എല്ലാ പൊന്നും മിന്നണമെന്നില്ല
ഉസ്മാനിയ്യ ഖലീഫ സുൽത്വാൻ സുലൈമാനുൽ ഖാനൂനി ഒരു വിചിത്ര സ്വപ്‌നം കണ്ട് ഞെട്ടിയുണർന്നു. പാറാവുകാരനെ വിളിച്ച് എത്രയും വേഗം യാത്രക്കൊരുങ്ങാൻ കൽപിച്ചു. വേഷപ്രച്ഛന്നരായി സുൽത്വാനും പാറാവുകാരനും തെരുവിലെത്തി. നേരം വെളുക്കുന്നതേയുള്ളൂ. അപ്പോഴുണ്ട്, മാർക്കറ്റിന്റെ ഓരത്ത് ഒരു മനുഷ്യ ജഢം!. കാണുന്നവരൊക്കെ പുച്ഛഭാവത്തിൽ നടന്നകലുന്നു. "ഇതാരുടെ മയ്യിത്താണ്?" സുൽത്വാൻ ചോദിച്ചറിഞ്ഞു.
"ഇവനീ നാട്ടിലെ കുപ്രസിദ്ധനാണ്, മുഴുകുടിയൻ, വേശ്യാലയത്തിലെ നിത്യ സന്ദർശകൻ, വൃത്തികെട്ടവൻ, ഭാര്യ മാത്രമേ അവനുള്ളൂ. "നബി(സ്വ)യുടെ സമുദായത്തിൽ പെട്ടവനല്ലേ." എന്ന് പറഞ്ഞ് സുൽത്വാൻ ആ മയ്യിത്തും ചുമന്ന് മയ്യിത്തിന്റെ വീട്ടിലെത്തി. തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട ഭാര്യ പൊട്ടിക്കരയാൻ തുടങ്ങി. "നീയെന്തിനാ കരയുന്നത്? നിന്റെയീ ഭർത്താവ് വ്യഭിചാരിയും മദ്യപാനിയുമായിരുന്നില്ലേ?" സുൽത്വാൻ ചോദിച്ചു.
"എന്റെ ഭർത്താവ് ഭൗതിക പരിത്യാഗിയും ആരാധനകളിൽ കഴിഞ്ഞുകൂടുന്ന ആളുമായിരുന്നു. അദ്ദേഹം അങ്ങാടിയിൽ നിന്ന് കള്ള് വാങ്ങിക്കൊണ്ടുവന്ന് ഇവിടെയുള്ള കുഴിയിലേക്കെറിഞ്ഞുടച്ചിട്ട് പറയും "അൽഹംദുലില്ലാഹ്. ഈ കള്ള് കാരണമായുണ്ടാകുമായിരുന്ന ദോഷങ്ങൾ അൽപമെങ്കിലും എനിക്ക് ഇല്ലാതാക്കാൻ സാധിച്ചല്ലോ."
വേശ്യകളുടെ അടുത്തേക്കും അദ്ദേഹം പോവാറുണ്ടായിരുന്നു. ഇന്നാരുമായും വ്യഭിചരിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോകണം എന്ന നിബന്ധനയോടെ അവർക്ക് ഒരു ദിവസത്തേക്കുള്ള കൂലി അദ്ദേഹം കൊടുക്കുമായിരുന്നു. എന്നിട്ട് പറയും "അൽഹംദുലില്ലാഹ്... ഈ സ്ത്രീയുടെയും ഇവരെ സമീപിക്കുന്നവരുടെയും തെറ്റ് ഇന്നേക്കെങ്കിലും എനിക്ക് ഇല്ലാതാക്കാനായല്ലോ."
ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു: "ജനങ്ങളെല്ലാം നിങ്ങളുടെ ബാഹ്യ പ്രവൃത്തി കണ്ട് വിലയിരുത്തുന്നുണ്ട്.. നിങ്ങൾ മരിച്ചാൽ നിങ്ങളെ കുളിപ്പിക്കാനോ നിസ്കരിക്കാനോ ആരും തുനിയില്ല." ഒരിക്കൽ മറുപടിയായി അദ്ദേഹം പറഞ്ഞു: "എന്റെ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നത് സുൽത്വാനും മന്ത്രിമാരും പണ്ഡിതന്മാരും ഈ രാജ്യത്തെ എല്ലാ മുസ്‍ലിംകളുമായിരിക്കും."
ഇത് കേട്ട് സുൽത്വാൻ പൊട്ടിക്കരഞ്ഞു. അദ്ദേഹം പറഞ്ഞു: "ഞാൻ സുൽത്വാൻ സുലൈമാനാണ്. ഇദ്ദേഹം പറഞ്ഞത് സത്യമാണ്. എന്റെ കൈകൊണ്ട് തന്നെ ഈ ജനാസ കുളിപ്പിക്കുകയും മറമാടുകയും ചെയ്യും."
സുൽത്വാൻ തന്റെ സൈന്യത്തോടും പ്രജകളോടും നിസ്കാരത്തിൽ പങ്കെടുക്കാൻ കൽപിച്ചു. തുർക്കിയിൽ അന്നേവരേ നടന്നതിൽ ഏറ്റവും വലിയ ജനാസ നിസ്കാരം അതായിരുന്നുവെന്ന് ചരിത്രം.
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന് പഴമക്കാർ പറയും. എന്നാൽ എല്ലാ പൊന്നും മിന്നുന്നതല്ല എന്ന് ചേർത്ത് വായിക്കണം. ബാഹ്യ പ്രവർത്തനം കണ്ട് ആർക്കും നാം മാർക്കിടരുത്. നമ്മുടെ ദൃഷ്ടികൾക്കപ്പുറം അവരുടേതായ സ്വകാര്യതകളുണ്ടായേക്കാം. ആരെ കുറിച്ചും ദുഷ്‌വിചാരങ്ങൾ വെച്ച് പുലർത്തേണ്ടുന്ന കാര്യമില്ല. അത് നമ്മുടെതന്നെ പരാജയത്തിനും നാശത്തിനും കാരണമായേക്കാം.
കുറവുകളില്ലാത്തവരില്ല. മറ്റുള്ളവരുടെ ന്യൂനതകളും പിഴവുകളും പരതി നടക്കുന്നതിന് പകരം നന്മകള്‍ കണ്ടെത്തി അവ വളര്‍ത്തി വികസിപ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. എല്ലാറ്റിലും നന്മ ദര്‍ശിക്കുന്ന സ്വഭാവം ആര്‍ജിക്കണം.
നബി (സ്വ) പറഞ്ഞു: ഊഹം നിങ്ങള്‍ കരുതിയിരിക്കുക. ഊഹം സംസാരത്തിലെ ഏറ്റവും വലിയ കള്ളമാണ്. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം മത്സരിക്കരുത്. അസൂയ വെച്ചുപുലര്‍ത്തരുത്, ദേഷ്യപ്പെടരുത്. പരസ്പരം പുറംതിരിഞ്ഞു പിണങ്ങി നില്‍ക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക. (മുസ്‍ലിം)
Leave A Comment