ഈ വായനാദിനത്തില്‍ ഇമാം സുയൂഥിയെ വായിക്കാം
മുസ്‌ലിം വായനാ ലോകത്ത് അക്ഷരങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത യുഗപ്രതിഭയാണ് ഇമാം സുയൂഥി. അഞ്ഞൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച് നൂറിലേറെ ഗുരുക്കളില്‍നിന്നും വിദ്യ നുകര്‍ന്ന അദ്ദേഹം മുസ്‌ലിം രചനാലോകത്തെ അല്‍ഭുതമാണ്. ഈ വായനാദിനത്തില്‍ നമുക്ക് ഇമാം സുയൂഥിയുടെ വായനാലോകം പരിചയപ്പെടാം:
ഇസ്‌ലാമിക പണ്ഡിത ലോകത്തെ വേറിട്ടൊരു അദ്ധ്യായമാണ് ഇമാം സുയൂഥി (എഡി. 1445-1505/ഹി. 849-911). പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഈജിപ്തില്‍ ജനിച്ച അദ്ദേഹം അറിവിന്റെയും അക്ഷര വിപ്ലവത്തിന്റെയും പുതിയൊരു ജാലകം ലോകത്തിനു മുമ്പില്‍ തുറന്നുവെച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മുസ്‌ലിം ലോകം ക്ഷയം നേരിട്ടുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഈജിപ്തിന്റെ സ്ഥിതിയും ഇതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. പക്ഷെ, ഡമസ്‌കസിന്റെയും ബാഗ്ദാദിന്റെയും തകര്‍ച്ചയില്‍നിന്നും പ്രതിരോധത്തിന്റെ കരുത്ത് കൈവരിച്ച ഈജിപ്ത് വൈജ്ഞാനിക മേഖലയില്‍ കുതിപ്പിന്റെ ചുവടുകള്‍ വെച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. വൈജ്ഞാനിക വിപ്ലവത്തിന്റെ മൂല സ്രോതസുകളായ ഗ്രന്ഥപ്പുരകളും പണ്ഡിതന്മാരും ചെറിയതല്ലാത്ത തോതില്‍ അവിടെയുണ്ടായിരുന്നു. അവിടെനിന്നാണ് അന്നത്തെ അറിയപ്പെട്ട ഒരു പണ്ഡിതന്റെ മകനായി പിറന്ന ഇമാം സുയൂഥി പാണ്ഡിത്യത്തിന്റെ കുലപതിയായി ഉയര്‍ന്നുവരുന്നത്.
അറിവിലും അറിവിന്റെ വ്യാപനത്തിലും സുയൂഥി കുറിച്ച മുദ്രകള്‍ ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇസ്‌ലാമിക ലോകത്ത് പ്രമുഖമായി പരിഗണിക്കപ്പെട്ട സപ്ത വിജ്ഞാന ശാഖകളില്‍ സാഗര സമാനമായി അറിവ് കൈവരിച്ച അദ്ദേഹം ഈ വിശയങ്ങളിലെല്ലാം തന്റെ കാലത്തെ ഏറ്റവും അവഗാഹമുള്ള ജ്ഞാനിയായിരുന്നു. ഗ്രന്ഥരചനയില്‍ അല്‍ഭുതകരമായ വിപ്ലവം തീര്‍ത്തുകൊണ്ട് വിവിധ വിജ്ഞാന ശാഖകളിലായി ശ്രദ്ധേയമായ ആയിരത്തിലേറെ രചനകള്‍ അദ്ദേഹം നടത്തത്തി. അതിലല്‍ വലിയൊരു അളവോളം ഗ്രന്ഥങ്ങള്‍ ലോകത്തിന്റെ തന്നെ ഗതി നിര്‍ണയിക്കാന്‍ മാത്രം കെല്‍പുള്ള ഗഹന രചനകളായിരുന്നു. അങ്ങനെയാണ് ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ മുജ്തഹിദും മുജദ്ദിദുമായി അദ്ദേഹം രംഗപ്രവേശം ചെയ്യന്നത്.
പണ്ഡിത ലോകത്ത് അനവധി ഗവേഷണ പഠനങ്ങള്‍ നടന്ന വിഷയമാണ് ഇമാം സുയൂഥിയും തന്റെ വൈജ്ഞാനിക നവോത്ഥാന സംരംഭങ്ങളും. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അറബ് സാഹിത്യം തുടങ്ങിയ മേഖലകളില്‍ തന്റെ സംഭാവനകള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം അനവധി പുറത്തുവന്നിട്ടുണ്ട്. മുസ്‌ലം ലോകത്തെ പല യൂണിവേഴ്‌സിറ്റികളിലും ഇത്തരം റിസര്‍ച്ചുകള്‍ നടന്നതായി കാണാം. അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്ന രചനകളും ധാരാളമാണ്.
സുയൂഥി തന്റെ ചരിത്രം സ്വന്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറെ വിസ്മയകരമായ ഒരു വസ്തുത. ഹുസ്‌നുല്‍ മുഹാളറ, അത്തഹദ്ദുസു ബി നിഅ്മത്തില്ലാഹ് എന്നിവ തന്റെ ആത്മകഥാംശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന രചനകളാണ്. അല്‍ ഇത്ഖാന്‍, അല്‍ ഹാവീ ലില്‍ ഫതാവാ തുടങ്ങിയ തുടങ്ങി അദ്ദേഹത്തിന്റെ മറ്റു പല രചനകളിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും.
കൂടാതെ, തന്റെ പ്രഗല്‍ഭരായ പല ശിഷ്യന്മാരും വളരെ അടുത്ത മറ്റുള്ളവരും സുയൂഥിയുടെ ജീവചരിത്രം സമാഹരിച്ചുകൊണ്ട് രചനകള്‍ നത്തുകയും ചെയ്തതായി കാണാം. അബ്ദുല്‍ ഖാദിര്‍ അശ്ശാദുലിയുടെ ബഹ്ജത്തുല്‍ ആബിദീന്‍, ശഅ്‌റാനിയുടെ ഥബഖത്തു സ്സ്വഗ്‌റാ, ഇബ്‌നുല്‍ ഇമാദിന്റ ശദ്‌റാത്തു ദ്ദഹബ്, അല്‍ ഐദറൂസിയുടെ അന്നൂറു സ്സാഫിര്‍, നജ്മുദ്ദീന്‍ അല്‍ ഗസ്സിയുടെ അല്‍ കവാക്കിബു സ്സാഇറ: തുടങ്ങിയവ ഉദാഹരണം.
എന്നാല്‍, മലയാളത്തില്‍ സുയൂഥിയുടെ ജീവിതവും സംഭാവനകളും അനാവരണം ചെയ്യുന്ന ലക്ഷണമൊത്തൊരു രചന ഇല്ലെന്നുതന്നെ പറയാം. എന്നാല്‍, അദ്ദേഹത്തിന്റെ മൗലിക രചനകള്‍ ഇവിടെ വ്യാപകമായി പഠിപ്പിക്കപ്പെടുകയും മുദ്രണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നത് ഏവര്‍ക്കുമറിയുന്ന വസ്തുതയും. ഗ്രന്ഥങ്ങളിലൂടെ വായിച്ച സുയൂഥിയെ വ്യക്തിപരമായി അറിയല്‍ ആ പാണ്ഡിത്യത്തിന്റെ ഗഹനത തിരിച്ചറിയാന്‍ ഏറെ സഹായകമാകും.
Leave A Comment