ഗാസ: പുതിയ അക്രമത്തിന് പിന്നില്‍ ജൂതഭരണത്തിന് വേറെ ചില താത്പര്യങ്ങളുണ്ട്
 width=ഇസ്രായേല്‍ ഗാസയില്‍ പുതുതായി അക്രമപരമ്പര അഴിച്ചു വിട്ടിരിക്കുന്നു. സൈനിക നേതാവ് ജബ്ബാരിയടക്കം 20 ലേറെ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടാതായാണ് ഔദ്യോഗിക വിവരം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും പെടും. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊല്ലുമെന്ന് വരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഇപ്പോള്‍ ഇസ്രായേല്‍. ഇതിനകം പശ്ചിമേഷ്യയില്‍ അടുത്ത ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പ്രവചിച്ചു തുടങ്ങിയിട്ടുണ്ട് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍. കുറച്ച് ദിവസങ്ങളായി ഗാസയില്‍ നിന്ന് ചെറു ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അതിന് പ്രതിരോധമെന്നോണമാണ് തങ്ങള്‍ ഇത്തരമൊരു അക്രമം തുടങ്ങുന്നതെന്നുമായിരുന്നു ഇസ്രായേല്‍ ആഗോളജനതക്ക് മുന്നില്‍ ഈ ക്രൂരമായ അക്രമത്തിന് നിരത്തിയ ലളിത കാരണം. എന്നാല്‍ സത്യത്തില്‍ ഈ അക്രമത്തിന് ഇസ്രായേലിലെ ജുതഭരണകൂടെത്തെ പ്രേരിപ്പിച്ച കാരണങ്ങളെ തേടുകയാണ് ഈ കുറിപ്പ്. ഇപ്പോഴത്തെ ആക്രണപരമ്പര ലോകശ്രദ്ധയിലെത്തിയത് ഹമാസ് സൈനിക നേതാവ് ജബ്ബാരിയെ യാത്രാമധ്യ കാറില്‍ മിസൈല്‍ വര്‍ഷിച്ച് കൊലപ്പെടുത്തിയതോടെയാണ്. എന്നാല്‍ ജബ്ബാരി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഇസ്രായേലിനും ഗാസക്കുമിടയില്‍ ഒരു സന്ധി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം തടങ്ങിയിരുന്നു. പരസ്പരം അക്രമം ഉടലെടുത്തത് കണ്ട് ഈജിപ്തിലെ ഇന്റലിജന്‍സ് വിഭാഗമാണ് ഹമാസിനും ജൂതഭരണത്തിനുമിടയില്‍ അക്രമം അവസാനിപ്പിക്കാനുള്ള ആ സന്ധിക്ക് ശ്രമിച്ചത്. കൊല്ലപ്പെടുന്നതിന് മുമ്പ് ജബ്ബാരിക്ക് ആ സന്ധികരാറിന്റെ ഡ്രാഫ്റ്റ് കൈയില്‍ ലഭിച്ചിരുന്നുവെന്ന് വരെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. പക്ഷേ, എന്തു കൊണ്ട് പ്രസ്തുത സന്ധിക്ക് കാത്തു നില്‍ക്കാതെ ഇസ്രായേല്‍ തങ്ങളുടെ ആക്രമണവുമായി മുന്നോട്ടു പോയി? അതിലുപരി ആക്രമണം കൂടുതല്‍ ഭീകരമാക്കി? ഈ രണ്ടു പ്രദേശങ്ങള്‍ക്കിടയില്‍ അക്രമം പൊട്ടിപ്പുറപ്പെടുമ്പോള്‍ സാധാരണ ഇത്തരമൊരു സന്ധി സംഭാഷണത്തിനുള്ള ശ്രമം നടക്കാറുമുണ്ട്. ഇപ്രാവശ്യം പിന്നെ എന്തു പറ്റി? അതെ കുറിച്ച് അലോചിക്കുമ്പോഴാണ് ഈ യുദ്ധത്തിന്റെ പിന്നിലെ ജൂതഭരണകൂടത്തിന്റെ ഗൂഢലക്ഷ്യങ്ങളെ കുറിച്ച് ബോധ്യം വരുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ ഇസ്രായേലില്‍ ലിക്വിഡ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകായണ്. ദേശീയ തെരഞ്ഞെടുപ്പും നേരത്തെ നടത്തുമെന്ന് ഈയടുത്താണ് പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിട്ടത്. അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ്. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും വോട്ടു കിട്ടുക എന്ന ലക്ഷ്യം ഈ ആക്രമണത്തിന് പിന്നില്‍ ഉണ്ടെന്നത് ഏറെ വ്യക്തമാണ്. ഇതിനും മുമ്പ് 2008 ലും 1996 ലും ഗാസയെ ഇസ്രായേല്‍ ഉന്നം വെച്ചത് തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുമ്പായിരുന്നുവെന്നും ഇതോട് ചേര്‍ത്തു വായിക്കുക, ഫലം വന്നപ്പോള്‍ ഭരിച്ചുകൊണ്ടിരുന്നവര്‍ക്ക് തോല്‍വിയാണുണ്ടായതെങ്കിലും. തന്റെ ഭരണകാലത്ത് ഇറാനെതിരെ ഒരു ആക്രമണം അഴിച്ചുവിടാനായില്ലെന്നത് പോകട്ടെ, അമേരിക്കയില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മിറ്റ് റൂംനി പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക കൂടി ചെയ്തതോടെ സത്യത്തില്‍ നെതന്യാഹു രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുകയായിരുന്നു. പരസ്യമായി പിന്തുണച്ചതിന് ശേഷവും മിറ്റ് റൂംനി പരാജയപ്പെട്ടതോടെ ജുതരാജ്യത്തിന് ഇനി അന്താരാഷ്ട്ര പോളിസികളില്‍ ഇടപെടാനാവില്ലെന്ന് പൊതുവെ നിരീക്ഷണമുണ്ടാകുകയും ചെയ്തു. ഇസ്രായേലിലെ തന്നെ പല രാഷ്ട്രീയ നേതാക്കളും നെതന്യാഹുവിന്റെ പരസ്യപിന്തുണയെ ഏറ്റവും വലിയ മണ്ടത്തരമായി വിശേഷിപ്പിച്ചു. അതിനിടക്കാണ് ഒരു അവസരം വീണുകിട്ടിയത്. ഗാസ അക്രമിക്കുന്നതിലൂടെ തനിക്കെതരില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അറുതി വരുത്താനാകുമെന്ന് നെതന്യാഹു കണക്ക് കൂട്ടുന്നത് അങ്ങനെയാണ്. ഈ അവസരം ശരിക്കും മുതലെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനമെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. ആഗോളജനതയെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീരഭാഷ പോലും അത്തരമൊരു സൂചനയാണ് നല്‍കുന്നത്. ഗാസ അക്രമിക്കുന്നതിലൂടെ താന്‍ ദേശീയ സുരക്ഷക്ക് പ്രാമുഖ്യം നല്‍കുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനും അതുവഴി അടുത്ത തെരഞ്ഞെടുപ്പും ജയിക്കാനുമാണ് നെതന്യാഹുവിന്‍റെ ശ്രമം. പ്രത്യേകിച്ച് തനിക്കെതിരെ മത്സരിക്കാന്‍ സാധ്യതയുള്ള മുന്‍ പ്രിസഡണ്ട് കൂടിയായ യഹൂദ് ഒല്‍മര്‍ട്ട് ഗാസ തിരിച്ചുപിടിക്കുന്നതില്‍ അതീവ ശ്രദ്ധ കാണിക്കാറുണ്ടെന്ന പൊതുഅഭിപ്രായം നിലവിലുള്ളപ്പോള്‍. എല്ലാം നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ മുന്നിലുള്ള പിടിവള്ളിയില്‍ പിടിച്ചുതൂങ്ങുന്ന ഭീരുവിന്റെ മനശാസ്ത്രമില്ലേ, അതാണ് സത്യത്തില്‍ ഗാസയില്‍ ഇപ്പോള്‍ ജൂതഭരണകൂടം നയിക്കുന്ന യുദ്ധത്തിന്‍റെ രസതന്ത്രം. അതിന് വേണ്ടി ഗാസ നടത്തിയ ചെറിയ അക്രമങ്ങളെ പെരുപ്പിച്ചു കാണിക്കുന്നുവെന്ന് മാത്രം.  width=മറ്റൊരു കാരണം കൂടി യുദ്ധത്തിന്റെ രീതിയില്‍  നിന്ന് നമുക്ക് വായിച്ചെടുക്കാനാകും. അതു പക്ഷേ, പ്രത്യക്ഷത്തില്‍ തോന്നുന്ന പോലെ ഗാസ കീഴടക്കാനോ ഹമാസിനെ തോല്‍പിക്കാനോ അല്ല. മറിച്ച് ഈ യുദ്ധം വഴി സത്യത്തില് ഈജിപ്തിനെ പരീക്ഷിക്കുകയാണ് ജൂതഭരണകൂടം. ഇതിനു മുമ്പ് അക്രമം നടത്തിയിരുന്നപ്പോള്‍ ഉണ്ടായിരുന്ന പ്രദേശമല്ല അറബുലോകമിപ്പോള്‍. ഇസ്രായേല്‍ സന്ധിയിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു മുസ്‌ലിം രാജ്യങ്ങളാണുള്ളത്. അതില്‍ ഈജിപ്തില്‍ ജനകീയ വിപ്ലവം നടക്കുകയും ഭരണകൂടം പൊതുവെ ഇസ്ലാമിസ്റ്റുകളെന്ന് ധരിക്കപ്പെടുന്ന ബ്രദര്‍ഹുഡിന്റെ കീഴിലായിരിക്കുകയും ചെയ്തിരിക്കുന്നു. സന്ധിയിലേര്‍പ്പെട്ടിരിക്കുന്ന മറ്റൊരു അറബ് ദേശം ജോര്‍ദാനാണ്. അവിടെയും പ്രസ്തുത വിപ്ലവത്തിന്റെ അലയൊലികള് കേള്‍ക്കുന്നുണ്ട്. എന്നുമാത്രമല്ല കുവൈത്ത്, ബഹ്റൈന്‍, സൂഊദി തുടങ്ങി ഒരു വിധം അറബ് ദേശത്തെല്ലാമുള്ള ഭരണാധികാരികള്‍ അത്തരത്തിലുള്ളൊരു അട്ടിമറി വിപ്ലവത്തിന്റെ ഭയത്തിലാണ് സത്യത്തില്‍ കഴിഞ്ഞു കൂടി കൊണ്ടിരിക്കുന്നത്. അറബ് ലോകത്ത് വിപ്ലവം നടക്കുന്നതിനനുസരിച്ച് ഇസ്രായേല്‍ പുതിയ ഒരു ചിന്തയിലായിരുന്നു. ഗാസയിലെ സൈനികരെ ഇനി അല്‍പം ശ്രദ്ധയോടെ മാത്രമെ അടിച്ചമര്‍ത്തനാവൂ എന്ന് തോന്നിത്തുടങ്ങിയിരുന്നു ഇസ്രായേലിന്. അല്ലാത്ത പക്ഷം ഈജിപ്തുമായുണ്ടാക്കിയ തങ്ങളുടെ ബന്ധം ഇല്ലാതാകുമെന്ന ഭയമുണ്ടായിരുന്നു അവര്‍ക്ക്. (ഇന്നലെ ഈജിപ്തിലെ ഔദ്യോഗിക സംഘം ഗാസ സന്ദര്‍ശിച്ചപ്പോള്‍ തത്കാലത്തേക്കെങ്കിലും അക്രമം നിര്‍ത്തിവെക്കാന്‍ ഇസ്രായേല്‍സൈന്യം തയ്യാറായത് ഇതോട് ചേര്‍ത്തുവായിക്കണം.) എന്നാല്‍ പതിവിന് വിപരീതമായി ടെല്‍അവീവിനെ ലക്ഷ്യം വെച്ച് ചില ചെറുമിസൈലുകള്‍ ഗാസയില്‍ നിന്ന് പറന്നു വന്നതോടെ ഇസ്രായേലിന് കാര്യമെളുപ്പമായി. ആ അര്‍ഥത്തിലും ജൂതഭരണത്തെ സംബന്ധിച്ചിടത്തോളം ഇത് വീണു കിട്ടിയ അവസരമാണ്. അവസരം ഇസ്രായേല്‍ മുതലാക്കുക തന്നെ ചെയ്യും. അറബ് വസന്തത്തോടെ ഫല്സ്തീനും ഇസ്രായേലും പശ്ചിമേഷ്യയുടെ വാര്‍ത്താ ഭൂമിശാസ്ത്രത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അവിടെ അവര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ പക്ഷേ, കൂടുതല്‍ കരുതലോടെയാണ് ഇസ്രായേല്‍. പ്രാദേശിക ഭൂപടത്തില്‍ നിന്ന് ഗാസ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമോ എന്ന് വരെ ഭയക്കേണ്ടിയിരിക്കുന്നു. മന്‍ഹര്‍. യു.പി കിളിനക്കോട്  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter