സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാകുമ്പോള്‍: വിശാലമാക്കേണ്ട ‘ഹിക്മത്തി’ന്‍റെ അതിരുകള്‍
അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും സ്വവര്‍ഗ്ഗ രതിക്കാരുടെ കുടുംബജീവിതം നിയമവിധേയമാക്കുകയും അനന്തരാവകാശമടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്ക് ഭരണഘടനാപരമായിത്തന്നെ അനുവദിച്ചു കൊടുക്കുകയും ചെയ്തു കൊണ്ടുള്ള യു.എസ്. സുപ്രീം കോടതി വിധിയെ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് ആഗോള സമൂഹം എതിരേറ്റത്.
ലോകത്തേറ്റവും കൂടുതല്‍ അനുയായികളുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്ന കൃസ്താനിസവും ഇസ്ലാമും അടക്കമുള്ള മതങ്ങള്‍ കടുത്ത പാപമായി ഗണിക്കുകയും നിലവില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവയേക്കാള്‍ മാരകവും ഭീതിദവുമായ ലൈംഗിക രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുള്ള ഒരു സംഗതി നിയമ വിധേയമാക്കുന്നതിനെതിരെ ലോകത്തിന്‍റെ അഷ്ടദിക്കുകളില്‍ നിന്നും സ്വാഭാവികമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും, വലിയൊരു വിഭാഗം പേര്‍ ഇത്തരം മ്ലേചതകളെ അനുകൂലിച്ചും പിന്തുണച്ചും രംഗത്തു വന്നു എന്നത് മനുഷ്യ സമൂഹത്തിന്‍റെ നന്മയും ആരോഗ്യ പൂര്ണ്ണമായ നിലനില്‍പും ആഗ്രഹിക്കുന്നവരെ പൊതുവെയും മുസ്ലിം ഉമ്മത്തിന്‍റെ നേതൃപദങ്ങളിലിരിക്കുന്നവരെ പ്രത്യേകിച്ചും കണ്ണു തുറപ്പിക്കേണ്ട വസ്തുതയാണ്.
പുതുതലമുറയുടെ അഭിപ്രായ രൂപീകരണത്തിലും ‘നിഷ്പക്ഷമായ’ പക്ഷം ചേരലുകളിലും ആധുനിക ശാസ്ത്രം വഹിക്കുന്ന അനല്‍പമായ പങ്ക് ആര്‍ക്കും അജ്ഞമല്ല. പൗരോഹിത്യത്തിന്‍റെ കരങ്ങളില്‍ പെട്ട് ജീര്‍ണ്ണതയുടെ ആഴങ്ങളിലേക്ക് ആപതിച്ച യൂറോപ്പിലെ മതമേഖലയെ നവീകരണ മുന്നേറ്റങ്ങളി(Rerormation)ലൂടെ പരിഷ്ക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരുന്ന ദശാസന്ധിയില്‍ തന്നെ ആവിര്‍ഭാവം കുറിച്ചത് കൊണ്ടാകാം ആരംഭ കാലം മുതലേ ശാസ്ത്രം മതത്തിന്‍റെ എതിര്‍ചേരിയിലാണ് ബോധപൂര്‍വ്വമോ അല്ലാതെയോ പ്രതിഷ്ഠിക്കപ്പെട്ടത്.
എന്നാല്‍ ആധുനിക ശാസ്ത്രത്തിന് യഥാര്‍ത്ഥത്തില്‍ അസ്ഥിവാരമിട്ട സുവര്‍ണ്ണ മുസ്ലിം കാലഘട്ടത്തിലെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ മതത്തെ തമസ്ക്കരിച്ചു കൊണ്ടല്ല മറിച്ച് ഇസ്ലാം പണിതു നല്‍കിയ അടിത്തറയിന്മേലാണ് പടുത്തുയര്‍ത്തപ്പെട്ടതെന്ന നഗ്ന സത്യം ശാസ്ത്രത്തെയും മതത്തെയും മുഖാമുഖം നിര്‍ത്തിയുള്ള ഇത്തരമൊരു അന്യതാവല്‍ക്കരണത്തിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതായിരുന്നു. മതത്തെ ത്യജിച്ചു കൊണ്ടുള്ള ശാസ്ത്രം മുടന്തുള്ളതും ശാസ്ത്രഗന്ധിയല്ലാത്ത മതം അന്ധവുമാണെന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്നെയായിരുന്നല്ലോ.
ആധുനിക ശാസ്ത്രത്തെ മനുഷ്യന്‍ എത്രമാത്രം അവലംബിക്കുകയും നിരുപാധികം വിശ്വസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടോ അതേ അളവില്‍
അവനെ കടുത്ത വഞ്ചനക്ക് പാത്രമാക്കാനും യാഥാര്‍ത്ഥ്യങ്ങളെന്ന പേരില്‍ വാസ്തവ വിരുദ്ധതകള്‍ അവന്‍റെ മസ്തിഷ്ക്കത്തിലേക്ക് പ്രേക്ഷണം ചെയ്യാനും നിക്ഷിപ്ത താല്‍പര്യക്കാരായ ഈ നവീന ശാസ്ത്ര സംസ്ക്കാരത്തിന്‍റെ ഉപാസകര്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതിന് ഗതകാല ചരിത്രമെന്നതു പോലെ വര്‍ത്തമാനവും സാക്ഷികളാണ്. ആഗോള വാണിജ്യ കുത്തകകളുടെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിന് ആധുനിക ശാസ്ത്രം നല്‍കിയ അകമഴിഞ്ഞ പിന്തുണയും ഉത്തരാധുനിക സമൂഹത്തെ അയുക്തിപൂര്‍ണ്ണവും അത്യന്തം അപകടകരവുമായ യുക്തിവാദത്തിലും ദൈവനിഷേധത്തിലും തളച്ചിട്ടതില്‍ ശാസ്ത്രത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട വ്യാപനവും ജനകീയവല്‍ക്കരണവും വഹിച്ച പങ്കും ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങള്‍ മാത്രം.ആസൂത്രിതമായി പടച്ചെടുത്ത ഈ മിത്തുകളില്‍ ഒന്നു തന്നെയാണ് സ്വവര്‍ഗ്ഗ ലൈംഗികത സ്നേഹത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും ഊഷ്മളതയുള്ള സ്വാഭാവികമായ മറ്റൊരു ലൈംഗിക സംസ്ക്കാരമാണെന്ന വാദവും. പൊതു സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലും സംസ്‌ക്കാരത്തിലും മതകീയാശയങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആഴത്തില്‍ വേരുകളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് പോലും സ്വവര്‍ഗ്ഗ രതിക്കനുകൂലമായി നീതിപീഠം വിധിപ്രസ്താവം നടത്തിയ ദുരനുഭവം മുമ്പ് അരങ്ങേറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം നിലവില്‍ ശാസ്ത്ര-സാങ്കേതികതകളുടെ വൈജയന്തി വാഹകരായി അഭിരമിക്കുന്നവര്‍ തെറ്റിദ്ധരിപ്പിച്ചും പുകമറകള്‍ സൃഷ്ടിച്ചും ലോകത്തൊട്ടാകെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വികലമായ ഇത്തരം ആശയങ്ങള്‍ തന്നെയാണ്. സമൂഹത്തിന്റെ ജിഹ്വയായ മാധ്യമങ്ങളിലും ഇത്തരം ആശയത്തിന്റെ പ്രയോക്താക്കള്‍ മുഖ്യധാരയായിത്തന്നെ നിലകൊള്ളുന്നത് മൂലം ഇവയുടെ പ്രചാരണം അനായാസമായിത്തീരുന്നത് കൊണ്ടാണ് സ്വവര്‍ഗ്ഗ രതി പോലെ സാമൂഹികവും സാംസ്‌ക്കാരികവും ധാര്‍മ്മികപരവുമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ളതും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തുന്നതും മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ അപായഭീഷണി മുഴക്കുന്നതുമായ ഒരു നൃശംസനീയതയെ പിന്തുണക്കാനും അതിനെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി പരിഗണിക്കാനും ആളുകളുണ്ടാവുന്നത്.
സ്വവര്‍ഗ്ഗ രതിക്കാരുടെ പൊതു നാമമായ LGBT എന്ന അക്ഷരങ്ങളെ ചേര്‍ത്തു വെക്കുന്നതില്‍ തന്നെയുണ്ട് അതിനിഗൂഢമായൊരു തെറ്റിദ്ധരിപ്പിക്കലിന്റെ രാഷ്ട്രീയം. ഇതിലെ L,G എന്നീ ശബ്ദങ്ങള്‍ പ്രതിനിധീകരിക്കുന്ന LESBIAN, GAY വിഭാഗക്കാര്‍ സ്വന്തം ലിംഗത്തോടു തന്നെ ലൈംഗിക താല്‍പര്യം കാണിക്കുകയെന്ന സ്വഭാവ വൈകൃതം ബാധിച്ചവരും B,T എന്നീ അക്ഷരങ്ങള്‍ പ്രതിനിധീകരിക്കുന്ന BISEXUAL, TRANSGENDER എന്നീ വിഭാഗങ്ങള്‍ സ്വാഭാവിക ലിംഗങ്ങളായി പൊതുവെ ഗണിക്കപ്പെട്ടു പോരുന്ന ആണ്‍, പെണ്‍ വൃത്തത്തില്‍ നിന്ന് പ്രകൃത്യാ പുറത്താകാന്‍ വിധിക്കപ്പെട്ടവരുമാണ് എന്നിരിക്കെ ഇവരെ ചേര്‍ത്തു വായിക്കുകയും ഇവരുടെ പ്രശ്‌നങ്ങളെ സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? പ്രകൃത്യായുള്ള വൈകല്യത്തിനോ പിന്നാക്കാവസ്ഥക്കോ സമാനമാണ് സമൂഹത്തില്‍ അതിഭീതിദമായ അവസ്ഥാ വിശേഷങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിത്തീരുന്നതും അടിയന്തിരമായി ചികിത്സ തേടി ഭേദമാക്കേണ്ടതുമായ ഒരു രോഗാവസ്ഥയും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ എങ്ങനെയാണ് തലച്ചോറിന്‍റെ ധര്‍മ്മം മുട്ടുകാലിന് വിട്ടുകൊടുക്കാത്ത മനുഷ്യര്‍ക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുക? സ്വലിംഗത്തില്‍ പെട്ടവനോട് ലൈംഗിക താല്‍പര്യം തോന്നുന്നത് അംഗീകരിച്ചു കൊടുക്കേണ്ട സ്വാഭാവികതയും വകവെച്ചു കൊടുക്കേണ്ട അവകാശവുമാണെങ്കില്‍ മോഷണഭ്രമം ബാധിച്ചവനെ(KLEPTOMANIAC)യും കൊലപാതകഭ്രമം ബാധിച്ചവനെയു(DECNOMANIAC)മൊക്കെ ഏത് ഗണത്തിലാണാവോ ഇത്തരം അതിബുദ്ധിശാലികള്‍ എണ്ണുന്നത്. ഈ സ്വഭാവവൈകൃതത്തെപ്പോലെത്തന്നെ സമൂഹത്തിനും പ്രകൃതിക്കും അപകടകരമാണ് ഇതിനെ ഒരവകാശമായി ഉയര്‍ത്തിക്കാട്ടുന്നവരും എന്നു കൂടി ഈ സന്ദര്‍ഭത്തില്‍ പറയാതെ വയ്യ.
അന്തര്‍ദേശീയ തലത്തില്‍ തന്നെ ഒരു സമാന്തര ശാസ്ത്ര സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്നത് എന്തു കൊണ്ടും അനുപേക്ഷിണീയമായൊരു അതിനിര്‍ണ്ണായക ദശാസന്ധിയാണിത് എന്ന യാഥാര്‍ത്ഥ്യത്തിനാണ് ഇത് അടിവരയിടുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ബഹുദൂരം മുന്നേറിയ പ്രദേശങ്ങളില്‍ നിന്നും ജീവിത പരിസരങ്ങളില്‍ നിന്നും ഇസ്ലാമിലേക്ക് ജനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം നാഥനായ തമ്പുരാന്‍ ഒരു സമൂഹത്തെ നശിപ്പിച്ചൊടുക്കാന്‍ ഹേതുകമായിത്തീരുകയും വ്യഭിചാരത്തേക്കാള്‍ വലിയ വിപത്തായി തിരുദൂതര്‍(സ) പലവുരു മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ഒരു കൊടിയ പാപം നിഷിദ്ധമായതിന്റെ കാര്യകാരണങ്ങള്‍ കണ്ടെത്തി വിശദീകരിക്കാന്‍ മതപ്രബോധനമെന്ന നിര്‍ബന്ധ ദൗത്യം പേറുന്ന ഓരോ വിശ്വാസിക്കും ബാദ്ധ്യതയില്ലേ....? പരമ്പരാഗത വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശറഇന്റെ പ്രത്യക്ഷ പാഠനങ്ങള്‍ ധാരാളമാണ് എന്നിരിക്കെത്തന്നെ ഇത്രമാത്രം പുരോഗതി പ്രാപിച്ചൊരു കാലഘട്ടത്തില്‍ യുക്ത്യാനുസൃതം പ്രബോധന ദൗത്യം നിര്‍വ്വഹിക്കുക എന്ന ദൈവിക നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ നമ്മുടെ മഹോന്നതരായ മുന്‍ഗാമികള്‍ പാതിവഴിയിലുപേക്ഷിച്ചു പോയ വൈജ്ഞാനിക വിപ്ലവമെന്ന മഹാദൗത്യത്തിന്റെ പൂര്‍ത്തീകരണം തീര്‍ച്ചയായും ഇടം പിടിക്കേണ്ടതല്ലേ....
ശാസ്ത്രത്തെ കുത്തകയാക്കി വെച്ച് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് തിരിച്ചടി നല്‍കാന്‍ മാത്രമല്ല കാലാതിവര്‍ത്തിയായ സത്യത്തിന്റെ പക്ഷത്താണ് നാം നിലയുറപ്പിച്ചിരിക്കുന്നതെന്നും ആത്യന്തിക വിജയത്തിന് ആലംബമാക്കാന്‍ പറ്റിയ ഏക മാര്‍ഗ്ഗം അതു മാത്രമാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനും ഇത്തരമൊരു വിപ്ലവം സുസാദ്ധ്യമാക്കുക തന്നെ വേണം. വൈജ്ഞാനീയങ്ങളുടെ നിറകലവറയായ ഒരു ദൈവിക ഗ്രന്ഥവും യുക്തിഭദ്രവും സാര്‍വ്വകാലീനവുമായ ആശയധാരയുള്ള ഒരു നിയമ സംഹിതയും കൂടെയുള്ളപ്പോള്‍ ഉത്തരാധുനിക യുഗത്തിന്‍റെ സൗകര്യങ്ങളുപയോഗപ്പെടുത്തി ഇത്തരമൊരു അതിബൃഹത്തായ ഉദ്യമത്തിനായി ഇറങ്ങിപ്പുറപ്പെടാന്‍ ഇനിയും വൈമനസ്യം കാണിച്ചു കൂടാ. അല്ലാത്ത പക്ഷം ഇതേ ശാസ്ത്രത്തിന്റെ തന്നെ ചുവടു പിടിച്ച് പ്രകൃതി വിരുദ്ധവും ദൈവ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നതിന് നിസ്സഹായരും കുറ്റകരമാം വിധം നിശ്ശബ്ദരുമായ സാക്ഷികളായിത്തീരാനുള്ള വിധിയാണ് നമ്മെയും പിന്‍തലമുറകളെയും കാത്തിരിക്കുന്നത് എന്നത് നാമേവരും ഗൗരവപൂര്‍വ്വം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
Leave A Comment