ഡബ്ബാവാലകൾ ചില്ലറക്കാരല്ല....

കര്‍മമാണ് ആരാധനയെന്നു വിശ്വസിക്കുന്ന മുംബൈയിലെ ഡബ്ബാവാലകളെ പറ്റിയാണ് ഇന്ന് ഞാൻ പറയുന്നത്.

 മുമ്പൈ മഹാനഗരത്തിലെ ഓഫീസുകളില്‍ എന്നും ഉച്ചക്ക് കൃത്യമായി ഇവര്‍ ചോറ്റുപാത്രങ്ങളെത്തിക്കാന്‍ തുടങ്ങിയിട്ട് 125 വര്‍ഷമായി. 5000 പേരടങ്ങുന്ന ഈ കൂട്ടായ്മ പ്രവര്‍ത്തനമികവില്‍ ഏതൊരു കോര്‍പ്പറേറ്റ് സംരംഭത്തെയും കവച്ചുവെക്കുന്നു

2018ലെ മുംബൈ മാരത്തണില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് അവരുമുണ്ടായിരുന്നു. വെള്ളക്കുപ്പായവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ ഡബ്ബാവാലകള്‍. ഓടി ജയിക്കാനല്ല, പട്ടിണിപ്പാവങ്ങളെ ഊട്ടാനാണ് അവരെത്തിയത്.

ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ച് വിശപ്പടക്കാന്‍ വകയില്ലാതെ വലയുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന 'റൊട്ടി ബാങ്ക്' എന്ന നൂതന ദൗത്യത്തിന്‍റെ പ്രചാരണത്തിനാണ് 12 ഡബ്ബാവാലകള്‍ 2018 ജനുവരി അവസാനം മഹാനഗരത്തെ ഇളക്കിമറിച്ച ദീര്‍ഘദൂര ഓട്ടത്തില്‍ ആദ്യവസാനം പങ്കെടുത്തത്. വെറുതെ ഓടുകയായിരുന്നില്ല അവര്‍. മാരത്തണില്‍ പങ്കെടുക്കാനെത്തിയ 44,000 കായിക താരങ്ങള്‍ക്കായി സംഘാടകര്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതികളില്‍ കഴിയ്ക്കാതെ ബാക്കിവെച്ചത് അപ്പോള്‍ത്തന്നെ ശേഖരിച്ചു. എന്നിട്ടത് നഗരത്തിലെ അഗതികള്‍ക്ക് എത്തിച്ചുകൊടുത്തു. എത്ര മഹത്തായ ത്യാഗം.

അതു തന്നെയാണ് റൊട്ടി ബാങ്കിന്‍റെ പ്രവര്‍ത്തന രീതി. വീട്ടിലോ ഹോട്ടലിലോ സല്‍ക്കാര വേദികളിലോ ഭക്ഷണം ബാക്കിയായാല്‍ ഡബ്ബാവാലകളെ വിവരമറിയിക്കുക. ഉടന്‍ തന്നെയെത്തി അവരത് ശേഖരിക്കും. എന്നിട്ട് നഗരത്തിലെ ഭവനരഹിതര്‍ക്ക്/ ഭക്ഷണമില്ലാത്തവർക്ക് എത്തിച്ചുകൊടുക്കും. വിളിച്ചറിയിക്കാനായി പ്രത്യേകം കോള്‍സെന്‍റര്‍ നമ്പറുകളുണ്ട്. ഭക്ഷണം ശേഖരിക്കാനും വിതരണം ചെയ്യാനും സ്വന്തം ശൃംഖലയുണ്ട് ഡബാവാലകൾക്ക്. നഗരത്തിന്‍റെ ഭക്ഷണ വിതരണക്കാര്‍ അങ്ങനെ അന്നദാതാക്കള്‍ കൂടിയാവുകയാണ്.

ഭക്ഷണം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഡബ്ബാവാലകളെ സംബന്ധിച്ചിടത്തോളം അനായാസമാണ്. 
ഒരു നൂറ്റാണ്ടിലേറെയായി അതാണവരുടെ ജോലി. ഉച്ചയൂണിന്‍റെ സമയത്തിനുമുമ്പ് ചോറ്റുപാത്രങ്ങളും പിടിച്ച് ഓഫീസുകളിലെത്തുന്ന വെള്ളക്കുപ്പായക്കാര്‍ മുംബൈ നഗരത്തിന്‍റെ മുഖമുദ്രകളിലൊന്നാണ്. 
സബര്‍ബന്‍ തീവണ്ടി പോലെ, വഡാപാവു പോലെ, ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷന്‍പോലെ, ഗേറ്റ് വേ ഓഫ് ഇന്ത്യ പോലെ, ഡബ്ബാവാലകള്‍ ഇല്ലാത്ത മുംബൈയെ ഒരിക്കലും സങ്കല്‍പിക്കാനാവില്ല.

കണ്ണിയകലാത്ത ശൃംഖല

ചോറ്റുപാത്രവുംകൊണ്ടു നടക്കുന്നയാള്‍ എന്നാണ് ഡബ്ബാവാല എന്ന മറാഠി വാക്കിനര്‍ഥം. നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും വീടുകളില്‍നിന്ന് ചോറും ചപ്പാത്തിയും കറിയും നിറച്ച പാത്രങ്ങള്‍ വാങ്ങി ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഡബ്ബാവാലകളുടെ ജോലി. മുംബൈയിലും സമീപ നഗരങ്ങളിലുമായി അയ്യായിരത്തോളം ഡബ്ബാവാലകളുടെ ശൃംഖല ഒരു ദിവസം രണ്ടു ലക്ഷത്തോളം ചോറ്റുപാത്രങ്ങളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.

60-70 കി.മീ. യാത്ര ചെയ്യുന്ന ചോറ്റുപാത്രങ്ങള്‍

ഇന്ത്യയില്‍ ജനസാന്ദ്രതയും ഗതാഗതത്തിരക്കും ഏറ്റവും കൂടുതലുള്ള മുംബൈ നഗരത്തില്‍ ജോലിസ്ഥലത്തിനടുത്ത് താമസ സൗകര്യം കിട്ടുകയെന്നത് അതിസമ്പന്നര്‍ക്കു മാത്രം കഴിയുന്ന കാര്യമാണ്. 
ദിവസവും അറുപതോ എഴുപതോ കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് മിക്കവരും വീട്ടില്‍ നിന്ന് ഓഫീസിലെത്തുന്നത്. തിരക്കേറിയ ലോക്കല്‍ തീവണ്ടികളാണ് യാത്രയ്ക്ക് ആശ്രയം. അതിരാവിലെ വീട്ടില്‍നിന്നിറങ്ങും മുമ്പ് ഉച്ചഭക്ഷണം തയ്യാറാക്കി പൊതിഞ്ഞുകൊണ്ടുപോകാന്‍ സമയം കിട്ടില്ല. ദിവസവും ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുകയെന്നത് നടപ്പുള്ള കാര്യവുമല്ല. അതിനുള്ള പരിഹാരമാണ് ഡബ്ബാവാലകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഭക്ഷണം പാകം ചെയ്ത് പാത്രത്തിലാക്കി വീട്ടില്‍ വെച്ചാല്‍ മതി, അടുത്തുള്ള ഡബ്ബാവാല വന്ന് അത് വാങ്ങിക്കൊള്ളും. എന്നിട്ട് ലോക്കല്‍ തീവണ്ടിയില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കും. അവിടെ നിന്ന് മറ്റൊരു ഡബ്ബാവാല കൃത്യമായി അത് ഉച്ചയ്ക്കു മുമ്പ് ഓഫീസിലെത്തിക്കും. രാവിലെ 10 മണിയോടെ വീട്ടിലെത്തി ശേഖരിക്കുന്ന ചോറ്റുപാത്രങ്ങള്‍ പന്ത്രണ്ടരയോടെ 60-70 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തും. വൈകീട്ട് ഒഴിഞ്ഞ പാത്രം വാങ്ങി അതേപോലെ വീട്ടിലെത്തിക്കും. ചെറിയൊരു തുക കൂലിയായി നല്‍കിയാല്‍ ദൂരെയിരുന്ന് ദിവസവും വീട്ടിലെ ഭക്ഷണം കഴിക്കാം.
 വീടുകളില്‍നിന്നു മാത്രമല്ല, നമുക്കിഷ്ടപ്പെട്ട മെസ്സുകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നും ഡബ്ബാവാലകള്‍ ഭക്ഷണം എത്തിച്ചുതരും.

അതിശയം, ഈ കൃത്യത

പേരോ മേല്‍വിലാസമോ എഴുതിവെക്കാത്ത ചോറ്റുപാത്രങ്ങള്‍ പല കൈകള്‍ കൈമാറി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നത് എങ്ങനെയെന്നത് ആര്‍ക്കും അതിശയമായിത്തോന്നും. 
125 വര്‍ഷമായി ഈ മനുഷ്യച്ചങ്ങല കണ്ണിമുറിയാതെ നിലനിന്നതെങ്ങനെയെന്നത് അതിലും വലിയ അതിശയമാണ്.
 മുംബൈ നഗരം പ്രളയജലത്തില്‍ മുങ്ങിയപ്പോള്‍പോലും പണിമുടക്കിയിട്ടില്ലാത്തവരാണ് ഈ ഡബ്ബാവാലകള്‍. അകലം പാലിച്ച് കോവിഡ് കാലത്തുമാ സേവനം തുടരുന്നുണ്ട്.

'വിഠോഭാ ദേവന്‍റെ വിശ്വാസികളാണ് ഞങ്ങള്‍. 
വാര്‍ക്കരി സമ്പ്രദായം പിന്തുടരുന്നവര്‍. കര്‍മ്മമാണ് ആരാധന എന്നു വിശ്വസിക്കുന്നവര്‍' - ഡബ്ബാവാലകൾ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്.

പ്രത്യേക നിറത്തിലുള്ള ചില അടയാളങ്ങളിലൂടെയാണ് ഡബ്ബാവാലകള്‍ ചോറ്റുപാത്രങ്ങള്‍ ആരുടേതെന്നും എവിടേക്കുള്ളതാണെന്നും മനസ്സിലാക്കുന്നത്. വീട്ടില്‍ നിന്ന് പാത്രങ്ങള്‍ വാങ്ങുന്നത് വീട്ടുകാരെ നേരിട്ടറിയുന്നയാളായിരിക്കും. ലക്ഷ്യസ്ഥാനത്ത് അതു വിതരണം ചെയ്യുന്നയാള്‍ക്കും പാത്രത്തിന്‍റെ ഉടമയെ നേരിട്ടറിയും. ഇടയ്ക്ക് അവ ശേഖരിക്കുന്നവര്‍ക്കും തീവണ്ടിയില്‍ കയറ്റുന്നവര്‍ക്കും തരംതിരിച്ച് ഓരോ സ്റ്റേഷനിലും ഇറക്കുന്നവര്‍ക്കും മനസ്സിലാക്കാനാണ് അടയാളങ്ങള്‍. ഓരോ സ്റ്റേഷനിലും ഇറക്കുന്ന ഡബ്ബകള്‍ തെരുവുകളിലേക്കും കെട്ടിടങ്ങളിലേക്കും സൈക്കിളിലും തടിറാക്കുകളില്‍ തലച്ചുമടായും കൈവണ്ടികളിലുമായാണ് എത്തിക്കുന്നത്.

ഓരോ പാത്രവും പല സ്ഥലങ്ങളിലായി ഏറ്റവും ചുരുങ്ങിയത് മൂന്നു ഡബ്ബാവാലകള്‍ കൈമാറിയാണ് ലക്ഷ്യത്തിലെത്തുന്നത്. അത്യപൂര്‍വമായേ ഇതില്‍ പിഴവു സംഭവിക്കാറുള്ളൂ. 16,000,000 ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്ന് എന്ന നിരക്കിലാണ് തെറ്റു പറ്റുന്നത് എന്നാണ് ഒരു കണക്ക്. അതായത് 99.999999 ശതമാനം കൃത്യത.
 അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് ഈ കൃത്യത.

മഹാദേവിന്‍റെ ആശയം

പാഴ്സി ബാങ്കറായ മഹാദേവ് ഹവാജി ബച്ചെയാണ് ഡബ്ബാവാലകളുടെ ഭക്ഷണവിതരണ ശൃംഖലയ്ക്കു തുടക്കം കുറിച്ചത്. 
1893ല്‍ ആയിരുന്നു അത്. അന്നത്തെ ബോംബെയിലെ തന്‍റെ ഓഫീസിലേക്ക് ഉച്ചയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം എത്തിക്കുന്നതിന് അദ്ദേഹം ഒരാളെ ഏര്‍പ്പാടാക്കി. അദ്ദേഹത്തിന്‍റെ ചില സഹപ്രവര്‍ത്തകരും ഇതേ രീതി പിന്തുടര്‍ന്നു. അങ്ങനെ 35 ഡബ്ബാവാലകളുടെ ഒരു വിതരണ ശൃംഖല നിലവില്‍വന്നു. അത് വികസിച്ച് വികസിച്ച് ഇന്ന് 5000 പേര്‍ അടങ്ങുന്ന മഹാപ്രസ്ഥാനമായി മാറി. വര്‍ഷംതോറും അഞ്ചു പത്തു ശതമാനംവെച്ച് അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കണക്ഷനെയാണ് തിലക് മേത്ത എന്ന പതിമൂന്നുകാരൻ ഫലപ്രദമായി ഉപയോഗിച്ച്  പേപേഴ്സ് & പാഴ്സൽ കൊറിയർ മുന്നോട്ട് പോകുന്നത്.

ഭക്ഷണ വിതരണത്തിനു വേണ്ടി മാത്രമല്ല നഗരം ഡബ്ബാവാലകളെ ആശ്രയിച്ചിരുന്നത്. ടെലിഫോണും മറ്റും വ്യാപകമാവുന്നതിനു മുന്‍പുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളില്‍ എഴുതി കൊടുത്തു വിടുമായിരുന്നു. വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും ചോറ്റുപാത്രത്തിനൊപ്പം ലക്ഷ്യസ്ഥാനത്ത് എത്തും. 
ഇങ്ങനെ ഡബ്ബയിലെ സന്ദേശം വഴിമാറിയെത്തുന്ന കഥയാണല്ലോ ഇര്‍ഫാന്‍ ഖാന്‍ നായകനായ 'ലഞ്ച് ബോക്സ്' എന്ന പ്രശസ്ത സിനിമയിൽ നമ്മോട് പറയുന്നത്.

ഡബ്ബാവാലകളുടെ വിതരണ ശൃംഖലയുടെ ശക്തി തിരിച്ചറിഞ്ഞവര്‍ അവരെ മാര്‍ക്കറ്റിങ്ങിന് ഉപയോഗപ്പെടുത്താറുണ്ട്. 
ഒരിക്കൽ സ്റ്റാര്‍ ടി വിയിലെ 'കോന്‍ ബനേഗാ ക്രോര്‍പതി' പരിപാടിയുടെ രണ്ടു ലക്ഷം ലഘുലേഖകള്‍ നാലു ദിവസം കൊണ്ട് ഇവര്‍ മുംബൈയിലെ വീടുകളില്‍ എത്തിച്ചു. വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ഇവരെ ഉപയോഗിക്കാറുണ്ട്. ഡബ്ബാവാലകള്‍ക്ക് അധിക വരുമാനത്തിനുള്ള അവസരം കൂടിയാണിത്. ഇത്തരം സൈഡ് വർക്കെടുത്താലും കൃത്യ സമയത്ത് എത്തേണ്ടവരിലേക്ക് എത്തേണ്ട സമയത്ത് ഭക്ഷണമെത്തിച്ചിരിക്കും ഡബ്ബാവാലകൾ.

സഹകരണ മാതൃക

ഏതൊരു കോര്‍പ്പറേറ്റ് സംരംഭത്തെയും കവച്ചുവെക്കുന്ന പ്രവര്‍ത്തന മികവാണ് ഡബ്ബാവാലകളുടെ സവിശേഷത. എന്നാല്‍ , സ്വകാര്യ സംരംഭങ്ങളിലെപ്പോലെ ഇവിടെ തൊഴിലാളികളും മുതലാളിയുമില്ല. കീഴുദ്യോഗസ്ഥരും മേലുദ്യോഗസ്ഥരുമടങ്ങുന്ന അധികാര ഘടനയുമില്ല. 
ഓരോ ഡബ്ബാവാലയും ഈ സംരംഭത്തിന്‍റെ ഓഹരിയുടമയാണ്. ഓരോരുത്തരും അതിലെ ജീവനക്കാരുമാണ്. 

നൂതന്‍ മുംബൈ ടിഫിന്‍ ബോക്സ് സപ്ലൈയേഴ്സ് ട്രസ്റ്റ് എന്ന പ്രസ്ഥാനമാണ് ഇന്ന് ഈ ഭക്ഷണവിതരണ ശൃംഖലയുടെ നടത്തിപ്പുകാര്‍. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും ട്രഷററും ഒമ്പത് ഡയരക്ടര്‍മാരുമാണ് 1956 ല്‍ നിലവില്‍ വന്ന ട്രസ്റ്റിനുള്ളത്. അയ്യായിരത്തോളം വരുന്ന ഡബ്ബാവാലകളെല്ലാം അതിലെ അംഗങ്ങളാണ്. പ്രസിഡന്‍റ് ഉള്‍പ്പെടെ എല്ലാ അംഗങ്ങളും ദിവസവും ഡബ്ബാവിതരണത്തില്‍ പങ്കെടുക്കുന്നു. എസി റൂമിലിരുന്ന് നിർദ്ദേശം നൽകയല്ല, മറിച്ച് വേല ചെയ്ത് മാതൃക കാട്ടുകയാണ് നേതൃത്വം.
 നടത്തിപ്പിന്‍റെ എളുപ്പത്തിനായി ഡബ്ബാവാലകളെ 25-30 അംഗങ്ങളുള്ള ചെറു സംഘങ്ങളായി തിരിച്ചിട്ടുണ്ട്. അതിന്‍റെ നേതൃത്വച്ചുമതല അക്കൂട്ടത്തില്‍ ഒരാള്‍ക്കു നല്‍കും.

നിശ്ചിത തുക ഈടാക്കിയാണ് ഡബ്ബാവാലകളെ സംഘത്തില്‍ ചേര്‍ക്കുന്നത്. സൈക്കിളും കൈവണ്ടിയും ഗാന്ധിത്തൊപ്പിയടക്കമുള്ള വസ്ത്രങ്ങളും സ്വന്തമായി വാങ്ങണം.
 ഓരോ മാസവും പിരിഞ്ഞുകിട്ടുന്ന തുക അംഗങ്ങള്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുക. 
നിലവില്‍ ഒരാള്‍ക്ക് 8000 മുതല്‍ 12000 വരെ രൂപ മാസവരുമാനമുണ്ട്.
 ഡബ്ബാവാലകളുടെ സേവനം ആവശ്യമുള്ളവരില്‍ നിന്ന് ദൂരത്തിന് അനുസരിച്ച് മാസം അഞ്ഞൂറു മുതല്‍ ആയിരം വരെ രൂപ ഈടാക്കും.

ഡബ്ബാവാലകളില്‍ മിക്കവരും മഹാരാഷ്ട്രയിലെ സോളാപ്പുര്‍ ജില്ലയിലെ പാണ്ഡര്‍പുരില്‍നിന്നുള്ളവരാണ്. 
പലരും ബന്ധുക്കളുമാണ്. വര്‍ഷത്തിലൊരിക്കല്‍ പാണ്ഡര്‍പുരിലെ വിഠോഭാ ദേവന്‍റെ ഉത്സവത്തിനു മാത്രമാണ് ഇവര്‍ അവധിയെടുക്കുന്നത്.

ലോകത്തിന്‍റെ ആദരം

മുംബൈയിലെ ഡബ്ബാവാലകളുടേതുപോലുള്ള പ്രവര്‍ത്തന രീതി ലോകത്തെവിടെയും വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ലോക മാധ്യമങ്ങള്‍ക്ക് പ്രിയങ്കരര്‍ ആണിവര്‍. അന്താരാഷ്ട്ര ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലും എത്രയോവട്ടം ഈ വിജയകഥ വന്നിട്ടുണ്ട്.

ഡബ്ബാവാലകളെക്കുറിച്ച് വായിച്ചറിഞ്ഞ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ 2003 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരെ സന്ദര്‍ശിച്ചു.
 രണ്ടു വര്‍ഷം കഴിഞ്ഞ് രാജകുമാരന്‍ രണ്ടാമതും വിവാഹം കഴിച്ചപ്പോള്‍ ചടങ്ങിലേക്ക് ഡബ്ബാവാലകളുടെ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. 
വിര്‍ജിന്‍ അറ്റ്ലാന്‍റിക് കമ്പനിയുടെ തലവന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മുംബൈയിലെത്തി ഒരു ദിവസം മുഴുവന്‍ ഡബ്ബാവാലകള്‍ക്കൊപ്പം ചെലവിട്ടു. 
ലോക്കല്‍ തീവണ്ടിയുടെ ചരക്കു മുറിയിലിരുന്ന് ദാദര്‍ മുതല്‍ ചര്‍ച്ച്ഗേറ്റുവരെ അദ്ദേഹം അവരോടൊപ്പം യാത്ര ചെയ്തു.

ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐമ്മുകളിലും മുതല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍വരെ ഡബ്ബാവാലകള്‍ പഠന വിഷയമായിട്ടുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും റിസര്‍വ് ബാങ്കിലുമെല്ലാം ഇവരുടെ പ്രതിനിധികള്‍ ക്ലാസെടുത്തിട്ടുണ്ട്. ഡബ്ബാവാലകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് നാലോ അഞ്ചോ ഗവേഷണ പ്രബന്ധങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
 ഡബ്ബാവാലകളോട് മഹാനഗരം ഏറ്റവും ഒടുവില്‍ ആദരം പ്രകടിപ്പിച്ചത് ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ്. വര്‍ളിയില്‍ ഹാജി അലിക്കു സമീപമാണ് ചോറ്റുപാത്രവും പിടിച്ചു നില്‍ക്കുന്ന ഡബ്ബാവാലയുടെ സുവര്‍ണരൂപം 2017ൽ അനാവരണം ചെയ്തത്. മുംബൈയിലെ വലായ് ഷെന്ദേയാണ് 13 അടി ഉയരമുള്ള പ്രതിമയുടെ ശില്‍പി.

സഹകരണത്തിൻ്റെ, ഒത്തൊരുമയുടെ, ടീം വർക്കിൻ്റെ, കൃത്യനിഷ്ടതയുടെ, ഹാർഡ് വർക്കിൻ്റെ, ലാളിത്യത്തിൻ്റെ, കമിറ്റ്മെൻ്റിൻ്റെ, വിജയത്തിൻ്റെ ഒക്കെ പ്രതീകമാണ് ഡബ്ബാവാലകൾ.. ഒരുപാട് സന്ദേശങ്ങളും പാഠങ്ങളുമാണ് അവരുടെ ജീവിതം നമുക്ക് പകർന്ന് തരുന്നത്.

മുജീബുല്ല KM
കരിയർ R&D ടീം
www.cigii.org

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter