വിളക്ക് കൊളുത്താതിരുന്നാല്‍ ആകാശം വീഴുമോ?
ജനാധിപത്യ കേരളത്തിന്റെ ശ്രേയസുറ്റ മതേതര പൈതൃകത്തിന് ചിതയൊരുക്കും വിധമുള്ള വാഗ് വിസര്‍ജങ്ങളും വിവാദയൂട്ടുകളുമാണ് നിലവിളക്കു വിവാദത്തിന്റെ മറയില്‍ രംഗം വാഴുന്നത്. കേരളവിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരുടെ നേതൃത്വത്തില്‍ ജൂലൈ ഇരുപത്തിയെട്ടിന് ആലപ്പുഴയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ഔദ്യോഗിക ചടങ്ങില്‍ സ്വാഗത ഭാഷകന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതും നിലവിളക്ക് കൊളുത്തുന്നത് വിശ്വാസ വിരുദ്ധമാണെന്ന ബോധ്യത്തില്‍ മന്ത്രി അതിനെ സ്‌നേഹപൂര്‍വ്വം നിരസിച്ചതും അതിനെതുടര്‍ന്നുണ്ടായ ചലചിത്ര താരം മമ്മുട്ടിയുടെ വകയുള്ള തിരുത്തമാണ് വിളക്കു വിവാദത്തിന് വീണ്ടും വഴി മരുന്നിട്ടത്. യൂഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യ നാളുകളില്‍ ഉയര്‍ന്നുവന്ന മന്ത്രി വസതിയുടെ പേരുമാറ്റ വിവാദത്തിനിടയിലും വിവാദത്തിന്റെ ഈ വിളക്ക് കത്തിക്കാന്‍ വര്‍ഗീയ കശ്മലര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് അത്ര ക്ലച്ച് പിടിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാവും യുവ എംഎല്‍എയുമായ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റുകളൊഴിച്ചാല്‍ മതേതര കേരളം അതിന് അത്ര ചെവി കൊടുത്തിരുന്നില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ. സവര്‍ണ ഹിന്ദുത്വത്തിന്റെ ജീവല്‍ പ്രതീകമായ പൂനൂല്‍ പൊട്ടിച്ചെറിഞ്ഞ സഖാവ് ഇഎംഎസിന്റെ പിന്മുറക്കാര്‍ പോലും വിളക്കുകൊളുത്തി പ്രതിഷേധവുമായി രംഗത്തു വന്നത് മതേതര കേരളം ഏത് ദിശയിലേക്ക് പോവുന്നവെന്നതിന്റെ ദുസ്സൂചനകളാണ്. സവര്‍ണ ബ്രാഹ്മണ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ദേശീയ മുഖം നല്‍കുകയെന്ന് സംഘപരിവാര്‍ അജണ്ടക്കു മന്നില്‍ പുരോഗമനത്തിന്റെ ചായം തേച്ചു നടക്കുന്ന ഇടതുപക്ഷ നേതാക്കള്‍ പോലും കൂപ്പുകൈ ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ വിയോജിപ്പിന്റെ ചെറു ശബ്ദം ഉയര്‍ത്തുന്നതിന് പകരം നിരുപദ്രവകരമായ ഒരു വിളക്ക് കൊളുത്തിയാല്‍ ഒലിച്ചുപോവാന്‍ മാത്രം ലളിതമാണോ നമ്മുടെ വിശ്വാസമെന്ന് ചിന്തിക്കുന്നിടത്തേക്ക് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കേണ്ട ചിലര്‍ പോലും ചൂഴന്ന് പോയി എന്നിടത്ത് നിന്നാണ് ഇന്ത്യന്‍ ബഹുസ്വരതയെ ആമൂലാഗ്രം ഗ്രസിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ അര്‍ബുദത്തെ കുറിച്ച് വായിച്ചു തുടങ്ങേണ്ടത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ വിളക്ക് കൊളുത്തുന്നവരും കൊളുത്താത്തവരുമുണ്ട്, ഞാന്‍ കൊളുത്തുന്നത് വീട്ടില്‍ കൊളുത്തുന്ന പോലെയാണ് തുടങ്ങിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ സ്വത്വ സംരക്ഷണ വഴിയില്‍ പതിറ്റാണ്ടുകളുടെ ചരിത്ര പെരുമയുള്ള സമുദായ പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്നുയര്‍ന്നുവരുന്നുവെന്നത് സവര്‍ണ ഫാഷിസത്തിന്റെ ഇത് വരെയുള്ള സിദ്ധാന്ധവത്കരണത്തിന്റെ വിജയ വിളംബരമാണ്. പ്രതലം എന്ന അര്‍ത്ഥത്തിലുള്ള നിലം എന്ന സംസ്‌കൃത പദത്തിനോട് വിളക്ക് എന്ന മലയാള പദം ചേര്‍ന്നാണ് നിലവിളക്ക് എന്ന നാമരൂപം ഉണ്ടാവുന്നത്. വിളക്കിനോടോ നിലവിളക്കിനോടൊ ഇസ്‌ലാമിന് പ്രത്യേക വിമുഖതയോ പ്രതിപത്തിയോ ഇല്ല. വൈദ്യുതി കണ്ട് പിടിക്കുന്നതിന് മുമ്പ് മനുഷ്യന്‍ നിത്യോപയോഗത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത് വിളക്കുകളായിരുന്നതിനാല്‍ തന്നെ അങ്ങനെ പറയുന്നത് മൗഢ്യവും അവിവേകവുമാണ്. ഉദ്ഘാടന വേളയില്‍ വിളക്ക് കൊളുത്തുന്നതാണ് വിവാദ വിഷയം. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയെന്നത് പരമ്പരാഗത ഹൈന്ദവ ആചാരത്തിന്റെ ഭാഗമാണ്. നിലവിളക്ക് എന്ന് ഗൂഗിള്‍ ചെയ്താല്‍ മാത്രം മതി ഉദ്ഘാടന വേളയില്‍ വിളക്ക് കൊളുത്തുന്നതിന് പിന്നിലുള്ള ഹൈന്ദവ വിശ്വാസം മനസ്സിലാക്കുവാന്‍. നിലവിളക്കിന്റെ വിശ്വാസ പശ്ചാതലത്തെ കുറിച്ച് ഇങ്ങനെയും വായിക്കാം. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെയും സെന്റ് തോമസ് ക്രിസ്താനികളുടെയും ആരാധനാ ചടങ്ങുകളില്‍ നിലവിളക്കിന് പ്രഥമ സ്ഥാനമാണുള്ളത്. സൂര്യോദയ സമയത്ത് കുടുംബത്തിലെ ചെറിയ പെണ്‍കുട്ടികള്‍ വീടിന്റെ ഉമ്മറത്തെത്തി വിളക്കില്‍ തിരിക്കൊളുത്തുന്നു. മുതിര്‍ന്നവര്‍ മറ്റു ആണ്‍കുട്ടികള്‍ തുടങ്ങിയവര്‍ ഒരു പ്രത്യേക മന്ത്രം ഉരുവിട്ട് കൊണ്ട് അവളെ അനുഗമിക്കുന്നു. സായാഹ്നത്തിലും ഇത് ആവര്‍ത്തിക്കുന്നു. നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനവും ഭവ്യത്യാ പൂര്‍വ്വം നിലവിളക്ക് കത്തിക്കുന്നതും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്നത് ഉപരിസൂചിത വരികളില്‍ നിന്ന് വ്യക്തമാണല്ലൊ വിളക്കിലെ തിരികള്‍ തെളിക്കുന്നതും പ്രത്യേക ചിട്ടകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സര്‍വ വിജ്ഞാന കോശത്തില്‍ നിലവിളക്കിനെ കുറിച്ച് പറയുന്നത് ഇങ്ങനെ വായിക്കാം. പ്രഭാതത്തില്‍ കിഴക്കിലോട്ടും പ്രദോഷത്തില്‍ കിഴക്ക് പടിഞ്ഞാറും തിരയേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ ഏഴോ തിരികള്‍ തെളിക്കാം. അമര്‍ത്യര്‍, പിതൃക്കള്‍, ദേവന്‍മാര്‍, ഗന്ധര്‍വന്‍മാര്‍, യക്ഷോവരന്‍മാര്‍, രാക്ഷസന്‍മാര്‍ എന്നിവരാണ് ഏഴ് നാളങ്ങളുടെ അധിദേവതമാര്‍.( സര്‍വ വിജ്ഞാനകോശം 757) വെളിച്ചത്തോടൊ വിളക്കിനോടോയുള്ള വിരക്തിയല്ല നിലവിളക്ക് വര്‍ജനത്തിന്റെ ഇസ്‌ലാമിക നിയമത്തിന് പിന്നില്‍. ഇസ്‌ലാമിന്റെ മൂല സിദ്ധാന്തമായ തൗഹീദിന് വിരുദ്ധമായ ഗുപ്ത വിശ്വാസങ്ങള്‍ നിലവിളക്ക് കൊളുത്തുന്നതില്‍ പതിയിരിക്കുന്നതിനാലാണ് അതിനെതിരെ വ്യക്തമായ നിലപാടുകളുമായി മുസ്‌ലിം മുഖ്യധാരാ പണ്ഡിതര്‍ രംഗത്ത് വന്നത്. വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദമെന്ന മൂഢ സങ്കല്‍പമാണ് വിളക്കിനോടുള്ള മുസ്‌ലിം സമീപനത്തില്‍ മുഴച്ച് നില്‍ക്കുന്നതെന്ന വാദം തീര്‍ത്തും നിരര്‍ത്ഥകമാണ്, നിലവിളക്ക് കൊളുത്തുന്നത് ആരാധനയുടെ ഭാഗമല്ലെന്നും വെളിച്ചത്തിന് വേണ്ടിയാണെന്നുമുള്ള വിമര്‍ശകരുടെ വാദത്തെ മുഖവിലക്കെടുക്കുന്നതിന് മുമ്പ് സൂര്യാസ്തമയത്തിനും എത്രയോ മുമ്പ് വീടിന്റെ ഉമ്മറത്ത് വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിയാണോ എന്ന മറുചോദ്യമാണ് ഉന്നയിക്കേണ്ടത്. ഹൈന്ദവ വിശ്വാസികള്‍ വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിയല്ല, അത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. അത്‌കൊണ്ടാണ് സന്ധ്യയടുക്കും മുമ്പേ ഹൈന്ദവ വീടുകളില്‍ തിരി തെളിയുന്നത്. വെളിച്ചമാണ് ഉദ്ദേശ്യമെങ്കില്‍ പൂര്‍ണമായും വൈദ്യുദീകരിച്ച ഈ ഉത്തരാധുനിക യുഗത്തിലെ നാലുക്കെട്ടുകള്‍ക്ക് മുമ്പില്‍ വിളക്ക് കൊളുത്തേണ്ടതിന്റെ ആവിശ്യമില്ലല്ലൊ. ദീപാരാധനയുടെ ഭാഗമാണ് വിളക്ക് കൊളുത്തുന്നത്. അഗ്‌നി ദേവതയെ പ്രകീര്‍ത്തിക്കുന്ന നിരവധി ശ്ലോകങ്ങള്‍ ഹൈന്ദവ പുരാണങ്ങളില്‍ കാണാം. ഐശ്വര്യ പ്രാപ്തിക്കും ധനസമ്പാദനത്തിനും ശത്രുബുദ്ധി വിനാശത്തിനും ദീപജ്യോതിയെ ഞാന്‍ നമസ്‌കരിക്കുന്നുവെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് വിശ്വാസികള്‍ വിളക്ക് കൊളുത്തുന്നത്. ( ശുഭം കരോതി കല്യാണം, ആരോഗ്യം, ധന സമ്പദാ, ശത്രു ബുദ്ധി വിനാശായ ദീപ ജ്യോതിര്‍ നമസ്തുതതേ)വെളിച്ചം വിജ്ഞാനമാണെന്നും വിളക്ക് വിരോദികള്‍ വിജ്ഞാന വിരോധികളാണെന്നുമാണ് മറ്റൊരു വാദം. നട്ടുച്ച സമയത്തുള്ള ഉദ്ഘാടനത്തിന് തിരി തെളിക്കുന്നതും പാലം, റോഡ് തുടങ്ങിയ അറിവുമായി അശേഷം ബന്ധമില്ലാത്തവയുടെ ഉദ്ഘാടനവേളയിലും സിനിമാ ഷൂട്ടിംഗിന്റെ ആരംഭത്തിലും വിളക്ക് കൊളുത്തുന്നതുമൊക്കെ ആ ഗണത്തില്‍ എങ്ങനെ പെടുത്താനാവും. വിളക്ക് കൊളുത്തുന്നതിന് ഹൈന്ദവ വിശ്വാസ പ്രകാരം വ്യക്തമായ രീതിക്രമങ്ങളുണ്ട്. വിളക്കില്‍ ഒഴിക്കുന്ന എണ്ണക്കുപോലും പ്രത്യേക പരിഗണനയുണ്ട്. വെണ്ണ, നെയ്യ് തുടങ്ങിയവയ ഉപയോഗിക്കുന്നതാണ് അഭിലഷണീയം ഭൂഗര്‍ഭ വിളകളുടെ എണ്ണ അത്ര അഭികാമ്യമല്ല, തിരി തെളിയിക്കുന്നതോടെ കൊളുത്തിയ വ്യക്തി പൂര്‍ണ പാപരഹിതനാവും, വേപ്പെണ്ണ, നെയ്യ് തുടങ്ങിയവയുടെ ഉപയോഗം സമൃദ്ധിക്ക് കാരണമാവും. നെയ്യ്, വെളിച്ചെണ്ണ, ആവണക്കെണ്ണ, എന്നിയവയുടെ ഉപയോഗം കുലദൈവത്തെ പ്രീതിപ്പെടുത്തുവാനും നെയ്യ്, വെളിച്ചെണ്ണ, എള്ളെണ്ണ എന്നിയവയുടെ ഉപയോഗം യഥാക്രമം ഹൈന്ദവ ദേവന്മാരായ മഹാലക്ഷ്മി, ഗണേഷന്‍, നാരായണന്‍ എന്നിവരെ പ്രീതിപ്പെടുത്തുവാനും ഉപകരിക്കും, വിളക്കില്‍ ഉപയോഗിക്കുന്ന തിരി പരുത്തിയുടേതാണെങ്കില്‍ അഭിവൃദ്ധി വരും തുടങ്ങിയ നിരവധി വിശ്വാസചാരങ്ങള്‍ സമം ചേര്‍ന്നതാണ് നിലവിളക്ക് കൊളുത്തല്‍. വിളക്ക് കൊളുത്തുന്നത് പോലും ഒരു പ്രത്യേക രീതിയിലാണ്, പ്രമുഖ ഹൈന്ദവ പണ്ഡിതനായ ജി.എസ്.കെ മേനോന്‍ നിലവിളക്ക് കൊളുത്തേണ്ടതെങ്ങനയാവണമെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, വിളക്ക് കൊളുത്തുമ്പോള്‍ മെഴുകുതിരി ഉപയോഗിക്കാന്‍ പാടില്ല. മെഴുകുതിരി ഉപയോഗിച്ചുള്ള കൊളുത്തല്‍ പരമ്പരാഗതരീതിയില്‍ നിന്നുള്ള വ്യതിചലനമാണ്. മെഴുകുത്തിരി ഉപയോഗിച്ച് വിളക്ക് കൊളുത്തുന്ന രീതി ചില െ്രെകസ്തവ വിശ്വാസികള്‍ തുടങ്ങിയതാണ്. ക്രിസ്തുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ് ഇതിന്റെ വിധാതാക്കള്‍, ഹിന്ദു ദേവതകളായ ബ്രഹ്മ, വിഷ്ണു, ശിവന്‍ എന്നിയവരെയാണ് വിളക്ക് പ്രതിനിധീകരിക്കുന്നത്. വിളക്കില്‍ നിന്ന് ഒരു പ്രത്യേക അകലം പാലിച്ച് പൂര്‍ണ നിഷ്പാദനായി ഭവ്യതാപൂര്‍വ്വം വേണം വിളക്ക് കൊളുത്താന്‍. ഇന്ത്യന്‍ സാംസ്‌കാരികതയുടെ ഭാഗമാണ് നിലവിളക്കെന്നും അതിനെ ഒരു പ്രത്യേക മതത്തിന്റ കള്ളിയില്‍ പെടുത്തി തിരസ്‌കരിക്കുന്നതിന് പകരം ഇന്ത്യയുടെ ദേശീയ സംസ്‌കൃതിയോട് ചേര്‍ന്നു നില്‍ക്കലാണ് അഭികാമ്യമെന്നുമാണ് ചിലരുടെ വാദം. യതാര്‍ഥത്തില്‍ ബ്രാഹ്മണിക്കല്‍ ആര്യ വര്‍ഗ വിശ്വാസത്തെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലെ തദ്ദേശീയ വാസികളായിരുന്ന ബുദ്ധമത വിശ്വാസികളുടെ മേല്‍ സാംസ്‌കാരികമായി മേധാവിത്വം സ്ഥാപിച്ച് ആര്യ വംശചരുടെ വിശ്വാസ ബിംബമായ വിളക്കിനെ ദേശീയവത്കരിക്കുന്നതിലൂടെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി അവതരിപ്പിക്കുന്നത് സവര്‍ണവത്കൃതമായ ബ്രാഹ്മണിക്കല്‍ ആചാരത്തെയാണ്. ഇന്ത്യന്‍ ജന സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ദളിത് അവര്‍ണ വിഭാഗത്തിന്റെ വീടകങ്ങളില്‍ ആദ്യകാലങ്ങളില്‍ നിലവിളക്കിന് തീരെ ഇടമില്ലായിരുന്നു. സവര്‍ണ ഹിന്ദുക്കളുടെ ആസൂത്രിതമായ പ്രചരണം വിജയിച്ചതോടെ വിളക്ക് കൊളുത്തലെന്ന ബ്രാഹമണിക്കല്‍ ആചാരത്തെ തങ്ങളുടേതുമാണെന്ന് തെറ്റിധരിച്ച ദളിത് കീഴാള വര്‍ഗവും തിരി തെളിക്കാന്‍ തുടങ്ങി. ഭൂരിപക്ഷ വിശ്വാസങ്ങള്‍ക്ക് പൊതുസമ്മതി കല്‍പിക്കപ്പെടുകയെന്ന ജനാധിപത്യത്തിന്റെ പതിവു ദൗര്‍ബല്യത്തിന്റെ ഭാഗമാണ് ദേശീയ സംസ്‌കൃതിയുടെ ഭാഗമായി അവതരിപ്പിക്കുപ്പെടുന്ന വിളക്ക് കത്തിക്കലും. മുസ്‌ലിം ആചാര പ്രകാരം ഫാതിഹ വിളിച്ച് തുടങ്ങാനോ െ്രെകസ്തവ വിശ്വാസ പ്രകാരം കുരിശ് വരച്ച് ഉദ്ഘാടനം നിര്‍വഹിക്കുവാനോ ഒരു ഹൈന്ദവ വിശ്വാസിയെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ് ഒരു മുസ്‌ലിമിനെ തിരിതെളിക്കാന്‍ നിര്‍ബന്ധിക്കുന്നതും. വ്യക്തിപരമായ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി വിളക്ക് കൊളുത്താതിരിക്കുന്നതിനെ എന്തോ ഒരു അപരാധമായി അവതരിപ്പിക്കുന്നത് ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യത്തെ കുരുതിക്കൊടുക്കുന്നതിന് തുല്യമാണ്. നിലവിളക്ക് കൊളുത്താതിരിക്കുന്നതില്‍ ഒരേ സമയം നിയമത്തെ അനുസരിക്കലും ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ പരിരക്ഷിക്കലുമുണ്ട്. ത്രിശൂലവും നിലവിളക്കും ദേശീയ ചിഹ്നമായി അവതരിപ്പിക്കുവാനുള്ള ശ്രമം തന്നെ ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്ര നിര്‍മാണ പ്രക്രിയയിലോ ഭരണപരമായ കാര്യങ്ങളിലോ ദേശീയ ബോധ നിര്‍മ്മിതിയിലോ ഒരു പ്രത്യേക മതത്തിന് പ്രാമുഖ്യം കല്‍പിക്കപ്പെടരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ നടന്ന ചടങ്ങില്‍ നിന്ന് തന്റെ വിശ്വസ സംരക്ഷണാര്‍ത്ഥം മാറി നിന്ന മന്ത്രിയെ വിമര്‍ശിക്കുന്നതും വിളക്ക് കൊളുത്താന്‍ നിര്‍ബന്ധിക്കുന്നതും ഭരണഘടനാവിരുദ്ധമാണ്. കപട മതേതര വാദികളെ പ്രീതിപ്പെടുത്താന്‍ ചിലര്‍ വിശ്വസത്തിന് മുകളില്‍ വ്യജ ദേശീയതാ വാദത്തെ പ്രതിഷ്ഠിക്കുന്നതും അഭിമാനകരമായ അസ്ഥിത്വ സംരക്ഷണമെന്ന മഹോന്നത ലക്ഷ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമാജത്തിന്റെ ഓരത്തിരുന്ന് മുസ്‌ലിം സ്വത്വത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം മുഖ്യധാരാ നിലപാടില്‍ നിന്ന് വഴി മാറി സഞ്ചരിക്കുന്നതും അത്യന്തം ലജ്ജാകരം തന്നെ. സ്വന്തം വിശ്വാസത്തെ ബലി നല്‍കി ബഹുസ്വരതയെ പുല്‍കാനുള്ള അവകാശമുള്ളെന്ന പോലെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി അതിനെ തിരരസ്‌കരിക്കുവാനുള്ള അവകാശവുമുണ്ട്. അപ്പെഴോ ഇന്ത്യയുടെ മതേതരത്വം അര്‍ത്ഥപൂര്‍ണമാവൂ. nilavilakku20131031140821_3_1തയ്യാറാക്കിയത്. കെ.സി അശ്‌റഫ് കുറ്റൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter