വഴികൾ തുടരണം, ലക്ഷ്യം കാണണം

മനുഷ്യോൽപത്തി മുതൽ വർത്തമാന അതിസാങ്കേതിക ഘട്ടങ്ങൾ വരെയുള്ള മനുഷ്യവികാസത്തിന്റെയും ലോക വികസനത്തിന്റെയും നാൾവഴികൾ സുദീർഘമാണ്. ഇല്ലായ്മയിൽ നിന്ന് ശിലാ ലോഹ യുഗങ്ങൾ താണ്ടി യന്ത്രകാലഘട്ടങ്ങൾ കടന്ന് വിവരസാങ്കേതിക വിദ്യയുടെ പുത്തൻ തലമുറകളിലേക്ക് കാലെടുത്ത വെച്ച മനുഷ്യൻ നാഗരികതയും പ്രാപിച്ച് ആഗോളവൽക്കരണത്തിന്റെ നൂതന സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. ചരിത്രാതീത കാലം മുതൽ പലഘട്ടങ്ങളിലെയും കർമ്മനിരതരും ചിന്താനിപുണരുമായ അനേകം വ്യക്തിത്വങ്ങളുടെ ക്രിയാത്മകവും നിർമാണാത്മകവുമായ ചിന്താ കർമ്മശേഷികളാണ് ഈ പുരോഗതികൾ സാധ്യമാക്കിയത്. ലോകഗതി മാറ്റിയെഴുതിയ ആവിഷ്‌ക്കാരങ്ങൾക്ക് കർമനേതൃത്വം വഹിച്ച കർമ്മോന്മുഖ പ്രതിഭകളിൽ ചരിത്രത്തിൽ പരമാർമശിക്കപ്പെട്ടവരും അല്ലാത്തവരുമുണ്ട്. കർമ്മോത്സകനായ ഒരു സമർത്ഥനെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. ദുൽഖർനൈനി എന്ന നീതിമാനായ ഭരണകർത്താവായിരുന്നു ആ മഹാൻ. അദ്ദേഹത്തെ പ്പറ്റി സൂറത്തുൽ കഹ്ഫിലാണ് പരാമർശമുള്ളത്: ദുൽഖർനൈനിയെക്കുറിച്ചും താങ്കളോടവർ ചോദിക്കും. അദ്ദേഹത്തെ സംബന്ധിച്ചുള്ള വൃത്താന്തം നിങ്ങൾക്കു ഞാൻ ഓതിത്തരാം എന്നു താങ്കൾ പറയുക. നിശ്ചയം അദ്ദേഹത്തിന് നാം ഭൂമിയിൽ സ്വാധീനം നൽകുകയും സർവകാര്യങ്ങൾക്കുമുള്ള വഴികൾ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു (സൂക്തം 83, 84).

അല്ലാഹു ഭൂമിയിൽ സർവ്വ സന്നാഹങ്ങളും സംവിധാനങ്ങളും നൽകിയനുഗ്രഹിച്ച രാജാവായിരുന്നു ദുൽഖർനൈനി. യുക്തിഭദ്രമായ വിവരങ്ങളും ജ്ഞാനങ്ങളും സ്വായത്തമാക്കിയ അദ്ദേഹം ഭൗതിക നേട്ടങ്ങളാൽ നീതിയിൽ നിന്നോ ധർമ്മത്തിൽ നിന്നോ ഒരണു വ്യതിചലിച്ചില്ല. ദൈവദാനങ്ങളായ അധികാരങ്ങളും കഴിവുകളുമൊക്കെയും നേരാം വണ്ണം നേരായ വഴിയിൽ പ്രയോഗിക്കുകയാണ് ചെയ്തത്. അദ്ദേഹം കടന്നു ചെന്ന വഴിയിൽ ആരെയും അന്യായമായി ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. സത്യമുൾക്കൊള്ളുന്നവർക്ക് സുവിശേഷവും അല്ലാത്തവർക്ക് മുന്നറിയിപ്പും നൽകുകയായിരുന്നു. ശേഷം മറ്റൊരു വഴിയിലെത്തിയപ്പോൾ അവിടത്തുകാർ കൂരയോ കുടിലോ ഇല്ലാതെ സൂര്യതാപമേറ്റ് കഴിഞ്ഞുകൂടുന്നവരായിരുന്നു. പിന്നീട് പ്രവേശിച്ച വഴിയിലെ ജനങ്ങൾ ഗോഗ് മഗോഗ് (യഅ്ജൂജ് മഅ്ജൂജ്) വിഭാഗങ്ങളുടെ ശല്യം സഹിക്കുന്നവരായിരുന്നു. ദുൽഖർനൈനിയോട് അവർ സഹായമഭ്യർത്ഥിച്ചപ്പോൾ നിരസിച്ചില്ല. നാട്ടാരുടെ സഹകരണത്തോടെ ലോഹമതിൽ നിർമ്മിക്കാൻ കഠിന പ്രയത്‌നം നടത്തിയ ആ തേരാളി തന്റെ ഊർജവും വിജ്ഞാനവും കർമ്മനൈരന്തര്യമായി പാകപ്പെടുത്തുകയായിരുന്നു. ദൈവാനുഗ്രഹങ്ങൾ നിഷ്‌ക്രിയമാക്കിയില്ല. എല്ലാം പ്രയോഗിച്ചു ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒടുവിൽ വിജയം കണ്ടു. ദുഷ്ടന്മാരായ യഅ്ജൂജ് മഅ്ജൂജ് വിഭാഗങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ വൻ ഇരുമ്പു മതിൽ പൂർത്തിയാക്കി ഒരു ജനതക്ക് നിതാന്ത ആശ്വാസം പകർന്നു നൽകുകയാണുണ്ടായത്. സംഭവം ഖുർആൻ വിവരിക്കുന്നുണ്ട്: “പിന്നീടദ്ദേഹം മറ്റൊരു സരണിയിൽ കടക്കുകയും രണ്ടു മലകൾക്കിടയിലെത്തുകയുമുണ്ടായി. സംസാരം സാവകാശം മനസ്സിലാക്കാനാകാത്ത ഒരു ജനതതിയെ ഇരു മലകൾക്കിപ്പുറത്ത് താൻ കണ്ടു. അവർ ബോധിപ്പിച്ചു: ഹേ ദുൽഖർനൈനി, നിശ്ചയം യഅ്ജൂജ് മഅ്ജൂജ് നാട്ടിൽ കുഴപ്പമുണ്ടാക്കുകയാണ്. അതു കൊണ്ട് ഞങ്ങൾക്കും അവർക്കും മധ്യേ ഒരു മതിൽകെട്ട് നിർമ്മിച്ചു തരാൻ താങ്കൾക്കു ഞങ്ങൾ സാമ്പത്തിക വിഹിതം നിർണയിച്ചുതരട്ടയോ? അദ്ദേഹം പ്രതികരിച്ചു: നാഥൻ എനിക്കു സ്വാധീനപ്പെടുത്തിയതത്രെ (നിങ്ങളുടേതിലും) ശ്രേഷ്ഠം. അതുകൊണ്ട് ശാരീരിക ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങൾക്കും അവർക്കുമിടയിൽ ഞാനൊരു ബലിഷ്ഠ മതിൽ നിർമ്മിച്ചുതരാം. എനിക്കു നിങ്ങൾ ഇരുമ്പുകട്ടികൾ കൊണ്ടുവന്നു തരിക. അങ്ങനെ ആ രണ്ടു മലകൾക്കിടയിൽ അവ പടുത്തുയർത്തി തുല്യമാക്കി (തീയിട്ട്) 'നിങ്ങൾ ഊതുക' എന്നദ്ദേഹം കൽപ്പിച്ചു. എന്നിട്ടത് അഗ്നി സമാനമായപ്പോൾ 'കൊണ്ടുവരിൻ ഉരുക്കിയ ചെമ്പ് ഞാനിതിൽ മേൽ ഒഴിക്കട്ടെ' എന്നദ്ദേഹം ഉത്തരവിട്ടു. നിർമ്മാണം തീർന്നപ്പോൾ ആ മതിൽകെട്ട് കയറിമറിയാൻ യഅജൂജ് മഅ്ജൂജിനായില്ല. അതിനു സുഷിരമുണ്ടാക്കാനും അവർക്കു സാധിച്ചില്ല” (സൂറത്തുൽ കഹ്ഫ് 92 ....97). അല്ലാഹു ഏകിയ മാർഗങ്ങൾ ഉപയോഗിച്ച് ലക്ഷ്യത്തിലെത്തിയ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥയാണിത്.

വിഭവങ്ങളും വഴികളുമൊക്കെ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അവ ശ്രമകരമായി ചൊവ്വായ രീതിയിൽ വിനിയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്കെത്തുമ്പോഴാണ് ഫലപ്രാപ്തിയുണ്ടാവുന്നത്. പ്രവാചകന്മാർ ആ വഴിയിൽ ധന്യരായവരാണ്. അവരുടെ ജനതകളുടെ സന്മാർഗ ദർശനത്തിനും സാമൂഹിക ഉന്നമനത്തിനും അഹോരാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നൂഹ് നബി (അ) ഏറെ പണിപ്പെട്ട് പണിത നൗക ചരിത്രദൗത്യമായിരുന്നല്ലൊ. കപ്പൽ നിർമ്മിക്കാനുള്ള ദൈവകൽപനയുണ്ടായപ്പോൾ തന്നെ അതിന് കച്ച കെട്ടിയിറങ്ങി. വെള്ളമില്ലാത്ത മലപ്രദേശത്ത് കപ്പലുണ്ടാക്കുന്നതെന്തിനെന്ന പരിഹാസങ്ങളും കുത്തുവാക്കുകളും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഒരു മഹാപ്രളയമായി ദൈവശിക്ഷ വന്നെത്തി. മലമുകളിൽ വരെ വെള്ളമെത്തിയ ആ സന്ദർഭത്തിൽ നൂഹ് നബി (അ) സത്യവിശ്വാസികളെയും എല്ലാ ജീവികളിൽ നിന്ന് ഇണകളെയും കപ്പലിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഖുർആൻ വിവരിക്കുന്നുണ്ട്: അപ്പോൾ അദ്ദേഹത്തെയും സഹചാരികളെയും നിർഭരമായ ജലയാനത്തിൽ നാം രക്ഷിച്ചു. ശിഷ്ടജനത്തെ പിന്നീട് നാം മുക്കിക്കൊന്നു (സൂറത്തുശ്ശുഅറാഅ് 119, 120). നൂഹ് നബി (അ) യുടെ അശ്രാന്ത പരിശ്രമമാണ് ഒരു ജനതക്ക് രക്ഷയൊരുക്കിയതെന്ന് ചുരുക്കം.

ഇബ്രാഹിം നബി (അ) മകൻ ഇസ്മാഈൽ നബി (അ)യുടെ സഹായത്തോടെ നടത്തിയ പുണ്യ കഅ്ബാലയ പുനർനിർമ്മാണവും ചരിത്രനിർവ്വഹണമായിരുന്നു. ഇബ്രാഹിം നബി (അ)ക്ക് അല്ലാഹുവിൽ നിന്ന് പുനർനിർമിതിക്കുള്ള ആഹ്വാനമുണ്ടായപ്പോൾ തന്നെ മകൻ പൂർണ സന്നദ്ധനായിരുന്നു. ഇസ്മാഈൽ നബി (അ) കല്ലുകൾ കൊണ്ടുവരികയും ഇബ്രാഹിം നബി (അ) നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു (ഹദീസ് ബുഖാരി 3364). ഇരുവരും കാട്ടിയ ഇഛാശക്തിയും സന്നദ്ധ മനസ്‌കതയുമാണ് പുണ്യഗേഹത്തിന് പ്രൗഢി പകർന്നത്. 'ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും കഅ്ബാ മന്ദിരത്തിന്റെ അസ്തിവാരം പടുത്തുയർത്തിയ സന്ദർഭം സ്മരണീയമത്രേ. അവർ ഇങ്ങനെ പ്രാർത്ഥിച്ചു: നാഥാ, ഞങ്ങളിൽ നിന്നു ഇതു സ്വീകരിക്കണമേ. നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെയാണ്' (സൂറത്തുൽ ബഖറ 127).

അഗാധ ജ്ഞാനമുള്ളയൊരാൾ കടലുകൾ സംഗമിക്കുന്നിടത്ത് ഉണ്ടെന്ന് ദിവ്യബോധനത്തിലൂടെ അറിഞ്ഞ മൂസാ നബി (അ) ആ ലക്ഷ്യസ്ഥാനത്തെത്തി കൂടൂതൽ അറിവുകൾ നുകരാൻ വേണ്ടി സാഹസികമായി മുതിരുന്നുണ്ട്. അക്കാര്യം തന്റെ ഭൃത്യനോട് പറയുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: മൂസാ നബി തന്റെ ദാസനോട് പറഞ്ഞ സന്ദർഭം സ്മരണീയമത്രേ. രണ്ടു കടലുകളുടെ സംഗമസ്ഥലത്തെത്തുകയോ ഏറെ സമയം സഞ്ചരിക്കുകയോ ചെയ്യുന്നതു വരെ ഞാൻ ഈ യാത്രാ ഉദ്യമം തുടർന്നുകൊണ്ടേയിരിക്കും (സൂറത്തുൽ കഹ്്ഫ് 60). ആ വിജ്ഞാനത്വരയിൽ ശ്രമകരമായി അതിവേഗം ആ പണ്ഡിതനിലേക്ക് കുതിച്ച മൂസാ നബി (അ)ക്ക് മാനവകുലത്തിന് ഉപകാരപ്രദമായ അനവധി യുക്തികളും ജ്ഞാനങ്ങളും ഗ്രഹിക്കാനായിട്ടുണ്ട്. ഈസാ നബി (അ)യുടെ മാതാവ് മർയം (റ) ഗർഭിണിയായി അസ്വസ്തയായി കഴിഞ്ഞിരുന്ന സമയത്ത് പോലും ഉപജീവന മാർഗങ്ങൾ തേടിയിറങ്ങി ശ്രമങ്ങൾ നടത്താനാണ് അല്ലാഹു ബോധനം നൽകിയത്: ഈന്ത മരം അടുത്തേക്ക് പിടിച്ചുകുലുക്കുക. അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദനിർഭരയാവുകയും ചെയ്യുക (സൂറത്തു മർയം 25, 26).

ഏറെ ശ്രമദാനങ്ങൾ നടന്ന സംഭവബഹുല ജീവിതമായിരുന്നു നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടേത്. അനുയായികളോട് ബൗദ്ധിക ശക്തിയും ശരീരോർജ്ജവും സാമ്പത്തിക മൂല്യവും എങ്ങനെ വിനിയോഗിക്കണമെന്ന് വ്യക്തമായി ഉൽബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയസംസ്‌ക്കരണത്തിന്റെയും സംസ്‌കൃതി നിർമ്മാണത്തിന്റെയും നല്ല പാഠങ്ങൾ പകർന്നിട്ടുണ്ട് നബി (സ്വ). നിർമാണാത്മകമായ ഒത്തിരി കാര്യങ്ങൾക്ക് കാർമികത്വവും വഹിച്ചിട്ടുണ്ട്. മദീനയിലെത്തിയ നബി (സ്വ) പട്ടണത്തിന്റെ നിർമിതിയിലും പള്ളികളുടെ നിർമാണത്തിലും വ്യാപൃതരാവുകയായിരുന്നു. മാത്രമല്ല, അല്ലാഹുവിൽ ഭരമേൽപ്പിച്ച് ഭൗതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് സ്വഹാബികളെ ഉണർത്തിയത്. 'നിനക്ക് ഉപകാരപ്രദമായത് ആഗ്രഹിക്കുക. അല്ലാഹുവിനോട് സഹായമർത്ഥിക്കുക. അശക്തനാവരുത്' (ഹദീസ് മുസ്ലിം 2664). അല്ലാഹുവിൽ ഭരമേൽപ്പിച്ച് മാർഗങ്ങൾ തേടിയിറങ്ങിവൻ വൃഥായാവില്ല. അവന്റെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുമത്രെ. അന്യനോട് യാചിക്കാതെ സ്വന്തം ശ്രമങ്ങൾ നടത്തണമെന്നാണ് പ്രവാചക പാഠം.

കയറെടുത്തൊരുങ്ങി ശേഖരിച്ച വിറകുകൾ വിൽപന നടത്തിക്കൊണ്ടുള്ള ആത്മാഭിമാന സംരക്ഷണം കിട്ടാൻ സാധ്യത മാത്രമുള്ള യാചനയേക്കാൾ ഉത്തമമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി 2373). ജോലിയുടെയും ഉൽപാദന പക്രിയകളുടെയും മൂല്യങ്ങൾ വിളിച്ചോതുന്നതാണ് പ്രസ്തുത ഹദീസ്. തൊഴിലിലൂടെയും ഉൽപാദനത്തിലൂടെയുമാണ് നാടിന്റെയും സമൂഹത്തിന്റെയും ഉന്നതിയും അഭിവൃതിയും നിലക്കൊള്ളുന്നത്. മുഹാജിറായ അബ്ദുൽ റഹ്്മാൻ ബ്‌നു ഔഫ് (റ) മദീനയിലെത്തിയപ്പോൾ തദ്ദേശിയായ സഅ്ദ് ബ്‌നുൽ റബീഹുൽ അൻസ്വാറി (റ) തന്റെ സമ്പാദ്യത്തിൽ നിന്ന് പകുതി നൽകാമെന്ന സഹായവാഗ്ദാനവുമായെത്തുകയുണ്ടായി. അബ്ദുൽ റഹ്്മാൻ (റ) വാഗ്ദാനം നിരസിച്ചുകൊണ്ട് പറഞ്ഞു: 'അല്ലാഹു നിങ്ങളുടെ സ്വത്തിൽ ബർകത്ത് ചെയ്യട്ടെ. അങ്ങാടി എവിടെയെന്ന് എനിക്ക് കാണിച്ചുതരണം'. അങ്ങനെ അദ്ദേഹം ആദായകരമായ കച്ചവടത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു (ഹദീസ് ബുഖാരി 3937).

ഭൂമിയിൽ ഉപജീവനത്തിനുള്ള മാർഗങ്ങൾ തേടി അധ്വാനിക്കണമെന്നാണ് ദൈവകൽപന. അല്ലാഹു പറയുന്നു: ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതു കൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം (സൂറത്തുൽ മുൽക് 15). അല്ലാഹു മനുഷ്യന് ഭൂമി സൗകര്യപ്രദമായി സംവിധാനിച്ചിരിക്കുന്നത് അതിലെ വിഭവങ്ങൾ ശരിയാംവണ്ണം ഉപയോഗപ്പെടുത്താൻ തന്നെയാണ്. അതിരാവിലെ ഇറങ്ങിപുറപ്പെട്ട് നിത്യജീവിതത്തിനുള്ള വകകൾ കണ്ടെത്തിക്കൊണ്ടുള്ള അധ്വാനത്തിൽ വലിയ പുണ്യമുണ്ട്. നാടിന്റെ വളർച്ചയും നാട്ടാരുടെ ഉയർച്ചയുമുണ്ടാവുന്നത് തൊഴിലുകളിലൂടെയാണ്. അതിലൂടെ തന്നെ ഇഹ പരലോക വിജയങ്ങളും സാക്ഷാൽക്കരിക്കാനാവും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter