദേഹം ശ്രമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം –അറബ് കേന്ദ്രങ്ങളില്‍ കാലുകുത്താതിരിക്കാന്‍ ഒബാമ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കുറിയും മാറ്റം കാണുന്നില്ല.
യു.എസ്.എ.ടുഡെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് സ്ഥാനാര്‍ത്ഥിയോടൊപ്പം മുസ്‌ലിം ചിഹ്നങ്ങള്‍ ടെലിവിഷനുകളിലും മറ്റും പ്രത്യക്ഷപ്പെടാതിരിക്കാനായി ഒരു തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന്റെ മുന്‍ഭാഗത്ത് നിന്നും ശിരോവസ്ത്രം ധരിച്ച രണ്ടു മുസ്‌ലിം സ്ത്രീകളെ മാറ്റിയിരുത്തുകയുണ്ടായി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒബാമയുടെ വിജയ സാധ്യത ഇല്ലാതാക്കാനായി, അദ്ദേഹം മുസ്‌ലിമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എതിരാളികള്‍ നന്നേ ശ്രമിച്ചിരുന്നു. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലും പൂര്‍വാധികം ശക്തിയോടെ ആ ആരോപണം ആവര്‍ത്തിച്ചു. ഇത് കേട്ടാല്‍ തോന്നും മുസ്‌ലിമാവുകയെന്നാല്‍ മനുഷത്വത്തിനെതിരെ കുറ്റം ചെയ്യുന്നതിന് സമാനമാണെന്ന്.
ടോറോന്‍റോ സണ്‍ കോളമിസ്റ്റ് ട്വിറ്ററിലൂടെ ഒബാമ മുസ്‌ലിമാണെന്നു പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമം നടത്തി.
[caption id="attachment_13482" align="alignleft" width="400"]
ഹിരോഷിമയുടെ ബാക്കിപത്രം[/caption]
എല്ലാ സമൂഹങ്ങളിലും കൈകളില്‍ രക്തക്കറ പുരണ്ടവരുണ്ടെന്ന കാര്യം വെറുപ്പിന്റെ പ്രചാരകര്‍ മറന്നുപോയി. മുസ്‌ലിംകളെ വന്യമൃഗങ്ങളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍, മനുഷ്യ ചരിത്രത്തില്‍ നടന്ന കൊടും ക്രൂരമായ കൂട്ടക്കശാപ്പുകളിലൊന്നിനും മുസ്‌ലികളായിരുന്നില്ല ഉത്തരവാദികളെന്നു മനസ്സിലാക്കണം. ദശലക്ഷകണക്കിന് മനുഷ്യജീവനുകള്‍ ഹോമിച്ച ഇരു ലോക മഹായുദ്ധങ്ങളുടെയും കാരണക്കാര്‍ മുസ്‌ലിംകളായിരുന്നില്ല.
മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത മരണത്തിലേക്കും നശീകരണത്തിലേക്കും നയിച്ച ഹിരോഷിമയിലും നാഗാസാക്കിയിലും അണുബോംബ് വര്ഷിച്ചതിന്റെ പിന്നിലും മുസ്‌ലിംകളല്ല.
C.E. 1501-1867നിടയില്‍ നടന്ന ട്രാന്‍സ്‌അറ്റ്ലാന്റിക് അടിമക്കച്ചവടത്തിനും പിന്നിലും മുസ്‌ലിംകരങ്ങളില്ല. 125 ലക്ഷം ആഫ്രിക്കന്‍ നീഗ്രോകളെയാണ് ഇതിലൂടെ അടിമകളാക്കി അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്ക് കൊണ്ട് പോയത്. അവരില്‍ പതിനെട്ട് ലക്ഷം പേര്‍ കടലില്‍ വെച്ച് തന്നെ മരണപ്പെട്ടു. ബാക്കിയുള്ളവരിലധികവും ബ്രസീലിലെയും കരീബിയന്‍ ദ്വീപുകളിലെയും കരിമ്പിന്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടു ഏഴു വര്‍ഷത്തിനുള്ളില്‍ മരണത്തിനു കീഴടങ്ങി.
അമേരിക്കന്‍ നാടുകളില്‍ തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ യൂറോപ്യന്‍ അധിനിവേശകര്‍ വംശഹത്യ വരുത്തിയത്തിനും മുസ്‌ലിംകള്‍ക്ക് പങ്കില്ല. ഡേവിഡ് ഇ. സ്റ്റന്നാര്‍ഡ് തന്റെ ‘അമേരിക്കന്‍ ഹോളോകോസ്റ്റ്’ എന്ന പുസ്തകത്തില്‍ എഴുതുന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വംശഹത്യ നടന്നത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കെതിരെയാനെന്നാണ്.
ഗ്രന്ഥകര്‍ത്താവായ കാര്‍മെന്‍ ബെര്‍ണാഡ് കണക്കനുസരിച്ച് മെക്സിക്കോയിലെ തദ്ദേശീയരുടെ എണ്ണം നാലു ദശകങ്ങള്‍കൊണ്ട് മുപ്പത് ദശലക്ഷത്തില്‍ നിന്ന് വെറും മൂന്നു ദശലക്ഷമായി കുറഞ്ഞുവെന്നാണ്.
1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സാന്‍ സാല്‍വഡോറില്‍ എത്തുന്നതോടെയാണ് യൂറോപ്യന്‍മാരുടെ ഈ വംശീയാക്രമണത്തിനു തുടക്കമാവുന്നത്. ലക്ഷങ്ങളെ യൂറോപ്യര്‍ നേരിട്ട് കൊന്നുതീര്‍ത്തു. ബാക്കിയുള്ളവര്‍ ഇവര്‍ മനപ്പൂര്‍വ്വം തുറന്നുവിട്ട രോഗാണുക്കള്‍ പിടിപെട്ട് മരിച്ചൊടുങ്ങി.
നിയമം പാലിക്കുന്ന, മറ്റുള്ളവരെപ്പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ വേണ്ടി പണിയെടുക്കുന്നവരാണ് മുസ്‌ലിംകളും. വിശ്വാസത്തോടെ നിങ്ങളുടെ മക്കളെ നിങ്ങള്‍ ചികിത്സിക്കാന്‍ ഏല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ അവരുടെ കൂട്ടത്തിലുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ വസ്തുക്കള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്കെത്തിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരും അക്കൂട്ടത്തിലുണ്ട്. ആര്‍കിടെക്റ്റുകളും നിയമജ്ഞരും പട്ടാളക്കാരും അവരുടെയിടയിലുണ്ട്.
കൊലയും നശീകരണവും ജീവിത ദൌത്യമായി സ്വീകരിച്ച രക്തദാഹികളായ വന്യജീവികളായി അവരെ ചിത്രീകരിക്കുന്നത് ലജ്ജാകരവും അപമാനകരവുമാണ്. നീതിക്കു വേണ്ടി നിലകൊള്ളുക, മനുഷ്യ വര്‍ഗത്തെ സഹായിക്കുക, സമാധാനം പ്രചരിപ്പിക്കുക, ഇങ്ങോട്ട് തെറ്റ് ചെയ്തവര്‍ക്ക് മാപ്പുനല്‍കുക തുടങ്ങിയവയാണ് അവരുടെ വിശ്വാസത്തിന്റെ സത്ത.
അതുകൊണ്ടാണ് അവരുടെ സന്ദേശം ഒരുപാട് സുമനസ്സുകളെ ആകര്‍ഷിക്കുകയും പാശ്ചാത്യലോകത്ത് ഏറ്റവും ദ്രുതഗതിയില്‍ വളരുന്ന മതമായി മാറുകയും ചെയ്തത്.
വിവ: ഫൈസല്‍ നിയാസ് ഹുദവി



Leave A Comment