ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുമായുള്ള അഭിമുഖം. 23/11/2014-ന് ഇന്ത്യന്‍ എക്സ്‍പ്രസ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞമാസം മഹാരാഷ്ട്രയിലെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ എന്ന രാഷ്ട്രീയ സംഘടനയെയും അതിന്റെ നേതാവ് അസദുദ്ദീന്‍ ഉവൈസിയും വീണ്ടും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതുവരെ സെക്യൂലര്‍ കക്ഷികളുടെ അവഗണനക്കും വര്‍ഗീയ പാര്‍ട്ടികളുടെ പീഡനങ്ങള്‍ക്കുമിരയായ ഉത്തരേന്ത്യന്‍ മുസ്‍ലിമിന് പുതിയ ആശ നല്‍കുന്നതായിരുന്നു മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള രണ്ട് എം.എൈ.എം. സ്ഥാനാര്‍ഥികളുടെ വിജയം. പാര്‍ട്ടിയുടെ ജന്മദേശമായ ആന്ധ്രയിലെയും തെലുങ്കാനയിലെയും പ്രകോപനപരമായ പ്രസംഗം നടത്തുന്ന ‘ഒരു മുസ്‍ലിം വര്‍ഗീയ’പാര്‍ട്ടിയെന്ന മാധ്യമ ലേബലില്‍ നിന്നും ഇന്ത്യന്‍ മുസ്‍ലിംകളുടെ ദേശീയ ശബ്ദമായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഉവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തെളിച്ചിരിക്കുകയാണ്. അടുത്ത ഇലക്ഷനില്‍ യു.പിയിലും ബംഗാളിലും കൂടി മത്സരത്തിനിറങ്ങുമെന്ന് ഉവൈസി പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്‍ലിംകള്‍ ഒന്നിക്കണമെന്നും ബി.ജെ.പിയുടെ വര്‍ഗീയതയോടെന്നപോലെ കോണ്‍ഗ്രസിന്റെ അവഗണനക്കെതിരെയും ശബ്ദിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ശുഭാംഗി ഖാപ്രെ: പല രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു എം.എൈ.എം.(MIM) ഇന്ത്യയുടെ സാമുഹ്യ ഭദ്രതക്ക് ഭീഷണിയാണെന്ന്? എന്താണ് താങ്കളുടെ രാഷ്ട്രീയം
മഹാരാഷ്ട്രയിലൊരു വിശ്വസനീയമായ മുസ്‍ലിം ശബ്ദം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ സ്വാഭാവികമായും മുസ്‍ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അവരുടെ നിലപാടില്‍ മാറ്റം വന്നു. അവര്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിത്തുടങ്ങി. കോണ്‍ഗ്രസിന്റെ പിടിപ്പുകേട്, അഴിമതി, നിരപരാധികളായ മുസ്‍ലിം യുവാക്കളെ തീവ്രവാദ കേസുകളിലുള്‍പെടുത്തി ജയിലിലടക്കല്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഈ മാറ്റത്തിന് പിന്നിലുണ്ട്. എല്ലോറ ആയുധ ഇടപാട് കേസില്‍ 10 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഒരു യുവാവിന്റെ കുടുംബത്തെ ഈയടുത്ത് സന്ദര്‍ശിച്ചിരുന്നു. അവന്‍റെ സഹോദരന്‍ ഡോക്ടറായിരുന്നു. ഇപ്പോ അവന്‍ പറയുന്നു, ഡോക്ടറേക്കാള്‍ നല്ല ഒരു വക്കീലായി തന്റെ സഹോദരന്‍ മാറിയിരിക്കുന്നുവെന്ന്. രാഷ്ട്രീയമായി മുസ്‍ലിംകളുടെ പ്രാതിനിധ്യം വളരെ കുറവാണെങ്കിലും ജയിലുകളില്‍ അവരാണ് കൂടുതല്‍.
ഞങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 3-4 വര്‍ഷമായി. ഈ സമയത്ത് മനസിലാക്കിയ കുറച്ച് കാര്യങ്ങളുണ്ട്; സമാജ് വാദി പാര്‍ട്ടിയിലുള്ള വിശ്വാസം മുസ്‍ലിംകള്‍ എന്നോ ഉപേക്ഷിച്ചിട്ടുണ്ട്. മുസ്‍ലിം ക്ഷേമത്തിനായി ഒന്നും ചെയ്യാതെയായിരുന്നു കോണ്‍ഗ്രസ് ഇത്രകാലം അവരോട് വോട്ട് ചോദിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയും വിജയം നേടിയിട്ടില്ല. സെക്യൂലര്‍ പാര്‍ട്ടികള്‍ക്ക് മുസ്‍ലിംകള്‍ വോട്ടു നല്‍കുന്നുണ്ടെങ്കിലും മുസ്‍ലിം സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കി ജയിപ്പിച്ചെടുക്കാനുള്ള ശ്രമമൊന്നും അവരില്‍ നിന്ന് ഉണ്ടാകുന്നില്ലെന്ന് മുസ്‍ലിംകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
55 വര്‍ഷമായി എം.ഐ.എം(ആന്ധ്രയില്‍) സജീവ രാഷ്ട്രീയത്തിലെത്തിയിട്ട്. ഞങ്ങളുടെ പാര്‍ട്ടിയോട് നിങ്ങള്‍ക്ക് ഒരുപക്ഷെ എതിര്‍പ്പ് കാണും, അതേസമയം ആന്ധ്രയിലെ മുസ്‍ലിംകളുടെ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റം രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. അതിന്റെ ക്രെഡിറ്റ് മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന് ആണ്. ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമ്പോള്‍ തന്നെയാണ് ഞങ്ങള്‍ ഇവിടെ വിവിധ വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്.
ഞാന്‍ ഒരു മുസ്‍ലിം ആണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ശബ്ദിക്കുന്നത് മുസ്‍ലിം സമുദായത്തിന്റെ ശാക്തീകരണത്തിനു വേണ്ടിയാണ്. അതിലെന്താണ് തെറ്റ്. മഹാരാഷ്ട്ര നിയസഭയില്‍ ഞങ്ങളുടെ വിജയം ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തിന്റെ ശക്തിയായാണ് കാണേണ്ടത്. ഇവിടെ ഞങ്ങളെപ്പോലെയുള്ള ചെറിയ പാര്‍ട്ടിക്ക് ബി.ജെ.പിയെപ്പോലോത്ത വലിയ പാര്‍ട്ടികളെ ഒറ്റക്ക് നേരിടാന്‍ സിധിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ജനങ്ങള് ഞങ്ങളെ ദേശവിരുദ്ധരായാണു നോക്കിക്കാണുന്നത്.
സ്മിതാ നായര്‍: എം.ഐ.എമിനെതിരെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ആരോപണമാണ് പ്രകോപനപരമായ പ്രസംഗം നടത്തുന്നുവെന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഉവൈസി സഹോദരന്മാര്‍ അങ്ങനെയൊരു പ്രകോപനപരമായ ഇമേജ് സൃഷ്ടിക്കുന്നത്?
മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് കാലയളവില്‍ ഞങ്ങള്‍ക്ക് എവിടെ പൊതുപരിപാടിക്കു പോകുമ്പോഴും 149 (സി.ആര്‍.പി.സി)പ്രകാരമുള്ള നോട്ടീസ് ലഭിച്ചിരുന്നു. ഇത് മറ്റൊരു പാര്‍ട്ടി നേതാക്കള്ക്കും നല്‍കിയിരുന്നില്ല. ഇതിനു പുറമെ എന്റെ മുഴുവന്‍ പ്രസംഗങ്ങളും പൊലീസും എതിരാളികളും പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യുകയും ചെയ്യാറുണ്ട്. നിങ്ങള്‍ ഈ പറയുന്ന പ്രകോപനം നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്. ഞങ്ങള്‍ ക്ഷുഭിതരല്ല. ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന വിഭാഗം എന്തു ചിന്തിക്കുന്നു എന്ന് പുറത്ത് പറയുകമാത്രമാണ് ചെയ്യുന്നത്.
സീഷാന്‍ ഷെയ്ഖ്: മുസ്‍ലിംകള്‍ ഐക്യപ്പെടുന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നുണ്ടോ?
അവര്‍ പേടിക്കണം. ഇക്കാലമത്രയും മുസ്‍ലിം സമുദായവും രാഷ്ട്രീയക്കാരും ഇഫ്താര്‍ നടത്താനുള്ളവരോ അജ്മീരില്‍ പുതപ്പു വിരിക്കാനുള്ളവരോ ബിരിയാണി വെക്കാനുള്ളവരോ ആയിരുന്നു. അപ്പോഴൊക്കെ മുസ്‍ലിം നേതൃത്വം എവിടെയായിരുനന്നു. രാഷ്ട്രീയ യജമാനന്മാര്‍ക്ക് അടിമപ്പണി ചെയ്യുകയായിരുന്നു അവര്‍. ഇതാണ് ഒരു മുസ്‍ലിം നേതാവിന്റെ മൂല്യമെങ്കില്‍ എനിക്കാ സ്ഥാനം വേണ്ട. ഞാന്‍ എപ്പോഴും മുസ്‍ലിം കളോട് പറയുന്ന ഒരു കാര്യമുണ്ട്; നമ്മള്‍ മതേതരത്തിന്റെ കൂലിതൊഴിലാളികളല്ല. കാലങ്ങളായി മതേതരത്വത്തിന്റെ ഭാരം ചുമയ്ക്കാന്‍ വിധിക്കപ്പെട്ടവരാണു നാം. നമ്മള്‍ ഒറ്റക്ക് സഹിക്കേണ്ടതല്ല ഈ ദുരിതം.
കവിത അയ്യര്‍: രാജ്യത്തിന്റേയോ ഒരു ഹിന്ദുവിന്റെയോ ആവറേജ് പുരോഗതിക്കും പുറകിലാണു തങ്ങളെന്നു മുസ്ലിം വോട്ടര്‍ മനസിലാക്കുന്നുണ്ടോ?
. മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന്റെ നിലിനില്പിനു ധ്രൂവീകരണം അത്യാവശ്യ ഘടകമാണോ?
മറ്റു സമൂഹങ്ങളെപ്പോലെ മുസ്‍ലിംകള്‍ക്കും ആഗ്രഹങ്ങളുണ്ട്. കുട്ടികളെ വിദ്യാസമ്പന്നരാക്കാന്‍ അവരാഗ്രഹിക്കുന്നു സര്‍ക്കാര്‍ പദ്ധതികളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അവര്‍ ശ്രമിക്കുന്നു.അനാവശ്യമായി പൊലിസ് പിടിച്ചുകൊണ്ടുപോകുന്നതില്‍ അവര്‍ക്ക് ഉതകണ്ഠയുണ്ട്. തങ്ങളെ മാത്രം എന്തുകൊണ്ട് അകാരണമായി കേസില്‍ പെടുത്തുന്നു. മറ്റു വിഭാഗം ജനങ്ങള്‍ വസിക്കുന്ന മണ്ഡലങ്ങളില്‍ നിരത്തുകള്‍ മികച്ചുനില്ക്കുമ്പോള്‍ തങ്ങളുടേതുമാത്രം എന്തുകൊണ്ടു തകര്‍ന്നു കിടക്കുന്നു. അവര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ് (സമുദായം അഭിമുഖീകരിക്കുന്ന പ്രശനങ്ങളെ അഡ്രസ് ചെയ്യാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്)
മാനസി പാണ്ഡെ: ഇന്ത്യയില്‍ ബി.ജെ.പി അല്ലെങ്കില്‍ എം.ഐ.എം പോലോത്ത മതാധിഷ്ടിത പാര്‍ട്ടികള്‍ ആവശ്യമുണ്ടോ?
ഇന്ത്യയില്‍ ശരീഅ നിയമം നടപ്പിലാക്കാനല്ല ഞാന്‍ ആവശ്യപ്പെടുന്നത്, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സൌകര്യങ്ങളും അനുവദിച്ച് തരാനാണ്. ഇസ്‍ലാമിന്റെ പേരില്‍ ഞാന്‍ വോട്ട് ചോദിക്കുന്നുമില്ല. പാര്‍ലമെന്റിലും നിയമസഭകളിലും ഞങ്ങളുടെ സമൂഹത്തിന്റെ പ്രാതിനിധ്യമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളെയും ബി.ജെ.പിയെയും താരതമ്യം ചെയ്യുന്നത് ശരിയല്ല. ബി.ജെ.പിയെക്കുറിച്ച് കൂടുതലറിയണമെങ്കില്‍ അവരുടെ ഗുജറാത്ത് ഘടകം വെബ്സൈറ്റില്‍ ദീന്‍ദയാല്‍ ഉപാധ്യായ കുറിച്ച തിയറി വായിച്ചാല്‍ മതി. രണ്ട് മുസ്‍ലിംകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ അവിടെ എന്തോ പന്തികേടു നടക്കാന്നുവെന്നാണ് അര്‍ഥം. അവരെ വിശ്വസിക്കരുതെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കുന്ന നിര്‍ദേശം.
ശുഭാംഗി കാപ്രെ: മാറണമെന്ന് പറയുമ്പോള്‍ സമുദായത്തിനകത്ത കടുത്ത മനോഗതിക്കാര്‍ എതിര്‍പ്പുമായി വരാറുണ്ടോ?
മതപണ്ഡിതര്‍ക്ക് ഞങ്ങളുടെ മേല്‍ നിയന്ത്രണമില്ല. ഞങ്ങള്‍ സ്വതന്ത്രരാണ്. അവര്‍ക്ക് എന്നെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെങ്കില്‍ ഈ പണി നിര്‍ത്തി ഞാന്‍ വീട്ടിലിരിക്കും. ഈ ചൌദരിമാര്‍സമുദായത്തെ പ്രതിനിധീകരിക്കുന്നവരല്ല. ഒരാള്‍ പള്ളിയെ ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റൊരാള്‍ ഏതെങ്കിലും മൈതാനം മുസ്‍ലിംകളെക്കൊണ്ട് നിറക്കുന്നു എന്നു മാത്രം. ഇന്‍ഷാ അല്ലാ ഞങ്ങള്‍ ഞങ്ങളുടെ വഴിയെ തന്നെ നീങ്ങും.
ആമിര്‍ ഖാന്‍: മോദിയെ കുറിച്ച് എന്താണ് അഭിപ്രായം? അദ്ദേഹം മുസ്‍ലിംകള്‍ക്ക് ഭീഷണിയാണോ?
പ്രധാനമന്ത്രി പറയുന്നു നമ്മള്‍ പ്ലാസ്റ്റിക് സര്‍ജറിയും കോശ ഗവേഷണവും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പെ നടത്തിയിട്ടുണ്ടെന്ന്. ഞാനാണ് അത്തരമൊരു പ്രസ്താവന നടത്തിയത് എങ്കില്‍ മാധ്യമങ്ങള്‍ എനിക്കെതിരെ എപ്പോഴോ രംഗത്തിറയിട്ടുണ്ടാകും. കേവലമൊരു ഭരണനിര്‍വാഹകന്‍ എന്നതിലപ്പുറം പ്രധാനമന്ത്രി ഉയരേണ്ടതുണ്ട്. ഭരണനിര്‍വഹണം മാത്രമാണ് ഒരു പ്രധാനമന്ത്രിയുടെ യോഗ്യതെയങ്കില്‍ നമുക്ക് ഏതെങ്കിലും ഐ.എ.എസ് ഓഫീസറെ ആ സ്ഥാനത്ത് പിടിച്ചിരുത്താമായിരുന്നു. ബുദ്ധമതത്തിന്റെ കളിത്തൊട്ടിലായ ഇന്ത്യയുടെ പ്രധാനമന്ത്രി ജപ്പാനില്‍ പോയി അവിടത്തെ പ്രധാനമന്ത്രിക്ക് നല്‍കുന്നത് ഭഗവത് ഗീതയാണ്. ബുദ്ധമതത്തിന്റെ സാംസ്കാരിക പ്രതീകങ്ങളല്ലേ അദ്ദേഹം അവര്‍ക്ക് സമ്മാനിക്കേണ്ടത്. ഇന്ത്യന്‍ മുസ്‍ലിംകള്‍ ഇസ്‍ലാമിക് സ്റ്റേറ്റില്‍ ചേരില്ല എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ തന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി എം.പി നേരെ മറിച്ച് പ്രസ്താവനയിറക്കുന്നത്. ഇതുവഴി തന്റെ വോട്ട്ബാങ്കിനെ സന്തോഷിപ്പിക്കുക മാത്രമാണ് മോദി ചെയ്യുന്നത്. മുസ്‍ലിംകള്‍ക്ക് നേരെ ഭീഷണി വരുമ്പോഴൊക്കെ അതിനെ സംശയത്തോടെ തന്നെയാണ് ഇവിടെ വീക്ഷിക്കപ്പെടുന്നത്.
ഗുജറാത്തിലെ മോദിയുടെ കൃത്യങ്ങളെ കുറിച്ച് പറയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഇഷ്റത് ജഹാനെക്കുറിച്ചോ ഇഹ്സാന്‍ ജാഫ്റിയെക്കുറിച്ചോ ആരും സംസാരിച്ചുകൂടാ. പുസ്തകം വില്‍പന ലക്ഷ്യവെക്കുന്ന ചിലമാധ്യമ പ്രവര്‍ത്തകരാകട്ടെ അതിലൊന്നും മോദിയെ പ്രതിചേര്‍ക്കരുതെന്ന് പറയുന്നു. അദ്ദഹത്തിന് അന്ന് ഭരണപരിചയമില്ലായിരുന്നതാണ് അതിന് ന്യായം പറയുന്നത്. ഇതൊക്കെ മാറ്റിനിര്‍ത്തി അദ്ദേഹത്തിന്റെ പാര്‍ട്ടി എന്തുപറയുന്നു എന്നൊന്ന് നിങ്ങള്‍ നോക്കുക. ആര്‍.എസ്.എസ് നേതാവ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്നാണ് വിളിക്കുന്നത്. ബാബരി മസ്ജിദ് പ്രശ്നത്തിന് 2019 ഓടെ പരിഹാരം കണ്ടെത്താമെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നു. ഞാനല്ല, മറിച്ച് ഈ രാജ്യമാണ് മോദിയുടെ കാര്യത്തില്‍ തീരുമാനം പറയേണ്ടത്.
സീഷാന്‍ ഷെയ്ഖ്: ജപാന്‍ പ്രധാനമന്ത്രിക്ക് മോദി ഗീത സമ്മാനിക്കുന്നതില്‍ എന്താണ് തെറ്റ്?
മോദി സമ്മാനിക്കേണ്ടത് ഖുര്‍ആന്‍ ആണ് എന്നല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ ജപാനില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട എന്തെങ്കിലും സമ്മാനിക്കുകയാണെങ്കില്‍ അതായിരിക്കും കൂടുതന്‍ ഉചിതം. നമ്മള്‍ ഇതുവരെ ഒരു ഹിന്ദു രാഷ്ട്രമല്ല. മോദിക്ക് വേണമെങ്കില്‍ അദ്ദേഹത്തിന്റെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഭേദഗതിയിലൂടെ ഭരണഘടനയില്‍ നിന്ന് സെകുലര്‍ എന്ന പദം ഒഴിവാക്കാം എന്നു മാത്രം. മോദി വിദേശത്ത് പോകുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ്. ഏതെങ്കിലും മതത്തിന്റെ പ്രധാനമന്ത്രിയായല്ല. ഇന്ത്യ മതേതരമാണ്. കാരണം 31 ശതമാനം വോട്ട് മാത്രമാണ് (അയാള്‍)നേടിയിട്ടുള്ളത്. നിലവിലെ തെരെഞ്ഞെടുപ്പ് രീതിയോട് എനിക്ക് യോജിക്കാനാവില്ല. ആകെ 31 ശതമാനം മാത്രം വോട്ടുള്ള പാര്‍ട്ടിയെ പാര്‍ലമെന്റിലെ 50 ശതമാനം സീറ്റ് നേടാന്‍ പ്രാപ്തമാക്കുന്നതാണ് നിലവിലെ രീതി.
കവിത അയ്യര്‍: അടുത്ത ഇലക്ഷനില്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് മത്സരിക്കാന്‍ പദ്ധതിയുള്ളത്?
വെസ്റ്റ് ബംഗാളിലും ഉത്തര്‍ പ്രദേശിലും(മത്സരിക്കും). യു.പിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരുപാട് നാളായി. വരുന്ന ഇലക്ഷന്‍ മുലായം സിങ് യാദവിന് അത്ര സുഖകരമായിരിക്കില്ല. അവര്‍ അവിടെ കലാപം നടത്താന്‍ അനുവാദം നല്‍കിയവരാണ്. മുസ്‍ലിംകളെയും ദലിതരെയും മനപൂര്‍വം തമ്മിലടിപ്പിക്കുകയായിരുന്നു അവര്‍. മുസ്‍ലിംകള്‍ മുലായത്തിന് വോട്ടു നല്‍കിയെങ്കിലും സമാജ് വാദി പാര്‍ട്ടി നിയോഗിച്ച ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയും അവിടെ വിജയം കണ്ടിട്ടില്ല. സെകുലര്‍ പാര്‍ട്ടികള്‍ എവിടെയൊക്കെ അധികാരത്തിലുണ്ടോ അവിടെയൊന്നും മുസ്‍ലിം ക്ഷേമത്തിന് വേണ്ട ഒരു നടപടിയും ഉണ്ടായിട്ടില്ല. മുസ്‍ലിംകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ മമതാ ബാനര്‍ജിക്കും കഴിഞ്ഞിട്ടില്ല. പ്രസംഗത്തില്‍ അസ്സലാമു അലൈക്കും എന്നോ ആമീന്‍ എന്നോ പറയാന്‍ അവര്‍ ഉഷാറാണ്. കേവല പ്രതീകങ്ങള്‍ക്കപ്പുറം മുസ്ലിംകള്‍ വളര്‍ന്നിട്ടുണ്ട്.
അജ്ഞലി ലൂക്കോസ്: ലൌ ജിഹാദ് വിഷയത്തില്‍ നിലപാടെന്താണ്? മുസ്‍ലിംകള്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടോ?
ലൌ ജിഹാദ് ആര്‍.എസ്.എസിന്റെ തരം താണ ഐഡിയയാണ്. രണ്ടാളുകള്‍ സ്വന്തം താത്പര്യപ്രകാരം ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും. മുസ്‍ലിം സമൂഹത്തിന്റെ ഈ അവസ്ഥക്ക് ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തുകയാണ്. നമ്മള്‍ ഈ വിഷയത്തില്‍ ആക്ഷേപിക്കപ്പെടേണ്ടവര്‍ തന്നെയാണ്. നമുക്ക് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കേണ്ടതുത് അനിവാര്യമായി വരികയാണ്. എന്റെ മണ്ഡലത്തിലെ ആളുകളോട് ഞാന്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് നിങ്ങള്‍ പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചയക്കരുത്, മറിച്ച് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന്.
കവിത അയ്യര്‍: മുസ്‍ലിംകള്‍ക്കിടയില്‍ മതനേതൃത്വത്തിന് നല്ല സ്വാധീനമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. ഡല്‍ഹി ജുമാ മസ്ജിദിലെ ശാഹി ഇമാമിനെ പോലുള്ളവരെ കുറിച്ച് എന്ത് പറയുന്നു?
ഇസ്‍ലാമില്‍ പണ്ഡതിന്മാര്‍ക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നും വകവെച്ച് കൊടുക്കുന്നില്ല. അവര്‍ പ്രാര്‍ഥന പോലോത്ത കര്‍മങ്ങള്‍ക്ക് നേതൃതം നല്കുന്നു പോകുന്നു അത്രതന്നെ. രാഷ്ട്രീയ പാര്‍ട്ടികളാണ് അവര്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. ശാഹി ഇമാം എന്ന സ്ഥാനം തന്റെ ഭരണശേഷവും നിലനില്‍ക്കുമെന്നു ഷാജഹാന്‍ ചക്രവര്‍ത്തി അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്റെ അധികാരം സന്തോഷപൂര്‍വം ഉപേക്ഷിച്ച് സ്വയം ഷാഹി ഇമാമായേനെ. ജുമാ മസ്ജിദിലെ ഇമാം എന്നതില്‍ കവിഞ്ഞ് അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്. ഏതെങ്കിലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം അദ്ദേഹം സ്പോണ്‍സര്‍ചെയ്തിട്ടുണ്ടോ? ക്രിയാത്മകമായ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ശുഭാംഗി കാപ്രെ: കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ മുസ്ലിംകള്‍ എവിടെയാണു പിന്നാക്കമായിപ്പോയതെന്നാണു താങ്കള്‍ കരുതുന്നത്?
മുസ്‍ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഇതുവരേ ഗൌരവമായി പരിഗണിക്കപ്പട്ടിട്ടില്ല. അവര് രാഷ്ട്രീയ ടോക്കണുകള് മാത്രമായിരുന്നു. മൌലാനാ ആസാദ് ഹെ, ബസ് മൌലാനാ രഹേങ്കാ. (മൌലാനാ ആസാദ് ഉണ്ടായിരുന്നു. പക്ഷെ എന്നും മൌലാനാ ആസാദ് മാത്രം) മൌലാനാ ആസാദിനു ശേഷം ആരും രാഷ്ട്രീയ രംഗത്തേക്കു വന്നില്ല. വിഭജനമാണ് മുസ്‍ലിംകളുടെ പരിതാപാപാവസ്ഥക്കു കാരണമെന്ന് പറയപ്പെടുന്നുണ്ട്. അത് 60 വര്‍ഷം മുമ്പ് സംഭവിച്ചതല്ലേ. ഇപ്പോ എന്താണ് പ്രശ്നം. മുസ്‍ലിംകള്‍ക്ക് വേണ്ടി ഇക്കാലമത്രയും എന്താണ് നിങ്ങള്‍ ചെയ്തിട്ടുള്ളത്? എന്ത് കൊണ്ടാണ് നിങ്ങള്‍ ഹജ്ജ് സബ്സിഡിയും മദ്രസ ആധുനികവല്ക്കരണത്തിനു ഫണ്ടും അനുവദിക്കുന്നത്? അത്തരം ഫണ്ടിങ് നിര്‍ത്തലാക്കുക. അത് സമുദായത്തിനത്ര വലിയ നഷ്ടമൊന്നുമല്ല. എന്നിട്ട് ഞങ്ങളുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം അനുവദിക്കുക. ഞങ്ങളെ കൂടുതല്‍ സ്കൂളുകള്‍ നിര്‍മിക്കാന്‍ അനുവദിക്കുക.
സീഷാന്‍ ഷെയ്ഖ്: മുസ്‍ലിംകള്‍ക്ക് സംവരണം ഏര്‍പെടുത്തുന്നതിന് കുറിച്ച്?
സവരണത്തെ പൂര്‍ണമായി പിന്തുണക്കുന്നു. സംവരണത്തിലൂടെ മെച്ചപ്പെട്ട നിരവധി മുസ്‍ലിം ചെറുപ്പക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. കോളേജുകളില്‍ അഡ്മിഷന്‍ നേടാന്‍ കഴിയാത്ത നിര്‍ധനരായ മുസ്‍ലിം വിദ്യാര്‍ഥികള്‍ ഇപ്പോ ഇതാ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആയി പുറത്ത് വരുന്നു. സമുദായത്തിനു വിദ്യാഭ്യാസം കൂടുതല്‍ സാര്വത്രികമാക്കേണ്ടതുണ്ട്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കു മുന്നോടിയായി ഞാന്‍ മുസ്‍ലിം എം.പിമാരുടെ ഒരു സംഘത്തെ നയിച്ച് ഡല്‍ഹിയില്‍ ചെന്നിരുന്നു. പ്രിമെട്രിക്-പോസ്റ്റ് മെട്രിക് മൈനോരിറ്റി സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ഡിമാന്‍ഡ് ഡ്രൈവന്‍ സമ്പ്രദായം (ആവശ്യത്തിനനുസരിച്ച് അനുവദിച്ചു നല്‍കുന്ന രീതി) നടപ്പാക്കണമെന്നായിരുന്നു ഞങ്ങളുടെ നിര്‍ദേശം. അതേതുടര്‍ന്ന് പഠനം നടത്തിയ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് പ്രസ്തുത പദ്ധതിക്ക് 24,000 കോടി രൂപ ചെലവുവരുമെന്നാണ്. അതിനാല്‍ അത് നടപ്പാക്കാന്‍ കഴിയില്ലെന്നും. 24,000 കോടി എന്നത് ഇന്ത്യവാങ്ങുന്ന ഒരു അന്തര്‍വാഹിനിയുടെ പകുതി തുകയേ വരൂ. എന്താണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാത്തത്. മുസ്‍ലിംകള്‍ പഠിക്കാന്‍ സന്നദ്ധരാണ് പക്ഷേ വേണ്ട സൌകര്യങ്ങള്‍ അവര്‍ക്ക് നല്‍കപ്പെടുന്നില്ല.
സ്മിത നായര്‍: തീവ്രവാദം-ഇസ്‍ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണികളെ നിങ്ങള്‍ എങ്ങനെ നേരിടും?
ഇസ്‍ലാമിക് സ്റ്റേറ്റ് ഇസ്‍ലാമികമല്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതാണ്. ജിഹാദ് ചെയ്യാന്‍ വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ ദാരിദ്ര്യത്തിനും നിരക്ഷരതക്കുമെതിരെ ജിഹാദ് നടത്തൂ എന്നാണ് ഞാന്‍ യുവക്കളെ ഉപദേശിക്കാറ്. നിങ്ങള്‍ ജനാധിപത്യ രീതിയിലൂടെ ജിഹാദ് നടത്താന്‍ തയ്യാറുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീനില്‍ ചേരാം. അല്ലാതെ തീവ്രവാദ ഗ്രൂപ്പുകളെ സമീപ്പിക്കുകയല്ല വേണ്ടത്. ഇവിടെയുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ പോരാടുക. യുവാക്കള്‍ക്കിടയില്‍ ബൌദ്ധിക സംവാദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇസ്‍ലാമിക് സ്റ്റേറ്റ് ഇന്റര്‍നെറ്റ് വഴി അവരുടെ ആശയങ്ങള്‍ ശക്തമായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിലേക്ക് നമ്മുടെ യുവാക്കള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുകയാണ്. നമ്മള്‍ ഇസ്‍ലാമിക് സ്റ്റേറ്റഇനെ അപലപിച്ചാല്‍ മാത്രം പോരാ യുവാക്കള്‍ക്ക് വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കുകയും വേണം.
[caption id="attachment_41095" align="alignleft" width="335"]
സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിക്കൊപ്പം. തെലുങ്കാനാ എം.എല്‍.എയും നിയമസഭയിലെ എം.ഐ.എം നേതാവുമാണ് അക്ബറുദ്ദീന്‍ ഉവൈസി.[/caption]
സ്മിത നായര്‍: നരേന്ദ്ര മോദിയുമായി ഷെയ്ക്ക് ഹാന്റ് നടത്തുമോ?
അദ്ദേഹം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവിയിലിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ മാനിക്കും. അതേസമയം, എനിക്കദ്ദേഹത്തെ എതിര്‍ക്കാനുള്ള അവകാശവുമുണ്ട്. നാളെ ഞാന്‍ മുഖ്യമന്ത്രിയാവുകയും എന്റെ അധികാരപരിധിയില്‍ 5000 പേര്‍ കൊല്ലപ്പെട്ടെന്നും വിചാരിക്കുക. അതില്‍ നിങ്ങളുടെ അമ്മയോ അച്ഛനോ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റടുത്ത് ഷെയ്ക് ഹാന്റിന് വരുമോ? മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നത് വരെ ഗുജറാത്ത് എനിക്ക് മറക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ഞാന്‍ മാനിക്കുന്നുവെന്നത് അദ്ദേഹത്തിന് മുമ്പില്‍ ഞാന്‍ വണങ്ങി നില്‍ക്കുമെന്ന് അര്‍ഥമാക്കുരുത്.
സീഷാന്‍ ഷെയ്ഖ്: മുസ്‍ലിംകള്‍ക്ക് മറ്റു സമുദായങ്ങളില്‍ നിന്ന് വോട്ട് നേടുക ബുദ്ധിമുട്ടാണോ?
ഇലക്ഷന്‍ എന്നതു തന്നെ മുസ്‍ലിംകള്‍ക്ക് പ്രയാസമേറിയ കാര്യമാണ്. മുസ്‍ലിം ജനസംഖ്യ 30% ശതമനാത്തില്‍ കൂടുതല്‍ ഉള്ള മണ്ഡലങ്ങളില്‍ നിന്ന് മാത്രമാണ് ഒരു മുസ്‍ലിം പ്രതിനിധിക്ക് വിജയിക്കാന്‍ കഴിയുന്നത്. അഥവാ തന്റെ മണ്ഡലത്തിലെ മുസ്‍ലികളുടെ എണ്ണം 30 ശതമാനത്തില്‍ കുറവാണെങ്കില്‍ അവിടത്തെ മുസ്‍ലിം പൊളിറ്റീഷ്യന്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നര്‍ഥം. മുസ്‍ലിംകള്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടു നല്‍കുമ്പോള്‍ തന്നെ അവര്‍ തിരിച്ചു വോട്ട് ചെയ്യാന്‍ മടിക്കുന്നു. ഒരു മുസ്‍ലിം വിജയിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത പോലെ. സഫര്‍ സരീഷ്വല ഗുജറാത്തില്‍ മത്സരിച്ച് ജയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍.
പരിഭാഷ: മുഹമ്മദ് ശഫീഖ്
കടപ്പാട്: ഇന്ത്യന്‍ എക്സ്‍പ്രസ്
Leave A Comment