വീണ്ടും വീണ്ടും കൊല്ലപ്പെടുന്ന ബഗ്ദാദി?!

ഐഎസ് തലവന്‍ അബൂബക്കറുല്‍ ബഗ്ദാദിയുടെ കൊലയും അദ്ദേഹത്തെപ്പോലെത്തന്നെ ദുരൂഹതകള്‍ നിറഞ്ഞതാണ്. പല തവണ അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒടുവില്‍ ഇപ്പോള്‍ അദ്ദേഹത്തെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ രംഗത്ത് വന്നിരിക്കുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി അറിയിച്ചത്. കഴിഞ്ഞ മെയ് 28 ന് നടന്ന ആക്രമണത്തില്‍ അദ്ദേഹം വധിക്കപ്പെട്ടതായാണ് അവര്‍ പറയുന്നത്. മുമ്പും സമാനമായ വാര്‍ത്തകള്‍ വന്നിട്ടുള്ളതിനാല്‍ ഇതൊരിക്കലും വിശ്വാസയോഗ്യമല്ല എന്നതാണ് വിലയിരുത്തല്‍.

സത്യത്തില്‍, ആരാണ് ബഗ്ദാദി? ഇന്നുവരെ വ്യക്തമായൊരു ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണിത്. റഷ്യയും അമേരിക്കയും പറയുന്നതുപോലെ ഒരു അബൂബക്കറുല്‍ ബഗ്ദാദി ഉണ്ടോ എന്നതു തന്നെ സംശയാസ്പദമാണ്. ഐ.എസ് തലവനായി ഒരു ബഗ്ദാദി ഉണ്ടെങ്കില്‍ അദ്ദേഹം ആരുടെ സൃഷ്ടിയാണെന്ന് നിലനില്‍ക്കുന്ന മറ്റൊരു ചോദ്യമാണ്. ഏതായിരുന്നാലും, പാശ്ചാത്യന്‍ ലോകം പടച്ചുവിടുന്ന കാര്യങ്ങളാണ് ഇവ്വിഷയകമായി ലോകം വിശ്വസിക്കുന്നത്. ഏതായിരുന്നാലും ഇസ്‌ലാമിക വിശ്വാസങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഈ നാമം ഏറെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

അബൂബക്കര്‍ ബഗ്ദാദിയുടെ ലോകം

സര്‍ഖാവിയിലൂടെ നാമ്പെടുത്തെങ്കിലും അബൂബക്കര്‍ ബഗ്ദാദിയിലൂടെയാണ് ഐ.എസ് അതിന്റെ പൂര്‍ണതയിലെത്തുന്നത്. 1971 ല്‍ ഇറാഖിലെ സാമര്‍റയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇബ്‌റാഹീം അവദ് ഇബ്‌റാഹീം അലി മുഹമ്മദ് അല്‍ ബദ്‌രി എന്നാണ് മറ്റൊരു പേര്. ഇറാഖ്, സിറിയ ഭാഗങ്ങളിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സജീവ പ്രവര്‍ത്തന രംഗത്തേക്കു കടന്നുവരുന്നത്. 2004 വരെ പൊതുരംഗത്ത് സജീവമല്ലാതിരുന്ന അദ്ദേഹം ബഗ്ദാദിനടുത്ത് ശാന്ത ജീവിതം നയിച്ചുവരികയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആദ്യകാലത്തെക്കുറിച്ച് എഴുതിയവര്‍ രേഖപ്പെടുത്തുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ അദ്ദേഹം ജിഹാദിന്റെ പുതിയ വഴികളിലേക്കു കണ്ണി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിഗ്രിയും പിജിയും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് ബഗ്ദാദി. 

ഇറാഖ് യുദ്ധത്തില്‍ അമേരിക്കക്കെതിരെ രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട അദ്ദേഹം കുറച്ചുകാലം ജയിലിലായിരുന്നു. അന്നാണ് ജൂലാനിയടക്കം ഐസിസ് നേതാക്കന്മാരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരമുണ്ടാകുന്നത്. ജയില്‍ മോചിതനായ ബഗ്ദാദി ജിഹാദി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. 2010 ല്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ നേതാവായി സ്ഥാനക്കയറ്റം കിട്ടുന്നതോടെ ബഗ്ദാദി ഭീകരതയുടെ പുതിയൊരു മുഖമായി മാറുകയായിരുന്നു. 2013 ല്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെ സിറിയയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലാനിയുടെ നേതൃത്വത്തിലുള്ള നുസ്‌റയെ ഐ.എസിന്റെ ഭാഗമായി പ്രഖ്യാപിച്ചെങ്കിലും ജൂലാനി അതില്‍നിന്നും  പിന്മാറുകയും അല്‍ ഖാഇദയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമാണുണ്ടായത്. 2014 ജൂണ്‍ മാസമായപ്പോഴേക്കും ബഗ്ദാദി ഐ.എസിന്റെ ഖലീഫയായി അവരോധിക്കപ്പെട്ടു. മൊസൂളിലെ അല്‍ നൂരി പള്ളിയില്‍ വെച്ചായിരുന്നു സ്ഥാനാരോഹണം. സൈനികരുടെ കനത്ത സുരക്ഷയില്‍ പള്ളിയുടെ പ്രസംഗപീഠത്തില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും എല്ലാവരുടെയും ബൈഅത്ത് (അംഗീകാരം) ആവശ്യപ്പെടുകയും ചെയ്തു. തനിക്കു വഴി തെളിച്ച സര്‍ഖാവിയെയും മറ്റും പ്രശംസിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം കടന്നുപോയത്. 

ഇതോടെ ഐ.എസ് ഒരു ഔദ്യോഗിക ജിഹാദി ഗ്രൂപ്പായി പ്രഖ്യാപിക്കപ്പെടുകയും ഒരു സ്വേച്ഛാധിപത്യ സ്വഭാവത്തിലേക്ക് അത് മാറുകയുമായിരുന്നു. രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലകളുടെയും കഥകളാണ് പിന്നീട് ഐ.എസിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. 2014 നവംബര്‍ അഞ്ചിന് തന്നെ ഖലീഫയായി ബൈഅത്ത് ചെയ്യണമെന്നാവശ്യപ്പെട്ട് ബഗ്ദാദി അല്‍ ഖാഇദ നേതാവ് ഐമന്‍ സവാഹിരിക്ക് സന്ദേശമയച്ചിരുന്നു. പക്ഷെ, സവാഹിരി അത് നിരസിക്കുകയാണുണ്ടായത്. 2014 നവംബര്‍ ഏഴിന് മൊസൂളില്‍ വെച്ചുനടന്ന ഒരു ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2015 ലും 2016 ലും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണം പൂര്‍ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ജിഹാദിനുള്ള ആഹ്വാനം

മൊസൂളിലെ അല്‍ നൂര്‍ പള്ളിയില്‍ നിറഞ്ഞ സദസ്സിനു മുമ്പില്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനവും ജിഹാദിനുള്ള ആഹ്വാനവും ഞെട്ടലോടെയാണ് ലോകം ദര്‍ശിച്ചത്. രക്തച്ചൊരിച്ചിലിലൂടെ തന്റെ സൈന്യം നേടിയെടുത്ത പരിമിതമായ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഒരു ഇസ്‌ലാമിക സ്റ്റേറ്റ് രൂപീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരസ്യ പുറപ്പാടായിരുന്നു ഇതിലൂടെ. ഇസ്‌ലാമെന്നത് സ്റ്റേറ്റ് നിര്‍മാണത്തെയും യുദ്ധത്തെയും മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു ജിഹാദി കൂട്ടായ്മയാണെന്ന തെറ്റിദ്ധാരണയോ ഏതെങ്കിലും സയണിസ്റ്റ് കൂട്ടായ്മകള്‍ക്ക് അച്ചാരപ്പണിയെടുക്കാനുള്ള വ്യഗ്രതയോ ആയിരിക്കണം അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. അന്ന് ബഗ്ദാദി നടത്തിയ പ്രസംഗം ഉറച്ച വിശ്വാസമില്ലാത്ത ആരെയും യുദ്ധമുഖത്തേക്ക് ഇറക്കിവിടാന്‍ മാത്രം പര്യപ്തമായിരുന്നു. അത്രമാത്രം ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും ഇസ്‌ലാമിക ചരിത്രത്തെയും ദുരുപയോഗം ചെയ്തും ദുര്‍വ്യാഖ്യാനം നടത്തിയുമാണ് അദ്ദേഹം തന്റെ ഖിലാഫത്തിനെ സ്ഥാപിച്ചതും ജനങ്ങളെ ജിഹാദിലേക്ക് വലിച്ചിറക്കാന്‍ ശ്രമം നടത്തിയതും. തൗഹീദും ഇഖാമത്തുദ്ദീനുമാണ് ആ പ്രസംഗത്തിലുടനീളം ആവര്‍ത്തിക്കപ്പെട്ടിരുന്ന പദപ്രയോഗങ്ങള്‍. തന്റെ തെറ്റിദ്ധാരണയുടെ വേരുകള്‍ എങ്ങോട്ടാണ് നീളുന്നത് എന്ന് ഈ പ്രയോഗങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതേയുളളൂ.

വിശുദ്ധ റമദാന്റെ മഹത്വം സൂചിപ്പിച്ചുകൊണ്ടായിരുന്നു ബഗ്ദാദി തന്റെ പ്രസംഗം ആരംഭിച്ചത്. ശേഷം, ഈ മാസത്തില്‍ ജിഹാദിന് പ്രത്യേകം പ്രതിഫലമുണ്ടെന്നും ഇരട്ടി പ്രതിഫലം നേടുന്നതിന് ഈ മാസം ജിഹാദിനായി നീക്കിവെക്കണമെന്നും ആഹ്വാനം ചെയ്യുന്നതിലൂടെ ജനങ്ങളെ വികാരം കൊള്ളിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ക്ക് അധികാരം അനിവാര്യമാണെന്നും എങ്കില്‍ മാത്രമേ ഇസ്‌ലാമിക ശരീഅത്തും ശിക്ഷാനിയമങ്ങളും മറ്റു വിധി വിലക്കുകളും യഥായോഗ്യം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഖിലാഫത്തിനെ ഇസ്‌ലാമികമായി ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു തന്റെ പ്രസംഗത്തിലുടനീളം ബഗ്ദാദി. ഇസ്‌ലാമിക ചരിത്രത്തില്‍നിന്നും അതിന്റെ പ്രതിരോധ സമരങ്ങളില്‍നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തന്റെ ജിഹാദ് ആഹ്വാനത്തെ സാധൂകരിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു അദ്ദേഹം.

ഇസ്‌ലാമിക അധ്യാപനങ്ങളെയും വിശുദ്ധ ഖുര്‍ആനിനെയും ഈ മനുഷ്യന്‍ എത്ര കണ്ട് തെറ്റിദ്ധരിച്ചുവെന്ന് മനസ്സിലാക്കാന്‍ ഈ പ്രസംഗം മാത്രം മതിയാവും. ദൈവ രാജ്യത്തിന്റെ സംസ്ഥാപനവും അതിന് ജിഹാദ് എന്ന ആയുധം ഉപയോഗപ്പെടുത്തുക എന്നതും മാത്രമാണ് ഈ ഖിലാഫത്ത് പ്രഖ്യാപന പ്രസംഗത്തില്‍ ബഗ്ദാദി ഊന്നിനില്‍ക്കുന്ന പ്രധാന കാര്യം. എല്ലാം മറന്ന് യുദ്ധത്തിനിറങ്ങാന്‍ അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നുമുണ്ട് ഇതില്‍. ഇറാഖിലും സിറിയയിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാന്തരീക്ഷങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും രൂക്ഷത ഈ വാക്കുകളില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഇസ്‌ലാമെന്നത് സ്റ്റേറ്റ് നിര്‍മാണമോ അതിനു വേണ്ടി ജിഹാദെന്ന പേരില്‍ നിരപരാധികള്‍ക്കു നേരെ കൊലവിളി നടത്തലോ അല്ലെന്ന് ബഗ്ദാദി അടക്കമുള്ള നവ ജിഹാദി ഗ്രൂപ്പുകള്‍ തിരിച്ചറിയുക മാത്രമാണ് ഈ സംഘടിത ഭീകരതയെ തുടച്ചുമാറ്റാനുള്ള ഏക വഴി. ഇസ്‌ലാമിക ചരിത്രത്തെയും മത ഗ്രന്ഥങ്ങളെയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിക്കൊണ്ടുള്ള ഇത്തരം ഭീകര തന്ത്രങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രമേ വഴിയൊരുക്കുകയുള്ളൂവെന്ന് ബഗ്ദാദി സംഭവത്തിലൂടെ ലോകം തിരിച്ചറിഞ്ഞു.  

ബഗ്ദാദിക്കൊരു തുറന്ന കത്ത്

ഖിലാഫത്തിന്റെ പുനസ്ഥാപനം എന്ന പേരില്‍ ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം നടത്തി അബൂബക്കര്‍ ബഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും ജനങ്ങളെ മതത്തിന്റെ പേരില്‍ അരുംകൊലകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തുതുടങ്ങിയതോടെ ഇതിനെതിരെ രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകത ലോക മുസ്‌ലിം പണ്ഡിതന്മാര്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും ലോക ജനതക്കു ശാപമായി മാറുകയും ചെയ്ത ഈ കൂട്ടായ്മയുടെ അനിസ്‌ലാമിക മുഖം തുറന്നുകാട്ടാന്‍ അവര്‍ തയ്യാറായി. ഐ.എസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആരോ പടച്ചുണ്ടാക്കിയ ഒരു കൂട്ടായ്മ മാത്രമാണ് ഇതെന്നും വ്യക്തമാക്കിക്കൊണ്ട് അവര്‍ ഒരു ഔദ്യോഗിക കത്ത് പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 126 മുസ്‌ലിം പണ്ഡിതന്മാര്‍ ഒപ്പു വെച്ചിരുന്നു ആ കത്തില്‍. 2014 സെപ്തംബറിലാണ് ഇത് പുറത്തുവന്നത്. മാലിക്കി പണ്ഡിതനായ അബ്ദുല്ല ബിന്‍ ബയ്യ, ഈജിപ്ത് ഗ്രാന്റ് മുഫ്തി ശൈഖ് ശൗക്കി അല്ലാം, മുന്‍ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ, പ്രമുഖ അമേരിക്കന്‍ പണ്ഡിനും സൈത്തൂന കോളേജ് സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ്, പാക്കിസ്താന്‍ മിന്‍ഹാജുല്‍ ഖുര്‍ആന്‍ സ്ഥാപകന്‍ ഡോ. മുഹമ്മദ് ത്വാഹിറുല്‍ ഖാദിരി തുടങ്ങിയവര്‍ ഒപ്പു വെച്ചവരില്‍ ചിലരാണ്. 

ഐ.എസ് എന്തുകൊണ്ട് ഇസ്‌ലാമികമല്ലായെന്നും എവിടെയെല്ലാമാണ് അത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായി വരുന്നതെന്നും വളരെ കൃത്യമായി അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഈ കത്തില്‍. ബഗ്ദാദിയെ താക്കീത് ചെയ്യുകയെന്നതിലപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അറിയാതെ ഐ.എസില്‍ വന്നുപെടുന്ന ചെറുപ്പക്കാരെ അതില്‍നിന്നും തടഞ്ഞുനിര്‍ത്തുകയെന്നതാണ് പ്രധാനമായും ഈ കത്തുകൊണ്ടുള്ള ഉദ്ദേശ്യം.

താങ്കള്‍ക്കു തെറ്റു പറ്റിയെന്നും വിശുദ്ധ ഇസ്‌ലാമിനെ കാടത്തത്തിന്റെയും ക്രൂരതയുടെയും മതമായിട്ടാണ് താങ്കള്‍ ദുര്‍വ്യാഖ്യാനം നടത്തിയിരിക്കുന്നതെന്നും ലോക മുസ്‌ലിംകളോട് മാത്രമല്ല, ഇസ്‌ലാമിനോടുതന്നെയുള്ള ഏറ്റവും വലിയ അപരാധമാണ് താങ്കള്‍ ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും കത്തിലൂടെ പണ്ഡിതന്മാര്‍ ബഗ്ദാദിയോട് തുറന്നടിക്കുന്നുണ്ട്. ആരാണ് താങ്കള്‍ക്ക് മുസ്‌ലിം സമുദായത്തിനു മേല്‍ അധികാരം നല്‍കിയതെന്നും ഇസ്‌ലാമിക ഖിലാഫത്ത് എന്ന പേരില്‍ സ്വന്തം ഖലീഫയായി രംഗപ്രവേശം ചെയ്യുമ്പോള്‍ എങ്ങനെയാണ് ലോക മുസ്‌ലിംകള്‍ക്ക് അത് അംഗീകരിക്കാനാവുകയെന്നും അവര്‍ ചോദിക്കുന്നു. തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്‌ലിംകളെന്നും മറ്റുള്ളവരെല്ലാം എതിര്‍ക്കപ്പെടേണ്ടവരാണെന്നുമുള്ള ബഗ്ദാദിയുടെ വാദഗതിയെയും പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് കത്തില്‍. 

24 കാരണങ്ങളാണ് ഐ.എസ് ഇസ്‌ലാമികമല്ലായെന്നതിന് പ്രധാനമായും അവര്‍ എടുത്തുകാട്ടുന്നത്. ഇസ്‌ലാമിലെ നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ടതാണ് അതില്‍ പലതും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter