മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നോ?

രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളുടെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഈയിടെ എറണാകുളം പറവൂരില്‍ ഉണ്ടായ സംഭവം. ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രഹിന്ദുവാദികള്‍ നടത്തിയ കൈയേറ്റശ്രമങ്ങള്‍ രാജ്യത്തിന്റെ മതേതരത്വ സങ്കല്‍പത്തിനേറ്റ ശക്തമായ കളമാണ്. അധികാരം കൈയിലെടുക്കുകവഴി രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ നാടുനീളെ നടത്തിവരുന്ന വിധ്വംസക അജണ്ടകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. 

ഏതു മതവും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന രാജ്യത്തെ ഓരോ പൗരനും നല്‍കുന്നുണ്ട്. ഇത്രയും കാലം ഏറെ സൗഹാര്‍ദ്ദപരമായി അത് നടന്നുവന്നതുമാണ്. ഈ സ്വാതന്ത്ര്യമനുസരിച്ച് അനവധിയാളുകള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന മതങ്ങള്‍ സത്യസന്ധമായി പഠിക്കുകയും അതിലേക്ക് ചേക്കേറുകയും ചെയ്യുന്നു. 

തനിക്ക് സത്യമായി ബോധ്യപ്പെട്ട മതം സഹലോകര്‍ക്കിടയില്‍ പരിചയപ്പെടുത്താനും ഭരണഘടന അനുവദിക്കുന്നു. ഓരോരുത്തര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട് എന്ന നിലക്കാണിത്. അന്യരുടെ സൈ്വര്യവും അവകാശവും തകര്‍ക്കപ്പെടാത്ത നിലയിലായിരിക്കണം അതെന്നുമാത്രം. മതപ്രഭാഷണങ്ങളായും സ്‌നേഹസംവാദങ്ങളായും ഇത് കാലങ്ങളായി നടന്നുവരുന്നു. പുസ്തകങ്ങളും ലഘുലേഖകളും നോട്ടീസുകളായും ഇത് വീടുകളിലും മാര്‍ക്കറ്റുകളിലും എത്തുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയോ സ്വകാര്യവിശ്വാസങ്ങളെ വെല്ലുവിളിക്കുകയോ ചെയ്യുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. 

തങ്ങള്‍ക്ക് പറയാനുള്ളത് പറയാം. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലെങ്കില്‍, പഠനം ആരംഭിക്കാം. ഇത് എല്ലാവരുടെയും ഇഷ്ടമാണ്. അവരുടെ അവകാശവുമാണ്. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ഇസ്‌ലാം പോലും അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ ഇതിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വിശ്വാസം ഹൃദയത്തില്‍നിന്നും ഉണ്ടാവേണ്ടതാണ് എന്നതിനാലാണിത്. അതിനെ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ നിര്‍ബന്ധിച്ചതുകൊണ്ടോ ഫലം ചെയ്യില്ല. മതപ്രബോധനങ്ങളുടെ ലോക ചരിത്രം ഇതാണ് വ്യക്തമാക്കുന്നത്.

എന്നാല്‍, ജനങ്ങളുടെ സത്യാന്വേഷണ ത്വരയെ ഇല്ലാതാക്കുകയാണ് തീവ്രഹിന്ദുവാദികള്‍ ചെയ്യുന്നത്. ജനങ്ങള്‍ ചിന്തിക്കുന്നതിനെയും സത്യം അന്വേഷിക്കുന്നതിനെയും അവര്‍ പേടിക്കുന്നു. അതുകൊണ്ടുതന്നെ, മതംമാറ്റം വലിയ പാതകമായി ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ ശ്രമിക്കുന്നു. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

മതംമാറ്റങ്ങളെയും മതപ്രബോധനങ്ങളെയും നിയമംകൊണ്ട് നിരോധിക്കുന്ന ഒരു അവസ്ഥ സംജാതമാക്കാനാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത്. അതിനായി മതബ്രവര്‍ത്തനം ഒരു പ്രശ്‌നമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം കടന്നാക്രമണങ്ങളിലൂടെ. പശുവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ ഉടനീളം അരങ്ങേറിയ അക്രമങ്ങളും കൊലകളും ഇതിന് ഉദാഹരണമാണ്. ഗോവധം നിയമംകൊണ്ട് നിരോധിക്കാനുള്ള ഒരു പശ്ചാത്തലം ഒരുക്കുകയായിരുന്നു അവര്‍ ഇതിലൂടെ. ഇതൊരു അജണ്ടയുടെ ഭാഗമാണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് മതപ്രബോധനത്തിന്റെ പേരിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് തീവ്രഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്.

മതമൈത്രി തകര്‍ക്കാനുള്ള ശ്രമമായി മതപ്രബോധനത്തെ ഉയര്‍ത്തിക്കാട്ടുകവഴി ഇത് സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. കാലങ്ങളായി നിലനിന്നുപോരുന്ന ഇവിടത്തെ മതമൈത്രി തകര്‍ക്കപ്പെടുകയാണ് തങ്ങളുടെ ഇത്തരം കൈയേറ്റങ്ങളിലൂടെയെന്നതുമാത്രം അവര്‍ ചിന്തിക്കുന്നില്ല. 

സാമൂതിരിയുടെ ഭരണകാലം മുതല്‍ ഇങ്ങോട്ട് കേരളത്തിലെ മതപ്രബോധന പ്രചാരണ ചരിത്രം പ്രസിദ്ധമാണ്. ജാതിമതഭേദമന്യേ എല്ലാവരും സ്‌നേഹത്തിലും സൗഹൃത്തിലുമാണ് ഇവിടെ ജീവിച്ചിരുന്നത്. ജാതീയതയുടെ നീര്‍ച്ചുഴിയില്‍പെട്ട് ബ്രാഹ്മണമേധാവിത്വത്തിന്റെ ആട്ടും തുപ്പും സഹിക്കേണ്ടിവന്ന ദലിത്-അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ഇസ്‌ലാം ജീവിതത്തിനുള്ള ഒരു മോക്ഷമാര്‍ഗമായി അനുഭവപ്പെട്ടത് അവിടെയാണ്. ജീവിതം ഒരു ഭാരമായി അനുഭവപ്പെടുന്നവര്‍ക്കുമുമ്പില്‍ തങ്ങളുടെ ജീവിതം ശേഭനവും ഭാസുരവുമാക്കാമെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന വഴികള്‍ തുറന്നുകൊടുക്കല്‍ അവരോടുള്ള നീതിയും മാന്യതയുമാണ്. നിലവില്‍ അകപ്പെട്ടുകിടക്കുന്ന മതത്തിന്റെ വിശ്വാസ സങ്കുചിതത്വത്തിനുള്ളില്‍ മാത്രമേ തന്റെ ചന്താ ലോകം നില്‍ക്കാവൂ എന്നു പറയുന്നത് നീതി നിഷേധമാണ്. ഏതൊരാള്‍ക്കും വിവിധ മതങ്ങളെക്കുറിച്ച് പഠിക്കാനും അന്വേഷണം നടത്താനുമുള്ള അവകാശമുണ്ട്. ആ അവകാശം ഭരണഘടനാധിഷ്ഠിതവുമാണ്. അതിനെ ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ല. എന്നാല്‍, സംഘ്പരിവാര്‍ ഫാസിസം പൗരന്റെ ഇത്തരം അവകാശങ്ങളെയാണ് നിലവില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. 

ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള തടഞ്ഞുവെക്കലും കൂട്ടംകൂടി ആക്രമിക്കലും കേരളക്കരയിലും പരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് വടക്കേക്കരയിലെ ഹിന്ദുത്വഫാസിസ്റ്റ് ഗണ്ടായിസത്തിലൂടെ പ്രകടമായിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തുന്നു, ക്ഷേത്രത്തെ അക്രമിക്കാന്‍ വരുന്നു പോലെയുള്ള വൈകാരിക പ്രവസ്താനകള്‍ ഇറക്കുകവഴി ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാനും മനപ്പൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുമാണ് ഇവിടെ ശ്രമങ്ങളുണ്ടായത്. ഭരണഘടനാവിരുദ്ധമായ ഈ നീക്കം ഏതര്‍ത്ഥത്തിലും നിയന്ത്രിക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. കേരളക്കരയില്‍ ഇത്തരമൊരു മോബോക്രസി രാഷ്ട്രീയം ഒരിക്കലും വളര്‍ന്നുവന്നുകൂടാ. 

സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകളോട് ഇടതുപക്ഷത്തിന്റെ നിലപാടാണ് ഏറെ വിരോധാഭാസകരം. പരസ്യമായി ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന പാര്‍ട്ടി ഇത്തരം വിഷയങ്ങളില്‍ അവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസുകാര്‍ തീവ്രഹിന്ദുത്വവാദികളോടൊപ്പം ചേര്‍ന്ന് അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സമീപ കാലത്ത് ഇത്തരം അനവധി സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടന അനുവദിച്ചുനല്‍ക്കുന്ന അവകാശങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ, ഏതു കോണില്‍നിന്നാണെങ്കിലും, അടിച്ചമര്‍ത്തിയേ മതിയാവൂ. മതസൗഹൃതാന്തരീക്ഷം നിലനിര്‍ത്താനും ക്രമസമാധാനം തകരാതെ സൂക്ഷിക്കാനും അപ്പോഴേ കഴിയൂ. ഭരണകൂടവും നിയമപാലകരും മനുഷ്യരുടെ നിറവും ജാതിയും നോക്കാതെ അതിനു തയ്യാറായേ മതിയാവൂ.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter