വോട്ട് ചെയ്യൽ ഒരു പുണ്യകർമം

വിശുദ്ധ ഖുർആനിലെ ഒരു വചനം വോട്ടു നൽകൽ പ്രതിഫലാർഹമായ ഒരു പുണ്യകർമമാണെന്ന് ദ്യോതിപ്പിക്കുന്നു. പലരും പൊതുവായ അർത്ഥം നൽകി കാര്യമാക്കാതെ കടന്നു പോകാറുള്ള ആ വചനം സാന്ദർഭികമായി വിലയിരുത്തിയാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സത്യസന്ധമായും സജീവമായും ഇടപെടേണ്ടതിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുന്നതായി കാണാം.

 

അന്നിസാ അധ്യായത്തിലെ 85 നമ്പർ സൂക്തത്തിന്റെ സാരം ഇങ്ങനെ വായിക്കാം.

" ആരെങ്കിലും നല്ല ശിപാർശ നടത്തിയാൽ അതിൽ നിന്ന് ഒരു വിഹിതം അവന് ലഭിക്കും. വല്ലവനും മോശമായ ശിപാർശ ചെയ്താൽ ആ തിൻമയുടെ അംശവും അവന് അവകാശപ്പെട്ടതാണ്. അല്ലാഹു എല്ലാ കാര്യത്തിലും കഴിവുറ്റവനാണ്. "

 

ഇവിടെ ശിപാർശ നടത്തുകയെന്നതിനെ പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇമാം ബൈദാവി ഇങ്ങനെ വിവരിക്കുന്നു: അത് വഴി ഒരു സഹോദരന്റെ ദുരിതം അകറ്റുക, അല്ലെങ്കിൽ അവന് ഒരു ഗുണം നൽകുക. അത് പ്രാർത്ഥനയിലൂടെയായാലും ശിപാർശ തന്നെ. ഒരാൾ തന്റെ സഹോദരന് വേണ്ടി അഭാവത്തിൽ പ്രാർത്ഥിച്ചാൽ അതിന് ഉത്തരം ലഭിക്കുകയും അത് കേൾക്കുന്ന മാലാഖ നിനക്കും അത് പോലെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുമെന്ന നബിവചനവും അദ്ദേഹം ഉദ്ധരിക്കുന്നു. 

 

ആധുനിക പണ്ഡിതനായ ശൈഖ് മുതവല്ലി ശഅറാവി ഈ വചനത്തിന്റെ വിശദീകരണം ഇങ്ങനെ നൽകുന്നു. "നല്ല ശിപാർശയെന്നാൽ ഒരാൾക്ക് ഇഹലോകത്തോ പരലോകത്തോ ഗുണം ലഭിക്കുന്നതിന് അല്ലെങ്കിൽ ദുരിതത്തിൽ നിന്ന് മോചനം നേടുന്നതിന് പിൻബലമായി നിൽക്കുക. പ്രതിഫലം പറ്റാതെയുള്ളതാണീ ശിപാർശ "

 

ഇന്ത്യയുടെ നിയമനിർമാണ സഭയിയിലേക്ക് ഒരാൾക്ക് കടന്നു ചെല്ലാൻ നാം നൽകുന്ന ശിപാർശയാണ് നമ്മുടെ വോട്ട്. അത് നമുക്കും നമ്മുടെ സഹോദരങ്ങൾക്കും നാം അധിവസിക്കുന്ന രാജ്യത്തിന്റെ നല്ല ഭാവിക്കും അനുയോജ്യമാണെന്ന ഉത്തമ ബോധ്യത്തോടെ ഒരാൾക്ക് വോട്ടു നൽകുമ്പോൾ അത് നല്ല ശിപാർശയായി ഗണിക്കപ്പെടുകയും അയാൾ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളിലും ഒരു വിഹിതം അതിന് നിമിത്തമായ ആളെന്ന നിലയിൽ നമുക്ക് അവകാശപ്പെടുകയും ചെയ്യും.

 

അത് പോലെ താൽക്കാലിക ലാഭമോ നിക്ഷിപ്ത താൽപ്പര്യമോ മനസിൽ വച്ചു, തിൻമയുടെ പശ്ചാത്തലമുള്ള, വിദ്രോഹ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ പാരമ്പര്യമുള്ളയാളെ ജയിപ്പിച്ചു വിടാൻ വോട്ടു നൽകുക വഴി, അയാളുടെ തുടർന്നുള്ള എല്ലാ ദുഷ്ചെയ്തികളിലും, അതിന് പിൻബലമേകിയ ആളെന്ന നിലയിൽ നാമും ഭാഗഭാക്കായിത്തീരും. ഒരാൾ നന്മയ്ക്ക് വഴികാട്ടിയായാൽ ആ നൻമ ചെയ്തയാളുടെ പ്രതിഫലം ഇയാൾക്കും ലഭിക്കുമെന്ന നബിവചനവും (മുസ്ലിം നിവേദനം) ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപ്പോൾ തിൻമയിലേക്ക് വഴി തുറന്നയാൾക്ക് ആ തിൻമ ചെയ്യുന്നവന്റെ കുറ്റത്തിൽ നിന്ന് ഒരു ഓഹരിയും അവകാശപ്പെട്ടതാണല്ലോ.

 

നമ്മുടെ നിയമനിർമാണ വ്യവസ്ഥയിൽ വ്യക്തിയേക്കാൾ പാർട്ടിക്കാണ് പ്രധാന്യമെന്നതിനാൽ വോട്ടു ചെയ്യുമ്പോൾ സ്ഥാനാർത്ഥി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. കാരണം, വ്യക്തിയുടെ മൂക്കുകയർ പാർട്ടിയുടെ കയ്യിലാണ്. പാർട്ടി വിപ്പ് ലംഘിച്ചു അംഗങ്ങക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയണമെന്നില്ല. അനുഭവങ്ങൾ അതിന് സാക്ഷിയാണ്.

 

ചിലർ ഇത്തരം കാര്യങ്ങളെ വളരെ നിസാരമായും ഉപരിപ്ലവ പരമായും സമീപിക്കുന്നത് കാണാം. എപ്പോഴെങ്കിലും എവിടെയെങ്കിലും നടന്ന ഒരു സംഭവത്തിൽ സ്ഥാനാർത്ഥിക്ക് ഉണ്ടാകാനിടയുള്ള പങ്കിനെ സംബന്ധിച്ച കേട്ട പാതി, കേൾക്കാത്ത പാതി എന്ന പരുവത്തിൽ മനസിൽ വച്ചു പ്രതികാരബുദ്ധിയോടെ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ എതിർ സ്ഥാനാർത്ഥിക്ക് വോട്ടു നൽകുകയോ ചെയ്യുന്ന പ്രവണത ചിലരിൽ കൂടുതലായി കാണാം. 

 

രാജ്യം ഗുരുതരമായ ഭീഷണി നേരിടുന്ന ഘട്ടത്തിൽ ഓരോ ശുപാർശയുടേയും വിലയും നിലയും ഗൗരവവും ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. ഒരു കെട്ടിടത്തെ താങ്ങി നിർത്തുന്നതിൽ ഓരോ കല്ലും നിർവഹിക്കുന്ന പങ്ക് സുപ്രാധാനമായത് പോലെ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഓരോ വോട്ടും നിർണായകമാണ്. അത് പിഴച്ചു പോകാതിരിക്കാനും പാഴാകാതിരിക്കാനും വേണ്ട ജാഗ്രത പുലർത്തേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. വിശ്വാസിയുടെ ധർമമാണ്. 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter